Asianet News MalayalamAsianet News Malayalam

Humour: ഒരു പ്രേമം നൈസായി പൊട്ടിച്ച വിധം!

 ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു

Tulunadan kathakal a column by Tulu Rose Antony on love
Author
Thiruvananthapuram, First Published Jan 26, 2022, 2:26 PM IST

എട്ടാം ക്ലാസ്സ് മുതല് ഇവളെന്റെ മോളാ, ഇവള് മിടുക്കിയാ എന്നൊക്കെ എല്ലാവരോടും കൊട്ടി ഘോഷിച്ചിരുന്ന സ്ത്രീയാണ്. ഇപ്പോ ചായ ഉണ്ടാക്കി അണ്ണാക്കിലൊഴിച്ചാലേ മോനേകൊണ്ട് കെട്ടിക്കുകയുള്ളൂ പോലും! വെച്ചിട്ടുണ്ടെടീ, വെച്ചിട്ടുണ്ട്. കല്യാണമൊന്ന് കഴിഞ്ഞോട്ടെ. ഇതിനൊക്കെ ഞാന്‍ കണക്ക് പറയിപ്പിച്ചോളാം.

Tulunadan kathakal a column by Tulu Rose Antony on love

 

ഒരു ദിവസം രാജുമോന്‍ എന്നോട് ചോദിച്ചു.

ശ്ശേ.. ക്ഷമിക്കണം. 

വേറൊരു ദിവസം ജിത്തുമോന്‍ എന്നോട് ചോദിച്ചു:

'ടീ പെണ്ണേ, നീ എന്റെ കൂടെ വരുമോ?'

'വന്നാലെനിക്കെന്ത് തരും?'

'നിനക്ക് ഞാന്‍ എന്നെ തരാം, എന്റെ മക്കളെ തരാം.'

'അതിന് ജിത്തുവിന്റെ അമ്മ സമ്മതിക്കുവോ? ദേ, ഞാനൊരു കാര്യം പറയാം. അമ്മ സമ്മതിക്കണത് നോക്കിയിരുന്നാലേ ഞാന്‍ ഇതിലും നല്ല വല്ലോര്‌ടേം കൂടെ പോകും. ക്യൂവാണ് മോനേ ക്യൂ.'

'അമ്മ സമ്മതിക്കണേല് ഒറ്റ വഴിയേ ഉള്ളൂ. അത് നീ ചെയ്താല് അമ്മ ഓ. കെ. പറയും.'

'അതെന്താ, സ്വഭാവം മാറ്റണതൊഴിച്ച് എന്തും പറഞ്ഞോ. അനുസരിക്കാം.'

'അത് പിന്നെ ... നീ അടുക്കള പണി പഠിക്കണം. ഭക്ഷണം ഉണ്ടാക്കണം. കുറഞ്ഞ പക്ഷം ഒരു ചായ എങ്കിലും ഉണ്ടാക്കി അമ്മക്ക് കൊടുക്കണം.'

ഓഹോ അസ്ഥാനത്ത് തന്നെയാണ് കുത്തിയിരിക്കുന്നത്. ഇനിയെന്ത് ചെയ്യും, ഏറ്റും പോയി !

'ജിത്തൂ, എന്നെ തന്നെ കെട്ടണം എന്ന് നിര്‍ബന്ധാ?'

'എന്ത് ചോദ്യാടീ. അഞ്ചാറ് കൊല്ലായിട്ട് നിന്നെ സഹിച്ച് നിന്റെ പിന്നാലെ നടന്നത് പിന്നെന്തിനാന്നാ? ഇക്കണ്ട കൊല്ലം നീയെന്നെ ഇട്ട് വലിപ്പിച്ചില്ലേ. അതൊക്കെ എനിക്ക് വീട്ടണ്ടേ?'

'പിന്നേ.. അത് വീട്ടണം. പക വീട്ടാനുള്ളതാണ്. പക്ഷേ പ്രേമിക്കണ സമയത്ത് ചായ ഉണ്ടാക്കിയാലേ പ്രേമിക്കൂ എന്നൊന്നും പറഞ്ഞില്ലല്ലോ.'

