ലൈറ്റ് അണച്ച് ഉറക്കം കിട്ടി വരുമ്പോള്‍ കാലില്‍ കൂടെ മെല്ലെ ഒരു തണുപ്പ് അരിച്ച് മേളിലോട്ട് വരും.  അവന്‍..... ഒരു പാവം കുഞ്ഞന്‍ എലി! ഞങ്ങള്‍ ഉറങ്ങിക്കഴിഞ്ഞാണ് അവന്റെ കളി സമയം. ദിവസവും ഇതൊരു പതിവായപ്പോള്‍ അപ്പാപ്പനും പടകളും ചേര്‍ന്ന് ഒരു കൊലപാതകത്തിന് പദ്ധതിയിട്ടു.

 

 

സ്‌കൂളടച്ചാല്‍ പിന്നെ തൃശ്ശൂര് അമ്മയുടെ വീട്ടിലാണ് പിളേളര് പട മുഴുവനും.

അവിടെ ഹാളില്‍ തലങ്ങും വിലങ്ങും പായ വിരിച്ചാണ് രാത്രിയുറക്കം. അതിലൊരുത്തന് മാത്രം പഞ്ഞി മെത്ത കിട്ടും. ഞങ്ങള്‍ക്കെല്ലാം തഴപ്പായയും, പിന്നൊരു പുതപ്പും!

അതിന്റെ ഗുട്ടന്‍സ് എന്താണെന്ന് ഇന്നുമെനിക്ക് അറിയില്ല.

മൂത്തവനായതു കൊണ്ടാണോ? ആവോ!

എന്തായാലും അതിന്റെ പേരില്‍ എനിക്കവനോട് കുശുമ്പൊന്നും തോന്നിച്ചിരുന്നില്ല. 

അതൊന്നും അത്ര വലിയ പ്രശ്‌നമായിരുന്നില്ല ഞങ്ങള്‍ക്ക്. കിടന്നാല്‍ മതി, എവിടെ ആയാലും!

ഞങ്ങള്‍ പിളേളരെ നോക്കാനായി അപ്പാപ്പനും ഒരു റാന്തല് വിളക്ക് കൊളുത്തി വെച്ച് ഞങ്ങളുടെ തലക്ക് മീതെയാണ് കിടക്കുന്നത്.

അപ്പാപ്പന്‍ ഒരു അഹങ്കാരി ആയത് കൊണ്ട് തന്നെ എനിക്ക് ആ കിടപ്പ്  തീരെ സുഖിക്കുന്നില്ലായിരുന്നു.

കാരണം, സമയമായാല്‍ ഉറങ്ങിക്കോളണം.സംസാരിച്ച് കിടക്കാന്‍ പറ്റില്ല. മിണ്ടിയാല്‍ തെറി പറയും.

പിന്നെ, അപ്പാപ്പന്റെ ഇടക്കിടക്കുളള ചുമയും, കൂടുതല്‍ ഈണത്തിനായി അതിന്റെ കൂടെ കീഴ്ശ്വാസവും (വിത്ത് ഹൊറിബിള്‍ സൗണ്ട്) ഉണ്ടാവും. 

ദോഷം പറയരുതല്ലോ, ഓരോന്നിനും ഓരോ താളമായിരുന്നു.

'ഈ അപ്പാപ്പന് അമ്മാമ്മേടെ കൂടെ കൂടെ പോയി കിടന്നൂടെ?' എന്ന് പിറുപിറുത്ത് എന്റെ അവധി രാത്രികള്‍ ഇത്തരം കലാപരിപാടികളുമായി പോയ്‌ക്കൊണ്ടിരുന്നു.

ആ സമയത്താണ് ഞങ്ങളെയെല്ലാം ഒരു പോലെ വലക്കുന്ന ഒരു അന്താരാഷ്ട്ര പ്രശ്‌നം ഉടലെടുത്തത്.

വേറൊന്നുമല്ല, ലൈറ്റ് അണച്ച് ഉറക്കം കിട്ടി വരുമ്പോള്‍ കാലില്‍ കൂടെ മെല്ലെ ഒരു തണുപ്പ് അരിച്ച് മേളിലോട്ട് വരും.

അവന്‍.....

ഒരു പാവം കുഞ്ഞന്‍ എലി!

ഞങ്ങള്‍ ഉറങ്ങിക്കഴിഞ്ഞാണ് അവന്റെ കളി സമയം.

ദിവസവും ഇതൊരു പതിവായപ്പോള്‍ അപ്പാപ്പനും പടകളും ചേര്‍ന്ന് ഒരു കൊലപാതകത്തിന് പദ്ധതിയിട്ടു.

