ഉള്‍മരങ്ങള്‍. റിനി രവീന്ദ്രന്‍ എഴുതുന്ന കോളം തുടരുന്നു. 

ജീവിതം പഠിപ്പിച്ചതിനേക്കാള്‍ വലിയ പാഠങ്ങള്‍ പ്രിയപ്പെട്ടവരുടെ മരണം പഠിപ്പിച്ചിട്ടുണ്ട്. അതിലേറ്റവും വലിയ പാഠം സ്‌നേഹത്തിന്റെയാണ്. ജീവിച്ചിരിക്കുന്നിടത്തോളം കാലം സ്‌നേഹിക്കാന്‍, അവളവളെ മാത്രമല്ല, ചുറ്റിലുമുള്ള ഓരോന്നിനെയും ചേര്‍ത്തുപിടിച്ച് സ്‌നേഹിക്കാന്‍, പൊറുക്കാന്‍ പറ്റുന്നതിനോടെല്ലാം പൊറുക്കാന്‍, വീണ്ടും കാണാമെന്ന് പറയുമ്പോള്‍ ശരിക്കും വീണ്ടും കാണണമേ എന്നാശിക്കാന്‍.

'I discovered to my joy, that it is life, not death, that has no limits.'
(Gabriel García Márquez -Love in the Time of Cholera)

1

പത്താം വയസ്സിലാണ് ആദ്യമായി അവള്‍ക്ക് മരണത്തോട് ഭയം തോന്നിയത്. ആദ്യമായി ഒരു ആത്മഹത്യാശ്രമം കണ്‍മുന്നില്‍ കണ്ടത് അന്നാണ്. എന്നത്തേയും പോലെ എന്തോ നിസ്സാരകാര്യത്തിന് വഴക്കിട്ട് തുടങ്ങിയതാണ് അച്ഛനും അമ്മയും. ദേഷ്യമടക്കാനാവാതെ അച്ഛന്‍ നേരെ അടുക്കളയില്‍ കേറിച്ചെല്ലുന്നു. മൂര്‍ച്ചകൂട്ടി വച്ചിരുന്ന വാക്കത്തിയെടുത്ത് സ്വന്തം കയ്യിലെ ഞരമ്പിന്റെ സ്ഥാനം നോക്കി ആഞ്ഞുവെട്ടുന്നു. പിന്നാലെ തടയാനോടിയ പത്തുവയസ്സുകാരിയുടെ കുഞ്ഞുടുപ്പില്‍ മുഴുവനും ചോരപ്പൂക്കള്‍. അവള്‍ കരഞ്ഞു, അലറി വിളിച്ചു. ഓടിവന്ന അമ്മ അച്ഛന്റെ കയ്യിലെ മുറിവിലൊരു തുണി വലിച്ചുകെട്ടി. ബോധം മറയും വരെ 'മോളേ, മോളേ...' എന്ന് വിളിക്കുന്നു. ദിവസങ്ങളും ആഴ്ചകളും നീണ്ട ആശുപത്രിവാസത്തിനുശേഷം അറ്റുപോകാറായ കൈ തുന്നിക്കെട്ടി അച്ഛന്‍ തിരികെ വന്നു. ആ കയ്യിലെ മുറിപ്പാട് കാണുമ്പോഴൊക്കെ ഒരു കരച്ചില്‍ തൊണ്ടവരെയെത്തും. ശബ്ദം കിട്ടാതെ തിരിച്ചുപോയി ഉള്ളിലാകെ ചുറ്റിത്തിരിയും. അന്നുമുതലാണ് എന്നേക്കും വിങ്ങുന്ന ഉള്ളം അവള്‍ കൊണ്ടുനടക്കാന്‍ തുടങ്ങിയത്.

മരണത്തോടുള്ള ആദ്യത്തെ ഭയം ഉള്ളിലേക്ക് കേറിക്കൂടിയതും അവിടെവച്ചാണ്. അനിശ്ചിതത്വങ്ങളോടുള്ള പേടിയും, ആത്മഹത്യകളോടുള്ള വേദനയും അതേ. പക്ഷേ, ആ പെണ്‍കുട്ടിക്ക് പതിനാല് വയസ്സായപ്പോഴേക്കും അച്ഛന്‍ ആത്മഹത്യ ചെയ്യുക തന്നെ ചെയ്തു. മരിച്ചു കിടന്ന മനുഷ്യനോട് പരാതിയായിരുന്നില്ല, ഉള്ള് നൊന്തു. ആദ്യമൊരു ചെറിയ നോവ്, പിന്നെപ്പിന്നെ ഒരു ഉണങ്ങാപ്പുണ്ണുപോലെ, ആ മരണമവള്‍ക്ക് ഉള്ളില്‍ കിടന്ന് കാലാകാലം നോവാനുള്ള സ്വകാര്യസ്വത്തായിത്തീര്‍ന്നു. ജീവിതത്തിലെ ഓരോ സന്തോഷങ്ങളിലും സങ്കടങ്ങളിലും ചോദിച്ചു, 'കൂടെയുണ്ടാവാമായിരുന്നില്ലേ?'

