ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

..............................

Read more: വധു ഒരു ദാനവസ്തുവല്ല
..............................

 

ഞാന്‍ എപ്പോഴുമോര്‍ക്കും, രണ്ട് മനുഷ്യര്‍  സ്‌നേഹിക്കുന്നത് കാണുമ്പോള്‍ ഇത്രമേല്‍ അസഹിഷ്ണുത കാണിക്കുന്ന മറ്റു സമൂഹങ്ങള്‍ ഉണ്ടാകുമോ എന്ന്? രണ്ട് മനുഷ്യര്‍ സ്‌നേഹം പങ്കിടുന്നതില്‍ ഇത്രമേല്‍ നാണക്കേട് അനുഭവിക്കുന്ന വേറെ  സമൂഹങ്ങള്‍ ഇല്ലായിരിക്കുമെന്നാണ് എന്റെ തോന്നല്‍, വേറെ ഇല്ലാതിരിക്കട്ടെ.

സ്‌നേഹത്തിലായിരിക്കുന്ന മനുഷ്യര്‍ വെറുതെ വെറുതെ വിരല്‍കോര്‍ത്ത് സംസാരിക്കുമ്പോള്‍, തോളോട് തോള്‍ചേര്‍ന്നിരിക്കുമ്പോള്‍, വാത്സല്യത്തോടെ മടിയില്‍ കിടക്കുമ്പോള്‍, മുടിയില്‍ തലോടുമ്പോള്‍, വിരലുകളിലോ മുഖത്തോ ഏറ്റവും ആര്‍ദ്രതയോടെ ചുംബിക്കുമ്പോള്‍ നമ്മുടെ സമൂഹം അപമാനം കൊണ്ടും അസൂയകൊണ്ടും തകര്‍ന്ന് പോകുന്നത് എന്ത് കൊണ്ടാകും? 

 

.................................

Read more: ഭര്‍ത്താക്കന്‍മാര്‍ ആവശ്യപ്പെടുന്ന  'നന്ദി' ഡയലോഗുകളുടെ അര്‍ത്ഥം!.
.................................

 

സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയുടെ പുസ്തകത്തിന്റെ ഉള്ളിലോ ബാഗിന്റെ ഏറ്റവും അകത്തുള്ള അറയിലോ അക്ഷരത്തെറ്റുള്ളൊരു കുഞ്ഞുപ്രേമലേഖനം കണ്ടെടുക്കുമ്പോഴേക്കും മരിക്കുവോളം മറക്കാത്ത രീതിയില്‍ ചൂരലോ വാക്കോ പഴുപ്പിച്ച് കുട്ടികളെ ശിക്ഷിക്കുന്നത് എന്തിനാവും? നമ്മളില്‍ പലര്‍ക്കും കാണും ഒരു കുഞ്ഞ് സ്‌നേഹത്തിന്റെ കയ്പ്പുള്ള ചൂരല്‍പാട് ഇപ്പോഴും ഹൃദയത്തില്‍.

സ്‌നേഹത്തെ എന്തിനായിരിക്കാം ഈ സമൂഹം ഇത്രമേല്‍ vulgar ആയി കാണുന്നത് എന്നത് എന്നെ നിരന്തരം അസ്വസ്ഥപ്പെടുത്തുന്നു. കല്യാണം കഴിഞ്ഞവര്‍ തമ്മില്‍ പ്രണയത്തോടെ ഇടപെടുമ്പോള്‍ പോലും നമുക്ക് ലൈംഗിക ചുവയില്ലാതെ അതിനെ നോക്കിക്കാണാന്‍ ആകുന്നില്ല. (ലൈംഗികത മോശമാണെന്നല്ല). 

 

..................................

Read more : സ്വന്തം വീടുകളില്‍ ജീവിതകാലം മുഴുവന്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നവര്‍!
..............................

 

പാശ്ചാത്യ രാജ്യങ്ങളില്‍ വിവാഹത്തോടനുബന്ധിച്ച് വരനും വധുവും പരസ്യമായി ചുംബിക്കുകയും ചേര്‍ത്ത് പിടിക്കുകയും അത് ചുറ്റുമുള്ള എല്ലാവരും ആഘോഷിക്കുകയും ചെയ്യുന്നത് നാം കാണാറുണ്ട്. എന്നാണ് നമുക്ക് മനുഷ്യര്‍ തമ്മിലുള്ള തൊടലുകളും ചേര്‍ത്ത് പിടിക്കലും സ്‌നേഹത്തോടെ നോക്കിക്കാണാനാവുക. കിടപ്പറയിലെ ഇരുട്ടിനപ്പുറം പങ്കാളിയെ വാത്സല്യത്തോടെ, പ്രണയത്തോടെ നമുക്കെന്നാണ് തൊടാനാവുക? എന്നാണ് നമുക്ക് അശ്ലീലച്ചുവയില്ലാതെ അതിനെ അംഗീകരിക്കാനാവുക? ഒബാമയും മിഷേലും ഒന്നിച്ചുള്ളപ്പോഴൊക്കെയും പരസ്പരംചേര്‍ത്ത് പിടിച്ചിരിക്കുമ്പോള്‍, തന്നെ അറിയാത്തവരുണ്ടെങ്കില്‍ താന്‍ മിഷേലിന്റെ ഭര്‍ത്താവാണെന്ന് അയാള്‍ തന്നെ ലോകത്തിനു പരിചയപ്പെടുത്തുമ്പോള്‍, നമ്മുടെ സമൂഹം ഇനിയും നടന്നു കയറേണ്ട അറ്റമില്ലാത്ത ദൂരമാണ് എന്നെ ആശങ്കപ്പെടുത്തുന്നത്. 

 പ്രണയിച്ചപ്പോഴൊക്കെയും കൈപിടിച്ചു നടക്കാനൊരുങ്ങുമ്പോള്‍ ആളുകള്‍ കാണുമെന്നാണ് കൂടെ ഉള്ള മനുഷ്യര്‍ ഏറെയും കുതറിമാറിയിട്ടുള്ളത് . പരസ്പരം തീപിടിച്ച പ്രണയത്തിലാണെന്ന് ചുറ്റുമുള്ള മനുഷ്യരില്‍ നിന്ന്  ഒളിപ്പിച്ച് വെച്ച് പ്രണയിക്കുന്ന കോടിക്കണക്കിനു പ്രണയങ്ങളോട് എനിക്ക് പാവം തോന്നുന്നു, എന്തൊരു ദുരവസ്ഥയാണ്. എന്നാണ്, എന്നാണ് നമ്മള്‍ പ്രണയം ആഘോഷിക്കാന്‍ പഠിക്കുക? പ്രണയിക്കുന്ന മനുഷ്യനെ എന്റെ മനുഷ്യനെന്ന്  ചേര്‍ത്തുപിടിക്കാന്‍ നമുക്കെന്നാണ് കഴിയുക? എന്നാണ് രണ്ട്  മനുഷ്യര്‍ സ്‌നേഹിക്കുന്നത് കാണുമ്പോള്‍ അവര്‍ക്കൊപ്പം നിറഞ്ഞു സന്തോഷിക്കാന്‍, അവരെ ഓര്‍ത്ത് സന്തോഷിക്കാന്‍ നമ്മള്‍ വളരുക ?

.......................................

Read more: എല്ലാം തികഞ്ഞവരേ, ബോഡി ഷെയിമിംഗ് ഒരു തമാശയല്ല
.......................................