Asianet News MalayalamAsianet News Malayalam

പ്രിയപ്പെട്ടവര്‍ക്കു നേരെ ചെറുപ്പക്കാര്‍ എന്തിനാണ് കത്തിയും തോക്കുമെടുക്കുന്നത്?

എനിക്കും ചിലത് പറയാനുണ്ട്. വളര്‍ച്ചയ്ക്കിടയിലെ ഇടര്‍ച്ചകള്‍. സജിദ കമാല്‍ എഴുതുന്നു

 

speak up parenting tips for violent times
Author
Thiruvananthapuram, First Published Oct 21, 2021, 6:54 PM IST

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

 

അടുത്തിടെ വന്ന വാര്‍ത്തകളില്‍, കാമ്പസുകളില്‍ വീണ്ടും ചോരയൊഴുക്കുന്നത് വിദ്യാര്‍ത്ഥി രാഷ്ട്രീയമല്ല. പ്രണയത്തിന്റെയും മോഹഭംഗങ്ങളുടെയും പേരു പറഞ്ഞ് തോക്കും കത്തിയുമായി പ്രിയപ്പെട്ടവരുടെ ജീവനെടുക്കുന്നത് കക്ഷി രാഷ്ട്രീയം തൊട്ടുതീണ്ടാത്ത ചെറുപ്പക്കാര്‍ തന്നെയാണ്. സ്വാര്‍ത്ഥത മുതല്‍ ഈഗോ വരെ പല കാരണങ്ങളാലാണ്, ഈ കുരുതികളില്‍ പലതും നടന്നത്. പ്രേമിക്കാത്ത കുറ്റത്തിനും പ്രേമിക്കുന്നതിനിടെ പിണങ്ങിയ കുറ്റത്തിനും പ്രേമം വിട്ടുപോവുന്ന കുറ്റത്തിനുമെല്ലാം കുട്ടികള്‍ കത്തിയെടുക്കുന്ന അനുഭവം. ജീവന്‍ നഷ്ടമാവുന്നത് പെണ്‍കുട്ടികള്‍ക്കാണ്. ജീവനെടുക്കുന്നത് ആണ്‍കുട്ടികളും. നഷ്ടമാവുന്നത് രണ്ടു കുട്ടികള്‍ ജീവിതത്തെക്കുറിച്ച് നെയ്‌തെടുക്കുന്ന സ്വപ്നങ്ങളാണ്.  തീരാനഷ്ടം ആ കുട്ടികളുടെ വേണ്ടപ്പെട്ടവര്‍ക്കാണ്.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതെന്ത് കൊണ്ടാണ്? എന്താണ് നമ്മുടെ മക്കള്‍ക്ക് സംഭവിക്കുന്നത്? എവിടെയാണ് അവര്‍ക്ക് തെറ്റുന്നത്? പ്രതികൂല സാഹചര്യങ്ങളെയും തിരസ്‌കരണങ്ങളെയും പക്വതയോടെ നേരിടാന്‍ അവര്‍ക്ക് സാധിക്കാത്തത് എന്ത് കൊണ്ടാണ്? നൈരാശ്യം, ആക്രമണ സ്വഭാവങ്ങളിലേക്ക്- അത് മറ്റുള്ളവര്‍ക്ക് നേരെയാണെങ്കിലും സ്വന്തം ശരീരത്തിന് നേരെയാണെങ്കിലും (ആത്മഹത്യ പോലെ) -നയിക്കാന്‍ എന്താണ് കാരണം എന്ത്? കുട്ടികളെ ഇങ്ങനെയാവുന്നതില്‍നിന്നും എങ്ങനെ തടയാനാവും? മാതാപിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ വഹിക്കാനുള്ള പങ്കെന്ത്?

ഭൂരിഭാഗം മനുഷ്യരും, പ്രതികൂല സാഹചര്യം നേരിടേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ ഇത്തരത്തില്‍ ചിന്തിക്കുന്നോ പ്രവര്‍ത്തിക്കുന്നോ ഇല്ല. അപ്പോള്‍, ഒരു പരിധി വരെ ഒരാളുടെ വ്യക്തിത്വത്തിലുള്ള വൈകല്യങ്ങളാണ് ഇങ്ങനെ പെരുമാറാന്‍ അവരെ പ്രേരിപ്പിക്കുന്നതെന്നു വേണം മനസ്സിലാക്കാന്‍. 

ഒരാളുടെ വ്യക്തിത്വം രൂപപ്പെടുന്നതെങ്ങനെ?