ഞാനും അതിലുണ്ടായിരുന്നെങ്കിലും, എലിയെ ഒന്ന് പേടിപ്പിച്ച് വിടുന്നതിനോടായിരുന്നു എനിക്ക് താല്‍പ്പര്യം.

പാവമല്ലേ എലി! 

പാപമല്ലേ കൊല!

ഇതൊന്നും ഞാന്‍ പുറത്ത് പറഞ്ഞില്ല. പറഞ്ഞാല്‍ അപ്പാപ്പന്റെ തെറിപ്പാട്ട് കേള്‍ക്കേണ്ടി വരും. 

പിറ്റേന്ന് എലിക്കൂടും പഴവും റെഡി. കിടക്കുന്ന ഹാളിന്റെ അപ്പുറത്തുളള ഊണ് മുറിയിലെ കുളിമുറിയോട് ചേര്‍ന്ന് എല്ലാവരും കൂടി എലിക്കൂട് സ്ഥാപിച്ചു.

ശേഷം, ഹാളില്‍ ചൂടുളള ചര്‍ച്ച.

'അപ്പാപ്പാ, പെട്വോ?'
'പെടും, പെടും. ഒറപ്പാ.'

'അപ്പോ ഞാന്‍ കൊല്ലാട്ടാ നാളെ'

 

 

 

അങ്ങനെ അതും തീരുമാനമായി. ദിവസവും പഞ്ഞിമെത്തയില്‍ കിടക്കുന്നവനാണ് ആരാച്ചാര്‍ ജോലി സ്വയം ഏറ്റെടുത്തത്.

കാലമാടന്‍!

'ഹോ, നാളെ ഇവരതിനെ കമ്പിവെച്ച് കുത്തി കുത്തി കൊല്ലില്ലേ. പാവം, അതെന്ത് തെറ്റ് ചെയ്തു. കടിച്ചൊന്നുമില്ലല്ലോ, വെറുതെ കാലില്‍ കേറി ഓടിക്കളിച്ചല്ലേയുളളൂ.'

ഞാനൊരു കൊലപാതകം മുന്നില്‍ കാണാന്‍ തുടങ്ങി. ഓര്‍ത്തിട്ട് ഉറക്കമേ വന്നില്ല.

പെട്ടെന്നാണ് ആ ശബ്ദം കേട്ടത്.

'പ്ടക്ക്'

'ആ, വീണു.'

പതുക്കെ തലപൊക്കി നോക്കിയപ്പോള്‍ അപ്പാപ്പന്‍ എഴുന്നേറ്റ് പോകുന്നത് കണ്ടു.

'ഇപ്പോ കൊല്ലുമോ ആവോ?'

ഞാനൊന്ന് പേടിച്ചു. 

പക്ഷേ, അപ്പാപ്പന്‍ എലി കുടുങ്ങിയത് പോയി നോക്കിയതിന് ശേഷം തിരിച്ച് വന്ന് കിടന്ന് കൂര്‍ക്കം വലി തുടങ്ങി.

അതിനെ പിറ്റേ ദിവസം ചൂടുവെള്ളത്തില്‍ മുക്കിക്കൊല്ലുന്നതോര്‍ത്ത് എന്റെ ദേഹം പൊള്ളി. 

 

ടുലുനാടന്‍ കഥകള്‍: ഇതുവരെ. പൂര്‍ണ്ണമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

സങ്കടം കൊണ്ടെന്റെ കണ്ണ് നിറഞ്ഞു.

എന്തെങ്കിലും ചെയ്‌തേ പറ്റൂ!

എന്റെ കുട്ടിക്കാലം മുഴുവനും ഒരു എലിശാപത്താല്‍ നശിച്ച് പോകുന്നതിനോട് എനിക്ക് യോജിപ്പില്ലായിരുന്നു.

എല്ലാവരും ഉറങ്ങിയെന്നുറപ്പായപ്പോള്‍ ഞാന്‍ പതുക്കെ എഴുന്നേറ്റു. 

ശബ്ദമുണ്ടാക്കാതെ എലിക്കൂട് എടുത്ത് കുളിമുറിയുടെ ജനാലയ്ക്കല്‍ കൂട് തുറന്ന് വെച്ചു. 

മരണമെത്തുന്ന നേരവും കാത്ത് പ്രാര്‍ത്ഥിച്ച് കൊണ്ടിരുന്ന എലി, കൂടിന്റെ വാതില്‍ തുറന്നത് കണ്ട് പുറത്തേക്ക് ഒറ്റ ചാട്ടം!

ചാടിയപ്പോള്‍ ഒടിഞ്ഞ കൈയും, ബാക്കി കിട്ടിയ ജീവനും കൊണ്ട് അത് തിരിഞ്ഞ് നോക്കാതെ ഓടിപ്പോയി.

