Asianet News MalayalamAsianet News Malayalam

Humour : 'നല്ല പഷ്ട് നൈറ്റാരുന്നു ആ ഫസ്റ്റ് നൈറ്റ്'

 ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു

Tulunadan kathakal a column by Tulu Rose Antony on First night in ooty
Author
Ooty, First Published Jan 6, 2022, 4:28 PM IST

ഇച്ചിരി റൊമാന്റിക്കായാലോ? കേറിയങ്ങ് കെട്ടി പിടിച്ചാലോ? എനിക്ക് ആക്രാന്തമാണെന്ന് ധരിച്ചാലോ? പെട്ടെന്ന് കെട്ടി പിടിച്ചാല് അദ്ദേഹം ഞെട്ടി വണ്ടിയെങ്ങാന്‍ പോയിടിച്ചാലോ? 

Tulunadan kathakal a column by Tulu Rose Antony on First night in ooty

 

'നമ്മുടെ ഫസ്റ്റ് നൈറ്റ് ഊട്ടിയില് മതി.'

ഞാനൊന്ന് ഞെട്ടിയങ്കിലും കുറച്ച് നാണം കൈയില്‍ നിന്നും ഇട്ട് പറഞ്ഞു:

'ഉം. ശരി.'

ആദ്യം തന്നെ ഒടക്ക് പറഞ്ഞ് വെറുതെ അങ്ങേരെ ഹതാശനാക്കരുതല്ലോ. ഇനീം കെടക്കുവല്ലേ ഒരു ജീവിതം അങ്ങ് കാണ്ഡം ഗാണ്ടമായി, തനി സ്വഭാവം കാണിക്കാന്‍!

അങ്ങനെ, ഒരു ദിവസം ചടപടാന്ന് എന്റെ കല്ല്യാണം കഴിഞ്ഞു. ഹോ! എനിക്കങ്ങ് വിശ്വസിക്കാന്‍ പറ്റുന്നില്ല. 

എന്റെ കല്യാണം കഴിഞ്ഞു. 

ദൈവമേ എന്റെ കല്യാണം കഴിഞ്ഞൂന്ന്!

കെട്ടും തട്ടും എല്ലാം കഴിഞ്ഞ് എന്നെ അവരുടെ വീട്ടിലേക്ക് മാലയും ബൊക്കെയും ഒക്കെയിട്ട് ആദരിച്ചാനയിച്ചു.

കര്‍ത്താവേ എന്റെ തനി കൊണം എടുപ്പിക്കാനിട വരരുത്തരുതേ. ഇവര്‍ക്കൊക്കെ നല്ലത് മാത്രം വരുത്തണേ. പാവങ്ങള്‍!

പ്രാര്‍ത്ഥിച്ച് കൊണ്ട് വലത് കാല് വെച്ച് കയറി. 

എന്നെ കാണാന്‍ ഭയങ്കര ഭംഗി ആയിരുന്നത് കൊണ്ട് എല്ലാവരും എന്നെ കണ്ണെടുക്കാതെ നോക്കി കൊണ്ടിരിക്കുവാരുന്നു എന്നാണ് ഞാന്‍ വിചാരിച്ചത്. 

'ഈ പ്രാന്തിയെ ആണല്ലോ ഞങ്ങടെ ടോണിമോന് കിട്ടിയത്' എന്നായിരുന്നത്രേ എല്ലാവരും ഓര്‍ത്തത്. 

അയ്യേ, ഇവരൊക്കെ എന്താ ഇങ്ങനെ? ആദ്യമായി പ്രാന്തിയെ കാണുന്നത് പോലെ!

ചടങ്ങുകളൊക്കെ കഴിഞ്ഞപ്പോള്‍ നാത്തൂന്‍ നമ്പര്‍ 1 അനൗണ്‍സ് ചെയ്തു:

'റോസ് പോയി വസ്ത്രാക്ഷേപം നടത്തി വന്നാലും.'

കേട്ടപാടെ സാരിയും എടുത്ത് കുത്തി കോണി കയറി ഓടി. 