.............................

Read more: ആണുങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത ചില പെണ്‍രഹസ്യങ്ങള്‍...!
.............................

2


അവനാണ് ആദ്യമായി 'ഇഷ്ടമാണ്' എന്ന് പറഞ്ഞത്. അത് പൂരക്കാലമായിരുന്നു. മലബാറില്‍ മീനമാസത്തിലെ കാര്‍ത്തിക മുതല്‍ പൂരം വരെയാണ് പൂരോത്സവം. പെണ്‍കുഞ്ഞുങ്ങള്‍ പൂവിടും. കാവുകളില്‍ താമസിച്ചായിരുന്നു പൂവിടേണ്ടത്. അന്ന് നാലാം ക്ലാസിലാണ്. ഭക്തിയൊക്കെ ഉള്ളിലുള്ള കാലം. ആ വര്‍ഷത്തെ പൂരക്കുഞ്ഞി അവളായിരുന്നു. കാവില്‍വച്ച് അവനെ എന്നും കാണാറുണ്ട്. അഞ്ചാം ക്ലാസുകാരന്‍. ഉണ്ടക്കണ്ണന്‍, കള്ളച്ചിരിയുള്ളവന്‍. കാവില്‍ പൂരക്കളി തിമിര്‍ക്കുമ്പോള്‍ അവനും കൂട്ടുകാരും അടുത്തേക്ക് ഓടിവന്നു, 'ഐലവ് യൂ' എന്ന് പറഞ്ഞ് അവന്‍ കള്ളച്ചിരിയോടെ ഓടിമറയുന്നു. ഹോ, ആ നിമിഷം തന്നെ അവളവനെ പ്രണയിച്ചുപോയി. പക്ഷേ, 'ഇഷ്ടമാണ് നിന്നെയും ചെക്കാ' എന്ന് പറയാനൊരവസരം കിട്ടിയില്ല. 

ഒടുവിലൊരു സാഹസം കാണിച്ചു. പ്രേമലേഖനമെഴുതി, ആദ്യത്തെ പ്രേമലേഖനം. നീണ്ടുനീണ്ടുപോയ ആ കത്ത് അവന്റെ നാട്ടുകാരന്റെ കയ്യില്‍ കൊടുത്തുവിട്ടു. പക്ഷേ, അത് അവനിലെത്തിയില്ല. നാട്ടുകാരെല്ലാം കൂടി അത് പൊട്ടിച്ചുവായിച്ചുകളഞ്ഞു. കാലങ്ങളോളം അതിന്റെ പേരില്‍ അവളെ നാട്ടുകാര്‍ കളിയാക്കി, അവന്റെ പേര് വിളിച്ച്, ആ കത്തിലെ വരികള്‍ പറഞ്ഞ്.

കത്തവിടെയെത്തിയില്ലെങ്കിലും അവനെ പ്രേമിച്ചു, തിരികെ അവനും പ്രേമിക്കുന്നുവെന്ന് വിശ്വസിച്ചു. അവന്റെ സ്‌കൂളിലെ ബ്ലാക്ക് ബോര്‍ഡുകളില്‍ അവളുടെയും അവന്റെയും പേരെഴുതി കൂട്ടുകാര്‍ കളിയാക്കാറുണ്ടെന്ന് എവിടെനിന്നൊക്കെയോ വിവരം ചോര്‍ത്തിക്കിട്ടി, ഗൂഢമായ ആനന്ദം. ഒരിക്കല്‍ കാവില്‍ ഭഗവതി പുറപ്പെടുന്ന നേരം അവളവനോടും പറഞ്ഞു, 'എനിക്കും നിന്നെ ഇഷ്ടമാണ്.' ഓരോ തെയ്യക്കാലത്തും ഓരോ പൂരക്കാലത്തും കാവിനപ്പുറവും ഇപ്പുറവുമിരുന്നു അവരെത്ര കണ്ണുകളില്‍ നോക്കി. 