'വലിയ വര്‍ത്തമാനൊന്നും നീ പറയണ്ട. പോയി പഠിക്ക് ചായ ഉണ്ടാക്കാന്‍. അല്ലെങ്കില്‍ മോളേ നിന്നെ ഞാന്‍ കെട്ടുകേമില്ല, വേറാരേയും കൊണ്ട് കെട്ടിക്കുകേമില്ല.'

അയ്യോ! ജിത്തു കെട്ടിയില്ലെങ്കിലും ഞാനങ്ങ് സഹിക്കും. പക്ഷേ, വേറെ കെട്ടിച്ചില്ലെങ്കില് അത് ഞാനെങ്ങനെ സഹിക്കും?'

ഉത്തരവ് ചെണ്ട കൊട്ടി അറിയിച്ചിട്ട് ജിത്തു പോയി. 

അടുക്കള എന്ന ഭാഗമായിട്ട് എനിക്ക് വലിയ പരിചയം ഒന്നുമില്ല. പരിചയം വേണമെന്ന് തോന്നിയിട്ടുമില്ല. അമ്മ നിര്‍ബന്ധിച്ചിട്ടുമില്ല അടുക്കളപ്പണി പഠിക്കാന്‍. 

'വേറൊരു കുടുംബത്തില്‍ ചെന്ന് കേറേണ്ടവളാ. നിനക്കൊന്നുമറിയില്ലെങ്കില്‍ അവര് നിന്റമ്മേനെയാ പറയാ' എന്ന ഡയലോഗൊന്നും ഒരിക്കലും എന്നോട് അമ്മ പറഞ്ഞിട്ടുമില്ല. എനിക്ക് വിശക്കുമ്പോള്‍ സാധനം മേശപ്പുറത്തുണ്ടാകും.

ഇടക്കിടക്ക് പാത്രം പൊക്കി നോക്കാന്‍ ചെല്ലുന്ന ഒരു ബന്ധം മാത്രമേയുള്ളൂ ഞാനും അടുക്കളയുമായിട്ട്.

'ടുലൂനെ കെട്ടിക്കാറായി. നീയെന്താ അവളെ ഒന്നും പഠിപ്പിക്കാത്തത്?' - ഒരു ദിവസം വല്യമ്മ ചോദിച്ചു.

'അതൊന്നും സാരമില്ല. സമയമാകുമ്പോള്‍ അവള്‍ പഠിച്ചോളും. എന്റെ കല്യാണം കഴിയുന്നത് വരെ ഞാനൊരു പണിയും എടുത്തിട്ടില്ല.' - അമ്മ അത് നിസ്സാരമായി പറഞ്ഞവസാനിപ്പിച്ചു.

അങ്ങനെയുള്ള ഒരു പാരമ്പര്യമുള്ള കുടുംബത്തിലെ കണ്ണിയായ ഞാന്‍ ചായ ഉണ്ടാക്കണം പോലും. എന്നാലേ അവനെന്നെ കെട്ടുകയുള്ളൂന്ന്!

ഇങ്ങോട്ട് വരട്ടെ. ചായേല് എലിവിഷം ഇട്ട് കൊടുക്കണം. ചത്ത് പോട്ടെ പണ്ടാരം!

എട്ടാം ക്ലാസ്സ് മുതല് ഇവളെന്റെ മോളാ, ഇവള് മിടുക്കിയാ എന്നൊക്കെ എല്ലാവരോടും കൊട്ടി ഘോഷിച്ചിരുന്ന സ്ത്രീയാണ്. ഇപ്പോ ചായ ഉണ്ടാക്കി അണ്ണാക്കിലൊഴിച്ചാലേ മോനേകൊണ്ട് കെട്ടിക്കുകയുള്ളൂ പോലും!

