Asianet News MalayalamAsianet News Malayalam

ആ കെ എസ് ആര്‍ ടി സി ജീവനക്കാര്‍;  അവരാണ് യഥാര്‍ത്ഥ ഹീറോസ്!

കെ എസ് ആര്‍ ടി സി എനിക്ക് വെറും ബസ് അല്ല; നന്‍മയുടെ മങ്ങാത്ത ഓര്‍മ്മ. സാദിയ അമീര്‍ എഴുതുന്നു. കവര്‍ ഇമേജ് പെയിന്റിംഗ്: ഷമീം അലനല്ലൂര്‍ 

The real heroes in KSRTC  Sadhiya Ameer
Author
Thiruvananthapuram, First Published Jun 27, 2019, 4:09 PM IST

'ഞങ്ങള്‍ക്കുമുണ്ട് വീട്ടില്‍ പെങ്ങളും മക്കളുമൊക്കെ. ഇത്രയും ദൂരം യാത്ര ചെയ്യുമ്പോള്‍ വിശന്നു തളര്‍ന്നുപോകുമെന്നു തോന്നി. അതു കൊണ്ടാണ് മേടിച്ചു തന്നത്. അതിപ്പോ ആരാണെങ്കിലും ഞങ്ങള്‍ ചെയ്യും. വിശപ്പെല്ലാവര്‍ക്കും ഒരുപോലെ തന്നെയാ. അതു കൊണ്ട് അതിനു വിലയിടരുത്'- എന്നു പറഞ്ഞ അവര്‍ എനിക്കൊരത്ഭുതമായിരുന്നു. അവരിലെ മനുഷ്യത്വത്തെ കുറച്ചു നേരമെങ്കിലും സംശയിച്ചതില്‍ എനിയ്ക്കല്‍പം കുറ്റബോധം തോന്നാതിരുന്നില്ല.

The real heroes in KSRTC  Sadhiya Ameer
 
2013ല്‍ തിരുവനന്തപുരത്തെ 'ടെസ്' എന്ന സ്ഥാപനത്തില്‍ ഇംഗ്ലീഷ് നെറ്റ് കോച്ചിംഗിന് പഠിക്കുന്ന സമയം. ട്രെയിന്‍ യാത്ര വലിയ പരിചയം ഇല്ലാത്തതു കൊണ്ടും തനിച്ച് ട്രെയിനില്‍ യാത്ര ചെയ്യാനുള്ള ഭയം കൊണ്ടും നാട്ടിലേക്കും തിരിച്ചുമുള്ള എന്റെ അധിക യാത്രകളും കെ എസ് ആര്‍ ടി സി ബസുകളിലായിരുന്നു. ഒരു പക്ഷെ, കെ എസ് ആര്‍ ടി സി ബസിനെ ഞാനേറെ ഇഷ്ടപ്പെട്ടു തുടങ്ങിയതും ആ യാത്രകളോടെയായിരുന്നു എന്നു പറയാം. നേരിട്ടുള്ള ബസ്സുകള്‍ ഉണ്ടായിരുന്നതിനാല്‍, നീണ്ട യാത്ര എന്നതൊഴിച്ചാല്‍ മറ്റൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ദീര്‍ഘദൂര യാത്രകള്‍ ഇഷ്ടമുള്ള എനിയ്ക്ക് അതൊരു ഹരവുമായിരുന്നു. അറ്റമില്ലാത്ത ചിന്തകളായിരിക്കും ഇത്തരം യാത്രകളില്‍ കൂട്ടുണ്ടാവുക. 

അങ്ങനെ ഒരു പൂജ അവധിക്കു വന്ന ഞാന്‍ തിരിച്ചു പോകാനുള്ള ട്രെയിന്‍ മിസ്സായതു കാരണം അടുത്ത ദിവസം പുലര്‍ച്ചെ അഞ്ചു മണിക്കുള്ള തിരുവനന്തപുരം ബസ്സില്‍ യാത്ര തിരിച്ചു. പ്രാതല്‍ കഴിക്കാത്തതു കൊണ്ട് വഴിയില്‍ നിന്നു കഴിക്കാന്‍ കുറച്ചു പഴംപൊരി കയ്യില്‍ കരുതിയിരുന്നു. ഒരു കുപ്പി വെള്ളവും. വഴിയില്‍ എവിടെയും ഒന്നിനു വേണ്ടിയും ഇറങ്ങരുതെന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തിയിരുന്നു ഉമ്മയും സഹോദരനും.  