അവന്റെ വലിയ കണ്ണുകളില്‍ നോക്കിയാണ് പ്രണയിക്കുന്ന ആളുകളുടെ കണ്ണുകളിലേക്കെടുത്തുചാടുന്ന വിദ്യ അവള്‍ പഠിച്ചെടുത്തത്. ഒന്നുമൊന്നും മിണ്ടാതെ വെറുതേ നോക്കിനോക്കിനിന്നൊരു പ്രണയം. പക്ഷേ, ഒന്നുരണ്ട് വര്‍ഷം കഴിഞ്ഞപ്പോഴേക്കും അവനൊഴിഞ്ഞുമാറിത്തുടങ്ങി. അല്ലെങ്കിലും ഒരിക്കല്‍ 'ഐലവ് യൂ' എന്ന് പറഞ്ഞാല്‍, കണ്ണില്‍ക്കണ്ണില്‍ നോക്കിയിരുന്നാല്‍ അത് അവസാനിക്കാത്ത പ്രണയമാവണമെന്നുണ്ടോ? ഏതായാലും ആദ്യത്തെ പ്രണയത്തോടൊപ്പം ആദ്യത്തെ തിരസ്‌കാരവും അറിഞ്ഞു. വേദനിച്ചു, ദേഷ്യം വന്നു, പിന്നെയും വാശിക്ക് പലരേയും പ്രേമിച്ചു. പലവട്ടം ഉപേക്ഷിക്കപ്പെട്ടു.

പിന്നങ്ങോട്ട് അവന്‍ മുങ്ങിനടക്കലായി. അബദ്ധത്തില്‍പ്പോലും കണ്ണില്‍ നോക്കാതിരിക്കാന്‍ ശ്രമിച്ചു. കണ്ണുകൊണ്ടുപോലും മിണ്ടാത്ത വര്‍ഷങ്ങള്‍ കടന്നുപോയി. രണ്ടുപേരും ഹയര്‍ സെക്കന്‍ഡറിക്കാരായി. പക്ഷേ, ഒരിക്കലും മിണ്ടാത്തവന്‍ അക്കൊല്ലത്തെ തെയ്യത്തിന് അവളോട് ഒരുപാട് മിണ്ടി. അതും അങ്ങോട്ട് ചെന്നുമിണ്ടി. പ്രണയത്തെ കുറിച്ചൊഴികെ, പഠിത്തത്തെ കുറിച്ച്, സ്‌കൂളിനെ കുറിച്ച്, അമ്മയെ കുറിച്ച് ഒക്കെ. പാതിരാവോളം മിണ്ടി, തമാശ പറഞ്ഞു ചിരിച്ചു, അങ്ങോട്ടുമിങ്ങോട്ടും കളിയാക്കി. തെയ്യം മുടിയഴിച്ചു കഴിഞ്ഞപ്പോള്‍ ഒരു സുഹൃത്തിനെ പോലെ, അല്ലെങ്കിലൊരു പഴയ കാമുകനെപ്പോലെ കൈവീശി കൈവീശി യാത്രപറഞ്ഞ് മകരമഞ്ഞിലൂടെ അവന്‍ നടന്നുപോയി. 

പിന്നെ അവളവനെ കണ്ടില്ല. മൂന്നുമാസം തികയും മുമ്പ് ഒരപകടത്തിലവന്‍ മരിച്ചു. അവള്‍ മാത്രം പോയില്ല കാണാന്‍, അങ്ങനെ കാണണ്ടായിരുന്നു. ഓരോ തെയ്യക്കാലത്തും കാവിന്റെ ഏതെങ്കിലുമൊരു ഭാഗത്തുനിന്ന് അവന്‍ നോക്കുന്നുണ്ടാകുമെന്ന് കരുതും. അവസാനം കണ്ട, ചിരിക്കുന്ന ഉണ്ടക്കണ്ണുകളാണ് അവനെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ ഉള്ളില്‍. ഓരോ പ്രണയത്തില്‍ ചെന്ന് വീഴുമ്പോഴും, ഓരോവട്ടം തിരസ്‌കരിക്കപ്പെടുമ്പോഴും പിന്നെയും പിന്നെയും പ്രണയിക്കുമ്പോഴുമെല്ലാം അവനെയോര്‍ത്തു. 

