Asianet News MalayalamAsianet News Malayalam

സ്ത്രീകള്‍ സെക്‌സിനെ കുറിച്ച് സംസാരിച്ചാല്‍...

എനിക്കും ചിലത് പറയാനുണ്ട്. വളര്‍ച്ചയ്ക്കിടയിലെ ഇടര്‍ച്ചകള്‍. നീതു എഴുതുന്നു
 

speak up Neethu on womens sexuality
Author
Thiruvananthapuram, First Published Oct 29, 2021, 6:57 PM IST
  • Facebook
  • Twitter
  • Whatsapp

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

speak up Neethu on womens sexuality

 

'യ്യ് ഒന്ന് അഡ്ജസ്റ്റ് ചെയ്യ് കുട്ടീ, ജീവിതം ആവുമ്പോള്‍ അങ്ങനൊക്കെ തന്നെയാ എല്ലാരും ഇപ്പൊ ഇതൊക്കെ പുറത്ത് പറഞ്ഞിട്ട നടക്കണേ'

'അതിന് ഞാന്‍ തെറ്റായിട്ട് ഒന്നും പറഞ്ഞില്ലല്ലോ'

'പിന്നേയ് പുറത്ത് പറയാന്‍ കൊള്ളുന്ന കാര്യല്ലേ ഇതൊക്കെ, ആരെങ്കിലും കേട്ടോണ്ട് വന്നാ പിന്നെ അത് മതി'

'അല്ലെങ്കിലും എല്ലാരോടും പറയണം ന്ന് വിചാരിച്ചിട്ട് തന്നെയാ ഞാന്‍ വന്നിരിക്കണത്'

'ആ പറയാന്‍ പറ്റണ കാര്യം തന്നെ, കേള്‍ക്കുന്നോര് നിനക്ക് വേറെ സൂക്കേടെന്നേ പറയു, അതിനൊന്നും നിക്കാതെ ഇയ്യ് നാളെ ഓന്‍ വരുമ്പോള്‍ പോവാന്‍ നോക്ക്. ഒരു കുട്ടിയൊക്കെ ആവുമ്പോള്‍ എല്ലാം ശരിയാവും. അതിനുള്ള വഴി നോക്ക്.'

'ആ ബെസ്റ്റ് ഇങ്ങളോടെന്നെ അല്ലെ ഞാന്‍ ഇപ്പൊ എല്ലാം പറഞ്ഞത്. കല്യാണം കഴിഞ്ഞിട്ട് ഒരു മാസായിട്ടും ന്റെ മുഖം തന്നെ അങ്ങേരു കണ്ടിട്ടുണ്ടോ ആവോ.. അപ്പഴാ ഇനി...'

' ഹോ ഇങ്ങനെ നാണം ഇല്ലാത്ത ഒരു പെണ്ണ്. നീയൊന്ന് പോയെ എനിക്ക് വേറെ പണി ണ്ട്.'

'ഇങ്ങള്‍ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇങ്ങനെ ജീവിക്കാന്‍ പറ്റില്ല, ഞാന്‍ ആഗ്രഹിച്ച ജീവിതം ഇങ്ങനെ അല്ല അത് പറയാന്‍ ഞാന്‍ ന്തിനാ നാണിക്കണത്.'

'എന്ന് വെച്ച് ഇതൊക്കെ പുറത്ത് പറയോ പെണ്ണുങ്ങള്, പിന്നെ, എല്ലാര്‍ക്കും ആഗ്രഹിച്ച ജീവിതം ഒന്നും അല്ല കിട്ടണത്'

'എന്നാ പിന്നെ എന്നെ എന്തിനാ നിങ്ങള്‍ കെട്ടിക്കൊടുത്തത്, വല്ല കന്യാസ്ത്രീ മഠത്തിലും ചേര്‍ത്താല്‍ മതിയായിരുന്നല്ലോ. കെട്ടിച്ചു വിടുന്നത് രൂപക്കൂട്ടിനുള്ളില്‍ വെക്കാനൊന്നുമല്ലെന്ന് എല്ലാര്‍ക്കും അറിയാന്ന് ഓര്‍ത്താല്‍ നന്നായിരിക്കും'

'നിന്റെ ഈ പ്രസംഗത്തിനൊക്കെ നിന്നു തരണ എന്നെ പറഞ്ഞാല്‍ മതിയല്ലോ.. ഇതൊക്കെ നിന്റെ അപ്പനും ആങ്ങളയും കേള്‍ക്കണം..'