അങ്ങനെ പുലര്‍ച്ചെ അഞ്ചു മണിക്ക് ചങ്കുവെട്ടിയില്‍ നിന്നു ഞാന്‍ യാത്ര തുടങ്ങി. ഡ്രൈവറുടെ പിന്നിലുളള സീറ്റിലായിരുന്നു എനിക്കിടം കിട്ടിയത്. യാത്രകളില്‍ സൈഡ് സീറ്റുകളോട് എന്നും പ്രിയം കൂടുതലാണ്. ആഗ്രഹിച്ച പോലെ സൈഡ് സീറ്റ് തന്നെ കിട്ടി. കുത്തികുലുക്കാതെ ശാന്തമായി ഓടിക്കാനറിയാവുന്ന നല്ലൊരു ഡ്രൈവര്‍ ആയിരുന്നു ഈ ആനവണ്ടിയുടെ ഒന്നാം പാപ്പാന്‍. ഇത്ര നന്നായി ആനവണ്ടി ഓടിക്കാനാവും എന്ന് അന്നാണ് ഞാന്‍ തിരിച്ചറിഞ്ഞത്.

............................................................................................................................................................

മനുഷ്യത്വം പൂര്‍ണമായും മണ്ണടിഞ്ഞിട്ടില്ല എന്നു കര്‍മ്മം കൊണ്ട് തെളിയിച്ചു തന്ന അവരാണ് യഥാര്‍ഥ ഹീറോസ്. 

............................................................................................................................................................

തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന കുട്ടിയായിരുന്നു എന്റെ സഹയാത്രിക. ഞാന്‍ കയറിയപ്പോള്‍ തൊട്ട് തൃശൂര്‍ വരെ അവളായിരുന്നു കൂടെ. ഏഴ് മണിയോടെ ബസ് തൃശൂര്‍ സ്റ്റാന്‍ഡില്‍ എത്തി. എന്നോട് യാത്ര പറഞ്ഞ് ആ കുട്ടി പോയി. ചായയും ഭക്ഷണവും കഴിക്കാന്‍ ആര്‍ക്കെങ്കിലും ഇറങ്ങണമെങ്കില്‍ ആവാം എന്നും പത്തു മിനിട്ടു കഴിഞ്ഞേ ബസ് എടുക്കൂ എന്നും ഡ്രൈവര്‍ അറിയിച്ചു. വഴിയില്‍ ഒരു കാരണവശാലും ഇറങ്ങരുതെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ മനസ്സിലുള്ളതു കൊണ്ടും ബസ് മിസ്സായാലുള്ള ബുദ്ധിമുട്ട് ഓര്‍ത്തതു കൊണ്ടും ഒരു ചായ കുടിക്കണമെന്നു തോന്നിയിട്ടു പോലും ബസ്സില്‍ നിന്നിറങ്ങിയില്ല. കയ്യിലുള്ള തണുത്ത പഴംപൊരിയും വെള്ളവും കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഡ്രൈവറും കണ്ടക്ടറും തിരിച്ചു വന്നത്. ഞാന്‍ കഴിക്കുന്നത് കണ്ടിട്ടാവണം കണ്ടക്ടര്‍ എന്നോടു ചായ കുടിക്കാന്‍ ഇവിടെ ഇറങ്ങാമായിരുന്നില്ലേ എന്നു ചോദിച്ചത്. വേണമെങ്കില്‍ ബസ് എടുക്കും മുമ്പ് മേടിച്ചു തരാം എന്നു പറഞ്ഞ ആ നല്ല മനസ്സിനു നന്ദി പറഞ്ഞു കൊണ്ട് ആ ചായ തിരസ്‌കരിച്ചു...

സഹയാത്രികര്‍ വന്നും പോയുമിരുന്നു. എല്ലാവരും അവരവരുടെ ലോകങ്ങളില്‍  വ്യാപൃതരായിരുന്നു....