ആദ്യത്തെ പ്രണയം ഒന്നല്ലേയുള്ളൂ, അവനോട് ഉള്ളില്‍ ചോദിച്ചുകൊണ്ടിരുന്നു. 'ഓരോ തെയ്യക്കാാലത്തും ഓരോ പൂരക്കാലത്തും കണ്ടുമുട്ടാമായിരുന്നില്ലേ, ചങ്ങാതിമാരായെങ്കിലും വര്‍ത്താനം പറഞ്ഞ് കാവില്‍ നേരം വെളുപ്പിക്കാമായിരുന്നില്ലേ?' 

പക്ഷേ, മരണമാരെയാണ് അനുവാദം ചോദിച്ച് കൂടെക്കൂട്ടിയിട്ടുള്ളത്?

.....................................

Read more: എല്ലാ തെറികളും പെണ്ണില്‍ച്ചെന്ന് നില്‍ക്കുന്ന കാലം!


3

അയാളൊരു പാവമായിരുന്നു. ബന്ധുവായിരുന്നു. അന്തര്‍മുഖനായ ചെറുപ്പക്കാരന്‍. ഭൂമിയെപ്പോലും നോവിക്കാതെ നടക്കുന്നവന്‍. ചുറ്റുമുള്ളവയ്ക്ക് ബുദ്ധിമുട്ടാകുമോ എന്ന് ഭയക്കുംപോലെ ഒച്ച താഴ്ത്തി മാത്രം സംസാരിക്കുന്നവന്‍. ചിരിക്കുന്നത് കാണുമ്പോള്‍ തന്നെ ഉള്ളിലൊരു വിഷാദത്തിന്റെ കടലൊളിച്ചിരിപ്പുണ്ടോ എന്ന് തോന്നിപ്പോവും. പക്ഷേ, അന്നവള്‍ക്ക് അന്തര്‍മുഖത്വത്തെ കുറിച്ചോ വിഷാദത്തെ കുറിച്ചോ ഒന്നുമറിയില്ല, അവളാവട്ടെ അയാളെക്കാള്‍ ഒരുപാട് ചെറുപ്പമായിരുന്നു. 

അയാളൊരു പാവമാണ് എന്നുമാത്രം അറിയാം. മിണ്ടണമെന്ന് തോന്നുമ്പോഴെല്ലാം അയാളുടെ ഏകാന്തതയിലേക്ക് എങ്ങനെ കടന്നുചെല്ലുമെന്നറിയാതെ നിന്നുപോവും. വെറും ചിരിയിലോ ഒന്നോരണ്ടോ വാക്കിലോ സംസാരം ഒതുങ്ങിപ്പോവും. പെട്ടെന്നൊരുനാള്‍ അയാള്‍ ജീവിതത്തെ വേണ്ടെന്ന് വയ്ക്കുകയും മരണം തെരഞ്ഞെടുക്കുകയും ചെയ്തു. 

കേട്ടപ്പോള്‍ നിസ്സഹായതയാണ് ആദ്യം തോന്നിയത്. അല്ലെങ്കിലും മരണത്തെ സ്വയം തെരഞ്ഞെടുക്കുന്ന മനുഷ്യര്‍ മറ്റുള്ളവര്‍ക്ക് ഒന്നിനും അവസരം നല്‍കാറില്ലല്ലോ, ഇനിയഥവാ അവസരം തന്നിരുന്നെങ്കിലും അത് മറ്റുള്ളവര്‍ തിരിച്ചറിയണമെന്നുപോലുമില്ലല്ലോ. കണ്ണീരുകൊണ്ട് ആ മരിച്ചുപോയ മുഖം മറഞ്ഞുമറഞ്ഞുപോയി, അവസാനത്തെ കാഴ്ച അവ്യക്തമായി. 'എനിക്ക് മിണ്ടണം, മിണ്ടണം, എന്തൊക്കെയോ ചോദിക്കണം' എന്നെല്ലാം എത്രയോവട്ടം ഉള്ളില്‍ കരഞ്ഞു. മിണ്ടാത്ത വാക്കുകളെല്ലാം പക്ഷേ ഉള്ളില്‍ കല്ലായുറച്ചു.