ഈ കല്യാണം കല്യാണം എന്ന് പറയുമ്പോള്‍ കേള്‍ക്കാനൊക്കെ നല്ല സുഖമാ. പത്ത് കിലോ ഭാരമുള്ള ഒരു സാരിയും പത്ത് കിലോ മേക്കപ്പും എല്ലാം കൂടെ ചുമന്ന് നില്‍ക്കുമ്പോള്‍ അമ്മച്ചിയാണേ തലയില്‍ നിന്നൊരു പെരുപ്പങ്ങിരച്ച് വരും താഴോട്ട്. 

എല്ലാമൊന്ന് വലിച്ച് പറിച്ചെറിഞ്ഞ് കളയാന്‍ വേണ്ടി മുറിയില്‍ കയറിയപ്പോഴോ , ദേ നിക്കുന്നു അവിടെ ഒരാള്‍. 

'അയ്യോ ആരാ?'

'അത് ഞാന്‍...വെറുതെ ഈ വഴി പോയപ്പോള്‍ ചുമ്മാ കേറിയതാ.'

'ങാഹാ! ചുമ്മാ കയറാനിതെന്നാ ലൈബ്രറിയോ!' 

'അല്ല അത്. ഞാനല്ലെ നിന്നെ കെട്ടിയത്? അപ്പോ പിന്നെ ഞാന്‍ ചുമ്മാ..'

അയ്യോ പറഞ്ഞ പോലെ ശരിയാണല്ലോ. ഇദ്ദേഹമാണല്ലോ അദ്ദേഹം! 

ശ്ശേയ്  മോശമായി പോയി.

'സോറി കേട്ടോ. പെട്ടെന്നെനിക്കാളെയങ്ങ് മനസ്സിലായില്ല.'

'ങേ!'

'ഈ സാരിയൊക്കെ മാറ്റണമായിരുന്നു.'

'അതിനെന്താ, മാറ്റിക്കോ. എന്നിട്ട് അന്ന് ഞാന്‍ വാങ്ങിത്തന്ന സ്‌കേര്‍ട്ടും ടോപ്പുമിട്.'

'അത് പിന്നെ..അത് പിന്നെ..'

'എന്താ, ആ ഡ്രെസ്സില്ലേ കൈയില്‍?'

'അതൊക്കെയൊണ്ട്. പക്ഷേ...'

'പിന്നെന്താ പ്രശ്‌നം? മാറ്റിക്കോ.'

ശ്ശെടാ  ഇതിപ്പ വല്ലാത്ത എടങ്ങേറായല്ലോ. ഒരു പരിചയോമില്ലാത്ത ഒരാളുടെ മുന്നില്..'

എന്നെ അങ്ങനൊന്നുമല്ല വളര്‍ത്തിയത്.

'അതേയ്, അത് പിന്നെ..എനിക്കേയ്... അത്...പിന്നേയ്'- ഞാന്‍ വിക്കി.

'എന്താടാ പറ'- അദ്ദേഹമങ്ങ് പരവശനായി പോയി.

'എനിക്ക് വല്ല്യ നാണോം മാനോമൊന്നുമില്ലാത്തതാ. ഇതൊക്കെ എങ്ങനേലും ഒന്ന് വലിച്ച് പറിച്ചൂരാന്‍ പോകുവാ ഞാന്‍. ധൈര്യമില്ലേല് കണ്ണടച്ചിരുന്നോണം. പറഞ്ഞേക്കാം.'- ഞാനൊറ്റ കാച്ച് കാച്ചി.

'അയ്യോ! ഞാന്‍ താഴെ പോയിട്ട് പെങ്ങളെ പറഞ്ഞ് വിടാം. അവള് സഹായിക്കും.'

ങേ പെങ്ങള് വന്നിട്ടെന്തിനാ?

ആ എന്തേലുമാവട്ട്. 

നാത്തൂന്‍ നമ്പര്‍ 2 വന്നിട്ട് തലയിലും ശരീരത്തും ഉണ്ടായിരുന്ന ആവശ്യമില്ലാത്ത സാധനങ്ങളെല്ലാം പറിച്ചെടുത്തു. 

അദ്ദേഹം പറഞ്ഞ പോലെ സ്‌കേര്‍ട്ടും ടോപ്പുമിട്ട് കഴിഞ്ഞപ്പോള്‍ ആളെത്തി. 

