Asianet News MalayalamAsianet News Malayalam

ആണ്‍കുട്ടി ആവാനായിരുന്നു എനിക്കിഷ്ടം

ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു
 

Tulunadan kathakal a column by Tulu Rose Tony
Author
Thiruvananthapuram, First Published Aug 2, 2021, 7:03 PM IST

അങ്ങനെയിരിക്കെ ഒരു ദിവസം സിസ്റ്റര്‍ ഒരു ചോദ്യം ഞങ്ങളുടെ ക്ലാസിലെ എല്ലാവരോടുമായി ചോദിച്ചു. 'വലുതാകുമ്പോള്‍ നിങ്ങള്‍ക്ക് ആരാകാനാണ് ആഗ്രഹം?' എല്ലാവരും മനസ്സില്‍ ഡോക്ടര്‍, പോലീസ്, കളക്ടര്‍, വക്കീല്‍ എന്നിങ്ങനെ സിനിമയില്‍ കണ്ടിട്ടുള്ള കഥാപാത്രങ്ങളെ എടുത്ത് പ്രയോഗിക്കാന്‍ റെഡിയായിട്ടിരിക്കുമ്പോഴതാ അടുത്ത ചോദ്യം.

 

Tulunadan kathakal a column by Tulu Rose Tony

 

'വലുതാവുമ്പോ ആരാവണം?'

സ്‌കൂളില്‍ പോയിത്തുടങ്ങിയാലുടനെ ഈ ഒരു ചോദ്യം കേട്ട്, ഓരോ പ്രായത്തിനനുസരിച്ച് സ്വപ്നങ്ങളുടെ നിറങ്ങള്‍ മാറ്റാത്തവര്‍ ഉണ്ടാവില്ല. 

ആരും ചോദിച്ചില്ലെങ്കിലും ഒരു മൂന്നാം ക്ലാസ് മുതല്‍ എന്റെ ആഗ്രഹം ഒരാണ്‍കുട്ടിയാകണം എന്നായിരുന്നു. അതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ലായിരുന്നു. ആണ്‍കുട്ടികളെ ആയിരുന്നു എനിക്ക് ഇഷ്ടം. 

ചേര്‍ത്തലയിലെ മിക്‌സ്ഡ് സ്‌കൂളില്‍ നിന്നും ഒല്ലൂരിലെ കോണ്‍വെന്റ് ഗേള്‍സ് സ്‌കൂളിലേക്ക് ചേര്‍ന്നത് അഞ്ചാം ക്ലാസിലേക്കാണ്.

ആണ്‍കുട്ടികളുടെ ഇടയില്‍ നിന്നും ഒരു പറ്റം പെണ്‍കുട്ടികളുടെ ഇടയിലേക്ക് വന്നപ്പോള്‍ അത്ര ഇഷ്ടായില്ല. 

എന്നാലും പതിയെ എന്റെ കുഞ്ഞി സ്വപ്നങ്ങളില്‍ അടി, ഇടി, ഗുസ്തി എന്നിവയുടെ മേലെ പാട്ടും ഡാന്‍സും പൊട്ടും വളകളും സ്ഥാനം പിടിച്ചു.

ആറിലെ ക്ലാസ് ടീച്ചര്‍ ഒരു സിസ്റ്ററായിരുന്നു. കുട്ടികളെ പേടിപ്പിച്ച്  പഠിപ്പിക്കുകയും പ്രാര്‍ത്ഥിപ്പിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്ന ഒരു സിസ്റ്റര്‍. ആര്‍ക്കും ഒട്ടും ഇഷ്ടമല്ലാതിരുന്ന ഒരു സിസ്റ്റര്‍.

പഠിപ്പില്‍ ഞാനൊരു ശരാശരിക്ക് മുകളില്‍ മാത്രം നില്‍ക്കുന്ന കുട്ടിയായിരുന്നു. തോല്‍ക്കരുത് എന്ന് ആഗ്രഹമുള്ളത് കൊണ്ട് മാത്രം പഠിച്ചിരുന്ന ഒരു കുട്ടി.

അങ്ങനെയിരിക്കെ ഒരു ദിവസം സിസ്റ്റര്‍ ഒരു ചോദ്യം ഞങ്ങളുടെ ക്ലാസിലെ എല്ലാവരോടുമായി ചോദിച്ചു.

'വലുതാകുമ്പോള്‍ നിങ്ങള്‍ക്ക് ആരാകാനാണ് ആഗ്രഹം?'