ആശ്വാസത്തോടെ പതുക്കെ ഞാന്‍ വന്ന് കിടന്നു. 

പിറ്റേ ദിവസം അപ്പാപ്പന്റെ ബഹളം കേട്ടാണ് ഞാന്‍ എഴുന്നേറ്റത്. 

സംഭവം മനസ്സിലായത് കൊണ്ട്, വലിയൊരു കോട്ടുവായും ഇട്ട് ഞാന്‍ എഴുന്നേറ്റു. കണ്ണും തിരുമ്മി പൊട്ടന്‍ കടിച്ചത് പോലെ പായയില്‍ ഇരുന്നു.
                    
'ആരാവ് ടെ ഈ കന്നത്തരം ചെയ്‌തെ? കൂട്ടിലെലി പെട്ടത്ണ്. ഞാന്‍ കണ്ടതല്ലേ. രാവിലെ നോക്കുമ്പ് ണ്ട് സാധനല്ല്യ. തൊറന്ന് വിടാതെ അത് പോവില്ല്യ.'

പൊരിഞ്ഞ ചര്‍ച്ചയാണ് നടക്കുന്നത്.

'നിങ്ങളെന്തൂട്ടാ ഈ പറയണെ മനുഷ്യാ, ആരെടുത്ത് തൊറന്ന് വിടാന്ണ്? പ്രാന്ത് ണ്ടാ തൊറന്ന് വിടാന്‍?' 

അമ്മാമ്മ പതിവ് പോലെ ഏറ്റുമുട്ടി. അപ്പാപ്പന്‍ എന്ത് പറഞ്ഞാലും അതിനെ എതിര്‍ക്കുക എന്നതാണ് അമ്മാമയുടെ ഹോബി. 

'ഒരു ജാതി സ്വഭാവായിട്ട് വന്നേര്‍ക്കണ് അവള്. ടോണി വരട്ടങ്ങ് ട്. ഞാന്‍ പറഞ്ഞ് കൊടുക്ക് ണ്ട്.അസത്ത് ക്ടാവ്'

എന്നെ പറഞ്ഞത് കേട്ട് ഞെട്ടിയ ഞാന്‍, അത് പുറത്ത് കാണിക്കാതെ സ്ഥായീ സ്വഭാവം പുറത്തെടുത്തു.

'എന്തൂട്ട് ന്നാ ഈ അപ്പാപ്പന്‍ എന്നെ പറയണെ? അപ്പാപ്പന്‍ കണ്ടാ ഞാന്‍ തൊറന്ന് വിടണത്? ഞാന്‍ അറിഞ്ഞിട്ടൂടില്ല്യ എലി അതില് വീണത്. പിന്ന്യണ് തൊറന്ന് വിടണെ?' 

ഞാന്‍ ഒടുക്കത്തെ ദ്വേഷ്യം മുഖത്ത് വരുത്തി. എന്നിട്ട് നേരെ അമ്മാമ്മയുടെ അടുത്തേക്ക് തിരിഞ്ഞു, കണ്ണ് നിറഞ്ഞ് കൊണ്ട് ഞാന്‍ പറഞ്ഞു.
 
'ഞാന്‍ പോവ്വാ അമ്മാമ്മേ. ഈ അപ്പാപ്പന് എന്നോട് ദേഷ്യാ. വെര്‍തെ ഓരോന്ന് പറയ്യാ ഞാനിവ്ട്ന്ന് പോവ്വാന്‍ വേണ്ടി.'

എന്റെ ഊഹം തെറ്റിയില്ല. എന്റെ സങ്കടം കണ്ട അമ്മാമ സംഭവം ജോറാക്കി.

മുണ്ടും ഷര്‍ട്ടും മാറി, ബാഗും കക്ഷത്തില്‍ പിടിച്ച് , യുദ്ധത്തില്‍ തോറ്റ് അപ്പാപ്പനിറങ്ങുമ്പോള്‍ ഞാനവിടെ ഉമ്മറത്തെ തിണ്ണയില്‍ മാങ്ങാണ്ടിയും ചപ്പിക്കൊണ്ട് പുറത്തേക്കും നോക്കി ഇരിക്കുന്നുണ്ടായിരുന്നു.

ഞാന്‍ രക്ഷപ്പെടുത്തിയ മൂഷികന്‍ എന്നെപ്പറ്റി നന്ദിയോട് കൂടെ ഭാര്യയോടും കുട്ടികളോടും പറയുന്നത് ഓര്‍ത്തപ്പോള്‍ എന്റെ മൃഗസ്‌നേഹം പതഞ്ഞ് പൊന്തി.

എലികള്‍ക്കായൊരു വീട്!

ആ സമയത്ത് അതായിരുന്നു എന്റെ സ്വപ്നം!