Asianet News MalayalamAsianet News Malayalam

Column : അല്ലേലും ഈ ബസിലെ തോണ്ടലുകാരൊക്കെ പാവങ്ങളാ...,ഒന്നു നോക്കിയാ മുള്ളും!

 ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു

Tulunadan kathakal a column by Tulu Rose Antony on womens travel in kerala bus
Author
Thiruvananthapuram, First Published Nov 29, 2021, 7:15 PM IST

അതാ, കൈയിന് നീളം കൂടി വരുന്നു, കൈപത്തി വിടരുന്നു, ഇടുപ്പിലേക്ക് പിടുത്തം വീണൂ, വീണില്ല.

'അഹൂ അഹൂ' - ഞാനൊന്നു ചുമച്ചു.

നീണ്ട് വന്ന കൈ ഒരു സെക്കന്റില്‍ പുറകിലേക്ക് വലിഞ്ഞു. 

ചേയ്! പേടിച്ച് പോയോ പാവം. അധികം എക്‌സ്പീരിയന്‍സില്ലെന്ന് തോന്നുന്നു. 

സംഗതി എനിക്ക് ശ്ശി പിടിച്ചീരിക്കണു എന്ന രീതിയില്‍ ഞാനൊന്നവനെ പ്രോത്സാഹിപ്പിച്ചു. 

 

Tulunadan kathakal a column by Tulu Rose Antony on womens travel in kerala bus

 

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. അല്ല, ചൊവ്വാഴ്ച. ങാ, അല്ലേല്‍ വിടാം. ദിവസമേതായാലെന്താ! സംഭവം എന്താണെന്നറിഞ്ഞാല്‍ പോരായോ? 

മതി അത് മതി !

അന്നും പതിവ് പോലെ കൂര്‍ക്കഞ്ചേരിയില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്കുള്ള ബസ്സില്‍ കേറി. ഏകദേശം നടുക്കുള്ള സീറ്റില്‍ ആസനസ്ഥയായി. 

മുപ്പത് മിനിറ്റെടുക്കുന്ന യാത്ര വല്ലാത്ത മടുപ്പായിരുന്നു. എന്നും ഒരേ കാഴ്ചകള്‍, ആളുകള്‍. 

ബോറടി മാറ്റാന്‍ എന്നും ഞാന്‍ ഒരു നോവല്‍ കൈയില്‍ പിടിക്കുമായിരുന്നു. സീറ്റിലിരുന്നാല്‍ പിന്നെ നോവലിലേക്ക് മുഖം പൂഴ്ത്തും. പിന്നെ ചുറ്റുമുള്ളതൊന്നും അറിയാറില്ല. അഥവാ അറിഞ്ഞതായി ഭാവിക്കാറില്ല. അത്യാവശ്യം തിരക്കുണ്ടായിരിക്കും ആ സമയത്ത്. അത് കൊണ്ട് വല്ലാതെ അറിയാന്‍ പോയാല്‍ വല്ലവരും കേറി മടിയിലിരിക്കും.

ഇരിങ്ങാലക്കുട എത്തുന്നതിന് മുന്‍പായി കരുവന്നൂര്‍ വലിയ പാലം സ്റ്റോപ്പുണ്ട്. അവിടെ നിര്‍ത്തുമ്പോള്‍ ഭൂരിഭാഗം യാത്രക്കാരും ഇറങ്ങും. പിന്നീടങ്ങോട്ട് ബസ്സില്‍ ഞാനും ഡ്രൈവറും കണ്ടക്ടറും കിളിയും പിന്നെ ഒന്ന് രണ്ട് മൂന്നാലഞ്ച് യാത്രക്കാരുമേ ഉണ്ടാകൂ. 

അങ്ങനെ ആ ദിവസം, ആളുകളൊഴിഞ്ഞപ്പോള്‍ ഞാന്‍ ജനാലക്കലേക്ക് നീങ്ങിയിരുന്ന് വായന തുടര്‍ന്നു. പെട്ടെന്നാണ് നല്ല മഴ തുടങ്ങിയത്. ഞാനെന്റെ സൈഡിലെ ഷട്ടറിട്ടു. കണ്ടക്ടറും കിളിയുമോടി നടന്ന് എല്ലാ ഷട്ടറുകളുമിടാന്‍ തുടങ്ങി. 

