ഇങ്ങനെയൊക്കെ പറഞ്ഞത് കൊണ്ട് എല്ലാ ആണുങ്ങളും സത്സ്വഭാവികളാണ് എന്നര്‍ത്ഥമില്ല. ഭാര്യയും മക്കളും കൂടെയുള്ളപ്പോഴും മറ്റ് സ്ത്രീകളെ തേടി പോകുന്നവരുണ്ട്. ലഹരി ഉപയോഗം കൂടി സ്വന്തം ഭാര്യയെ ഉപദ്രവിക്കുന്നവരുണ്ട്. സ്വന്തം പെണ്മക്കളെ ദുരുപയോഗം ചെയ്യുന്ന ദുഷ്ടജന്മങ്ങളും ഉണ്ട്.

സ്ത്രീ സര്‍വ്വംസഹയാണ്, അമ്മയാണ്, മകളാണ്. എല്ലാം ശരി, അപ്പോള്‍ പുരുഷനോ? പുരുഷന്‍ സഹിക്കുന്നില്ലേ? അച്ഛനല്ലേ, മകനല്ലേ.. എന്തേ അവര്‍ക്ക് വേണ്ടി ആരും സംസാരിക്കുന്നില്ല, എഴുതുന്നില്ല? അവര്‍ക്കുമില്ലേ സങ്കടങ്ങള്‍, അവഗണനകള്‍, ദുഃഖങ്ങള്‍. കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കാന്‍ വിധിക്കപ്പെട്ട ജന്മങ്ങള്‍ അവരിലും ഇല്ലേ.

ശരീരപ്രകൃതിയില്‍ ഉള്ള വ്യത്യാസം കാരണമാവണം പുരുഷന്‍ ബലവാന്‍ എന്ന് കാലങ്ങളായി ധരിച്ചു വെച്ചിരിക്കുകയാണ്. ഒരു പരിധി വരെ അത് ശരി തന്നെ. പക്ഷേ മസില്‍ ശരീരത്തിനുള്ളില്‍ പല പുരുഷന്മാര്‍ക്കുമുള്ളത് ദുര്‍ബലമായ മനസാണ്. താന്‍ ഒരു ദുര്‍ബലഹൃദയന്‍ ആണെന്ന് സ്ത്രീകള്‍ അറിയാന്‍ അവനിലെ പുരുഷമേധാവിത്തം അനുവദിക്കുന്നില്ല. ഒന്ന് പൊട്ടിക്കരയാന്‍ സമൂഹം അവനെ അനുവദിക്കുന്നില്ല. അതിനാലാവണം, നല്ല അഭിനേതാവ് ആകേണ്ടി വരുന്നുണ്ട്, പല പുരുഷന്‍മാരും തലമുറകളായി.

സാമാന്യവല്‍കരിച്ച് പറയുകയല്ല, ചിലയിടത്തെങ്കിലും, ബാല്യകാലം തൊട്ട്, നീ ആണ്‍കുട്ടിയല്ലേ പെങ്ങള്‍ക്ക് വിട്ട് കൊടുക്ക് എന്ന ഉപദേശങ്ങള്‍ കൊണ്ട് അവനെ ശക്തനാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നു. വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും പെണ്‍കുട്ടികള്‍ക്കായി ധാരാളം ചിലവാക്കുമ്പോള്‍ അവന് കിട്ടുന്നത് ഒരു ഷര്‍ട്ടും ട്രൗസറും ചിലപ്പോള്‍ ഒരു വാച്ചും. അതായിരുന്നു പഴയ കാലം. ഇന്ന് കാലം മാറി. പലര്‍ക്കും ബ്രാന്‍ഡഡ് വസ്ത്രങ്ങളും വാച്ചുകളും ചെരുപ്പുകളും ആയി. പക്ഷേ ഒരു ആണ്‍കുട്ടിയുടെ അമ്മ എന്ന നിലക്ക് എനിക്കറിയാം, ഞാന്‍ അവനില്‍ ചുമത്തുന്ന നിയന്ത്രണങ്ങള്‍. എവിടെയെങ്കിലും ഒരു അപകട വാര്‍ത്ത കണ്ടാല്‍, ലഹരി ഉപയോഗ വാര്‍ത്തകള്‍ കണ്ടാല്‍ ഉടനെ ഫോര്‍വേഡ് ചെയ്യും അവന്. അവന് നോക്കാന്‍ നേരമില്ലെങ്കിലും എന്റെ സമാധാനത്തിന്. അവനെ വിളിച്ചാല്‍ വിശേഷങ്ങളേക്കാള്‍ കൂടുതല്‍ ഉപദേശങ്ങളാണ് ഞാന്‍ പറയാനുള്ളത്. 