വെച്ചിട്ടുണ്ടെടീ, വെച്ചിട്ടുണ്ട്. കല്യാണമൊന്ന് കഴിഞ്ഞോട്ടെ. ഇതിനൊക്കെ ഞാന്‍ കണക്ക് പറയിപ്പിച്ചോളാം.

അതിന് കല്യാണം നടക്കണ്ടേ? കല്യാണം നടക്കണമെങ്കില്‍ ചായ ഉണ്ടാക്കി പഠിക്കണ്ടേ?

ഹോ ചായ എങ്കില് ചായ! പഠിച്ചേക്കാം.

ദിവസവും ജിത്തു വിളിച്ച് ചോദിക്കും:

'എന്തായീ, എന്നാ ഞാന്‍ അമ്മയേയും കൊണ്ട് വരേണ്ടത്?'

'ഇയാളിത് എപ്പഴുമെപ്പഴും ചോദിക്കണത് എന്തിനാ? ഒരു ചായ ഉണ്ടാക്കി തന്നാ പോരേ? വേണ്ടിവന്നാല് ചായ അല്ല ചാരായം വരെ ഞാനുണ്ടാക്കും. അല്ല പിന്നെ ഹും.'

അങ്ങനെ ആ ദിവസം, ഒരു ഞായറാഴ്ച.

ജിത്തു അമ്മയേയും കൊണ്ട് ആസനസ്ഥനായി. 

അത്രയും നാള്‍ എനിക്ക് ജിത്തുവിന്റെ അമ്മയുടെ മുന്നില്‍ 'ഞാന്‍' ആയിത്തന്നെ നില്‍ക്കാമായിരുന്നു. പക്ഷേ, ഞങ്ങളുടെ ചുറ്റിക്കളി കണ്ട്പിടിച്ചതോടു കൂടെ ചെറുതായിട്ടൊരു 'വെറയല്‍' വരുമായിരുന്നു. പേടിയാണോ, ബഹുമാനമാണോ? ആ, ആവോ! 

എന്തായാലും ഒരു കറുപ്പ് ചുരിദാറിട്ട്, അടങ്ങിയൊതുങ്ങി, ജിത്തുവിന്റെ അമ്മയുടെ മുന്നില്‍ സോഫയുടെ തുമ്പത്ത്  പോലെ പഞ്ചപുച്ഛമടക്കി ഇരുന്നു .

Feeling: showing ചുമ്മാ respect.

'ടീ പോയി ചായ ഇട്ടോണ്ട് വാ.'- ജിത്തു എന്നെ നോക്കി കണ്ണടച്ച് കൊണ്ട് പറഞ്ഞു.

ഞാന്‍ 'ഈഈഈഈ' എന്ന് ഇളിച്ച് കൊണ്ട് അടുക്കളയിലേക്കെണീറ്റ് പോയി. 

ഗ്യാസ് സ്റ്റൗ ഒക്കെ ഒരു പത്ത് തവണ കത്തിച്ച് പഠിച്ചതായിരുന്നു അമ്മയുടെ കൂടെ. എന്നിട്ടും, ഇപ്പോള്‍ ഞാന്‍ തൊട്ടപ്പോള്‍ അത് കത്തുന്നില്ല. ഹോ നാശം! 

എനിക്കറിയാവുന്ന തറപ്പണികളൊക്കെ നോക്കി കത്തിക്കാന്‍. ആ നോബ് ഇട്ട് തിരിച്ച് തിരിച്ച് സാധനം എന്റെ കൈയിലൂരി പോന്നു.

എന്റെ കര്‍ത്താവേ, ഏത് നേരത്താണാവോ ഇവനോടൊക്കെ ഇഷ്ടാണെന്ന് പറയാന്‍ തോന്നീത്.

'എന്താ മോളൂ, ഇത് വരെ ഉണ്ടാക്കി കഴിഞ്ഞില്ലേ?'

നോബ് ഫിറ്റ് ചെയ്യാന്‍ നോക്കി വിയര്‍ത്ത് നില്‍ക്കുന്ന എന്റെ പുറകില്‍ വന്ന് ജിത്തു ചോദിച്ചു.

