Asianet News MalayalamAsianet News Malayalam

പ്രസംഗമായിപ്പോയി, പാട്ടാരുന്നേല് ഞാന്‍ പൊളിച്ചേനേ!

ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു

Tulunadan kathakal a column by Tulu Rose Tony on school days
Author
Thiruvananthapuram, First Published Jul 2, 2021, 6:30 PM IST

'രണ്ട് പുരികത്തിന്റേയും ഒത്ത നടുക്കിലാക്കി മൈക്കിന്റെ വായ കൊണ്ട് വെച്ചാല്‍ പിന്നെ തല കറങ്ങില്ലേ, എന്നോട് കടുത്ത വിരോധമുള്ള ആരോ മനപ്പൂര്‍വ്വം ചെയ്യിപ്പിച്ചതാ.' 'അതിന് നിന്നോടാര്‍ക്കാ വിരോധമില്ലാത്തത്?'- ഒരുത്തിയുടെ കമന്റ്. അന്ന് വെറുത്തതാണ് മൈക്ക്.


Tulunadan kathakal a column by Tulu Rose Tony on school days
 

അള്‍ത്താരയുടെ വലത് ഭാഗത്താണ് ക്വയര്‍ സംഘത്തിന്റെ സ്ഥാനം. 

രണ്ട് മൈക്ക്, ഒരു ഹാര്‍മോണിയം, തീര്‍ന്നു, സംഘത്തിന്റെ അമൂല്യ സ്വത്തുക്കള്‍. 

ഹാര്‍മോണിയത്തിന് വേണ്ടത്ര പരിഗണനയൊന്നും ഞാന്‍ കൊടുത്തിരുന്നില്ല. 

ഒരു കന്യാസ്ത്രീ അതില് കമിഴ്ന്ന് കിടന്നാണ് വായിക്കാറുള്ളത്. തൊടാന്‍ പോലും തരില്ലെന്നുറപ്പാണ്.

പക്ഷേ, പാടുന്നവരുടെ ഉയരത്തിന് അഡ്ജസ്റ്റ് ചെയ്ത് വെക്കാവുന്ന ആ മൈക്ക് ഞാനെപ്പോഴും വല്ലാത്ത കൊതിയോടെ നോക്കുമായിരുന്നു. 

എന്നും മൈക്കില്‍ പാട്ട് പാടുന്ന കുട്ടിയെ എങ്ങനെയെങ്കിലും വശീകരിച്ച്, അവളുടെ കൈയില്‍ നിന്നും ആ മൈക്ക് എന്റെ കൈയ്യിലെത്തപ്പെടുന്ന ദിവസത്തെ ഞാന്‍ സ്വപ്നം കണ്ടിരുന്നു.

എന്റെ ശബ്ദം പള്ളിമേടയിലും പുറത്തും നിറയുന്ന ഒരു ദിവസം, ആ ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നെയങ്ങോട്ട്.

ഓരോ കുര്‍ബ്ബാന കൂടുമ്പോഴും പാട്ട് പാടുന്ന കുട്ടിയെ കുശുമ്പോടെയും വൈരാഗ്യത്തോടെയുമാണ് നോക്കിക്കൊണ്ടിരുന്നത്.

കുര്‍ബ്ബാന കഴിഞ്ഞ് വേദോപദേശം ക്ലാസിലേക്കൊരുമിച്ച് നടക്കുന്ന വഴിക്ക് ഞാനവളെ മാക്‌സിമം തകര്‍ക്കാന്‍ ശ്രമിച്ചു.

'എടീ ഇന്ന് നിനക്കെന്തൂട്ടാ പറ്റീത്, ശബ്ദത്തിന്?'

'ഇന്ന് കുര്‍ബ്ബാനക്ക് കൊടുക്കുമ്പോള്‍ പാടിയ പാട്ട് ഒരു ജാത്യാരുന്നുട്ടാ.'

'ഇന്നെന്താ നീ പാടിയപ്പോഴൊരു വെറ?'

അങ്ങനെയങ്ങനെ അവള്‍ ഒന്ന് കരഞ്ഞ് കാണാനാഗ്രഹിച്ച് മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തിക്കൊണ്ടേയിരുന്നു.

ഞാനായിരുന്നുവെങ്കില്‍ എന്നേ കരഞ്ഞേനേ! 

ഒരു ലോലഹൃദയ ആയിരുന്നു ഞാന്‍.

 

.............................

Read more: പ്രസവിക്കാന്‍ വന്നതാണെന്ന് ഒരു നിമിഷം ഞാന്‍ മറന്നു!
.............................

 

ഒരു ദിവസം ഉച്ചയൂണ് കഴിഞ്ഞിരിക്കുമ്പോള്‍ എനിക്കാരോ തന്ന പുളിങ്കുരു വറുത്തത് എടുത്ത് പാട്ട്കാരിക്ക് കൊടുത്തു. 

'ടീ നിനക്ക് പുളിങ്കുരു ഇഷ്ടണ്ടാ? ഇന്നാ തിന്നോ. നിനക്ക് തരാന്‍ ഞാന്‍ വറത്ത് കൊണ്ടന്നതാ.
തിന്നോ, തിന്നോന്ന്'

അവള്‍ എന്റെ കൈയില്‍ നിന്നും രണ്ട് മൂന്നെണ്ണം എടുത്തു. എന്നിട്ട് തൊലി കടിച്ച് തുപ്പി കുരു വായയിലിട്ട് ചവക്കാന്‍ തുടങ്ങി.

'കട്‌കോ പട്‌ക്കോ' ശബ്ദം പുറത്തേക്ക് വന്നു.