എല്ലാവരും മനസ്സില്‍ ഡോക്ടര്‍, പോലീസ്, കളക്ടര്‍, വക്കീല്‍ എന്നിങ്ങനെ സിനിമയില്‍ കണ്ടിട്ടുള്ള കഥാപാത്രങ്ങളെ എടുത്ത് പ്രയോഗിക്കാന്‍ റെഡിയായിട്ടിരിക്കുമ്പോഴതാ അടുത്ത ചോദ്യം:

'നിങ്ങളില്‍ എത്ര കുട്ടികള്‍ക്ക് കന്യാസ്ത്രീയാകാനാഗ്രഹം ഉണ്ട് ?'

ഹിന്ദുക്കുട്ടികളെല്ലാവരും  ക്രിസ്ത്യാനി കുട്ടികളെ തിരിഞ്ഞും മറിഞ്ഞും നോക്കാന്‍ തുടങ്ങി.

ഹിന്ദു കുട്ടികള്‍ രക്ഷപ്പെട്ടു. അവര്‍ക്ക് ഇഷ്ടമുള്ളത് എന്തും പറയാം.

എല്ലാ ക്രിസ്ത്യാനിക്കുട്ടികളും കൈ പൊക്കുന്നത് കണ്ട് ഞാനൊന്ന് ഞെട്ടി. 

ഞാനെന്തോ വലിയ തെറ്റ് ചെയ്ത പോലെ എല്ലാവരും എന്നെ നോക്കുകയും ചെയ്തു. 

എന്റെ കര്‍ത്താവേ, ഒരു മൊട്ടച്ചിയാവാനാര്‍ന്നാ എന്റെ യോഗം എനിക്ക് കല്യാണം കഴിച്ചാ മതി.

സിസ്റ്ററും കുട്ടികളും എന്ത് വിചാരിക്കും കൈ പൊക്കിയില്ലെങ്കില്‍!

ഞാന്‍ ഒറ്റപ്പെട്ട് പോകുമല്ലോ.

മനസ്സില്ലാ മനസ്സോടെ കഷ്ടപ്പെട്ട് ഞാനും കൈ ഉയര്‍ത്തി. സിസ്റ്റര്‍ എന്നെയൊന്ന് നോക്കി ഇരുത്തി മൂളി.

സിസ്റ്റര്‍ക്ക് എന്നെ അത്ര വിശ്വാസം പോര!

'ആരും വാക്ക് മാറ്റിപ്പറയരുത്.' - സിസ്റ്റര്‍ അടിവരയിട്ടു.

ഉച്ചക്ക് ചോറുണ്ണുന്നതിനിടക്ക് ഞാന്‍ ജൂലിയോട് ചോദിച്ചു :

'ടീ ജൂല്യേ നീ ശരിക്കും സിസ്റ്ററാവ്വോ?'

'ഉം ഞാനാവും, എന്തായാലുമാവും.'- ഒരു ഉരുള വിഴുങ്ങി കൊണ്ട് ജൂലി പറഞ്ഞു.

അവള് പഠിപ്പിസ്റ്റാ, പോരാത്തതിന് മുഴുവന്‍ സമയവും പ്രാര്‍ത്ഥനയും! അത്‌കൊണ്ട് അവള്‍ കന്യാസ്ത്രീ ആകും ഉറപ്പ്.

വേറെ ഗതിയില്ലാത്തത്‌കൊണ്ട് കന്യാസ്ത്രീ ആയേക്കാം എന്ന് ഞാനും തീരുമാനിച്ചു.

ആയിടക്കാണ് ഞങ്ങള്‍ക്ക് ഡ്രോയിങ് ടീച്ചറായി ഒരു പുതിയ സിസ്റ്റര്‍ വന്നത്, സിസ്റ്റര്‍ പ്രസീല.

ഇത്രയും ഭംഗിയുള്ള ഒരു മുഖം ഞാന്‍ കണ്ടിട്ടില്ലായിരുന്നു, അന്ന് വരേക്കും. അത്രക്ക് ഭംഗി! മുഖമൊക്കെ ചൊക ചൊകാന്ന്, കവിളുകളിലെപ്പോഴും ചോരയിറ്റ് വീഴാന്‍ പോകുന്നത് പോലെ. 

നീണ്ട് വിടര്‍ന്ന കണ്ണുകളും, കൊത്തിയെടുത്ത പോലെയുള്ള മൂക്കും!

സിസ്റ്റര്‍ വന്ന് ഡ്രോയിങ്ങ് ക്ലാസെടുക്കുമ്പോള്‍ എല്ലാവരും നോക്കിയിരിക്കും. എന്നെ അടുത്ത് വിളിച്ച് വരക്കേണ്ട വിധം പറയുമ്പോള്‍ ആ നീണ്ട വിരലുകള്‍ നോക്കി നില്‍ക്കും ഞാന്‍.

