എനിക്കും ചിലത് പറയാനുണ്ട്. ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടത് സഹതാപമല്ല! മുര്‍ഷിദ പര്‍വീന്‍ എഴുതുന്നു 

നോക്കൂ, ഈ കുരുന്നുകള്‍ക്ക് വേണ്ടത് സഹതാപത്തിന്റെ നിരര്‍ത്ഥകമായ കണ്ണുനീരല്ല. അത് കരളുറച്ചു പറയാന്‍ കഴിയുന്നത് ഞാനും ഒരു ഭിന്നശേഷിയുള്ള കുട്ടിയുടെ മാതാവാണ് എന്ന അഭിമാനത്തിലാണ്. മറ്റുള്ള മാതാപിതാക്കളെക്കാള്‍ ക്ലേശകരമാണ് ഞങ്ങളെ പോലെയുള്ളവര്‍ക്ക് ഒരു കുട്ടിയെ വളര്‍ത്തിയെടുക്കാന്‍. കാരണം അവരുടെ ലോകത്തിലേക്ക് സഞ്ചരിക്കാന്‍ ഊടു വഴികളില്ല. നിസ്സാരമെന്നു തോന്നുന്ന പല കാര്യങ്ങള്‍ക്കും കാല താമസം നേരിടേണ്ടി വരും.

 Read more : ഉറക്കം പോലുമില്ലാത്ത ജീവിതം, ഇങ്ങനെയുമുണ്ട് നമ്മുടെ നാട്ടില്‍ ചില അമ്മമാര്‍!

അടുത്തിടെയായി യൂട്യൂബില്‍ മലയാളത്തിലെ ഒരു പ്രമുഖ ചാനലില്‍ കണ്ട ഒരു പരിപാടി ഒരേ സമയം എന്റെ മനസ്സില്‍ സന്തോഷവും അസ്വസ്ഥതയും ആശങ്കയുമുണ്ടാക്കി. പ്രസ്തുത പരിപാടിയില്‍ ഡൗണ്‍സ് സിന്‍ഡ്രോം ബാധിച്ച പത്തു വയസ്സ് പ്രായം വരുന്ന പെണ്‍കുട്ടി പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ വേദിയിലേക്ക് കടന്നു വന്നപ്പോള്‍ വളരെയധികം സന്തോഷം തോന്നി.

പ്രേക്ഷകരുടെ കരളലിയിക്കുന്ന വിഷാദം നിറഞ്ഞ പശ്ചാത്തല സംഗീതം പരിപാടിയിലുടനീളം ഉടനീളമുണ്ടായിരുന്നു. അതു കേട്ടപ്പോള്‍ ശരിക്കും സങ്കടവും അരിശവും വന്നു. ഒരു സഹതാപ തരംഗമുണ്ടാക്കി രംഗം ഹൃദയസ്പര്‍ശിയാക്കുന്നത് എന്തിനാണ്? ആര്‍ക്കു വേണ്ടി?

ഈ പരിപാടി സംപ്രേഷണം ചെയ്യുമ്പോള്‍ ചാനലുകാരുടെ മനോവ്യാപാരം കൂടി ഒരു മൂന്നാമന്റെ കണ്ണിലൂടെ വീക്ഷിക്കാം. ഒരു ഭിന്നശേഷിയുള്ള കുട്ടിയും, നിറഞ്ഞ കണ്ണുകളുള്ള അവതാരകരും നല്ല മനസുള്ള കാണികളുമാണ് പ്രകടനം ഗംഭീരമാക്കിയത്. സത്യത്തില്‍ ആ കുട്ടിക്ക് വേണ്ടി അന്നവര്‍ സമര്‍പ്പിച്ചത് അതിരുകളില്ലാത്ത സ്‌നേഹമല്ലായിരുന്നോ? അംഗീകാരവും സഹകരണവും ആത്മവിശ്വാസവും ലക്ഷ്യം തെറ്റി അതിലും വീര്യമേറിയ സഹതാപകടലായിരുന്നു സമ്മാനിച്ചത്. ഒരു ഭിന്ന ശേഷിയുള്ള മനുഷ്യനായി പിറവിയെടുത്തതിന്റെ പേരില്‍ ജീവിതം നഷ്ടപെട്ട ഒരു വ്യക്തിയോട് തോന്നിയ നിസ്വാര്‍ത്ഥമായ സഹതാപം. അത് കച്ചവടമാക്കി സാമൂഹിക പ്രതിബദ്ധതയുടെയും മാനുഷിക സ്‌നേഹത്തിന്റെയും പ്രശസ്തി പത്രം ചില്ലിട്ടു വയ്ക്കാനുള്ള കുറുക്കു വഴികള്‍ കണ്ണീരു കൊണ്ട് നേടിയെടുത്തു. 