'അത് പിന്നെ ഇതൂരിപ്പോന്നു. ഇനിയെന്ത് ചെയ്യും?'

'ഹഹഹഹ അതും വലിച്ച് പൊട്ടിച്ചോ?'

'എന്തോന്ന് കകകക. മനുഷ്യനിവിടെ വട്ടായി നിക്കുമ്പോഴാണോ ഇളിക്കണത് !'

'നീ മാറ്. ഞാനിട്ട് തരാം അത്'

ജിത്തു വളരെ ഈസിയായി നോബ് ഫിറ്റ് ചെയ്ത് ഗ്യാസ് കത്തിച്ചു.

'ജിത്തൂ, എന്തായാലും ഇത്രയൊക്കെ ആയി. എന്നാ പിന്നെ ചായയും ജിത്തുവിനുണ്ടാക്കിക്കൂടേ? ദേ നോക്ക്. ഞാനാകെ പേടിച്ചിരിക്കുവാ. ഇനി ചായയും ശരിയായില്ലെങ്കിലോ? പ്ലീസ്. രണ്ടുമ്മ കൂടുതല് തരാം.'

'അതേയ്, ഉമ്മയില് മയങ്ങീട്ടൊന്നുമല്ല. പിന്നെ നിന്റെ ചായ കുടിച്ചിട്ട് പാവം എന്റമ്മക്ക് അസുഖം വരണ്ടല്ലോന്ന് വെച്ചിട്ടാ.'

ജിത്തുമണി അടുക്കളപ്പണിയില് മിടുക്കനായിരുന്നു. എല്ലാം വളരെ പെട്ടെന്നായി. വെള്ളം വെക്കുന്നൂ, തിളക്കുന്നൂ, ചായപ്പൊടി ഇടുന്നൂ, പാലൊഴിക്കുന്നൂ. ഹോ! മിടുക്കനാ മിടുക്കന്‍. യെവനെയങ്ങ് കെട്ടിയാലോ?

'പഞ്ചസാര എവിടേടീ?'

'ങേ അയ്യോ! അതെവിടെയാ? ഇവിടെ ഉണ്ടായിരുന്നല്ലോ.'

'നിനക്ക് ഞാന്‍ വെച്ചിട്ടുണ്ടെടീ. പഞ്ചസാര ടിന്നെവിടെയാന്ന് പോലുമറിയാത്തോളാ ചായ ഉണ്ടാക്കാന്‍ പഠിച്ചത്.'

'അത് പിന്നെ മറന്നതാ. അല്ലാതെ അറിയാഞ്ഞിട്ടല്ല.'

അവസാനം പഞ്ചസാരയുമിട്ട് ചായയുമുണ്ടാക്കി കപ്പിലൊഴിച്ച് തന്നിട്ട് ജിത്തു പറഞ്ഞു:

'ഇന്നാ കൊണ്ട് കൊടുക്ക്. ഇത്തിരി വിനയത്തോടെ ഒക്കെ പോ.'

ഓ അഹങ്കാരം. ചായ ഉണ്ടാക്കി തന്നതിന്റെ അഹങ്കാരം. നിന്റെയൊക്കെ ടൈം!

അന്നാണെനിക്ക് മനസ്സിലായത് ഈ ട്രേ എന്ന് പറയുന്നത് ഒരു സംഭവമാണെന്ന്. ട്രേയില്‍ ഒരു കപ്പാണെങ്കിലും പത്ത് കപ്പാണെങ്കിലും ശരി, കൈ വിറക്കും. ട്രേയും വിറക്കും.

കിടു കിടാന്ന് ട്രേ വിറപ്പിച്ച് കൊണ്ട് ഞാന്‍ ജിത്തുവിന്റെ അമ്മയുടെ മുന്നില്‍ പോയി നിന്നു.

'ആന്റീ, ചായ.'

'ആരാ ഉണ്ടാക്കിയേ?' 

'സത്യായിട്ടും ഞാനാ.'

