Asianet News MalayalamAsianet News Malayalam

Humour : മദ്യം ഓറഞ്ച് ജ്യൂസിന്റെ രൂപത്തിലും വരും!

 ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു

Tulunadan kathakal a column by Tulu Rose Tony on first drink
Author
Bengaluru, First Published May 21, 2022, 3:35 PM IST

നടക്കാന്‍ തുടങ്ങിയതും അദ്ദേഹം തലകുത്തി നില്‍ക്കുന്നത് കണ്ട് ഞാനവിടെ നിന്നു.

'എന്താ നിന്നേ? വാ പോവാം.'

'തലകുത്തി നിന്നാലെങ്ങെനെ നടക്കും?'

'ങേ ആര് തലകുത്തി? നീ വന്നേ.'

 

Tulunadan kathakal a column by Tulu Rose Tony on first drink

 

തലയെടുപ്പുള്ള ഒരു മദ്യപാനിയുടെ മകളായത് കൊണ്ടാവാം, കുടിക്കുന്നവരോടൊരു പ്രത്യേക ഇഷ്ടം എനിക്കുണ്ടായിരുന്നു ചെറുതിലേ മുതല്‍. 

പക്ഷേ, ഞാന്‍ കുടിക്കുന്നത് എനിക്കിഷ്ടവുമില്ലായിരുന്നു.

വൈന്‍ പോലും ഒന്ന് സിപ്പ് ചെയ്യാനാവാത്ത അത്രക്കിഷ്ടക്കേട്. 

കല്യാണം ഉറപ്പിച്ചതിന് ശേഷം...

അന്നൊരു ദിവസം ഒരു മേശക്കപ്പുറവും ഇപ്പുറവും ഇരുന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ 'അദ്ദേഹം' എന്നോട് ചോദിച്ചു: 'റോസിന് വൈന്‍ പറയട്ടേ?'

ഹെന്ത് വൈനോ എനിക്കോ!

'വേണ്ട'

'എന്തേ? വൈന്‍ കുടിക്കില്ലേ?'

'ഇല്ല.'

'പിന്നെന്താ വോഡ്കയാണോ?'

ങേ!

എന്നെ പറ്റി വ്യക്തമായി അറിയില്ല്യ എന്നുണ്ടോ! ആയ് ന്താ കഥ!

'ഞാന്‍ കുടിക്കില്ല.'

'ങേ!'

ഇങ്ങേരുടെ ഭാവം കണ്ടാല് കുടിക്കാനൊരു കമ്പനിക്കാ കെട്ടാന്‍ തീരുമാനിച്ചത് എന്ന് തോന്നും.
ഒരു വാശിക്ക് രണ്ട് ഗ്ലാസ്സ് ബ്രാണ്ടിയങ്ങ് വെച്ച് കാച്ചിയാലോ? 

വേണ്ട, പോട്ടെ. ക്ഷമിച്ചേക്കാം. അങ്ങനെ എന്റപ്പച്ചന്റെ മാനം  കളയാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. വൈനും വോഡ്കയും ഒന്നും ഞാന്‍ തൊട്ടില്ല.

എന്നോട് ക്ഷമിക്കെന്റെ പിതാശ്രീ!

കല്യാണം കഴിഞ്ഞു. ഹണിമൂണ്‍ കാലഘട്ടം.

കറക്കം തന്നെ കറക്കം. കറങ്ങി കറങ്ങി എന്റെ തലയും കറങ്ങി തുടങ്ങി. അവസാനം എന്റെ സ്വന്തം രാജ്യമായ ബാംഗ്ലൂരെത്തി. 

'നമുക്ക് ഇന്ന് രാത്രി പബ്ബില്‍ പോയാലോ?' - ഞാനദ്ദേഹത്തിനോട് വിനയപുരസരം ചോദിച്ചു.

'എന്തിനാ?'

'അല്ലാ. ഞാനിത് വരെ പോയിട്ടില്ല. കാണാമല്ലോ.'

'അതിന് നിനക്ക് ഡ്രിങ്ക്‌സ് ഇഷ്ടല്ലല്ലോ.'