നോക്കൂ, ഈ കുരുന്നുകള്‍ക്ക് വേണ്ടത് സഹതാപത്തിന്റെ നിരര്‍ത്ഥകമായ കണ്ണുനീരല്ല. അത് കരളുറച്ചു പറയാന്‍ കഴിയുന്നത് ഞാനും ഒരു ഭിന്നശേഷിയുള്ള കുട്ടിയുടെ മാതാവാണ് എന്ന അഭിമാനത്തിലാണ്. മറ്റുള്ള മാതാപിതാക്കളെക്കാള്‍ ക്ലേശകരമാണ് ഞങ്ങളെ പോലെയുള്ളവര്‍ക്ക് ഒരു കുട്ടിയെ വളര്‍ത്തിയെടുക്കാന്‍. കാരണം അവരുടെ ലോകത്തിലേക്ക് സഞ്ചരിക്കാന്‍ ഊടു വഴികളില്ല. നിസ്സാരമെന്നു തോന്നുന്ന പല കാര്യങ്ങള്‍ക്കും കാല താമസം നേരിടേണ്ടി വരും. തളര്‍ന്നു പോകാറുണ്ട് ഈ മനസ്സും ശരീരവും പലവട്ടം. മറ്റുള്ളവരുടെ മുന്നില്‍ അപഹാസ്യരായി പോയിട്ടുണ്ട് അതിലേറെ തവണ. അപ്പോഴെല്ലാം ഉയര്‍ത്തെഴുന്നേറ്റു വരുന്നത് മാനുഷിക മൂല്യത്തിന്റെ രുചി നുണഞ്ഞു സ്‌നേഹമെന്തെന്നു തിരിച്ചറിയുമ്പോഴാണ്. ദൈവം തരുന്ന വെല്ലുവിളി അവനവനു കഴിയുന്ന പോലെ വിജയകരമാക്കാം എന്ന മനസ്സുറപ്പാണ് മുന്നോട്ടു കൊണ്ട് പോകുന്നത്.

പ്രിയ സമൂഹമേ, ഒന്നറിയുക. ഞങ്ങളുടെ മക്കള്‍ ഒരു പക്ഷെ കാഴ്ചയില്‍ അപക്വരായിരിക്കും. സാധാരണമല്ലാത്ത മുഖവും ചെറിയ തടിച്ച കൈപ്പത്തികള്‍ ഉള്ളവരുമായിരിക്കാം. സംസാരിക്കാന്‍ പ്രയാസപ്പെടുന്നവരായിരിക്കാം. ചുറ്റുമുള്ള ലോകത്തിന്റെ കപടതകള്‍ മനസിലാക്കാന്‍ പ്രാപ്തിയില്ലാത്തവരായിരിക്കാം. അത് കൊണ്ട് ഇവര്‍ ഭൂമിയുടെ അവകാശികളല്ലാതെ ആകുന്നില്ല. അവരുടെ ലോകത്തിലേക്ക് സഞ്ചരിക്കാന്‍ കഴിയാതെ വിഷമിക്കുന്ന നമ്മളല്ലേ സത്യത്തില്‍ പ്രാപ്തിയില്ലാത്തവര്‍.