നേരില്‍ പരിചയമില്ലാത്തൊരു കവി ആത്മഹത്യ ചെയ്യുന്നതിന് എത്രയോനാള്‍ മുമ്പ് ഇങ്ങനെ എഴുതി,

ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍,
എത്രയോ ദിവസങ്ങള്‍ക്ക് മുന്‍പ് മരിച്ചിട്ടുണ്ടാവും
അതിലും എത്രയോ ദിവസങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ചിരുന്നതിനാല്‍.
മരിച്ച ഒരാള്‍ക്കാണല്ലോ ഭക്ഷണം വിളമ്പിയതെന്ന്,
മരിച്ച ഒരാളുടെ കൂടെയാണല്ലോ യാത്ര ചെയ്തതെന്ന്
മരിച്ച ഒരാളാണല്ലോ ജീവനുള്ള ഒരാളായി ചിരിച്ചും കരഞ്ഞും അഭിനയിച്ചതെന്ന്
കാലം വിസ്മയിക്കും.
അയാളുടെയത്രയും കനമുള്ള ജീവിതം ജീവിച്ചിരിക്കുന്നവര്‍ക്കില്ല.
താങ്ങിത്താങ്ങി തളരുമ്പോള്‍ മാറ്റിപ്പിടിക്കാനാളില്ലാതെ,
കുഴഞ്ഞു പോവുന്നതല്ലേ,

സത്യമായും അയഞ്ഞുപോവുന്നതല്ലേ
അല്ലാതെ ആരെങ്കിലും ഇഷ്ടത്തോടെ...

എഴുതിയ കവിയുടെ പേര് ജിനേഷ് മടപ്പള്ളി. അയാള്‍ ആത്മഹത്യ ചെയ്ത വാര്‍ത്തയറിഞ്ഞ ദിവസം ഈ കവിത വായിച്ച് ഒരുപാട് കരഞ്ഞു. ഒരു പരിചയമില്ലാത്തവരാണെങ്കിലും ആത്മഹത്യ ചെയ്തുവെന്നറിഞ്ഞാല്‍ കരച്ചില്‍ വരും. അവസാനനിമിഷം വരെ അവര്‍ ജീവിക്കാന്‍ ഒരു കാരണം തേടിക്കാണില്ലേ എന്നോര്‍ക്കുമ്പോള്‍ നെഞ്ച് പൊട്ടിപ്പോവും. അയാളോട് ചോദിക്കണമെന്ന് തോന്നി, 'ആരെങ്കിലും ഇഷ്ടത്തോടെ മരിക്കുമോ? പിന്നെയുമെന്തിനാണ്?' 

പക്ഷേ, ജീവിച്ചിരിക്കുമ്പോള്‍ ചോദിക്കാത്ത ഒരു ചോദ്യവും മരിച്ചവരോട് ചോദിക്കാന്‍ ചുറ്റുമുള്ളവര്‍ക്ക് അര്‍ഹതയില്ലല്ലോ?

ജിനേഷ് മടപ്പള്ളി

​​​​​​​

4

അമ്മമ്മ മരിച്ചപ്പോഴാണ് ഒരു കുഞ്ഞിനെപ്പോലെ കരയാന്‍ തോന്നിയത്. അവള്‍ ജനിക്കുന്നതിന് മുമ്പ് തന്നെ കാന്‍സര്‍ വന്ന് ഓപ്പറേഷന്‍ കഴിഞ്ഞിരുന്നു അമ്മമ്മയ്ക്ക്. സംസാരിക്കുമ്പോള്‍ അവ്യക്തതയുണ്ട് എന്നതൊഴികെ മറ്റൊരു പ്രശ്‌നവും അന്നൊന്നുമില്ലായിരുന്നു. പക്ഷേ, അപ്പോഴും കേള്‍ക്കുന്നവര്‍ക്ക് പറയുന്നതെല്ലാം മനസിലാവും. അധ്വാനിയായിരുന്നു. ഒരുപാട് പശുക്കള്‍, ആടുകള്‍, കോഴികള്‍. അവയെ നോക്കുന്നതിനുപുറമെ നേരം കിട്ടുമ്പോഴെല്ലാം ഓലമെടഞ്ഞ് വില്‍ക്കും. വീട്ടില്‍നിന്നും പിണങ്ങിച്ചെല്ലുമ്പോഴെല്ലാം ആഹാരവും കിടക്കാനിടവും അമ്മമ്മവീട്ടിലുണ്ടായിരുന്നു. എവിടെപ്പോകാനിറങ്ങുമ്പോഴും തിരികെ വരാന്‍ കണ്ണുംനട്ട് കാത്തിരിക്കുന്നൊരാള്‍ അവിടെയുണ്ടല്ലോ എന്ന് വീട്ടിലെല്ലാവരും ആശ്വസിച്ചിരുന്നു. പക്ഷേ, അമ്മമ്മയും മരിച്ചു. ആ ശൂന്യത മനസിലങ്ങനെതന്നെ കിടന്നു. അതുപോലെ ചേര്‍ത്തുപിടിക്കാന്‍ പിന്നെയൊരാള്‍ വന്നേയില്ല.