'ഉം. അടുക്കളയിലേക്കൊക്കെ കേറിത്തുടങ്ങിയോ നീ?'

'പിന്നേയ്.. അമ്മേടെ ട്യൂഷനുണ്ട്. വൈകുന്നേരം ദിവസവും. അല്ലേ അമ്മേ.'

ഹെന്റമ്മേ  എന്റമ്മ! 

ചില സമയത്ത് എന്റമ്മേടെ എക്‌സ്പ്രഷന്‍ ഓവറാ.

'ആന്റീ, ചായ കൊള്ളാവോ?'

'ഉം ഉം. ഇത്തിരി കടുപ്പം കൂടുതലാ. മധുരോമതേ. അത്ര പോര. സാരമില്ല, പഠിച്ചാ മതി.'

'അത് പിന്നെ... ഈ ജിത്തു തന്ന്യാ മധുരൊക്കെ കൂട്ടിയിട്ടത്. ചായ ഉണ്ടാക്കീതും മോന്‍ തന്ന്യാ. ഞാനതില് തൊട്ടിട്ടേ ഇല്ല്യ. ആന്റി മര്യാദക്ക് ജിത്തൂനെ ചായയിടാന്‍ പഠിപ്പിക്കാത്തോണ്ടാ. ഞാനുണ്ടാക്കീരുന്നേല് സൂപ്പറായേനേ.'

'എടീ....'

' ഉം? എന്താ എടീക്ക്. ഞാന്‍ പറഞ്ഞതല്ലേ ഞാനുണ്ടാക്കാംന്ന്. ആന്റീനെ പറ്റിക്കരുത് ന്ന് പറഞ്ഞതല്ലേ ഞാന്‍. കേട്ടോ, കേട്ടോന്ന്?'

പെട്ടെന്നെന്റെ ധൈര്യമൊക്കെ തിരിച്ച് വന്നു. ടി.വിയുടെ റിമോട്ടുമെടുത്ത് ആന്റിയുടെ അടുത്ത് സോഫയില്‍ കേറിയിരുന്ന് ടീ.വി. വെച്ചു. 

'അമ്മേ, വെശക്കണൂ. എന്താള്ളേ തിന്നാന്‍?'

'ഇവള് പഴയ പോലെയല്ല, നന്നായീന്ന് നീയല്ലേടാ പറഞ്ഞത്. എന്നിട്ടിപ്പോ എന്തായീ! ഇവളെ മോളാക്കാനേ കൊള്ളൂ. മരുമോളാക്കാന്‍ പറ്റില്ല. അല്ലേ ടുല്വോ?'- ആന്റി ചിരിച്ച് കൊണ്ടൊരു ചോദ്യം.

'നിങ്ങളെന്തേലും ഒക്കെയാക്ക്. അല്ല പിന്നെ. പെട്ടെന്ന് നന്നാവാനൊക്കെ ഇച്ചിരി ബുദ്ധിമുട്ടാ.'

അന്നവിടുന്ന് പോകുന്ന പോക്കില്‍ ആരും കാണാതെ എന്റെ കൈയില്‍ പിടിച്ച് പിച്ചിയിട്ട് ജിത്തു പറഞ്ഞു :

'നിന്റെ കാര്യം പോക്കാ. നീയിവിടെ മൂത്ത് നരച്ച് നില്‍ക്കും. വേറൊരാള് നിന്നെ കെട്ടില്ല.'

'എന്നാ ജിത്തുവും കെട്ടില്ല.'

ട്വിസ്റ്റ്: ജിത്തുവും കെട്ടി, ഞാനും കെട്ടി. ഈ ദൈവത്തിന്റെ ഓരോരോ വികൃതികളേയ്.

 

 

ടുലുനാടന്‍ കഥകള്‍:  ഇവിടെ ക്ലിക്ക് ചെയ്താല്‍ ഒരു രസമൊക്കെ ഉണ്ടാവും!
 

Follow Us:
Download App:
  • android
  • ios