Asianet News MalayalamAsianet News Malayalam

പിടിച്ച മുയലുകളുടെ മൂന്ന് കൊമ്പുകള്‍ തലോടി ഞങ്ങള്‍ മുഖത്ത് നോക്കാതെ ജീവിച്ചു...

 ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു

tulunadan kathakal a humour column by Tulu Rose Tony
Author
First Published Nov 21, 2022, 6:51 PM IST

പക്ഷേ, രാവിലെ കോളേജിലേക്ക് പോകാനുള്ള ബസ് കാശ് എന്നും ഊണ് മേശയിലെടുത്ത് വെക്കാന്‍ അപ്പച്ചനും അതെടുത്ത് ബാഗിലിടാന്‍ ഞാനും മറന്നിരുന്നില്ല. 

പിണക്കം രണ്ടാം മാസം പകുതിയോടടുത്തു. എനിക്ക് ചെറുതായി ഒരു അസ്വസ്ഥത തുടങ്ങിയിരുന്നു ഇതിനോടകം. 

 

tulunadan kathakal a humour column by Tulu Rose Tony

 

ഇന്നെനിക്ക് കരയാനാഗ്രഹം തോന്നി. ആഗ്രഹം ഉണ്ടായാല്‍ പോരല്ലോ കരയാനൊക്കണ്ടേ...! 

അങ്ങനെ എങ്ങനേയും കരയണം എന്നോര്‍ത്തിരുന്ന് ടി. വിയില്‍ ചാനല് മാറ്റുന്നതിനിടയില്‍ 'എന്റെ വീട് അപ്പൂന്റേം' സിനിമ ശ്രദ്ധിച്ചത്. പിന്നൊന്നും നോക്കിയില്ല. അതിരുന്ന് കണ്ടു. നല്ല അസ്സലായി കരഞ്ഞു. ഇനി അടുത്ത കാലത്തൊന്നും കരയില്ല. അത്രക്കും കരഞ്ഞു. 

വെറുതേ, ഒരു രസം!

പണ്ടൊക്കെ മമ്മൂട്ടി വിതുമ്പുന്നത് കണ്ടാല്‍ ഞാനും കൂടെ കരയുമായിരുന്നു. എന്താണെന്നറിയില്ല, എനിക്ക് എന്റെ അപ്പച്ചന്‍ കരയുന്നത് പോലെ തോന്നുമായിരുന്നു. മരിക്കുന്നത് വരെ അപ്പച്ചന്‍ കരയുന്നത് ഞാന്‍ കണ്ടിട്ടേയില്ലായിരുന്നു. എന്നിട്ടും, മമ്മൂട്ടി കരഞ്ഞാല്‍ അപ്പച്ചന്‍ കരയുന്നതോര്‍ത്ത് ഞാനും കരയും കൂടെ.

എന്റെ സ്വഭാവം ഭൂരിഭാഗവും അപ്പച്ചന്റെയാണെന്നാണ് പൊതുവഭിപ്രായം. കാരണമുണ്ട്. എന്റെ ദേഷ്യം, വാശി, ഈഗോ , പിണങ്ങിയാല്‍ പിന്നെ തിരിഞ്ഞ് നോക്കാതിരിക്കുക എന്നീ വൃത്തികെട്ട സ്വഭാവഗുണങ്ങള്‍ പിതാവ് പകര്‍ന്ന് തന്നതാണ്.

അപ്പച്ചനോട് സ്‌നേഹത്തേക്കാള്‍ എനിക്കുണ്ടായിരുന്നത് പേടിയായിരുന്നു. ഒരടി പോലും എനിക്ക് തന്നിട്ടില്ല. എന്നാലും പേടി!

ഈ അപ്പച്ചനൊന്ന് വീട്ടിലേക്ക് വരാതിരുന്നെങ്കില്‍ എന്ന് പ്രാര്‍ത്ഥിച്ചുറങ്ങിയിരുന്നിരുന്ന ദിവസങ്ങളായിരുന്നു കൂടുതലും.

എന്നോട് അടുപ്പമുള്ളവര്‍ എന്നെ പറ്റി പറയാറുള്ള ഒരേയൊരു പരാതി ഒന്ന് മാത്രമാണ്. ചൂടായാലൊരു പോക്ക് പോകും, പിന്നെ എന്റടുത്തേക്ക് വരണം എന്ന്. 