ദിപ്പ പെയ്യും മഴ എന്ന മട്ടിലാണ് അന്തരീക്ഷം. ഞാനതൊന്നും ശ്രദ്ധിക്കാതെ വായിച്ച് കൊണ്ടിരുന്നു. 

പെട്ടെന്ന് ഒരു തോന്നല്‍..

അരയില്‍ കൂടി എന്തോ അരിക്കണുണ്ടല്ലോ!

ഏയ് തോന്നിയതാ. എന്റൊരു കാര്യേ.

തോന്നലാണെന്ന് വിചാരിച്ചപ്പോള്‍ ദേ പിന്നേം.

അയ് എന്താദ്? ദേ നിന്നു.

കര്‍ത്താവേ തോണ്ടലാണോ ?

ടുലൂ, ജാഗ്രതൈ. നിനക്കിന്നൊരു കോളൊത്ത്.

ഒന്നും സംഭവിക്കാത്തത് പോലെ പുസ്തകത്തില്‍ നോക്കുന്നത് പോലെ, കൈ ജനാലയില്‍ കുത്തി വെച്ചിരുന്നു. അപ്പോഴുണ്ട് ദേ സീറ്റിന്റെ സൈഡിലൂടെ ഒരു സാധനം നീണ്ട് വരുന്നു . 

ഹാവൂ ഭാഗ്യം കൈയാണ്.

ഞാന്‍ അനങ്ങിയില്ല. കൈയുടെ പ്രവര്‍ത്തനശേഷി ഒന്നറിയാന്‍ പുസ്തകത്തിനിടയിലൂടെ നോക്കി കൊണ്ടേയിരുന്നു. 

അതാ, കൈയിന് നീളം കൂടി വരുന്നു, കൈപത്തി വിടരുന്നു, ഇടുപ്പിലേക്ക് പിടുത്തം വീണൂ, വീണില്ല.

'അഹൂ അഹൂ' - ഞാനൊന്നു ചുമച്ചു.

നീണ്ട് വന്ന കൈ ഒരു സെക്കന്റില്‍ പുറകിലേക്ക് വലിഞ്ഞു. 

ചേയ്! പേടിച്ച് പോയോ പാവം. അധികം എക്‌സ്പീരിയന്‍സില്ലെന്ന് തോന്നുന്നു.

സംഗതി എനിക്ക് ശ്ശി പിടിച്ചീരിക്കണു എന്ന രീതിയില്‍ ഞാനൊന്നവനെ പ്രോത്സാഹിപ്പിച്ചു. 

വീണ്ടും വായനയോട് വായന. പ്രതീക്ഷ തെറ്റിയില്ല. ദേ വരുന്നു നല്ല വെളുത്ത് നീണ്ട കൈ. 

പോരട്ടേ.. പോരട്ടങ്ങട്. ഇങ്ങടനങ്ങി പോരട്ടെടാ ചെക്കാ.

പ്രോത്സാഹനം ഏറ്റു. ആ കൈ എന്റെ അരയിലമര്‍ന്നപ്പോള്‍ ഞാന്‍ ഞെട്ടിയില്ല. മെല്ലെ പുസ്തകം പിടിച്ചിരുന്ന കൈ കൊണ്ടവന്റെ കൈത്തണ്ടയില്‍ പിടുത്തമിട്ടു. അവനൊന്ന് കുതറി വിടുവിക്കാന്‍ നോക്കിയെങ്കിലും എനിക്കവന്റെ വിരലില്‍ പിടി കിട്ടി. 

വിരലും പിടിച്ച് തിരിഞ്ഞെണീറ്റ് നിന്നവനെ നോക്കി. 

വെളുത്ത് തുടുത്ത് ക്ലീന്‍ ഷേവ് ചെയ്‌തൊരു ചേട്ടന്‍. ഒള്ളത് പറയണമല്ലോ ഒരു സുന്ദരക്കുട്ടപ്പനായിരുന്നു. 