ജനിച്ചു വീഴുന്ന കുഞ്ഞിന്റെ വ്യക്തിത്വത്തില്‍ ജനിതക ഘടകങ്ങള്‍ക്ക് ഒരു പങ്കുണ്ടെന്നത് സത്യമാണ്. എന്നാല്‍ അവന്റെ സ്വഭാവരൂപീകരണത്തിലും, വ്യക്തിത്വ വികാസത്തിലും അവന്റെ മാതാപിതാക്കള്‍ക്കും, അവന്‍ വളരുന്ന ചുറ്റുപാടുകള്‍ക്കും, അവന്‍ ഇടപഴകുന്ന ബന്ധുക്കളും അദ്ധ്യാപകരും കൂട്ടുകാരും അടക്കമുള്ള മറ്റുള്ളവര്‍ക്കും വളരെ വലിയൊരു പങ്കുണ്ട്. ഏത് പ്രായത്തിലും നമ്മുടെ വ്യക്തിത്വം മാറ്റിയെടുക്കാന്‍ പരിശ്രമത്തിലൂടെ ഒരു പരിധി വരെ സാധിക്കുമെങ്കിലും, കുട്ടികള്‍ ആയിരിക്കുമ്പോള്‍ കിട്ടുന്ന കൃത്യമായ പരിശീലനവും, ശിക്ഷണവും ശരിയായ വ്യക്തിത്വ രൂപീകരണത്തിന് സഹായമാകുന്നതോടൊപ്പം, ജീവിതത്തോട് പക്വതയുള്ള കാഴ്ചപ്പാടുള്ള ഒരു വ്യക്തിയെയും, അത് വഴി സാമൂഹ്യബോധമുള്ള ഒരു തലമുറയെ തന്നെയും വാര്‍ത്തെടുക്കാന്‍ വഴി തെളിക്കുന്നു.

ഇത്തരം കേസുകളില്‍ എന്താണ് സംഭവിക്കുന്നത്?

മറ്റൊരു വ്യക്തിയുടെ ഇഷ്ടങ്ങള്‍ക്കും അവരുടെ തിരഞ്ഞെടുക്കലുകള്‍ക്കും പ്രാധാന്യം ഉണ്ടെന്നുള്ള തിരിച്ചറിവില്ലായ്മ, ചെറുപ്പം മുതലേ 'വേണ്ട', അല്ലെങ്കില്‍ 'നോ' എന്നൊന്നും കേള്‍ക്കാന്‍ ഇട വരാതെ, ചോദിക്കുന്നതെല്ലാം സാധിച്ചു കിട്ടിയിട്ടുള്ള ജീവിതാന്തരീക്ഷം, തിരസ്‌ക്കാരങ്ങളോ, പ്രതികൂല സാഹചര്യങ്ങളോ വരുമ്പോള്‍ അതിനെ നേരിടാനുള്ള പക്വതയില്ലായ്മ, ആണ്‍കുട്ടികളുടെ ഇടയിലാണെങ്കില്‍ ഇപ്പോഴും നമ്മുടെ സമൂഹങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും വീടുകളില്‍ പോലും നിലനില്‍ക്കുന്ന പുരുഷാധിപത്യത്തിന്റെ അതിപ്രസരം, അങ്ങിനെ പലതും ഇതിന് കാരണമാകുന്നുണ്ട്.

മാതാപിതാക്കളുടെ പങ്ക് എന്താണ്? 

ഒരു കുഞ്ഞ് ജനിച്ചു വീഴുന്ന സമയം മുതല്‍ ആ കുഞ്ഞിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ അവന്റെ സ്വഭാവരൂപീകരണത്തിലും, വ്യക്തിത്വ വികാസത്തിലും സ്വാധീനം ചെലുത്താന്‍ മാതാപിതാക്കള്‍ക്ക് സാധിക്കും. മാതാപിതാക്കളുടെ കുഞ്ഞിനോടുള്ള ഇടപെടല്‍, ആശയവിനിമയം ചെയ്യുന്ന രീതി, മാതാവിന്റെയും പിതാവിന്റെയും സ്വഭാവ വൈകല്യങ്ങള്‍, സവിശേഷതകള്‍, അവര്‍ തമ്മിലുള്ള ബന്ധം, കുട്ടി വളരുന്നതിനോടൊപ്പം അവന്റെ വിവിധ കാര്യങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍, അവ കുട്ടിയോട് പറഞ്ഞു മനസ്സിലാക്കുന്ന രീതി, പ്രതികൂലമായും അനുകൂലമായും വരുന്ന ജീവിത സാഹചര്യങ്ങളില്‍  മാതാപിതാക്കളുടെ കാഴ്ചപ്പാട്, അവര്‍ എടുക്കുന്ന നിലപാടുകള്‍, ജീവിതത്തോടുള്ള അവരുടെ സമീപനം ഇതെല്ലാം വളര്‍ന്നു വരുന്ന ഒരു കുട്ടിയുടെ വ്യക്തിത്വ വികസനത്തില്‍ വലിയ പങ്ക് വഹിക്കുന്നു.

 

 

ശരിയായ വ്യക്തിത്വ വികാസത്തിന് എന്തു ചെയ്യണം? 