ജീവിതം പല പാഠങ്ങളും പഠിപ്പിക്കും. പക്ഷേ, ചില മരണങ്ങള്‍ അതിലും വലിയ പാഠം പഠിപ്പിക്കും, മരിക്കുന്നവരെയല്ല, ചുറ്റും ജീവിച്ചിരിക്കുന്നവരെ. ജീവിതം കള്ളമാണെന്ന് തോന്നിയാല്‍പ്പോലും മരണത്തിന് കള്ളത്തരമാവാന്‍ കഴിയില്ല. 'വീണ്ടും കാണാം' എന്ന വാക്കിനുപോലും ഏതുനിമിഷം വേണമെങ്കിലും സാധ്യത നഷ്ടപ്പെടാമെന്ന് മരണമല്ലാതെ ആരാണ് പറഞ്ഞുതരിക? ശത്രുതയ്ക്ക് പോലും ഒരാളുടെ മരണം വരെയേ ആയുസ്സുള്ളൂവെന്ന സത്യം മരണമല്ലാതെ ആരാണ് ഓര്‍മ്മിപ്പിക്കുക? 

ഒരിക്കല്‍ വളരെയധികം ഇമോഷണലായപ്പോള്‍ വളരെയടുത്ത ഒരു കൂട്ടുകാരനോട് അവള്‍ ഇങ്ങനെ പറഞ്ഞു: 'ഈ ലോകം മുഴുവനും പകരം തരാം, പകരം ഒറ്റനിമിഷത്തേക്ക് എന്റെ അച്ഛനെ ഒന്ന് മുന്നില്‍ കൊണ്ട് നിര്‍ത്താമോ? ഒറ്റനിമിഷം മതി, എനിക്കൊന്ന് കണ്ടാല്‍ മതി.' പക്ഷേ, ഒരിക്കല്‍ പോയൊരാള്‍ തിരികെ വരാന്‍ ഒരുതരി സാധ്യതപോലും ഇല്ലാത്തത് അവിടെ മാത്രമാണല്ലോ.

ഓരോ മനുഷ്യനും ആന്തലോടെ വല്ലപ്പോഴുമെങ്കിലും കടന്നുവരാറുള്ള ആ പേടിയില്ലേ? 'അയ്യോ, മരിച്ചുപോയാല്‍ പിന്നീടൊരിക്കലും ഒരിക്കലും ഈ ഭൂമിയെ, ഇവിടെയുള്ള കാഴ്ചകളെ, പ്രിയപ്പെട്ട മനുഷ്യരെ കാണാനാവില്ലല്ലോ, പിന്നീട് ഇങ്ങോട്ട് തിരികെ വരാനാവില്ലല്ലോ'. ആ പേടിയാണ് സ്‌നേഹത്തിലേക്കുള്ള വഴിവെട്ടുന്നത്.പറഞ്ഞിരുന്നില്ലേ, ജീവിതം പഠിപ്പിച്ചതിനേക്കാള്‍ വലിയ പാഠങ്ങള്‍ പ്രിയപ്പെട്ടവരുടെ മരണം പഠിപ്പിച്ചിട്ടുണ്ട്. അതിലേറ്റവും വലിയ പാഠം സ്‌നേഹത്തിന്റെയാണ്. ജീവിച്ചിരിക്കുന്നിടത്തോളം കാലം സ്‌നേഹിക്കാന്‍, അവളവളെ മാത്രമല്ല, ചുറ്റിലുമുള്ള ഓരോന്നിനെയും ചേര്‍ത്തുപിടിച്ച് സ്‌നേഹിക്കാന്‍, പൊറുക്കാന്‍ പറ്റുന്നതിനോടെല്ലാം പൊറുക്കാന്‍, വീണ്ടും കാണാമെന്ന് പറയുമ്പോള്‍ ശരിക്കും വീണ്ടും കാണണമേ എന്നാശിക്കാന്‍.