Asianet News MalayalamAsianet News Malayalam

Science : നമ്മള്‍ കാണുന്നത് ഒരേ മഴവില്ലല്ല, അതിനൊരു കാരണമുണ്ട്!

മഴവില്ല് കാണുന്ന നമ്മള്‍, ഏഴു നിറങ്ങള്‍ ഒഴുകി വരുന്ന ജലകണികകളുടെ ഒരു തിരശ്ശീലയ്ക്ക് (curtain) മുന്നില്‍ ആണ് നില്‍ക്കുന്നത്! ഓരോ കണികയില്‍ നിന്നും ഏഴു നിറങ്ങളും പുറത്തേക്ക് വരുന്നുണ്ട് 

science no one sees the same rainbow  by Thulasy joy
Author
Thiruvananthapuram, First Published Dec 20, 2021, 3:28 PM IST

ഞാനും, നിങ്ങളും അടുത്തടുത്ത് നിന്ന് കണ്ടാല്‍ പോലും, നമ്മുടെ മഴവില്ലുകള്‍ വെവ്വേറെയാണ്. കാരണം, രണ്ടു വ്യത്യസ്ത കേന്ദ്രങ്ങളില്‍ ഉള്ള രണ്ടു കൂട്ടം അര്‍ദ്ധ വൃത്തങ്ങള്‍ ( two sets  of semi circles ) ആണ്, നമ്മള്‍ കാണുന്നത്! എന്റെ കാഴ്ചയുടെ ( മഴവില്ലിന്റെയും!)  കേന്ദ്രം എന്റെ കണ്ണാണ്. എന്റെ കണ്ണ് ഉണ്ടാക്കുന്ന അര്‍ദ്ധ വൃത്തങ്ങള്‍ ആവില്ല അടുത്തു നില്‍ക്കുന്ന ആളുടെ കണ്ണ് കേന്ദ്രമായി അയാള്‍ കാണുന്ന അര്‍ദ്ധ വൃത്തങ്ങള്‍.

 

science no one sees the same rainbow  by Thulasy joy

 

മഴവില്ലിനെ ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാവില്ല. മനസ്സിന് സന്തോഷം തരുന്ന ആ കാഴ്ചയ്ക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരു പക്ഷേ നമ്മള്‍ ചിന്തിക്കാന്‍ സാധ്യതയേ ഇല്ലാത്ത രണ്ടു ചോദ്യങ്ങളാണ് ഇനി പറയുന്നത്. 


1. സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ കാണുന്ന പോലെ, ഒരൊറ്റ മഴവില്ലിനെത്തന്നെയാണോ, ഒരേ സമയം എല്ലാവരും കാണുന്നത്?
 
2. നിറങ്ങള്‍ അടുക്കിയടുക്കി, ജലകണികകള്‍ നമ്മള്‍ എപ്പോഴും കാണുന്ന ആ വില്ലിന്റെ ആകൃതിയില്‍  മഴവില്ല് സ്വയം ക്രമീകരിക്കുകയാണോ?

 
ഈ ചോദ്യങ്ങളുടെ ഉത്തരത്തിലേക്ക് കടക്കുന്നതിന് മുന്‍പ് , മഴവില്ല് എങ്ങനെയാണ് ഉണ്ടാകുന്നത് എന്നൊന്ന് ചുരുക്കി വിവരിക്കാം.

മഴവില്ല് ഉണ്ടാവുന്നതിന് അടിസ്ഥാനമായി രണ്ടു സാഹചര്യങ്ങള്‍ ആണ് വേണ്ടത്.

1. സൂര്യ പ്രകാശം ഒരു പ്രത്യേക കോണില്‍ നമ്മുടെ പിന്നില്‍ നിന്നും പതിക്കണം.

2. അന്തരീക്ഷത്തില്‍ ജല കണികകള്‍ ഉണ്ടാവണം

ഈ രണ്ടു സാഹചര്യങ്ങള്‍ ഉണ്ടെങ്കില്‍, സൂര്യ പ്രകാശം ജലകണികയിലൂടെ കടന്ന്   പ്രകാശത്തിലെ വിവിധ വര്‍ണ്ണങ്ങള്‍  വേര്‍തിരിയുന്നു.

പ്രകാശം കടന്നു പോകുന്ന ചില മാധ്യമങ്ങള്‍ പ്രകാശത്തിലെ എല്ലാ നിറങ്ങളെയും ഒരേ വേഗതയില്‍ കടത്തി വിടുന്നു. ഏറ്റവും നല്ല ഉദാഹരണം നമ്മുടെ ചുറ്റുമുള്ള വായു ആണ്. ദൃശ്യ പ്രകാശത്തിലെ ഏഴു നിറങ്ങളും, ഒരേ വേഗത്തില്‍ ഒരുമിച്ചാണ് വായുവിലൂടെ സഞ്ചരിക്കുന്നത്. അതു കൊണ്ട് നമുക്ക് അവയെ വേര്‍തിരിച്ചു കാണാന്‍ കഴിയില്ല. എന്നാല്‍, ജലം , ഗ്ലാസ്സ് തുടങ്ങിയവ അവയില്‍ ചെരിഞ്ഞു പതിക്കുന്ന പ്രകാശത്തിലെ വിവിധ നിറങ്ങളെ അവയുടെ തരംഗ ദൈര്‍ഘ്യം അനുസരിച്ച് പല വേഗതയില്‍ ആണ് കടന്നു പോകാന്‍ അനുവദിക്കുന്നത്.