വിവാഹം കഴിഞ്ഞ് പുതിയ വീട്ടിലേക്ക് ചെല്ലുന്ന പെണ്‍കുട്ടികള്‍ക്ക് ഭയമുണ്ടായിരുന്നു പഴയ കാലത്ത്. പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന പുരുഷനും ഭയമുണ്ട്. എങ്ങനെ പെരുമാറണം, ഭാര്യയോട് അധികം സ്‌നേഹം കാണിച്ചാല്‍ അമ്മയ്ക്കും പെങ്ങള്‍ക്കും ഇഷ്ടപ്പെടുമോ അങ്ങനെ പലതും. ഭാര്യവീട്ടുകാര്‍, ബന്ധുക്കള്‍ -എല്ലാം ടെന്‍ഷന്‍ തന്നെ അവര്‍ക്കും. ഭാര്യയെ സന്തോഷിപ്പിക്കാന്‍ അമ്മയോട് അടുപ്പക്കുറവ് കാണിക്കണം. അമ്മയെ സന്തോഷിപ്പിക്കാന്‍ ഭാര്യവീട്ടുകാരുടെ കുറ്റം പറയണം. അങ്ങനെ കുറെ പേരെ കണ്ടിട്ടുണ്ട്. 

പ്രണയം തുറന്ന് പറയാന്‍ പേടിയുള്ള എത്ര പുരുഷന്മാര്‍ ഇന്നുമുണ്ട്. ഒരു പ്രായം കഴിയുമ്പോള്‍ മാത്രം നഷ്ടപ്രണയങ്ങളെ കുറിച്ച് സംസാരിക്കാന്‍ ധൈര്യം കാണിക്കുന്നവര്‍. പഴയ ഓട്ടോഗ്രാഫുകള്‍ തപ്പി കണ്ട് പിടിച്ച് ഓര്‍മ്മകള്‍ അയവിറക്കുന്നവര്‍. സോഷ്യല്‍ മീഡിയകള്‍ വന്നതില്‍ പിന്നെ ഇത്തരം ബന്ധങ്ങള്‍ കൂടി വരുന്നുണ്ട്.

കുടുംബത്തിന് വേണ്ട വരുമാനം കണ്ടെത്തേണ്ട ചുമതല പണ്ടേ തൊട്ട് അവന്റെ ചുമലിലാണ്. വേട്ടയാടി മൃഗങ്ങളെ കൊണ്ട് വരുന്ന കാലം തൊട്ട് അങ്ങനെയായിരുന്നു എങ്കിലും ഇപ്പോള്‍ സ്ത്രീകളും ഒപ്പം സമ്പാദിക്കുന്നുണ്ട്. എന്നാലും പലരും ചുമതലകള്‍ മിക്കവരും പുരുഷന് തന്നെ കൊടുക്കുന്നു എന്നത് സത്യം. സ്ഥിരവരുമാനം ഇല്ലാത്ത ഒരു പുരുഷനെ സംബന്ധിച്ച് അതും ഒരു ബാധ്യത തന്നെ.

താനൊരു ധൈര്യമുള്ള പുരുഷന്‍ എന്ന് ഇടക്കിടക്ക് സ്വയം വിളംബരം ചെയ്ത് അഹങ്കരിക്കുന്ന പല പുരുഷന്മാരും ഭാര്യമാരുടെ മുന്‍പില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. അത് സമ്മതിക്കാന്‍ തയ്യാറല്ല എങ്കിലും. സ്വന്തം വീട്ടുകാരെ മറന്ന് ഭാര്യവീട്ടുകാരുടെ അടിമയായി മാറേണ്ടി വരുന്ന എത്രയോ പുരുഷ ജന്മങ്ങള്‍.