'ജ്യൂസ് കുടിക്കാലോ.'

'ഉം ശരി പോകാം.'

അത് വരെ ബാറ്, ഷാപ്പ് എന്നൊക്കെയേ ഞാന്‍ കേട്ടിരുന്നുള്ളൂ. എന്താണോ എന്തോ, അപ്പച്ചന്‍ എന്നെ അങ്ങോട്ടൊന്നും കൊണ്ട് പോയിട്ടില്ല. 

കെവിനാണെങ്കില്‍ അപ്പച്ചന്‍ കൊണ്ട്‌പോകാനൊന്നും കാത്ത് നില്‍ക്കാതെയങ്ങ് എല്ലാം കയറി കണ്ട് ബോധിച്ചു.

ഇതാണ് പറയുന്നത് സ്ത്രീ - പുരുഷ സമത്വം അവരവരുടെ വീട്ടില്‍ നിന്നും തുടങ്ങേണ്ടിയിരിക്കുന്നു എന്ന്. 

എല്ലായിടത്തും എല്ലാവര്‍ക്കും കേറാന്‍ പറ്റണം.

ഞാന്‍ രാത്രിയാകാന്‍ കാത്തിരുന്നു. എന്തൊരത്ഭുതം എന്നെ ഞെട്ടിച്ച് കൊണ്ട് പെട്ടെന്ന് രാത്രിയായി. 

ഞാനും 'അദ്ദേഹവും' ഒരു പബ്ബില്‍ ചെന്നിറങ്ങി. വാതിലിനടുത്തെത്തിയപ്പോള്‍ ശരീരത്ത് കുറേ ഇഷ്ടികകള്‍ എടുത്ത് വെച്ചിട്ടുള്ള രണ്ട് ചേട്ടന്മാര്‍ തടഞ്ഞ് നിര്‍ത്തി. അത് കണ്ടപ്പോള്‍ എനിക്ക് തോന്നി, ഹോ നമ്മുടെ നാട്ടിലെ ചെക്കന്മാരെയൊക്കെ എന്താ ഒരു ഭംഗി 

കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ പയ്യന്മാര്‍ക്കെന്തിനാ മക്കളേ സിക്‌സ് പായ്ക്ക്?

കൈയിലൊരു സീല്‍ വെച്ച് ഞങ്ങളെ അകത്തേക്ക് കയറ്റി.

'ഹായ്! എന്തൊരു ഭംഗിയാ പബ്ബ്! ഒന്നും കാണാനില്ല. 

ഈ ഇരുട്ടില് എല്ലാം മൊത്തം ടോട്ടല് ഡാര്‍ക്കാണല്ലോ.'

 

Tulunadan kathakal a column by Tulu Rose Tony on first drink

 

നേരെ ചെന്ന് കൗണ്ടറിനോട് ചാരി നിന്നു. കുറേ കസേരകള്‍ അവിടവിടെ ഒഴിഞ്ഞ് കിടന്നിട്ടും എന്താണാവോ ഇരിക്കാത്തത്! 

'അതേയ്, അവരെന്തിനാ നമ്മളെ തടഞ്ഞത്? അവരാരാ ആ തടിയന്മാര്?'

'അവരാണ് ബൗണ്‍സേര്‍സ്.'

'എന്ന് വെച്ചാല്?'

'അത്, ഇവിടെ അലമ്പുണ്ടാക്കുന്നവരെ ഇടിച്ച് സൂപ്പാക്കുന്നവര്‍.'

'അയ്യോ, ദേ കുടിച്ചലമ്പൊന്നും ഉണ്ടാക്കല്ലേ കേട്ടോ.' - ഞാന്‍ മുന്നറിയിപ്പ് കൊടുത്തു.

'ഓ! ഉം ഉം. എന്ത് ജ്യൂസാ വേണ്ടത് നിനക്ക്?'

'ഓ! എന്തായാലും സാരമില്ല. പക്ഷേ, വൈന്‍ വാങ്ങരുത്.'

