അഴിമതിക്കെതിരെ നിയമയുദ്ധം നടത്തിയാണ് അഭിഭാഷകനായ യൂൺ സോക് യോൾ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. എന്നാല്‍, 'അധികാരി'യായതില്‍ പിന്നെ യൂണ്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കുകയായിരുന്നു. വായിക്കാം, ലോകജാലകം. വടക്കന്‍ കൊറിയയിലെ രാഷ്ട്രീയ പ്രതിസന്ധി.
തെക്കൻ കൊറിയയിൽ അസാധാരണ സംഭവങ്ങളാണ് നടക്കുന്നത്. അധികാരമെല്ലാം നഷ്ടപ്പെട്ട പ്രസിഡന്‍റ്. ഇംപീച്ച് ചെയ്യപ്പട്ട പ്രസിഡന്‍റ്. കോടതി നിർദ്ദേശ പ്രകാരം പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്യാൻ പൊലീസും എത്തി. പക്ഷേ, സൈന്യം തടയുന്നു. ഒടുവിൽ ശ്രമം ഉപേക്ഷിച്ച് പൊലീസ് മടങ്ങുന്നു. രാജ്യത്ത് കുറേനാളായി ഇത്തരം നാടകീയതകൾ അരങ്ങേറാൻ തുടങ്ങിയിട്ട്. പ്രസിഡന്‍റ് യൂൺ ഒരു ദിവസം വൈകീട്ട് രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചപ്പോൾ തുടങ്ങിയതാണ് പ്രശ്നങ്ങൾ.
ആദ്യമായാണ് തെക്കൻ കൊറിയയിൽ പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്യാൻ നീക്കം നടക്കുന്നത്. പട്ടാളനിയമം പ്രഖ്യാപിച്ച യൂണിന്‍റെ നീക്കം പാർലമെന്‍റ് ചേർന്ന് വീറ്റോ ചെയ്തിരുന്നു. എന്നിട്ട് യൂണിനെ ഇംപീച്ച് ചെയ്തു. അതോടെ പ്രസിഡൻഷ്യൽ അധികാരം യൂണിന് നഷ്ടപ്പെട്ടു എന്നാണ് വയ്പ്. പക്ഷേ, പൊലീസിനെ നേരിട്ടത് സൈനികരും യൂണിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരും കൈകോർത്ത് പിടിച്ച ഒരു സംഘമാണ്. ആദ്യമൊക്കെ എതിർത്ത് നോക്കി പൊലീസ്. ആൾബലവും കൂട്ടി. പക്ഷേ, സുരക്ഷാ മതിൽ കടക്കാൻ അവർ വിചാരിച്ചിട്ട് നടന്നില്ല. ഒടുവിൽ സ്വന്തം സുരക്ഷ ഓർത്ത് പൊലീസ് സംഘത്തിന് പിൻമാറേണ്ടിവന്നു.
ഇപ്പോഴൊരു തിരിഞ്ഞു നോട്ടത്തിൽ പലതും വ്യക്തമാവുന്നുവെന്ന് നിരീക്ഷകർ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർലമെന്‍റിലെ ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ കൈകാലുകൾ കൂട്ടിക്കെട്ടിയ പോലെയായിരുന്നു ഭരണം. അത് മറികടക്കാനും കൂടിയാണ് പട്ടാളനിയമം പ്രഖ്യാപിച്ചത്. പക്ഷേ, തിരിച്ചടിച്ചു. യൂൺ, രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചത് വളരെ ആലോചിച്ച ശേഷമാണെന്നാണ് നിരീക്ഷണം. മാസങ്ങൾക്ക് മുമ്പേ തയ്യാറെടുപ്പ് തുടങ്ങി. അധികാര സ്ഥാനങ്ങളിൽ സുഹൃത്തുക്കളെയും വിശ്വസ്തരെയും നിയമിച്ചു. അക്കൂട്ടത്തിൽ ഒരാളാണ് ഇപ്പോഴത്തെ സുരക്ഷ സംഘം മേധാവിയായ പാർക്ക് യോൻ യൂൺ. (Park Jong joon). പാർക്കിന്‍റെ പേരിലും പോലീസ് അന്വേഷണം തുടങ്ങി. പൊലീസിന്‍റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന്.

