Asianet News MalayalamAsianet News Malayalam

Opinion : ആണുങ്ങള്‍ കരയാറുണ്ടോ, അത് ശരിയാണോ?

എനിക്കും ചിലത് പറയാനുണ്ട്.  ആണുങ്ങള്‍ കരഞ്ഞാല്‍ ആകാശം പൊട്ടിവീഴുമോ. സുമേഷ് എം എഴുതുന്നു

 

 

Speak up  Sumesh M on social stereotypes on men
Author
Thiruvananthapuram, First Published Mar 16, 2022, 2:28 PM IST

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

Speak up  Sumesh M on social stereotypes on men

 

പലപ്പോഴും പല സന്ദര്‍ഭങ്ങളിലും കേള്‍ക്കുന്ന ഒന്നാണ് ആണുങ്ങളും അവരുടെ കരച്ചിലും.

'എടാ നീയൊരു ആണല്ലേ എന്നിട്ടാണോ ഇങ്ങനെ കരയുന്നത്' എന്ന വാക്ക് പലരും പലതവണ കേട്ടതോ അനുഭവിച്ചതോ ആയിരിക്കും.

കുഞ്ഞുപ്രായത്തില്‍ തന്നെ, കരയുമ്പോള്‍ ചുറ്റുമുള്ളവര്‍ പറയുന്ന ഒന്നാണ് 'നീയൊരു ആണ്‍കുട്ടി അല്ലേ' എന്ന്. ആ പ്രായടത്തില്‍ തന്നെ നാം ഇത്തരം ചിന്തകള്‍ നമ്മുടെ മനസ്സില്‍ ആഴ്ന്ന് പതിക്കുന്നു. തുടര്‍ന്ന് അധ്യാപകരില്‍നിന്ന് ശിക്ഷ ലഭിക്കുമ്പോഴും സഹിക്കാന്‍ കഴിയാവുന്നതിനേക്കാള്‍ വേദന ഏറ്റുവാങ്ങുമ്പോഴും മറ്റുള്ളവരുടെ കളിയാക്കലുകള്‍ ഭയന്ന് നാം നമ്മുടെ കണ്ണീര്‍ ഉള്ളിലൊതുക്കുന്നു.

ആണ് ധൈര്യത്തിന്റേയും പെണ്ണ് സഹനത്തിന്റെയും പ്രതീകമായി കാണുന്ന സമൂഹമാണിത്. അതുകൊണ്ടുതന്നെ വേണ്ടപ്പെട്ടവര്‍ക്കെന്തെങ്കിലും പറ്റിയാല്‍ പോലും ആ സങ്കടം ഉള്ളിലൊതുക്കി കഴിയുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്.

'ആണുങ്ങള്‍ കരയേ...!  അയ്യേ അത് പാടില്ല.' ഇനിയഥവാ കരഞ്ഞാല്‍ തന്നെ ആരും കാണാനേ പാടില്ല.  കാരണം കല്ലുപോലെയുള്ള പുരുഷനെന്ന നാമം ഉള്ളിലൊതുക്കി പുഞ്ചിരിക്കാനേ അറിയൂ. അല്ലെങ്കില്‍ ഞാന്‍ കരഞ്ഞാല്‍ നിങ്ങള്‍ പറയും നീയൊരു ആണല്ലേടായെന്ന്.

ജീവിതത്തിന്റെ പ്രത്യേക അവസ്ഥകളില്‍, അത് സന്തോഷമാകട്ടെ, സങ്കടമാകട്ടെ - കരയാതിരിക്കാന്‍ നമുക്കാവില്ല. ഓരോ അനുഭവങ്ങളും നമ്മെ വ്യത്യസ്ത തലങ്ങളില്‍ സ്പര്‍ശിക്കുന്നു. ഹൃദയം തൊടുന്ന അനുഭവങ്ങള്‍ നമ്മെ കണ്ണീരിലാഴ്ത്തുന്നു.

എന്താ ആണുങ്ങള്‍ക്ക് കരയാന്‍ പാടില്ലേ?

മനോവിഷമം, സങ്കടം, സന്തോഷം, നിരാശ ഇത്യാദിയായ വികാരങ്ങള്‍ മനുഷ്യര്‍ക്ക് പറഞ്ഞിട്ടുള്ളതാണല്ലോ. അതോ അതിനും ആണെന്നോ പെണ്ണെന്നോ ചെറുതെന്നോ വലുതെന്നോ എന്നുള്ള വേര്‍തിരിവ് ഉണ്ടോ? എന്റെ അറിവില്‍ ഇല്ല.

കരച്ചില്‍ വന്നാല്‍ കരയുന്നതുതന്നെയാണ് നല്ലത്. അത് ആണായാലും പെണ്ണായാലും. കരയാതെ എല്ലാം ഉള്ളിലൊതുക്കി മസിലുപിടിച്ചിരുന്നിട്ട് കാര്യമൊന്നുമില്ല. എന്നാല്‍ കരയുമ്പോള്‍ മനസ്സിനുള്ളിലെ സങ്കടങ്ങള്‍ പകുതി ആ കണ്ണുനീരിനൊപ്പം ഒഴുകിപ്പോകുമെന്ന് അനുഭവസമ്പന്നര്‍ തന്നെ പറഞ്ഞിട്ടുമുണ്ട്.