'സിസ്റ്ററേ, സിസ്റ്ററെന്തൂട്ട്‌നാ സിസ്റ്ററായെ?' 

ഒരവസരം കിട്ടിയപ്പോള്‍ ഞാന്‍ ചോദിച്ചു. 


'ടീ ടുല്വോ, അടി വേണാ നിനക്ക്?' എന്നും പറഞ്ഞ് സിസ്റ്റര്‍ പോയി.

പ്രസീല സിസ്റ്ററിനോടുള്ള ആരാധന മൂത്ത് എനിക്ക് കന്യാസ്ത്രീ ആകുന്നതില്‍ വലിയ എതിര്‍പ്പില്ലാതായി.

അങ്ങനെ സിസ്‌റ്റേഴ്‌സിനെ പ്രീതിപ്പെടുത്താനായി എല്ലാ ഇന്റര്‍വെല്ലിനും പള്ളിയില്‍ പോകുക, കുര്‍ബ്ബാനയില്‍ സജീവമായി പങ്ക് കൊള്ളുന്നതായി അഭിനയിക്കുക, ഇല്ലാത്ത ബഹുമാനം കൊടുക്കുക ഇതൊക്കെ പരിശീലനം തുടങ്ങി.

അങ്ങനെ ഞാന്‍ മെല്ലെ നന്നായിക്കൊണ്ടിരിക്കുമ്പോഴാണ് ഇടിത്തീ വീണ പോലെ ആ വാര്‍ത്ത എന്റെ ചെവിയിലെത്തിയത്.

സിസ്റ്റര്‍മാര്‍ക്ക് മുടിയുണ്ടാവില്ല, സിസ്റ്ററാകണമെങ്കില്‍ മൊട്ടയടിക്കണം

എനിക്കാകെ സങ്കടവും ദേഷ്യവും വന്നു. മനുഷ്യനെ നന്നാകാന്‍ സമ്മതിക്കില്ല. ഓരോരോ ആചാരങ്ങള്‍!

കുറ്റിച്ചൂല് പോലെയിരിക്കുന്ന കട്ടിയുള്ള എന്റെ ചെമ്പന്‍ മുടി വടിച്ച് കന്യാസ്ത്രീ ആയി നില്‍ക്കുന്നത് എനിക്കോര്‍ക്കാനേ വയ്യ.

സ്‌കൂള്‍ ഗ്രൗണ്ടിലെ മാതാവിന്റെ പ്രതിമക്ക് മുന്നില്‍ നിന്ന്, ഒരു അഞ്ച് തവണ തൊട്ട് മുത്തി, കണ്ണടച്ച് പറഞ്ഞു :

'എന്റെ പൊന്ന് മാതാവേ, എനിക്ക് പറ്റില്ല്യാട്ടാ മൊട്ടയടിക്കാന്‍. ഞാന്‍ സിസ്റ്ററാവണില്ല്യ. ഇനിയിതിന്റെ പേരില് എന്നെ പരീക്ഷേല് തോല്‍പ്പിക്കല്ലേ എന്റെ മാതാവേ. ഞാനിനി എല്ലാ ദിവസോം മൊടക്കാതെ കൊന്ത എത്തിച്ചോളാം, സത്യം. നാളെത്തന്നെ പള്ളിയില്‍ പോയി ഒരു രൂപ നേര്‍ച്ചയിട്ടോളാം.'

അവിടുന്ന് തിരിച്ച് ക്ലാസിലേക്ക് നടക്കുമ്പോഴാണ് മനസ്സിലായത് എന്ത് കൊണ്ടാണ് കുട്ടികള്‍ എല്ലാവരും കന്യാസ്ത്രീകളെ ആ പേര് വിളിച്ചിരുന്നത് എന്ന്. 

 ഇന്നെനിക്കും രണ്ട് കുട്ടികള്‍, ജൂലിക്കും രണ്ട് കുട്ടികള്‍.

NB: കന്യാസ്ത്രീകള്‍ക്ക് തലമുടിയുണ്ടോ ഇല്ലേ എന്ന കാര്യത്തില്‍ ഞാനിപ്പോഴും ഒരു സംശയാലു ആണ്.

 

ടുലുനാടന്‍ കഥകള്‍:  വായിച്ചു ചിരിക്കാന്‍  ഇവിടെ ക്ലിക്ക് ചെയ്യാം

 

Follow Us:
Download App:
  • android
  • ios