ശരിയാണ്! പാരമ്പര്യമായി കൈമാറി കിട്ടിയ സ്വഭാവമല്ലേ... മാറുമെന്ന് തോന്നുന്നില്ല.

ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് എന്തോ അപ്പച്ചന്‍ പറഞ്ഞത് ഇഷ്ടമാകാതെ ഞാനും തിരിച്ച് ചൂടായി. അതില്‍ പിന്നെ അപ്പച്ചന്‍ എന്നോട് മിണ്ടിയില്ല. അത്രക്ക് സാമര്‍ത്ഥ്യമാണെങ്കില്‍ ഞാനും മിണ്ടുന്നില്ല എന്ന് ഒരുഗ്ര ശപഥം ഞാനും എടുത്തു.

അപ്പച്ചനും അമ്മയും പിണങ്ങിയാല്‍ ആഴ്ചകളോളം അമ്മയോട് മിണ്ടാതെ നടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പിന്നെ അമ്മ 'അതെയ്' 'പിന്നേയ്' എന്നൊക്കെ പറഞ്ഞ് പുറകേ നടക്കണം അപ്പച്ചന്റെ വായ തുറന്ന് കിട്ടാന്‍...! (കൊലസ്ത്രീ)

ഞങ്ങളുടെ പിണക്കം ഒന്നാം ദിവസം, രണ്ടാം ദിവസം, മൂന്നാം ദിവസം അങ്ങനെ നീണ്ട് നീണ്ട് പോകുമ്പോള്‍ അമ്മക്ക് വീര്‍പ്പുമുട്ടല്‍ തുടങ്ങി.

ഒരു ദിവസം,

'ടീ ടുല്വോ, നീ പോയൊന്ന് മിണ്ട് അപ്പച്ചനോട്.'

'നോ'

'നിനക്കൊന്ന് ക്ഷമിച്ചൂടേ? അപ്പച്ചന്റെ സ്വഭാവം നീ കാണുന്നതല്ലേ ചെറുതിലേ മുതല്‍?'

'ആ അതേ. അതോണ്ടന്നെയാ ഞാനും ഇങ്ങനെ. അപ്പച്ചന്റെ വാശി എനിക്കൂണ്ട്. ഞാനായിട്ട് മിണ്ടുംന്ന് വിചാരിക്കണ്ട.'

'നിങ്ങളിങ്ങനെ കാണിക്കുമ്പോ എനിക്ക് സഹിക്കാന്‍ പറ്റണില്ല. അതാ.'

'ആഹ്! സഹിക്കണ്ട. മിണ്ടാതിരുന്നോ. അല്ല പിന്നെ.'

പിണക്കം തുടങ്ങി ഒരു മാസം കംപ്ലീറ്റായപ്പോള്‍ അമ്മ ജിത്തുവിനെ ഇറക്കി, ക്വട്ടേഷന്. 

വേറൊരു ദിവസം ജിത്തു വന്നപ്പോള്‍,

'ടീ, എന്താ നിന്റെ പ്രശ്‌നം?'

'എന്ത് പ്രശ്‌നം?'

'എന്തിനാ അപ്പച്ചനോട് ഇത്ര വാശി?'

'അപ്പോള്‍ അപ്പച്ചനെന്തിനാ ഇത്ര വാശി?'

'അത് പിന്നെ നിന്റപ്പച്ചനല്ലേ.'

'അപ്പോ പിന്നെ ഞാനപ്പച്ചന്റെ മോളല്ലേ.'

'നിനക്കെന്താ ഒന്ന് മിണ്ടിയാല്...?'

'സൗകര്യമില്ല.'

'ഈ വക സ്വഭാവായിട്ട് നീയെന്റെ വീട്ടിലേക്ക് വരണ്ട കേട്ടാ.'

'അതിനാര് വരണൂ. ജിത്തൂനെ ഞാന്‍ കെട്ടണില്ല. പോരേ.'

'ഹെന്റെ പൊന്നേ.. നീയെന്തേലും ചെയ്യ്.'

മുഖവും വീര്‍പ്പിച്ച് എന്റടുത്ത് നിന്ന് പോയ ജിത്തുവിനോട് അമ്മ വിഷമിച്ചെന്തൊക്കെയോ പറയുന്നത് കണ്ടപ്പോള്‍ വാതിലുറക്കെ അടച്ച് ഞാനെന്റെ പ്രതിഷേധം അറിയിച്ചു.

