Asianet News MalayalamAsianet News Malayalam

കണ്ടിട്ടുണ്ടോ, തല തിരിഞ്ഞ മഴവില്ല്?

ആകാശത്തൊരു സ്‌മൈലി. അനു ബി കരിങ്ങന്നൂര്‍ എഴുതുന്നു 


 

science upside down rainbowby Anu  B Karingannur
Author
Thiruvananthapuram, First Published May 8, 2020, 1:59 PM IST

മഴവില്ലിന്റെ ഭാഗമൊന്നും അല്ലെങ്കിലും മഴവില്‍ ഉണ്ടാകുന്നതിനു സമാനമായ പ്രവര്‍ത്തനത്തിലൂടെയാണ് ഇവയും രൂപപ്പെടുന്നത്. പ്രകാശം അന്തരീക്ഷത്തിലെ ഐസ് ക്രിസ്റ്റലുകളിലൂടെ കടന്നുപോകുമ്പോള്‍ അപവര്‍ത്തനം സംഭവിക്കുന്നു. വെള്ളത്തുള്ളികള്‍ക്ക് പകരം ഐസ് പരലുകള്‍ ആണിവിടെ താരം. അങ്ങനെയാണ് തല തിരിഞ്ഞ മഴവില്ല് (upside-down rainbow) അഥവാ 'സര്‍ക്കംസെനിത്തല്‍ ആര്‍ക്ക്' ഉണ്ടാകുന്നത്.

science upside down rainbowby Anu  B Karingannur

 

നമ്മളെപ്പോഴും മഴവില്ലിനെ കാണുന്നത് 'റ' ആകൃതിയില്‍ ആണല്ലോ. അങ്ങനെയല്ലാതെ തലതിരിഞ്ഞ മഴവില്ലിനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? അവയെ circumzenithal arc എന്നാണ് വിളിക്കുന്നത്. എങ്ങനെയാണ് ഈ തലതിരിഞ്ഞ മഴവില്ല് ഉണ്ടാവുന്നത്? 

അതിനാദ്യം മഴവില്ല് ഉണ്ടാകുന്നത് എങ്ങനെ എന്നറിയണം. 

പ്രകാശ കിരണങ്ങള്‍ വെള്ളത്തുള്ളിയിലൂടെ കടന്നു പോകുമ്പോള്‍ അവയ്ക്ക് അപവര്‍ത്തനം (refraction) സംഭവിക്കും. ഒരു പെന്‍സില്‍ വെള്ളത്തില്‍ ഇട്ടാല്‍, വെള്ളം തുടങ്ങുന്ന ഭാഗത്ത് നിന്നും പെന്‍സില്‍ ഒടിഞ്ഞ പോലെ തോന്നിപ്പിക്കുമല്ലോ. സംഗതി അതു തന്നെ, അപവര്‍ത്തനം!

വെളുത്ത പ്രകാശത്തില്‍ ഏഴ് നിറങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട് എന്ന് അറിയാമല്ലോ?.

അങ്ങനെ വെള്ളത്തുള്ളിയില്‍ നിന്നും പുറത്തു വരുന്ന പ്രകാശം ഏഴുനിറങ്ങളായി പിരിയുന്നു. ആകാശത്തെ ഒരു പ്രത്യേക കോണുകളിലുള്ള വെള്ളത്തുള്ളികളില്‍ നിന്ന് വരുന്ന പ്രകാശം മാത്രമേ നമുക്ക് കാണാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ കണ്ണിനെ കേന്ദ്രമാക്കി ഒരു വൃത്താകൃതിയിലോ വില്ലിന്റെ ആകൃതിയിലോ ആണ് മഴവില്ലിനെ കാണാന്‍ സാധിക്കുന്നത്. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ വൃത്തത്തിന് മുകളിലെ പകുതിയും കാണാം. ആകാശത്തുനിന്ന് അതായത് വിമാനത്തില്‍ ഇരുന്ന് നോക്കിയാല്‍ പൂര്‍ണ്ണവൃത്തമായും മഴവില്ലിനെ കാണാം.