മൂന്ന് ജില്ലകള്‍ താണ്ടി ഒരു മണിയോടെ ബസ് ആലപ്പുഴ സ്റ്റാന്‍ഡിലെത്തി. ഉച്ചയൂണിനായി പതിനഞ്ചു മിനിട്ടു സമയം അനുവദിച്ചിട്ടുണ്ടെന്നും കൃത്യം ഒന്നേകാലിന് ബസ് എടുക്കുമെന്നും പറഞ്ഞു ഡ്രൈവറും കണ്ടക്ടറും ഇറങ്ങി. ബസിലുണ്ടായിരുന്ന ഒട്ടുമുക്കാല്‍ ആളുകളും ഭക്ഷണം കഴിക്കാനിറങ്ങി. വിശന്നു വയറു നിലവിളിക്കുന്നുണ്ടെങ്കിലും ഇറങ്ങാന്‍ ധൈര്യം തോന്നിയില്ല. ഒരേ ഇരുത്തം മണിക്കൂറുകളോളം ഇരുന്നതിനാല്‍ നേരിയ വേദനകള്‍ തോന്നി തുടങ്ങിയിരുന്നു. മെല്ലെ എഴുന്നേറ്റ് നടുവു നിവര്‍ത്തി. കയ്യും കാലുമൊക്കെ ഒന്ന് മടക്കി നിവര്‍ത്തി.

ഒന്നേ പത്ത് ആയപ്പോഴേക്കും ഡ്രൈവറും കണ്ടക്ടറും ബസ്സില്‍ തിരിച്ചെത്തി. ബസ്സില്‍ ഇരിക്കുന്ന എന്നെ കണ്ടപ്പോള്‍ ഊണ് കഴിക്കാനിറങ്ങിയില്ലേ എന്ന്  ഇത്തവണ കണ്ടക്ടറും ഡ്രൈവറും ഒരുമിച്ചു ചോദിച്ചു. 'ഇല്ല' എന്നു ഉത്തരം കൊടുക്കണോ വേണ്ടയോ എന്നു ചിന്തിക്കുമ്പോഴാണ് കണ്ടക്ടറുടെ അടുത്ത വാചകം. 'ബസ് മിസ്സായാലോ എന്നു ഭയന്നാണോ ഭക്ഷണം കഴിക്കാന്‍ ഇറങ്ങാതിരുന്നേ' എന്ന്. 'അതെ' എന്നു ഞാന്‍ സത്യസന്ധമായി മറുപടി പറഞ്ഞു. 'കുട്ടീ, നീയും ഞങ്ങളും ഒരുമിച്ചാണ് ഈ ദിവസം യാത്ര തുടങ്ങിയത്. അതും ഞങ്ങളെ പോലെ തന്നെ തലസ്ഥാനം വരെ. അതു കൊണ്ട് നീ കയറിയോ എന്ന് നോക്കാതെ വണ്ടി എടുക്കില്ല. എല്ലാവരും തിരിച്ചെത്തി എന്നുറപ്പു വരുത്തിയ ശേഷം മാത്രമേ ബസ് എടുക്കൂ. പിന്നെ കൃത്യമായ ഒരു സമയം പറഞ്ഞില്ലെങ്കില്‍ നമുക്കു സമയത്തിനു എത്താന്‍ സാധിക്കില്ല അതു കൊണ്ടാണ്. ഈ ഒരു കുപ്പി വെള്ളം കുടിച്ച് വിശപ്പകറ്റി തലസ്ഥാനം വരെ എത്തിക്കാം എന്നാണോ? അവിടെ എത്തുമ്പോഴേക്കും ക്ഷീണമാകും. പോയി എന്തെങ്കിലും കഴിച്ചു വരൂ. കുട്ടി തിരിച്ചു കയറിയിട്ടേ ബസ്സ് എടുക്കൂ. ഭയക്കണ്ട.' എന്നു പറഞ്ഞു ഡ്രൈവര്‍. അതു ശരി വച്ച മട്ടില്‍ കണ്ടക്ടര്‍ തലയാട്ടി. അപ്പോഴേക്കും ഊണ് കഴിക്കാന്‍ പോയവരൊക്കെ തിരിച്ചെത്തി. 'സാരമില്ല,ഞാന്‍ ഹോസ്റ്റലിലെത്തിയിട്ട് കഴിച്ചോളാം', എന്നു പറഞ്ഞു. ഡ്രൈവര്‍ ബസ്സ് സ്റ്റാര്‍ട്ടാക്കി കണ്ടക്ടറോട് ചെവിയില്‍ എന്തോ പറയുന്നതും,  കണ്ടക്ടര്‍ ബസ്സില്‍ നിന്നിറങ്ങി പോകുന്നതും കണ്ടു. വിശപ്പിന്റെ ഉള്‍വിളി സഹിക്കാന്‍ വയ്യാതായപ്പോള്‍ ഞാന്‍ കണ്ണുകള്‍ പതിയെ അടച്ചു. ബസ്സിന്റെ ബെല്‍ അടിക്കുന്ന ശബ്ദം കേട്ടതും യാത്ര തുടരുന്നതും ഞാന്‍ അറിയുന്നുണ്ടായിരുന്നു..