ഭര്‍ത്താവ് മരിച്ച ഭാര്യമാര്‍ മക്കളുടെ കൂടെ അവരുടെ കുട്ടികളെ നോക്കിയും പണിക്ക് സഹായിച്ചും ജീവിച്ചുപോകുമ്പോള്‍ ഭാര്യ ഇല്ലാത്ത ആണിന് എല്ലാറ്റിനും മരുമക്കളെ ആശ്രയിക്കുന്നത് അത്ര സുഖകരമല്ല. മാത്രമല്ല അവരുടെ കാര്യങ്ങളൊക്കെ നോക്കി നടത്തി ഭാര്യമാര്‍ അവരെ സ്വയം പര്യാപ്തര്‍ അല്ലാതാക്കി മാറ്റിയിട്ടുണ്ടാകും. ഭാര്യ മരിച്ച മിക്കവരും വീണ്ടും വിവാഹം കഴിക്കും. ഇതേ കാരണം കൊണ്ടും ആകാം. അല്ലാത്തവരുമുണ്ട്. അപ്പോഴും പ്രശ്‌നങ്ങള്‍ തന്നെ. തങ്ങള്‍ക്ക് അവകാശപ്പെട്ട സ്വത്തൊക്കെ അവര്‍ തട്ടിയെടുക്കുമോ എന്ന ഭയം ഉണ്ടാകും മക്കള്‍ക്ക്. ആ സ്വത്തിന് വേണ്ടി മാത്രം വിവാഹം കഴിക്കുന്ന സ്ത്രീകളുമുണ്ട്. നാല്‍പ്പത്തിയഞ്ചാം വയസ്സില്‍ ഭാര്യ ടെറസില്‍ നിന്നും വീണ് മരിച്ച ഒരാളെ എനിക്കറിയാം. ഇപ്പോള്‍ 56 വയസ്സ്. ഏക മകള്‍. വിവാഹം കഴിച്ചയച്ചു. പക്ഷേ അച്ഛനെ വിവാഹം കഴിപ്പിക്കാന്‍ മോള്‍ക്ക് താത്പര്യമില്ല. അയാള്‍ ഒറ്റക്ക് ഭക്ഷണം വെച്ച് കഴിച്ച് വീട് വൃത്തിയാക്കി അലക്കി മുറ്റമടിച്ച് കഴിയുന്നു. സ്വത്ത് നഷ്ടപ്പെടും എന്ന പേടി. അങ്ങനെയുള്ള ബന്ധനങ്ങള്‍ പുരുഷന്മാര്‍ക്കുമുണ്ട്.

ഇങ്ങനെയൊക്കെ പറഞ്ഞത് കൊണ്ട് എല്ലാ ആണുങ്ങളും സത്സ്വഭാവികളാണ് എന്നര്‍ത്ഥമില്ല. ഭാര്യയും മക്കളും കൂടെയുള്ളപ്പോഴും മറ്റ് സ്ത്രീകളെ തേടി പോകുന്നവരുണ്ട്. ലഹരി ഉപയോഗം കൂടി സ്വന്തം ഭാര്യയെ ഉപദ്രവിക്കുന്നവരുണ്ട്. സ്വന്തം പെണ്മക്കളെ ദുരുപയോഗം ചെയ്യുന്ന ദുഷ്ടജന്മങ്ങളും ഉണ്ട്. ഇതൊന്നുമല്ലാതെ എന്റെ ഭാര്യ, എന്റെ അമ്മ, എന്റെ കുടുംബം എന്ന ചിന്തയില്‍ ജീവിക്കുന്നവരുമുണ്ട്. സ്ത്രീകളും അങ്ങനെ തന്നെ. അനുസരണ ശീലം ദാമ്പത്യജീവിതത്തിന് വളരെ വളരെ അത്യാവശ്യമാണ് എന്ന ചിന്തയില്‍ നിയന്ത്രണങ്ങളാല്‍ ചുറ്റപ്പെട്ട് ജീവിക്കുന്ന വലിയൊരു പുരുഷസമൂഹം ഈ ഭൂമിയിലുണ്ട് എന്നത് നിഷേധിക്കാനാകാത്ത സത്യമാണ്. അവര്‍ അത് സമ്മതിച്ചു തരില്ല എങ്കിലും!