'ആ അവര് കേട്ടാല്‍ എനിക്ക് അവരോടു പറയണ സമയം ലാഭിക്കായിരുന്നു'

'അയ്യേ, തലതെറിച്ചവളെ ഇനി ഇത് ആണുങ്ങള്‍ കേള്‍ക്കാത്തേന്റെ കുറവ് ഉള്ളൂ, നിനക്ക് നാണോം മാനോം ഒന്നും ഇല്ലേ'

'ഇല്ല, ഇപ്പോഴേ കല്യാണം വേണ്ട എന്ന് പറഞ്ഞോണ്ടിരുന്ന എന്നെ താഴെ ഉള്ളവരുടെ കാര്യം പറഞ്ഞ് പിടിച്ച് കെട്ടിച്ചത് നിങ്ങളാ, അപ്പൊ ന്റെ പ്രശ്‌നോം ഞാന്‍ നിങ്ങളോട് പറഞ്ഞിരിക്കും'

'അതിനിപ്പോ നിന്നെ അവന്‍ നല്ലോണം നോക്കുന്നുണ്ടല്ലോ, പിന്നെ അവന്റെ വീട്ടുകാര്, നല്ല തങ്കം പോലുള്ള കൂട്ടരാ, പിന്നിപ്പോ നീ പറഞ്ഞ പ്രശ്‌നം, അതിപ്പോ ചില ആണുങ്ങള്‍ അങ്ങനെ ആയിരിക്കും, കുറച്ച് കാലം കഴിയുമ്പോള്‍ ശരിയാവുമായിരിക്കും എന്ന് വെച്ച് നമ്മള്‍ പെണ്ണുങ്ങള്‍ അതൊക്കെ പുറത്തറിയിക്കാന്‍ പറ്റോ'

'വീട്ടുകാരേം നാട്ടുകാരേം ഒന്നും ആരും ഒന്നും പറഞ്ഞില്ല, പക്ഷേ ദാമ്പത്യ ജീവിതത്തില് വേണ്ടുന്ന കുറച്ച് കാര്യങ്ങള്‍ ഉണ്ട് അതില്‍ ഒന്ന് കുറഞ്ഞാലും അതിനെ ജീവിതംന്ന് പറയാന്‍ പറ്റില്ല. പിന്നെയീ പറയണ ശരിയാവല്‍ ഒരു പത്ത് കൊല്ലം കഴിഞ്ഞിട്ടാണെല്‍ അത് വരെ എല്ലാം അഡ്ജസ്റ്റ് ചെയ്ത് നില്‍ക്കാന്‍ എനിക്ക് പറ്റില്ല. എന്റെ ജീവിതത്തെ കുറിച്ച് എനിക്കും കുറച്ച് ആഗ്രഹങ്ങളൊക്കെ ഉണ്ട്. മാനസികവും ശാരീരികവും ആയ സന്തോഷം തന്നെയാ എല്ലാരും വിവാഹജീവിതത്തില്‍ ആഗ്രഹിക്കണത് അത് പുറത്ത് പറഞ്ഞാല്‍ ഞാന്‍ മോശക്കാരി ആവുന്നെങ്കില്‍ ആവട്ടെ, ഇനിയും മിണ്ടാതിരുന്നാല്‍ ഇല്ലാതാവുന്നത് എന്റെ ജീവിതമാണ്...'

ഈ സാങ്കല്‍പ്പിക സംഭാഷണം ഒറ്റപ്പെട്ട ഒന്നാവാന്‍ സാദ്ധ്യതയേ ഇല്ല. ഇനി അങ്ങനെയായാലും, ഈ പറയുന്ന വിഷയം ഒരിക്കലും ഒറ്റപ്പെട്ടതാവില്ല. പെണ്ണ് സെക്‌സിനെ കുറിച്ച് സംസാരിക്കാന്‍ പാടില്ലെന്ന ഈ വിധിപറച്ചില്‍ കേരളത്തില്‍ ജീവിക്കുന്ന ഒരു പെണ്ണിനും പുതിയ അനുഭവമാവില്ല. വീട്ടുകാരോടോ, സ്വന്തം പങ്കാളിയോടു തന്നെയോ സ്വന്തം ലൈംഗിക അഭിരുചികളോ സെക്‌സിനെ കുറിച്ചുള്ള കാഴ്ചപ്പാടോ പറയാന്‍ ആവാത്ത ഈ സാഹചര്യമാണ് നമ്മുടെ വീട്ടകങ്ങളെ ഇത്ര നരകമാക്കി മാറ്റുന്നത്. 

സെക്‌സിനെ കുറിച്ച് ഒരു പെണ്ണ് സംസാരിച്ചാല്‍ അവളെ മോശക്കാരിയാക്കി ചിത്രീകരിക്കുന്ന ഒരു സമൂഹമാണ് ഇന്നും നമുക്കുള്ളത്. അത് സ്വന്തം പങ്കാളിയോടാണെങ്കില്‍ കൂടി. ഇതിന് മുന്‍പേ അവള്‍ക്ക് എക്‌സ്പീരിയന്‍സ് ഉണ്ടായിക്കാണും എന്ന മുന്‍വിധിയോടെ കാണുന്നവരും കുറവല്ല. ഒന്നോര്‍ക്കുക ഈ ലോകത്ത് നടക്കുന്ന എല്ലാത്തിനെയും കുറിച്ച് നിങ്ങള്‍ക്കെന്ന പോലെ അവള്‍ക്കും അറിവുണ്ട്, പക്ഷേ സമൂഹത്തിലെ ചില 'നാട്ടുനടപ്പുകള്‍ 'അനുസരിച്ചു അവള്‍ മിണ്ടുന്നില്ലെന്ന് മാത്രം. മലയാളിയുടെ സദാചാര ബോധവും ലൈംഗിക ദാരിദ്ര്യവും എന്ന് മാറുമോ ആവോ..

Follow Us:
Download App:
  • android
  • ios