'ഹായ് റോസിനെ കാണാന്‍ നല്ല ഭംഗിയാ. ആ മുഖം കണ്ടാ, ആ മുടി കണ്ടാ'

'ഉം. ഇതെല്ലാവരും എന്നോടെപ്പഴും പറയാറുള്ളതാ. ഞാന്‍ സൂപ്പറാണെന്ന്'

'ങേ' 

ഇത് കണ്ട് പെങ്ങള്‍ക്ക് ഭയങ്കര നാണം വന്നിട്ട് വാതിലടച്ച് പുറത്തും പോയി. 

അയ്യേ, ഇതിലെന്തോന്നിത്ര നാണിക്കാന്‍!

എനിക്കാണേല് ആ സംഭവം അങ്ങോട്ട് വരണുമില്ല.

ഞാനൊന്ന് ആ മുഖത്ത് നോക്കി ഒരു വളിച്ച ചിരി ചിരിച്ചു.

'നമ്മളിപ്പോള്‍ ഇറങ്ങും.'

'ങ്‌ഹേ എങ്ങോട്ട്?'

'ഊട്ടിയിലാണ് നമ്മുടെ ഫസ്റ്റ് നൈറ്റ് എന്ന് ഞാന്‍ പറഞ്ഞിരുന്നതാണല്ലോ.'

തിക്കും തിരക്കും ബഹളത്തിനുമിടയില്‍ ഊട്ടിയുടെ കാര്യം ഞാനങ്ങ് മറന്ന് പോയിരുന്നു.

'ഹയ്യോ ഇപ്പഴോ? ഞാനാരേം പരിചയപ്പെട്ടില്ല. പിന്നെ നല്ല ക്ഷീണം ഇല്ലേ?'

'എനിക്കൊരു ക്ഷീണവുമില്ല. റോസിന് ക്ഷീണമുണ്ടോ?'

'ഹേ...യ്. എനിക്കോ? നോ നെവര്‍'

'എന്നാല്‍ റെഡി ആയിക്കോ.'

'അതേയ്, ഫസ്റ്റ് നൈറ്റ് തൃശ്ശൂരായാലും നല്ലതാ അല്ലേ?'

'അല്ലല്ല ഊട്ടിയാ ബെസ്റ്റ്. തണുപ്പല്ലേ. തീയും കാഞ്ഞിരിക്കാം. ആരുടേയും ശല്യമില്ലാതെ സംസാരിച്ചിരിക്കാം''

സംസാരിക്കാനാണെങ്കില് ഊട്ടി വരെ പോണോ? എന്റെ സംശയം തല പൊക്കി. ഊട്ടീ ഊട്ടീന്ന് പറഞ്ഞാല്‍ ഹണിമൂണിനൊക്കെ വലിയ സംഭവമാണെന്നാണല്ലോ വെപ്പ്. എന്നിട്ടാണ് പറയുന്നത് സംസാരിച്ചിരിക്കാനാണ് പോകുന്നത് എന്ന്. കല്യാണം കഴിക്കണ്ടായിരുന്നു.

എന്തായാലും റെഡിയായി താഴെ വന്ന് ടാറ്റാ പറഞ്ഞ് ഞങ്ങള്‍ ഇറങ്ങി. 

 

Tulunadan kathakal a column by Tulu Rose Antony on First night in ooty

 

പാലക്കാട് കഴിഞ്ഞപ്പോഴേക്കും ഞാനുറക്കം വന്ന് തൂങ്ങി തുടങ്ങി. ഒരു പച്ച മനുഷ്യനിരുന്ന് വണ്ടിയോടിക്കുമ്പോള്‍ ഞാന്‍ മാത്രം ഉറങ്ങുന്നത് മോശമല്ലേ? ആണ്,  വളരെ മോശം തന്നെയാണ്. 

ഇച്ചിരി റൊമാന്റിക്കായാലോ?

കേറിയങ്ങ് കെട്ടി പിടിച്ചാലോ? എനിക്ക് ആക്രാന്തമാണെന്ന് ധരിച്ചാലോ? പെട്ടെന്ന് കെട്ടി പിടിച്ചാല് അദ്ദേഹം ഞെട്ടി വണ്ടിയെങ്ങാന്‍ പോയിടിച്ചാലോ? 