............................................................................................................................................................

അപരിചിതനായ പുരുഷന്‍! ഇനി ഇതില്‍ വല്ലതും ചേര്‍ത്തിട്ടുണ്ടെങ്കിലോ എന്നിങ്ങനെ ഒരായിരം സംശയങ്ങള്‍ ഉളളില്‍ കിടന്നു കലങ്ങി

............................................................................................................................................................

കണ്ണടച്ചു കിടക്കുന്ന എന്നെ ആരോ വിളിച്ചുണര്‍ത്തുന്നതു പോലെ തോന്നിയാണ് കണ്ണു തുറന്നത്. എന്റെ അടുത്തിരിക്കുന്ന സ്ത്രീയാണ്.  എന്താ കാര്യം എന്ന അര്‍ത്ഥത്തില്‍ ഞാനവരെ നോക്കിയപ്പോള്‍ എനിക്കു നേരെ ഒരു പൊതി നീണ്ടു. നോക്കുമ്പോള്‍ കണ്ടക്ടറാണ്. ഞാന്‍ ചോദ്യഭാവത്തില്‍ അയാളെ നോക്കിയപ്പോള്‍ ആ പൊതി കയ്യിലേല്‍പ്പിച്ചിട്ടു പറഞ്ഞു,  കുറച്ചു പലഹാരമാണ്, കഴിച്ചൊളൂ, വിശന്നിരിക്കണ്ട എന്ന്. ഞാന്‍ നന്ദിയോടെ അയാളെ നോക്കിയെങ്കിലും അയാള്‍ അയാളുടെ ജോലിയിലേക്ക് കടന്നിരുന്നു. കാര്യം വിശന്നു കണ്ണു കാണാന്‍ വയ്യെങ്കിലും കഴിക്കാന്‍ ഒരു പേടി. കാലം വല്ലാത്തതല്ലേ, എന്തു വിശ്വസിച്ചു കഴിക്കും!  അപരിചിതനായ 30-40ന് ഇടയില്‍ പ്രായം തോന്നുന്ന ഒരു പുരുഷന്‍! ഇനി ഇതില്‍ വല്ലതും ചേര്‍ത്തിട്ടുണ്ടെങ്കിലോ എന്നിങ്ങനെ ഒരായിരം സംശയങ്ങള്‍ ഉളളില്‍ കിടന്നു കലങ്ങി മറിയുന്നു. ശരീരവും മനസ്സും തമ്മിലുളള പിടിവലിയില്‍ ഒടുവില്‍ വിശപ്പിന്റെ വിളിക്കുത്തരം കൊടുത്തു കൊണ്ട് ശരീരം തന്നെ വിജയിച്ചു. കുറച്ചു ഉള്ളിവടയും സമൂസയും ആയിരുന്നു ആ പൊതിയില്‍. വിശപ്പ് ശമിച്ചപ്പോള്‍ നല്ല ആശ്വാസം...

പുറത്തെ കാഴ്ച്ചകളില്‍ മുഴുകി എന്റെ ഭ്രാന്തന്‍ ചിന്തകളെ പറക്കാന്‍ വിട്ടു. കുറച്ചു നേരം ഹെഡ്‌സെറ്റ് ചെവിയില്‍ വെച്ചു പാട്ടുകള്‍ ആസ്വദിച്ചു യാത്ര തുടര്‍ന്നു.