(പ്രസിഡന്‍റ് യൂൺ സോക് യോളിനെതിരെ സമരം ചെയ്യുന്നവര്‍)
ദക്ഷിണ കൊറിയയിൽ തന്ത്രം പിഴച്ച പ്രസിഡന്‍റിന് വഴി പുറത്തേക്ക് തന്നെ
അഴിമതിക്കേസ് അന്വേഷണത്തിൽ തുടക്കം
യൂണിന്‍റെ പട്ടാളനിയമ പ്രഖ്യാപനം കേട്ട് ജനം അമ്പരന്നു. പക്ഷേ, അനുയായികളിൽ വലിയൊരു പങ്കും ഇപ്പോഴും യൂണിനൊപ്പമാണ്. സമ്പത്തും സ്വാധീനവുമുള്ള കുടുംബത്തിലെ അംഗം. അഭിഭാഷകനായ ശേഷം ചാര ഏജൻസിക്കെതിരായുള്ള കേസന്വേഷണ സംഘത്തിലെ അംഗമായി. പക്ഷേ, അന്നത്തെ പ്രസിഡന്‍റ് പാർക്ക് ഗ്വെൻ (Park Geun-hye), യൂണിനെ പുറത്താക്കി. പിന്നീട് പാർക് ഗ്വെന്നിനെതിരായ അഴിമതിക്കേസ് അന്വേഷിച്ചത് യൂണാണ്. അതോടെ പ്രസിദ്ധനായി. പ്രോസിക്യൂട്ടർ ജനറലായി. അന്നത്തെ പ്രസിഡന്‍റ് മൂണ്‍ ജേ ഇന്നിന്‍റെ (Moon Jae-in) സുഹൃത്തിനെതിരായ കേസ് അന്വേഷണത്തിന് നേതൃത്വം വഹിച്ചു.'

(പ്രസിഡന്‍റ് യൂൺ സോക് യോൾ)
സിറിയന്‍ ഭരണം പിടിച്ച് വിമതര്‍, തുറന്നുവയ്ക്കപ്പെട്ട തടവറകൾ, രാജ്യം വിട്ട ഭരണാധികാരി
വിവാദങ്ങളോടെ തുടക്കം
അതോടെയാണ് യൂണിനെ പ്രസിഡന്‍റ് സ്ഥാനാർത്ഥിയാക്കാൻ യാഥാസ്ഥിതിക പക്ഷം തീരുമാനിച്ചത്. പക്ഷേ, തുടക്കം തന്നെ വിവാദങ്ങളിൽ മുങ്ങി. പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതി മാറ്റുന്നത് 'ഫെങ് ഷൂയി' വിശ്വാസം അനുസരിച്ചാണെന്ന് ആരോപണം ഉയർന്നു. 2022 -ലെ 159 പേർ മരിച്ച ഹാലോവീൻ ദുരന്തത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ യൂൺ വിസ്സമ്മതിച്ചു. അവരിൽ പലരും യൂണിന്‍റെ സ്കൂൾ സഹപാഠികളായിരുന്നു. അതിന് ശേഷമാണ് തെരഞ്ഞെടുപ്പും കഷ്ടിച്ചുള്ള ജയവും പട്ടാളനിയമ പ്രഖ്യാപന ശ്രമവുമെല്ലാം.
പക്ഷേ, ഭരണകാലത്തെ നേട്ടങ്ങളും വിവാദങ്ങളിൽ മുങ്ങി കാണാതെയായി എന്നതാണ് സത്യം. ജപ്പാനുമായുള്ള വർഷങ്ങൾ നീണ്ട നയതന്ത്രതർക്കം അവസാനിപ്പിച്ച്, സുരക്ഷാ സഹകരണത്തിന് തയ്യാറായത് വലിയൊരു നേട്ടമാണ്. 2023 -ലെ അമേരിക്കൻ സന്ദർശനത്തിൽ വൈറ്റ്ഹൗസിൽ വച്ച് പ്രശസ്തമായ അമേരിക്കൻ ഗാനത്തിന് ചുവടുവച്ചത് ജോ ബൈഡനെ അമ്പരപ്പിച്ചു, ജനം കൈയടിച്ചു. പക്ഷേ, സ്വന്തം നാട്ടിൽ യൂണിനെ പ്രശ്നങ്ങൾ പിന്തുടർന്നു. ഭാര്യ അഴിമതിക്കേസിൽ കുടുങ്ങി. ഓഹരി വില നിയന്ത്രിക്കാന്‍ ശ്രമിച്ചു എന്ന ആരോപണമുണ്ടായി. പക്ഷേ, കേസുകളെല്ലാം അന്വേഷിക്കാൻ യൂൺ വിസമ്മതിച്ചു.