ക്രോമസോമിന്റെ എണ്ണത്തില്‍ വരുന്ന ചില സ്ഥാന ചലനങ്ങളാണ് ഒരു ഡൗണ്‍സിന്‍ഡ്രോം കുഞ്ഞിനെ സൃഷ്ടിക്കുന്നത്. അല്ലാതെ പാപക്കറയും സര്‍പ്പ ദോഷവുമല്ല. ഒരിത്തിരി നേരത്തെ സങ്കടവും സഹതാപവും കൊണ്ട് ഈ കുഞ്ഞുങ്ങള്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ യാതൊരു ഉപകാരമില്ലെന്നറിയുക. ഇത്തരം ദൈര്‍ഘ്യം കുറഞ്ഞ സഹതാപം വാണിജ്യവല്‍ക്കരിക്കുന്നവരോട് പുച്ഛവും രോഷവുമാണുള്ളത്.

ഇനിയെങ്കിലും ഇതെല്ലാം കാണുന്ന പ്രേക്ഷകരും ഇതുപോലെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നവരും മനസ്സിലാക്കേണ്ട കുറച്ചു കാര്യങ്ങള്‍ ഉണ്ട്.

ഭിന്നശേഷി വിഭാഗവുമായി ബന്ധപ്പെട്ട ഞാനടക്കമുള്ള പലരും പലപ്പോഴും വിളിച്ചു പറയാറുണ്ട്, ആരുടെയും സഹതാപം വേണ്ട എന്ന്. ഞങ്ങള്‍ക്ക് എന്നുപറയുമ്പോള്‍ ഞങ്ങളെപ്പോലുള്ള രക്ഷിതാക്കള്‍ക്കും ഞങ്ങളുടെ മക്കളെ പോലെയുള്ള ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കും.

ഇത്തരം സഹതപിക്കുന്ന രംഗങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ആഗ്രഹിക്കുന്നവരാണ് ഞങ്ങളില്‍ പലരും. ചില സാഹചര്യങ്ങളില്‍ ഒഴിഞ്ഞുമാറല്‍ സാധ്യമാവാറില്ല. ഈ ഒഴിഞ്ഞുമാറലിന്റെ പ്രധാനഘടകമാണ് കുടുംബങ്ങളിലും സൗഹൃദ കൂട്ടായ്മകളിലെ ഒത്തുചേരലുകളിലും വിരുന്നുകളിലും എല്ലാം ഉള്ള ഞങ്ങളുടെ അഭാവം. സഹതാപ തരംഗം നോക്കിലും വാക്കിലുമായി നിങ്ങളിലൂടെ തുളുമ്പി വീഴുമ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ തുളുമ്പി വീഴാതിരിക്കാന്‍ ഞങ്ങള്‍ ഓരോരുത്തരും ആവത് ശ്രമിക്കുമ്പോഴും പലപ്പോഴും തോറ്റു പോകാറുണ്ട്.

ഞങ്ങളുടെ അവസ്ഥയെ പരിതാപകരം എന്ന് മുന്‍വിധിയോടെ ചിന്തിച്ചു കൂട്ടുന്ന നിങ്ങളോടെനിക്ക് പറയാനുള്ളത് ഇത്ര മാത്രം. ആത്മാര്‍ത്ഥമായി നിങ്ങള്‍ ഈ അവസ്ഥയെ അംഗീകരിക്കുന്നുവെങ്കില്‍, സ്‌നേഹിക്കുന്നുവെങ്കില്‍ ദയവ് ചെയ്തു ഒരു തുള്ളി കണ്ണീര്‍ പോലും പൊഴിക്കരുത്. നിറഞ്ഞ പുഞ്ചിരികള്‍ സമ്മാനിക്കൂ. അത് ആത്മവിശ്വാസം പകരും. ഇനിയും ഏറെ മുന്നോട്ടു പോകാന്‍ ഊര്‍ജ്ജം നിറക്കുന്ന ആത്മവിശ്വാസം.