നാല് മണിയോടെ കൊല്ലത്ത് എത്തി. അവിടെ അഞ്ചു മിനിട്ടു ചായ കുടിക്കാന്‍ സമയം ഉണ്ടെന്നു പറഞ്ഞു. അടുത്തത് തിരുവനന്തപുരം ആണെന്ന ആശ്വാസത്തിലായിരുന്നു ഞാന്‍. നോക്കുമ്പോഴുണ്ട് ഒരു പയ്യന്‍ എനിക്കു ചായ കൊണ്ടു വന്നു തരുന്നു. ഞാന്‍ ചായക്കു പറഞ്ഞിട്ടില്ല എന്നു പറഞ്ഞു. ഡ്രൈവര്‍ തരാന്‍ പറഞ്ഞതാണെന്നു പറഞ്ഞു മടങ്ങാന്‍ നിന്ന അവനു ചായയുടെ പൈസ കൊടുക്കാന്‍ നിന്നപ്പോള്‍ പൈസ തന്നതാണെന്നും പറഞ്ഞ് അവന്‍ പോയി. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാല്‍ തിരുവനന്തപുരത്തു എത്തും എന്ന തിരിച്ചറിവ് എനിക്കു നല്‍കിയ ആശ്വാസം ചെറുതല്ലായിരുന്നു. 

തിരുവനന്തപുരം ജില്ലയിലേക്ക് ബസ്സ് കടന്നപ്പോള്‍ എനിക്കു സമാധാനമായി. പ്ലാമൂട് വഴിയാണ് ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്നത് എന്ന് മനസ്സിലായപ്പോള്‍ അവിടെ ബസ് നിര്‍ത്തി തരാമോ എന്നു ചോദിച്ചു.  അവിടെ സ്‌റ്റോപ്പില്ലാതിരുന്നിട്ടു കൂടിയും യാതൊരു മടിയും  കൂടാതെ അവര്‍ അവിടെ നിര്‍ത്തി തന്നു. ഇറങ്ങാന്‍ നേരം കുറച്ചു നോട്ടുകള്‍ ആ പലഹാരത്തിന്റെ വകയിലായി കൊടുക്കാന്‍ നോക്കിയെങ്കിലും വാങ്ങാന്‍ അവര്‍ തയ്യാറായില്ല. 'ഞങ്ങള്‍ക്കുമുണ്ട് വീട്ടില്‍ പെങ്ങളും മക്കളുമൊക്കെ. ഇത്രയും ദൂരം യാത്ര ചെയ്യുമ്പോള്‍ വിശന്നു തളര്‍ന്നുപോകുമെന്നു തോന്നി. അതു കൊണ്ടാണ് മേടിച്ചു തന്നത്. അതിപ്പോ ആരാണെങ്കിലും ഞങ്ങള്‍ ചെയ്യും. വിശപ്പെല്ലാവര്‍ക്കും ഒരുപോലെ തന്നെയാ. അതു കൊണ്ട് അതിനു വിലയിടരുത്'- എന്നു പറഞ്ഞ അവര്‍ എനിക്കൊരത്ഭുതമായിരുന്നു. അവരിലെ മനുഷ്യത്വത്തെ കുറച്ചു നേരമെങ്കിലും സംശയിച്ചതില്‍ എനിയ്ക്കല്‍പം കുറ്റബോധം തോന്നാതിരുന്നില്ല.

അങ്ങനെ പന്ത്രണ്ടു മണിക്കൂര്‍ നീണ്ട എന്റെ യാത്ര അതിന്റെ ലക്ഷ്യ സ്ഥാനത്ത് എത്തുമ്പോള്‍, യാത്രയിലുടനീളം കണ്ട  ആ രണ്ടു വ്യക്തികള്‍,  എന്റെ ജീവിതമെന്ന സിലബസ്സിലെ സഹജീവി സ്‌നേഹം എന്ന വലിയ പാഠം പകര്‍ന്നു തന്ന പേരറിയാത്ത അധ്യാപകരാവുകയായിരുന്നു. മനുഷ്യത്വം പൂര്‍ണമായും മണ്ണടിഞ്ഞിട്ടില്ല എന്നു കര്‍മ്മം കൊണ്ട് തെളിയിച്ചു തന്ന അവരാണ് യഥാര്‍ഥ ഹീറോസ്. 

ഇന്നും കെ എസ് ആര്‍ ടി സി ബസില്‍ കയറുമ്പോള്‍ ഞാനവരെ ഓര്‍ക്കാറുണ്ട്, ആ നന്മ മരങ്ങളെ!

Follow Us:
Download App:
  • android
  • ios