ഇത് തന്നെയവവസരം ചോദിക്കാന്‍!

ഞാന്‍ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു.

'എടീ അടുത്ത പ്രാവശ്യം പള്ളീല് പാടുമ്പോ എന്നേം കൂട്ട്വോ? ഞാമ്പാടാടീ.'

അവള്‍ പെട്ടെന്ന് ചവക്കല് നിര്‍ത്തി.  

എന്നെയൊന്ന് നോക്കി. എന്നിട്ട് ആവളുടെ ഉറ്റ തോഴി ചുരുണ്ട മുടിയുള്ള ഉണ്ടക്കണ്ണുള്ള പഠിപ്പിസ്റ്റിനെ നോക്കി ഒരു ചിരി.

ഒരു മാതിരി ആക്കിയ ചിരി! 

കരച്ചില് വന്ന് പോയി എനിക്ക്. ഇങ്ങനെയൊക്കെ ചെയ്യാമോ?

ആ വിഷമത്തില്‍ ഒരു കോമ്പസ്സെടുത്ത് വെറുതെ അവരെ അതിന്റെ മുകളില്‍ ഒന്നിരുത്താനാണ് തോന്നിച്ചത്.

അന്ന് ഞാന്‍ കടുത്ത അപമാനത്തിനിരയായി. ചുണ്ട് വിതുമ്പി, കണ്ണീര് നിറഞ്ഞ് കണ്ണ് കാണാതെ ബാക്കി കിട്ടിയ പുളിങ്കുരുവുമായി അഞ്ച് പേര്‍ തിങ്ങിയിരിക്കുന്ന എന്റെ ബെഞ്ചില്‍ പോയിരുന്നു.

പിന്നേയും കുറേ നാളുകള്‍ കഴിഞ്ഞപ്പോള്‍ എനിക്കും കിട്ടി ഒരു മൈക്ക്. 

അങ്ങനെ എന്റെ സ്വരം സ്‌കൂള്‍ മുറ്റം മുഴുവനും മുഴങ്ങാനുള്ള ഒരുക്കം തുടങ്ങി.

പക്ഷേ, പാട്ടല്ല പകരം പ്രസംഗമാണെന്ന് മാത്രം!

പ്രസംഗമെങ്കില്‍ പ്രസംഗം. 

എന്റെ സ്വരം..

എന്റെ മൈക്ക്...

ഇതിനാണ് പ്രസക്തി..

പാട്ടായാലെന്താ, പ്രസംഗമായാലെന്താ !

ആരുടെയോ അശരീരി ഒഴുകി. 'അടുത്തത് പ്രസംഗ മത്സരം, ടുലു ടോണി നമ്പര്‍ ( 23)'

സ്റ്റേജിന്റെ ഒത്ത നടുക്കിലാണ് മൈക്ക്. ഞാന്‍ സ്റ്റേജില്‍ വന്ന് നിന്നപ്പോള്‍ ആരോ വന്ന് മൈക്ക് എന്റെ ഉയരത്തിനൊപ്പം വെച്ചു.

'സഭക്ക് വന്ദനം!'

പിന്നെ എല്ലാമൊരു കറക്കമായിരുന്നു. എങ്ങനെയോ 'ജയ്ഹിന്ദ്' പറഞ്ഞ് സ്റ്റേജില്‍ നിന്നും ഇറങ്ങിയ എന്നെ എല്ലാവരും ചേര്‍ന്ന് കളിയാക്കി. 

അടുത്ത അപമാനം!

നാണക്കേട് സഹിക്കാനാവാതെ ഞാന്‍ പിറുപിറുത്ത് കൊണ്ടേയിരുന്നു.

'രണ്ട് പുരികത്തിന്റേയും ഒത്ത നടുക്കിലാക്കി മൈക്കിന്റെ വായ കൊണ്ട് വെച്ചാല്‍ പിന്നെ തല കറങ്ങില്ലേ, എന്നോട് കടുത്ത വിരോധമുള്ള ആരോ മനപ്പൂര്‍വ്വം ചെയ്യിപ്പിച്ചതാ.'

'അതിന് നിന്നോടാര്‍ക്കാ വിരോധമില്ലാത്തത്?'- ഒരുത്തിയുടെ കമന്റ്.

അന്ന് വെറുത്തതാണ് മൈക്ക്.

എന്റെ പുളിങ്കുരു..

മാനം..

അഭിമാനം.. 

എല്ലാമാണ് ഒരു മൈക്ക് ഇല്ലാതാക്കിയത്.

ഇതിനെല്ലാം കാരണം അവളുടെ പാട്ടാണ്. 

ഇന്നവളെ എന്റടുത്ത് കിട്ടിയിരുന്നെങ്കില്‍ അവളെ ഞാന്‍ ശിക്ഷിച്ച് ശിക്ഷിച്ച് ഒരു വലിയ ഗായികയാക്കിയേനെ, എനിക്ക് വേണ്ടി പാടുന്ന ഗായിക. 

കാരണം , അത്രക്കും അസ്സലായിരുന്നു അവളുടെ പാട്ടുകള്‍.

NB: പ്രസംഗമായോണ്ടാ, പാട്ടാരുന്നേല് ഞാന്‍ പൊളിച്ചേനേ.

പ്രസംഗമായിപ്പോയി, പാട്ടാരുന്നേല് ഞാന്‍ പൊളിച്ചേനേ! 

 

ടുലുനാടന്‍ കഥകള്‍:  വായിച്ചു ചിരിക്കാന്‍  ഇവിടെ ക്ലിക്ക് ചെയ്യാം

Follow Us:
Download App:
  • android
  • ios