ഹയ്യോ വേണ്ട. ഉറങ്ങുന്നതാ ഭേദം. 

'റോസ്, ഉറങ്ങാണേലുറങ്ങിക്കോ. അവിടെയെത്തുമ്പോള്‍ ഫ്രെഷായി എണീക്കാം.'

ഹയ്! അത് കലക്കി. കേട്ടപാടെ ഉറക്കം തുടങ്ങി. ഊട്ടി എത്തുന്നത് വരെ പിന്നെ കണ്ണ് തുറന്നേയില്ല. 

തണുത്ത കാറ്റടിച്ചപ്പോഴാണ് ഞാന്‍ എണീക്കുന്നത്. വിന്‍ഡോ ഗ്ലാസ്സ് തുറന്നിട്ടിരിക്കുന്നു. 

'ഹായ് സൂപ്പര്‍.'

തണുത്ത് വിറച്ച് ലോബിയിലേക്ക് നടന്നു. സംഗതി മൊത്തത്തില്‍ ഇഷ്ടപ്പെട്ടു. അന്തരീക്ഷം പ്രണയാര്‍ദ്രം! ക്ഷീണമൊക്കെ മാറി. 

റൂമില്‍ കയറിയപ്പോള്‍ അതിലേറെ ഇഷ്ടപ്പെട്ടു. വന്നത് നന്നായി. 

തണുപ്പ് കാരണം ബെഡില്‍ ചാടിക്കയറി ബ്ലാങ്കറ്റ് ഇട്ട് ഞാന്‍ മൂടി കിടന്നു. 

'റോസ്, കുളിക്കണോ?'

'ങേ  കുള്യാ, ഈ തണുപ്പത്തോ?'

'എന്നാ പിന്നെ ഞാന്‍ പോയി കുളിച്ചിട്ട് വരാം.'

മൂടിപ്പുതച്ച് കിടന്നതും ഞാനറിയാതുറങ്ങി പോയി. കുളിയും കഴിഞ്ഞ് തീയും കാഞ്ഞ് റൊമാന്‍സാന്‍ വന്ന അദ്ദേഹത്തിന് എന്നെ ഒന്ന് വിളിച്ചതേ ഓര്‍മ്മയുള്ളൂ. 

എനിക്കുറക്കത്തിന്റെ അസുഖം ഉള്ള കാര്യം അദ്ദേഹത്തിന് അറിയില്ലല്ലോ. 

എന്റെ ഉറക്കത്തിന് ഭംഗം നേരിട്ടാല്‍, അതിന് കാരണക്കാരായിരുന്നാലും ഞാനടിക്കും. സര്‍വ്വ ശക്തിയുമെടുത്തടിക്കും. 

എന്നിലെ മനോരോഗിയുടെ പ്രവര്‍ത്തനമാ. 

അറിഞ്ഞ് കൊണ്ട് ഞാനങ്ങനൊക്കെ ചെയ്യുവോ?

'അയ്യോ! ഫസ്റ്റ് നൈറ്റ് തുടങ്ങ്യോ?'

ബെഡില് ചാടിയെഴുന്നേറ്റ് ചോദിച്ചപ്പോള്‍ സോഫയിലിരുന്ന് ചായ കുടിച്ച് കൊണ്ടിരുന്ന ഒരു പാവം മനുഷ്യന്‍ എന്നെ നോക്കി ഇപ്രകാരം അരുള്‍ ചെയ്തു:

'നല്ല പഷ്ട് നൈറ്റാരുന്നു നമ്മുടെ ഫസ്റ്റ് നൈറ്റ്.'

(അല്ലേലും ഫസ്റ്റ് നൈറ്റിനൊക്കെ ഏറ്റവും ബെസ്റ്റ് തൃശ്ശൂരാന്നേ. ഈ ഊട്ടിയൊക്കെ എന്നാണ്ടായേ)

 

ടുലുനാടന്‍ കഥകള്‍:  വായിച്ചു ചിരിക്കാന്‍  ഇവിടെ ക്ലിക്ക് ചെയ്യാം

Follow Us:
Download App:
  • android
  • ios