'ഹലോണ്‍ ! എന്തിനാ പേടിക്കണേ? ഇതിപ്പ ഞാന്‍ ചേട്ടനെ ഏതാണ്ട് ചെയ്യാന്‍ പോണത് പോലാണല്ലോ നില്‍പ്പ്.'

'പ്ലീസ് പ്ലീസ് വിട് വിട്.'

'ഇല്ല. വിടൂല. ചേട്ടനെ ഞാനിന്നെവടേം വിടൂല.'

ചേട്ടന്‍ കൈ കുതറുന്നൂ, വിറക്കുന്നൂ, വിയര്‍ക്കുന്നൂ.

ഏറ്റവും പുറകിലിരിക്കുന്ന കണ്ടക്ടര്‍ ചിരിച്ച് കൊണ്ട് പറഞ്ഞു :

'മോളേ വിട്ടേക്ക്. പാവാണെന്ന് തോന്നണൂ.'

വേറൊരാള്‍: 'അവന്റെ മോന്തക്കിട്ടൊന്ന് കൊട്ക്ക് മോളേ. കടി തീരട്ടെ.'

ആ ദയനീയ മുഖം കണ്ടിട്ടെനിക്ക് സഹിച്ചില്ല. പാവം ഞാനവന്റെ കൈയില്‍ പിടിച്ച് കൊണ്ട് തന്നെ എന്റെ സീറ്റില്‍ നിന്നും അവന്റെ സീറ്റില്‍ പോയിരുന്നു.

'ഇരിക്ക് ചേട്ടാ.' 

അനുസരണ ഉള്ളവനാ, ഇരുന്നു.

'ചേട്ടനാണോ ചേട്ടാ ജാക്കി?'

സൈലന്‍സ്...സ്...സ്...

'അയ്! തെണ്ടിത്തരം കാണിക്കുമ്പോള്‍ മിനിമം കുറച്ച് ധൈര്യൊക്കെ വേണ്ടേ. ഇങ്ങനെയൊക്കെയങ്ങ് പേടിച്ചാലോ?'

സൈലന്‍സ്.

'ഇതൊക്കെ പഠിച്ചിട്ട് വേണ്ടേ ചേട്ടാ ചെയ്യാന്?'

സൈലന്‍സ്

'ചേട്ടനൊരു കാര്യം ചെയ്യ്. വീട്ടില് ചെന്നിട്ട് അമ്മയെ ഒരു കസേരയിലിരുത്തി ഒന്ന് തോണ്ടി പഠിക്ക്. സ്വരസ്ഥാനങ്ങള്‍ തെറ്റരുത്. എന്നിട്ട് ബാ. എന്തേയ് ?'
'

അത് കേട്ടതും ചേട്ടന്‍ ചാടി ഒറ്റ എഴുന്നേല്‍ക്കലും തന്നത്താനെ ബെല്ലടിച്ച് ഇറങ്ങി ഒരോട്ടവും വെച്ച് കൊടുത്തു. 

സത്യത്തില്‍ ഈ തോണ്ടല്കാരൊക്കെ പാവങ്ങളാ. പെണ്ണുങ്ങള് കിടന്നലറി പേടിപ്പിക്കുമ്പോഴാണ് അവരും ഭീകരര്‍ ആകുന്നത്. 

അളമുട്ടിയാല് ചേരയും കടിക്കും എന്നാണല്ലോ ലേ ങേ ങേ? 

ഹോ! ആ ചേട്ടനെങ്ങാനും തിരിച്ചിങ്ങോട്ട് രണ്ട് ചാട്ടം ചാടിയിരുന്നേല് കാണാമാരുന്നു. ദ്വേഷ്യം വന്നിട്ട് ഞാന്‍ കരഞ്ഞ് കൂവി പണ്ടാരമടങ്ങിയേനേ.

എന്നാലും ആ ചേട്ടനൊക്കെ ഇപ്പോ എവിടെയാണോ എന്തോ? 

ആഹ് അതൊക്കെ ഒരു കാലം!

 


ടുലുനാടന്‍ കഥകള്‍:  വായിച്ചു ചിരിക്കാന്‍  ഇവിടെ ക്ലിക്ക് ചെയ്യാം

Follow Us:
Download App:
  • android
  • ios