മഴവില്ല് ഉണ്ടാവുന്ന ജലകണികകളില്‍ നിറങ്ങള്‍ അവയുടെ തരംഗ ദൈര്‍ഘ്യത്തിനനുസരിച്ചു വ്യത്യസ്ത വേഗത്തില്‍ സഞ്ചരിക്കുന്നു. അങ്ങനെ അവ വേര്‍പിരിയുന്നു. ഓരോ വെള്ളത്തുള്ളിയില്‍ നിന്നും പൂര്‍ണ പ്രതിഫലനം നടന്നു ഈ രീതിയില്‍ വിവിധ  നിറങ്ങള്‍ പുറത്തേക്കു വരുന്നു.

അതായത് , ഓരോ കണികയില്‍ നിന്നും ഏഴു നിറങ്ങള്‍ വരുന്നുണ്ട്, ഒരു പ്രിസത്തില്‍ നിന്ന് എന്ന പോലെ.

ഇനി മഴവില്ല് വില്ലു പോലെ കാണപ്പെടുന്നത് എന്തു കൊണ്ടാണെന്ന് നോക്കാം:

താഴെ നിന്ന് നമ്മള്‍ നോക്കുമ്പോള്‍, കണ്ണില്‍ നിന്നും അന്തരീക്ഷത്തിലേക്ക് ഒരു നീണ്ട രേഖ ( radius -- ആരം ) ഉള്ളതായി സങ്കല്‍പ്പിക്കുക. കണ്ണിനെ കേന്ദ്രമായി വെച്ച്, ഒരു അര്‍ദ്ധ വൃത്തം നമ്മുടെ മുന്നിലെ വായുവില്‍  ഈ നേര്‍രേഖ കൊണ്ട് വരയ്ക്കാം.

അര്‍ധ വൃത്തത്തിലെ ഓരോ ബിന്ദുവും, കണ്ണുമായി ഒരേ കോണ്‍ ( angle ) ആണ് ഉണ്ടാക്കുക. ഈ അര്‍ദ്ധ വൃത്തം ഒരു നിറത്തിന്റെ ഒരു വില്ല് ( arc) ആണ്. 

കണ്ണുമായി, 42 ഡിഗ്രി ഉണ്ടാക്കുന്നത്  ഒരു ചുവന്ന അര്‍ദ്ധവൃത്തം, പിന്നെ ഓരോ നിറത്തിനും ഓരോന്ന്, 40 ഡിഗ്രിയിലെ നീല അര്‍ധ വൃത്തം വരെ, നമ്മുടെ കണ്ണ് വേര്‍തിരിച്ച് അറിയുന്ന ഓരോ നിറങ്ങളുടെയും ഓരോ അര്‍ദ്ധ വൃത്തങ്ങള്‍. ഇവ ഇങ്ങനെ ഒന്നിച്ചു ചേര്‍ന്നാണ് ഒറ്റ മഴവില്ലായി നമ്മള്‍ കാണുന്നത് .
ഞാനും, നിങ്ങളും അടുത്തടുത്ത് നിന്ന് കണ്ടാല്‍ പോലും, നമ്മുടെ മഴവില്ലുകള്‍ വെവ്വേറെയാണ്. കാരണം, രണ്ടു വ്യത്യസ്ത കേന്ദ്രങ്ങളില്‍ ഉള്ള രണ്ടു കൂട്ടം അര്‍ദ്ധ വൃത്തങ്ങള്‍ ( two sets  of semi circles ) ആണ്, നമ്മള്‍ കാണുന്നത്! എന്റെ കാഴ്ചയുടെ ( മഴവില്ലിന്റെയും!)  കേന്ദ്രം എന്റെ കണ്ണാണ്. എന്റെ കണ്ണ് ഉണ്ടാക്കുന്ന അര്‍ദ്ധ വൃത്തങ്ങള്‍ ആവില്ല അടുത്തു നില്‍ക്കുന്ന ആളുടെ കണ്ണ് കേന്ദ്രമായി അയാള്‍ കാണുന്ന അര്‍ദ്ധ വൃത്തങ്ങള്‍.

അതീവ രസകരമായ മറ്റൊരു വസ്തുത എന്തെന്നാല്‍, മഴവില്ല് കാണുന്ന നമ്മള്‍, ഏഴു നിറങ്ങള്‍ ഒഴുകി വരുന്ന ജലകണികകളുടെ ഒരു തിരശ്ശീലയ്ക്ക് (curtain) മുന്നില്‍ ആണ് നില്‍ക്കുന്നത്! ഓരോ കണികയില്‍ നിന്നും ഏഴു നിറങ്ങളും പുറത്തേക്ക് വരുന്നുണ്ട് എന്ന് ഓര്‍ക്കുക. നമ്മുടെ കാഴ്ചയുടെ പ്രത്യേകത മൂലം, അതു നമ്മള്‍ ഏഴു നിറങ്ങളിലെ ഒരു വില്ലായി കാണുന്നു എന്ന് മാത്രം.


 

Follow Us:
Download App:
  • android
  • ios