ദിവസങ്ങള്‍ യാതൊരു മയവുമില്ലാതെ കടന്ന് പോകുമ്പോഴും ഞങ്ങള്‍ പിടിച്ച മുയലുകളുടെ മൂന്ന് കൊമ്പുകള്‍ തലോടി ഞാനും അപ്പച്ചനും മുഖത്ത് നോക്കാതെ ജീവിച്ചു.

പക്ഷേ, രാവിലെ കോളേജിലേക്ക് പോകാനുള്ള ബസ് കാശ് എന്നും ഊണ് മേശയിലെടുത്ത് വെക്കാന്‍ അപ്പച്ചനും അതെടുത്ത് ബാഗിലിടാന്‍ ഞാനും മറന്നിരുന്നില്ല. 

പിണക്കം രണ്ടാം മാസം പകുതിയോടടുത്തു. എനിക്ക് ചെറുതായി ഒരു അസ്വസ്ഥത തുടങ്ങിയിരുന്നു ഇതിനോടകം. 

അമ്മയാണെങ്കില്‍ ഞങ്ങളുടെ പിണക്കം മാറാനായി ഉപവാസം, നേര്‍ച്ച ഇത്യാദി കലാപരിപാടികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു.

അപ്പച്ചന്റെയും എന്റേയും വാശി കൂടുന്നതല്ലാതെ ഒരു തരിമ്പ് പോലും കുറയാതെ മുകളിലേക്കും പൊയ്‌ക്കോണ്ടേയിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് കെവിന് എന്തോ ഒരാവശ്യത്തിന് കോഴിക്കോട് പോകേണ്ട കാര്യം വന്നത്. 

അവനാണെങ്കില്‍ തൃശ്ശൂര് ഇട്ടാവട്ടം അല്ലാതെ വേറൊരിടത്തും കഴിവൊന്നും തെളിയിക്കാന്‍ പറ്റാതെ മുരടിച്ച് പോയിരുന്ന കാലഘട്ടം. 

അതുകൊണ്ട് തന്നെ ഒറ്റക്ക് കോഴിക്കോടേക്ക് പോകാനുള്ള ഓര്‍ഡര്‍ കിട്ടിയപ്പോള്‍ അവന്റെ കൈയും കാലും വിറക്കാന്‍ തുടങ്ങി, പേടി കൊണ്ട്!

അത് കണ്ട് അപ്പച്ചനും വിറക്കാന്‍ തുടങ്ങി, ദ്വേഷ്യം കൊണ്ട്..!

ഇതിനിടയില്‍ അമ്മ കരഞ്ഞ് കൊണ്ട് വിറക്കാനും തുടങ്ങി.

'നിങ്ങളിങ്ങനെ അവനോടൊറ്റക്ക് പോകാന്‍ പറഞ്ഞാലെങ്ങന്യാ അവന്‍ പോവാ? അവന് പേട്യാവില്ല്യേ?'

'പേട്യാ? ഈ മുത്തന്‍ ചെക്കനായിട്ടാ അവന് പേടി? നീയവന് താരാട്ട് പാടണ്ട കേട്ടോ. ഇനി നീ മിണ്ട്യാലൊരെണ്ണാങ്ങട് തരും.'

അപ്പച്ചന്റെ കണ്ണുരുട്ടലില്‍ എപ്പഴത്തേയും പോലെ അമ്മ പേടിച്ച് പതുങ്ങി. (കൊലസ്ത്രീ)

'നീയെന്തിനാടാ ഇത്രക്കും വലുതായെ? എന്റെ ടുലു ആയിരുന്നേലിപ്പോ ഒറ്റക്ക് കോഴിക്കോടല്ല കൊയിലാണ്ടി പോയി വന്നേനേ.'

കെവിന് കിട്ടുന്ന ഒരടി കാണാന്‍ വാതിലിന് മറവില്‍ വിടവിലൂടെ നോക്കി നിന്നിരുന്ന ഞാന്‍ ഞെട്ടി. 

'എന്താപ്പ പറഞ്ഞേ. എന്താപ്പോ പറഞ്ഞേന്ന്. ടുലൂന്ന് തന്നെയല്ലേ പറഞ്ഞത്. ഇനി എനിക്ക് തോന്നിയതാണോ. ഏയ് അല്ല, അല്ല. അങ്ങനെ തന്ന്യാ പറഞ്ഞത്.'