'അദ്ദേഹം' ഒരു ജ്യൂസ് ഓര്‍ഡര്‍ ചെയ്തു. എന്തോ ഒരു പേരിന്റെ കൂടെ ഓറഞ്ച് എന്ന് കേട്ടത് കൊണ്ട് അത് ഓറഞ്ച് ജ്യൂസാണെന്നെനിക്ക് മനസ്സിലായി. 

ഞാനവിടെ ചാരി നിന്ന് വീക്ഷിക്കാന്‍ തുടങ്ങി. ഒരു മൂലക്ക് കുറേ ചെറുപ്പക്കാര്‍ വട്ടമിരുന്ന് ഭക്തിഗാനം പാടുന്നു. 

വേറൊരു മൂലക്ക് കുറേ പെണ്ണുങ്ങള്‍ തിരുവാതിര കളിക്കുന്നു. വേറെ സ്ഥലത്ത് ചിലര്‍ കൂട്ടം കൂടി നിന്ന് പ്രസംഗിക്കുന്നു. 

അയ്യേ ബോറ്.

കണ്ണുകള്‍ പബ്ബിനുള്ളിലേക്കിട്ടു. അവിടെ അരണ്ട വെളിച്ചത്തില്‍ കുറച്ചാളുകള്‍ ചേര്‍ന്ന് ഡാന്‍സോട് ഡാന്‍സ്. ആഹാ! അത് കൊള്ളാം. ഞാനും മെല്ലെ താളം പിടിക്കാന്‍ തുടങ്ങി.

'റോസ്....ജ്യൂസ്.'

ബക്കറ്റ് പോലയുള്ള ഒരു ഗ്ലാസ്സില്‍ ഓറഞ്ചല്ലികള്‍ വെച്ചലങ്കരിച്ച്, ഒരു കടലാസ്സ് കുടയും ചൂടി ദേ എന്റെ ഓറഞ്ച് ജ്യൂസ്. 

ആ കുടയുടെ കാല് കൊണ്ട് ജ്യൂസ് നന്നായൊന്നിളക്കി ഞാനൊരു സിപ്പെടുത്തു. 

അയ് ഇതെന്താദ്? വേറൊരു ടേസ്റ്റ്! തോന്നിയാതായിരിക്കും.

'റോസ് കുടിച്ചോ. ഓറഞ്ച്ജ്യൂസാ.'

കല്യാണം കഴിഞ്ഞാല്‍ കെട്ട്യോന്മാരായിരിക്കണം നമ്മുടെ ദൈവം. അവരുടെ വാക്കുകള്‍ നമുക്ക് ദൈവ വചനങ്ങളായിരിക്കണം.

സോ....ഞാനാ ജ്യൂസ് ഒറ്റ വലിക്ക് കുടിച്ചു. 

അയ്! ഇത് കൊള്ളാല്ലാ വീഡിയോണ്‍.

ശ്ശോ! പാവം ഓറഞ്ചിനെ സംശയിച്ചു. 

ഇത് ഓറഞ്ച് ജ്യൂസ് തന്നെ

'ഇനി വേണോ റോസിന് ജ്യൂസ്?'

'ഒന്നൂടെ വേണം.'

അടുത്തത് വന്നു. അതും 'ശര്‍ര്‍ര്‍ര്‍ര്‍' ന്ന് കുടിച്ചു. 

'ഉം എന്താ നോക്കുന്നേ?' - അദ്ദേഹത്തിന്റെ ചോദ്യം.

'വേണേലൊന്നൂടെ കഴിക്കാം.'

'വേണ്ട വേണ്ട മതി.'

'അതെന്താ?'

'വേണ്ട നീ ഫിറ്റായി. ഇനി വേണ്ട.'

'ങേ! ഓറഞ്ച് ജ്യൂസ് കുടിച്ചിട്ട് ഞാന്‍ ഫിറ്റാ? നോ ചാന്‍സ്. ഞാന്‍ ഫിറ്റല്ല.'

'ഉം അല്ല.'