കുട്ടികളുടെ എന്ത് കാര്യങ്ങള്‍ക്കാണെങ്കിലും മാതാപിതാക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കുക. അച്ഛന്‍ സമ്മതിക്കാത്ത കാര്യം അമ്മയെക്കൊണ്ടും, അമ്മ സമ്മതിക്കാത്തത് അച്ഛനെ കൊണ്ടും സാധിപ്പിച്ചെടുക്കാന്‍ കുട്ടികള്‍ക്ക് ഇട നല്‍കരുത്. തന്റെ മാതാപിതാക്കള്‍ എന്ത് കാര്യത്തിനും ഒന്നിച്ചു നില്‍ക്കും എന്ന തിരിച്ചറിവ് കുട്ടികള്‍ക്ക് കൊടുക്കുന്ന സുരക്ഷിതത്വം ബോധം ചെറുതല്ല.

മാതാപിതാക്കളോട്, എന്തും തുറന്നു പറയാന്‍ ഉള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്ക് ഉണ്ടാവണം.  കാര്‍ക്കശ്യമുള്ള, പെട്ടെന്ന് ദേഷ്യം വരുന്ന ഇടപെടല്‍ രീതികള്‍ കാര്യങ്ങള്‍ ഒളിച്ചു വെക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കും. സൗഹൃദപരമായ അന്തരീക്ഷമായിരിക്കേണം എപ്പോഴും വീട്ടിലേത്.

പറ്റില്ല എന്ന പറയേണ്ടിടത്ത് അത് പറഞ്ഞു തന്നെ വളര്‍ത്തുക. അത് ഏത് ചെറിയ പ്രായത്തിലായാലും ശരി. എത്ര കരഞ്ഞാലും, വാശി കാണിച്ചാലും ആദ്യം എടുത്ത തീരുമാനം മാറ്റാതിരിക്കുക. തെറ്റുകള്‍ കാണുമ്പോള്‍ അതിലെ തെറ്റ് എന്തായിരുന്നു എന്ന് കൃത്യമായി മനസ്സിലാക്കികൊടുക്കുക. അത് ചെയ്താലുള്ള ഭവിഷ്യത്തുകള്‍ പറഞ്ഞു കൊടുക്കുക. വീണ്ടും ആ തെറ്റ് ആവര്‍ത്തിക്കുകയാണെങ്കില്‍, ചെറിയ ശിക്ഷണ നടപടികള്‍ പ്രായത്തിനനുസരിച്ച് കൊടുക്കാം. അതൊരിക്കലും ദേഹോപദ്രവം ആയിരിക്കരുത്. ടൈം ഔട്ട്  പോലെയുള്ളവയാണ് ഫലപ്രദം. 

കുട്ടികളെ കുറച്ച് സമയം ഒന്നും ചെയ്യാന്‍ അനുവദിക്കാതെ മാറ്റി ഇരുത്തുക, ആ സമയം അവര്‍ക്കു നേരെ സ്‌നേഹമോ ശ്രദ്ധയോ കാണിക്കാതിരിക്കുക, ആരോടും ഇടപഴകാന്‍ അനുവദിക്കാതിരിക്കുക, അവന്‍ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നത് വിലക്കുക, ഇതൊക്കെയാണ് ടൈം ഔട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതില്‍ പ്രായത്തിനനുസരിച്ച് വ്യത്യാസങ്ങള്‍ വരുത്തേണ്ടി വരും.

വീട്ടിലെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തുല്യരായി കാണുകയും അതവര്‍ക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്യുക. സ്വന്തം തീരുമാനങ്ങള്‍ എടുക്കുവാനും, സ്വന്തം ഇഷ്ടത്തിനൊത്തു പെരുമാറാനും നമുക്ക് ഉള്ളത് പോലെയുള്ള അവകാശം മറ്റുള്ളവരുടെ കാര്യത്തില്‍ അവര്‍ക്കും ഉണ്ടെന്നുള്ള ബോധം കുട്ടികളില്‍ വളര്‍ത്തി എടുക്കുക.

മറ്റുള്ളവരോട്- അത് സ്വന്തക്കാരോടാണെങ്കിലും അന്യരോടാണെങ്കിലും -പരസ്പബഹുമാനത്തോടെ, പ്രായ, ലിംഗ, ജാതി ഭേദമന്യേ പെരുമാറുന്നതിന്റെ ആവശ്യകത സ്വന്തം പ്രവൃത്തികളിലൂടെ മാതാപിതാക്കള്‍ കാണിച്ചു കൊടുക്കുക.

കുഞ്ഞിനെ സ്വയവും കുടുംബത്തിനും സമൂഹത്തിനും ലോകത്തിന് തന്നെയും ഉപകാരപ്പെടുന്ന രീതിയില്‍ വളര്‍ത്തിയെടുക്കേണ്ടത് വലിയ ഉത്തരവാദിത്വം ആണെന്ന തിരിച്ചറിവ്, പേരന്റിംഗിനെ കുറച്ച് കൂടി ഗൗരവതരമായി കാണാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കും. 
 

Follow Us:
Download App:
  • android
  • ios