(പ്രസിഡന്‍റ് യൂൺ സോക് യോളിനെ അനുകൂലിച്ച് സമരം ചെയ്യുന്നവര്‍)
രണ്ടാം ട്രംപ് സര്‍ക്കാര്‍ അധികാരമേൽക്കും മുമ്പേ ഭരണത്തില്‍ പിടിമുറുക്കി 'പ്രസിഡന്‍റ് മസ്ക്'
കൂടെയുള്ളവർ
യൂണിന് മാനസിക പ്രശ്നമുണ്ടോ എന്നാണ് പ്രതിപക്ഷത്തിന്‍റെ ഇപ്പോഴത്തെ സംശയം. 'വടക്കൻ കൊറിയയുടെ സ്വാധീനത്തിൽപ്പെട്ടു പോയ പ്രതിപക്ഷത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ' എന്ന ന്യായവാദവുമായാണ് യൂൺ പട്ടാള നിയമം ഏർപ്പെടുത്താൻ നോക്കിയത്. എന്നിട്ട് 'യുദ്ധം ചെയ്യൂ, ജനാധിപത്യത്തെ രക്ഷിക്കൂ' എന്ന് തന്‍റെ അനുയായികളോട് ആഹ്വാനവും ചെയ്തു. 2022 -ൽ യൂൺ കഷ്ടിച്ച് ജയിച്ച തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു എന്ന യൂണിന്‍റെ വാദം ആവർത്തിക്കുകയാണ് അനുയായികളും. വടക്കൻ കൊറിയ രാജ്യത്ത് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും. പ്രതിപക്ഷം ശ്വാസംമുട്ടിച്ചപ്പോൾ ചെയ്ത അറ്റകൈ പ്രയോഗമായിരുന്നു പട്ടാളനിയമം എന്ന് വാദിച്ച് സ്വന്തം പാർട്ടിയിലെ ചിലർ പ്രസിഡന്‍റിനെ പിന്തുണയ്ക്കുന്നു. പക്ഷേ ഫലമില്ല. ഭരണഘടനാ കോടതിയുടെ പരിഗണനയിലാണ് യൂണിന്‍റെ വിധി.
ആശയകുഴപ്പം
എല്ലാ കണ്ണുകളും താൽകാലിക പ്രസിഡന്‍റ് ചോയി സാങ് മോകിലാണ് (Choi Sang-mok) ഇപ്പോൾ. എന്ത് നടപടി എടുക്കുമെന്ന് കറപ്ഷന്‍ ഇൻവെസ്റ്റിഗേഷന്‍ ഓഫീസിനും (Corruption Investigation Office - CIO) ആശയക്കുഴപ്പമാണ്. മുൻ പ്രസിഡന്‍റ് പാർക്ക് ഗ്വെൻ പുറത്തായശേഷം നിലവിൽ വന്നതാണ് സിഐഒ. ഇപ്പോൾ യൂണിന്‍റെ കേസുകളും അന്വേഷിക്കുന്നു. യൂണിനെ അറസ്റ്റ് ചെയ്യാൻ ജനുവരി ആറുവരെ സമയമുണ്ട് പൊലീസിന്. പക്ഷേ, യൂണിന്‍റെ വസതിക്ക് മുന്നിലെ ജനങ്ങളുടെ എണ്ണം കൂടുകയാണ്. കേസിൽ നിന്ന് രക്ഷപ്പെടാനുള്ള വഴികളെക്കുറിച്ച് യൂണിനും അറിയാമായിരിക്കണം.