'ദേ നോക്ക് നോക്ക്. ഞാന്‍ ഫിറ്റല്ല'

'ഓഹ്! ശരി ശരി. ഫിറ്റല്ല.'

'ഹും ഓറഞ്ചേയ് എന്നോടേയ്  ഫിറ്റേയ്!'

'റോ........സ് '

'ദേ നോക്ക്, ഫിറ്റായി അലമ്പാക്കല്ലേ മോനേ. ബൗണ്‍സേര്‍സ് ബോണസ് തരുമേ.'

'വാ, നമുക്ക് പോകാം.'

'ഞാനില്ല. പൊക്കോ.'

'റോസേ...'

'ഞാന്‍ വരണോ? എന്നാ വരാം.'

നടക്കാന്‍ തുടങ്ങിയതും അദ്ദേഹം തലകുത്തി നില്‍ക്കുന്നത് കണ്ട് ഞാനവിടെ നിന്നു.

'എന്താ നിന്നേ? വാ പോവാം.'

'തലകുത്തി നിന്നാലെങ്ങെനെ നടക്കും?'

'ങേ ആര് തലകുത്തി? നീ വന്നേ.'

'അമ്പട! ഫിറ്റായി തലേം കുത്തി നില്‍ക്കുവാണല്ലേ. അയ്യോ പാവം!'

എന്നെ പിടിച്ച് വലിച്ച് പബ്ബിന് വെളിയില്‍ എത്തി കാറിലിരുത്തി. സീറ്റില്‍ കണ്ണടച്ച് ഞാന്‍ ചാരിയിരുന്നു. 'അദ്ദേഹം' കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.

'അയ്യോ! ദേ കാറ് ആകാശത്തോട്ട് പോണേയ്. പറന്ന് പോണേയ്.'

'ഹോ! ഇല്ലെടീ. ഇപ്പോ എത്തും. പേടിക്കാതെ.' - അദ്ദേഹം ഒരു കൈയെടുത്തെന്റെ കൈയില്‍ വെച്ചു. അപ്പോഴെനിക്ക് നാല് കൈ ആയി. 

'ഒന്നേ രണ്ടേ മൂന്നേ... അയ്യോ ഒരു കൈയ്യെന്ത്യെ?'

'എന്തോന്ന്? മിണ്ടാതിരി റോസ്'

റൂമിലെത്തി ബെഡില്‍ കിടന്നതും ബെഡും വട്ടം കറങ്ങാന്‍ തുടങ്ങി. എന്റെ ശരീരം ഒട്ടും ഭാരമില്ലാത്ത ഒരു പക്ഷിയെപ്പോലെ പൊങ്ങി. കൈയിലും കാലിലും ഒരു തരിപ്പ് പടര്‍ന്നു. കണ്ണുകളിറുക്കിയടച്ച് ഞാന്‍  കിടന്നു. ഒട്ടും ശീലമല്ലാത്ത ഒരു തരം മരവിപ്പ് എന്റെ ശരീരത്താകമാനം പടരുന്നത് ഞാനറിഞ്ഞു. പതുക്കെ ആ അവസ്ഥയോട് ഞാന്‍ പൊരുത്തപ്പെട്ടു. ചിരിച്ച് കൊണ്ട് ഞാനുറങ്ങി. ശാന്തം !

പിറ്റേന്ന് രാവിലെ ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍ വെയ്റ്റര്‍ വന്നു.

'മാം, വുഡ് യൂ ലൈക്ക് ടു ഹാവ് സം ഓറഞ്ച് ജ്യൂസ്?'

'നോ ഐ നീഡ് സം പ്ലെയിന്‍ വാട്ടര്‍'

ഗുണപാഠം: ഓറഞ്ച് വളരെ നല്ല ഒരു പഴമാണ്. ഔഷധഗുണങ്ങളടങ്ങിയ ഒരു പഴം.
 

ടുലുനാടന്‍ കഥകള്‍:  ഇവിടെ ക്ലിക്ക് ചെയ്താല്‍ ഒരു രസമൊക്കെ ഉണ്ടാവും!

Follow Us:
Download App:
  • android
  • ios