ഹോ എന്നാലും എന്റെ പൊന്നപ്പച്ചാ, ആനന്ദാശ്രുക്കള്‍ കൊണ്ടെനിക്ക് ഇരിക്കപ്പൊറുതിയില്ലെന്റപ്പച്ചാ. ആ പാദാരവിന്ദങ്ങളെവിടേ....! ഞാനൊന്ന് തൊട്ട് തൊഴുതോട്ടേ.. 

എനിക്ക് മാപ്പ് തരില്ലേ അപ്പച്ചാ,  തരില്ലേ നീ സോറി തരില്ലേ അപ്പച്ചാ...?

ഇങ്ങനെയൊക്കെ ഓര്‍ത്ത് കൊണ്ട് കട്ടിലില്‍ വന്ന് ഞാന്‍ വികാരാധീനയായി, കണ്ണുകള്‍ നിറഞ്ഞ് കൊണ്ട് കിടന്നു. 

വാശിയൊക്കെ ഞാന്‍ ചുരുട്ടി കൂട്ടി ടോയ്‌ലറ്റിലിട്ട് ഫ്‌ളഷടിച്ച് കളഞ്ഞു. 

എന്നാലും ഇത്ര നാള്‍ മിണ്ടാതിരുന്നിട്ട് ഉരുണ്ട് കൂടിയ ഒരു ചെറിയ ഈഗോ എന്റെ തലയില്‍ വണ്ടിനെപ്പോലെ മൂളുന്നുണ്ടായിരുന്നു.

അന്ന് വൈകുന്നേരം ടി.വി കണ്ട് അപ്പച്ചനിരിക്കുമ്പോള്‍ ഞാനും പോയി സോഫയിലിരുന്നു. 

ഹോ എന്തൊരു ജാഡ! നോക്കുന്നത് പോലുമില്ല.

'അപ്പച്ചാ...'

'പണ്ടാരം, ശബ്ദം വന്നില്ല.'

ഓ കമ്മോണ്‍ ടീ ടുലൂ.. യൂ ക്യാന്‍ ഡൂ ഇറ്റ്!

'അപ്പച്ചാ.........

എന്റെ നേരെ രണ്ട് ഉണ്ടക്കണ്ണുകള്‍ തീ പാറിക്കുന്നത് കണ്ടപ്പോള്‍ നാക്ക് വരളാന്‍ തുടങ്ങി.

ഇനിയിപ്പോ പാദാരവിന്ദവും ആനന്ദാശ്രൂനൊന്നും സമയമില്ല. രണ്ടും കല്‍പ്പിച്ച് 'സിന്ദുഭൈരവി' രാഗത്തിലൊരു പിടിയങ്ങ് പിടിക്കാം. അതാ ബുദ്ധി...!

'അതേയ്, അപ്പച്ചനെന്നോട് മിണ്ടാതിരിക്കരുത്. മിണ്ടണം. ഞാന്‍ ചെയ്തതിന് സോറി. ഇനി അങ്ങനൊന്നും പറയില്ല.'

തിരിച്ച് തെങ്ങേറ്റക്കാരന്‍ ഭൈരവന്റെ രാഗത്തില്‍ അപ്പച്ചനൊന്ന് മൂളി.

'ഉം.'

ഞാനും അപ്പച്ചനും ആനന്ദാശ്രു വേസ്റ്റാക്കിയില്ലെങ്കിലും അടുക്കളയില്‍ വേറൊരാള്‍ കര്‍ത്താവിന് നന്ദി പറഞ്ഞ് ആ പറഞ്ഞ അശ്രു വേണ്ടുവോളം ഒഴുക്കി കളയുന്നുണ്ടായിരുന്നു, അമ്മ! (കൊലസ്ത്രീ)

ചുരുക്കത്തില്‍ ഇതാണ് ഞാന്‍.

വാശിക്ക് വാശി, ദേഷ്യത്തിന് ദേഷ്യം, ഈഗോയാണെങ്കില്‍ തല മുതല്‍ നഖം വരെ!

സ്‌നേഹിക്കണം, സ്‌നേഹിച്ചാലേ തിരിച്ച് സ്‌നേഹിക്കൂ. പക്ഷേ, സ്‌നേഹിക്കണം.

ഗുണപാഠം: വിത്ത് ഗുണം പത്ത് ഗുണം.


ടുലുനാടന്‍ കഥകള്‍:  ഇവിടെ ക്ലിക്ക് ചെയ്താല്‍ ഒരു രസമൊക്കെ ഉണ്ടാവും!

Follow Us:
Download App:
  • android
  • ios