ഇനി ആദ്യം പറഞ്ഞ തല തിരിഞ്ഞ മഴവില്ലിലേക്ക്. അത് നമ്മുടെ സാധാരണ മഴവില്ലിന്റെ ഭാഗമാണോ ?

അല്ല. ആ ധാരണ തെറ്റാണ്. മഴവില്ലിന്റെ ഭാഗമൊന്നും അല്ലെങ്കിലും മഴവില്‍ ഉണ്ടാകുന്നതിനു സമാനമായ പ്രവര്‍ത്തനത്തിലൂടെയാണ് ഇവയും രൂപപ്പെടുന്നത്. പ്രകാശം അന്തരീക്ഷത്തിലെ ഐസ് ക്രിസ്റ്റലുകളിലൂടെ കടന്നുപോകുമ്പോള്‍ അപവര്‍ത്തനം സംഭവിക്കുന്നു. വെള്ളത്തുള്ളികള്‍ക്ക് പകരം ഐസ് പരലുകള്‍ ആണിവിടെ താരം. അങ്ങനെയാണ് തല തിരിഞ്ഞ മഴവില്ല് (upside-down rainbow) അഥവാ 'സര്‍ക്കംസെനിത്തല്‍ ആര്‍ക്ക്' ഉണ്ടാകുന്നത്.

അന്തരീക്ഷത്തിലെ വെള്ളത്തുള്ളികള്‍ക്ക് പകരക്കാരനായി 'സിറസ്' അല്ലെങ്കില്‍ 'സീറോസ്റ്റാറ്റസ് ' മേഘങ്ങള്‍ ആണ് പലപ്പോഴും ഇതിനു കാരണമാകുന്നത് അത്. 'ആകാശത്തെ പുഞ്ചിരി' എന്നും ഇവയെ അറിയപ്പെടുന്നു.

പ്രകാശ സ്രോതസ്സ് ആയ സൂര്യന്‍ 32 ഡിഗ്രിയിലും താഴെയുള്ള കോണില്‍ ആയിരിക്കുമ്പോള്‍ മാത്രമേ ഇവയെ കാണാന്‍ സാധിക്കുകയുള്ളൂ. താഴെ ഭാഗത്ത് ചുവപ്പുനിറവും മുകളില്‍ വയലറ്റ് നിറവുമായിട്ടാണ് തലതിരിഞ്ഞ മഴവില്ലിനെ കാണപ്പെടുന്നത്. സൂര്യന്റെ ഏകദേശം 46 ഡിഗ്രി മുകളിലായിട്ടാണ് ഇവയെ കാണാന്‍ പറ്റുന്നത്.ആകാശത്ത് കാണുന്ന പ്രഭാവലയങ്ങളുടെ (Halo) അതേ സ്വഭാവക്കാരാണ് ഇതും. സൗര ശ്വാനന്മാര്‍ (sun dog) ഉണ്ടാകുന്നതും ഇതേ പ്രതിഭാസം മൂലമാണ്. 'ആകാശത്ത് മൂന്നു സൂര്യന്‍' എന്ന് തോന്നിപ്പിക്കും പോലെ സൂര്യന്റെ ഇരുവശത്തും ചെറിയ രണ്ട് ചെറു വെളിച്ചപ്പൊട്ടുകള്‍ കാണപ്പെടുന്നതാണ് 'സൗരശ്വാനന്മാര്‍ ' എന്നറിയപ്പെടുന്നത്.

ഇതും ഷഡ്ഭുജാകൃതിിയിലുള്ള ഐസിലൂടെ കടന്നുവരുന്ന പ്രകാശത്തിന് അപവര്‍ത്തനവും വിസരണവും സംഭവിക്കുന്നത് മൂലമാണു പ്രത്യക്ഷമാകുന്നത്. ഒരേതരം ഐസ് ക്രിസ്റ്റലുകള്‍ മൂലമുണ്ടാകുന്നതിനാല്‍ സൗരശ്വാനന്മാരും തലതിരിഞ്ഞ മഴവില്ലും ഒന്നിച്ചു ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

Follow Us:
Download App:
  • android
  • ios