ജീവിതത്തിന്റെ ഏറ്റവും പ്രധാനപെട്ട അവസ്ഥകളിലല്ലാതെ പുരുഷന്മാര്‍ കരയാറില്ല. പ്രണയിച്ചവള്‍ ഹൃദയം തകര്‍ത്തെറിഞ്ഞു പോകുമ്പോഴും ജീവിതത്തില്‍ അതേവരെ കൂടെനിന്നവര്‍ പെട്ടന്ന് നമ്മെ തനിച്ചാക്കി പോകുമ്പോഴും മനസ്സിന്റെ മതില്‍കെട്ടിനുള്ളില്‍ നീറുന്ന പുരുഷ ജന്മങ്ങളുമുണ്ട്. ജീവിതം കൈ വിട്ടുപോകുമ്പോള്‍, മുന്നോട്ടുള്ള ജീവിതം ചോദ്യ ചിഹ്നമാകുമ്പോള്‍ പുറത്തേക്ക് ചെറു പുഞ്ചിരി കാണിച്ച് മനസ്സില്‍ ഒന്നുറക്കെ കരയുന്നവരാണ് അവര്‍.

ചങ്കില്‍ നിന്ന് കനം വച്ച് വായ വരെയെത്തുന്ന കരച്ചിലിനെ എന്തു ചെയ്യാന്‍ പറ്റും?

കരയുക തന്നെ!

സങ്കടം എത്രത്തോളം നമുക്ക് പിടിച്ചുവെക്കാന്‍ കഴിയും?

ദുരഭിമാനത്തേയും കളിയാക്കലുകളേയും പേടിച്ച് നിങ്ങള്‍ കരയാതിരിക്കുമ്പോള്‍ മറ്റുചിലരാകട്ടെ ഇതൊന്നും ചിന്തിക്കാതെ തങ്ങളുടെ വികാരങ്ങള്‍ പുറത്തുകാണിക്കുന്നു.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുക്കര്‍ തന്റെ വിരമിക്കല്‍ പ്രസംഗത്തില്‍ ലോകത്തെ മുഴുവന്‍ സാക്ഷിയാക്കി കരഞ്ഞപ്പോള്‍ അദ്ദേഹം മറ്റുള്ളവരുടെ കളിയാക്കല്‍ ശ്രദ്ധിച്ചോ?

എന്നാല്‍, പരസ്യമായി കരഞ്ഞവര്‍ പലരും നിരവധി കളിയാക്കലുകള്‍ക്ക് ഇരയാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സ്വന്തം വികാരങ്ങള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി അടക്കിപ്പിടിക്കാന്‍ ഇവരാരും നോക്കിയിട്ടില്ല. അതാണ് ആ കരച്ചിലുകള്‍ പിറന്ന വഴി. 

എന്തിനാണ് നാം മറ്റുള്ളവര്‍ക്കുവേണ്ടി ഇങ്ങനെ സ്വന്തം വികാരങ്ങളെ മറച്ചുവെക്കുന്നത്? മനുഷ്യന്‍ ഒരു സാമൂഹിക ജീവിയല്ലേ?

ജീവനുള്ള ഏതൊരു വസ്തുവിനും പ്രത്യേകിച്ച് മനുഷ്യന് വികാരങ്ങള്‍ കൂടുതലായി പ്രകടിപ്പിക്കാന്‍ കഴിവുണ്ട്. ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങളും ഇത്തരം വികാരങ്ങളെ കൂടി ചുറ്റിപറ്റിയാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ മനസ്സിന്റെ ആരോഗ്യം പോലെ ശരീരത്തിന്റെ ആരോഗ്യവും ഇത്തരം വികാരങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ട് നാം എന്തിന് കരയാതിരിക്കണം.

ചിരിയേക്കാള്‍ ഹൃദ്യമായി കരയാന്‍ സാധിക്കുമെന്ന് ആരോ പറഞ്ഞിട്ടുണ്ട്. ആവര്‍ത്തിക്കുന്ന വിഷാദത്തിന്റെ വിശുദ്ധമായ പരിസമാപ്തി' ആണ് ഓരോ കരച്ചിലും.

എത്രനാള്‍ നിങ്ങളാ വീര്‍പ്പുമുട്ടല്‍ ഉള്ളിലൊതുക്കി കഴിയും. 'നിങ്ങള്‍ക്കൊന്ന് പൊട്ടി കരഞ്ഞൂടെ?'

നിങ്ങള്‍ കെട്ടിപ്പൂട്ടി വച്ചിരിക്കുന്ന ദുരഭിമാനത്തിനു മുന്നില്‍ ഒന്ന് കരഞ്ഞാല്‍ മനസ്സിനു ലഭിക്കുന്ന സമാധാനം എത്രയോ വലുതാണ്. നിങ്ങളുടെ സങ്കടമോ മറ്റു വികാരങ്ങളോ മറ്റുള്ളവര്‍ക്കിടയില്‍ നിങ്ങളെ അളക്കാനുള്ള മാനദണ്ഡങ്ങളല്ല.

'I am happy ' എന്ന് പറയുന്നതുപോലെത്തന്നെ SI am not alright എന്നതും നമുക്ക് സമൂഹത്തോട് പറയാന്‍ കഴിയണം. സന്തോഷം പോലെ സങ്കടങ്ങളും നിങ്ങളില്‍ നിന്ന് പുറത്ത് വരട്ടെ. നിങ്ങളുടെ സങ്കടങ്ങളും മറ്റും നിങ്ങളുടെ ദുര്‍ബലതയായി വാഴ്ത്തപ്പെടാതിരിക്കട്ടെ !
 

Follow Us:
Download App:
  • android
  • ios