ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു 

'നീ ചൂടാവാതെ പറയണത് കേള്‍ക്ക്. നമുക്ക് അടുത്ത സണ്‍ഡേ ഒരു സ്ഥലം വരെ പോകാം, നമ്മള്‍ മാത്രം' - ജിത്തുമണിയുടെ റൊമാന്‍സ് കേട്ട് എനിക്ക് രോമാഞ്ചം വന്നു.

 'നീ വരില്ലേ?'- സംശയത്തോടെ ജിത്തുമണി ചോദിച്ചു.

ഒരുമ്മ കിട്ടാനിത്ര ബുദ്ധിമുട്ടാണെന്ന് അന്ന് എനിക്കറിയില്ലായിരുന്നു.

അന്നത്തെ 'അന്നും' ഇന്നത്തെ 'ഇന്നും' തമ്മില്‍ ഒരുപാട് വ്യത്യാസം ഉണ്ടെന്ന് ഇപ്പോള്‍ എനിക്കറിയാം.

ഇന്നെനിക്ക് ആവശ്യത്തിന് ഉമ്മകള്‍ കിട്ടുന്നുണ്ട്. പക്ഷേ, അത് കൊണ്ട് ഞാന്‍ ഹാപ്പി അല്ല.

എന്ത് കൊണ്ട് 'അന്ന്' എനിക്കുമ്മ കിട്ടിയില്ല!

അതും നല്ലൊരു കിണ്ണംകാച്ചി കാമുകന്‍ ഉണ്ടായിട്ടും!

ബട്ട് വൈ ഡാ!

എന്റെ വിധി അത്രന്നെ!

കോളേജില്‍ നിന്നും ഇറങ്ങുമ്പോള്‍ ബൂത്തില്‍ നിന്നും ജിത്തുമണിയെ വിളിക്കണം. അതാണ് നിയമം.

ഞാനിങ്ങ് തൃശ്ശൂരും ജിത്തുമണിയങ്ങ് എറണാകുളത്തുമാണ്. ആ സമയത്തൊക്കെ എറണാകുളം എനിക്കൊരു കിട്ടാക്കനി ആയിരുന്നു.

കല്യാണം കഴിഞ്ഞ് നമുക്ക് കൊച്ചിയില്‍ താമസിക്കാം എന്നൊക്കെ ഞാന്‍ പറയുമ്പോള്‍ ഒരു 'ചെവിടാപ്പ' പോലെ ജിത്തുമണി ഇരുന്ന് കളയും.

അത് പോട്ട്, വിഷയത്തിലേക്ക് വരാം.

അങ്ങനെ അന്നും പതിവ് പോലെ ഉച്ച സമയത്ത് ഞാന്‍ ബൂത്തിലേക്ക് കയറി.

എപ്പോഴത്തേയും പോലെ എന്റെ അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടെന്ന് ജിത്തുമണി അതിന് തടസ്സമിട്ടു.

'എടീ ഒന്ന് നിര്‍ത്ത്. എനിക്കൊരു കാര്യം പറയാനുണ്ട്?'

എന്റെ സംസാരത്തിന് യാതൊരു വിലയും ഇല്ലെന്ന് കണ്ട ഞാനിപ്പുറത്ത് മുഖം വീര്‍പ്പിച്ച് നിന്നു.?

'നീ കേള്‍ക്കുന്നുണ്ടോ?' - ജിത്തുമണി ചോദിച്ചു.

'ആ പറ' - അപമാനിതയായ ഞാന്‍ പറഞ്ഞു.

'എനിക്ക് നിന്നെയൊന്ന് കാണണം' - പ്രേമത്തോട് കൂടെ ജിത്തുമണി പറഞ്ഞു.

'എല്ലാ സണ്‍ഡേയും കാണുന്നുണ്ടല്ലോ'- വലിയ താല്‍പ്പര്യമില്ലാത്തത് പോലെ ഞാനും പറഞ്ഞു.

'നിന്റെ തന്തേടേം തള്ളേടേം മുന്നിലിരുന്ന് കണ്ടിട്ടെന്താ കാര്യം'

പുച്ഛത്തോടെ ജിത്തുമണി പറഞ്ഞത് കേട്ട് എനിക്ക് ചൊറിഞ്ഞ് വന്നു.

'എന്നാ നിങ്ങടെ തന്തേടേം തള്ളേടേം കൂടെയിരുന്ന് കാണാം'

അല്ല പിന്നെ! എനിക്ക് മാത്രമേയുള്ളോ ഈ തന്തയും തള്ളയും!

'എടീ...'

'എന്താന്ന്'

എന്റെ അലര്‍ച്ച കേട്ട് ജിത്തുമണി പിന്നേയും പ്രണയ പരവശനായി.

'നീ ചൂടാവാതെ പറയണത് കേള്‍ക്ക്. നമുക്ക് അടുത്ത സണ്‍ഡേ ഒരു സ്ഥലം വരെ പോകാം, നമ്മള്‍ മാത്രം' - ജിത്തുമണിയുടെ റൊമാന്‍സ് കേട്ട് എനിക്ക് രോമാഞ്ചം വന്നു.

'നീ വരില്ലേ?'- സംശയത്തോടെ ജിത്തുമണി ചോദിച്ചു.

'അതേയ് അയ്യോ ആരേലും കണ്ടാലോ, എനിക്ക് പേടിയാ ഇതൊക്കെയാണ് എന്റെ മറുപടി എന്ന് പ്രതീക്ഷിക്കുന്നതെങ്കില്‍ നടക്കില്ല പറഞ്ഞേക്കാം.'- എന്റെ രോമാഞ്ചത്തെ ഞാനൊന്ന് മാറ്റി വെച്ചു.

'ഹേയ്! നിന്റെ ധൈര്യം എനിക്കറിഞ്ഞൂടേടീ. അതല്ലേ ഞാന്‍ നിന്നെ തന്നെ പ്രേമിച്ചത്!'

'പക്ഷേ, എനിക്കാ ഭാഗ്യമൊട്ട് ഉണ്ടായതുമില്ല കുന്തം.'

ഞാനത് പറഞ്ഞപ്പോള്‍ അപ്പുറത്ത് ചെറിയൊരു സൈലന്‍സ്. പിന്നേയും ജിത്തുമണി തുടര്‍ന്നു.

'അത് വിട്, നീ പറ. അടുത്ത സണ്‍ഡേ ഒരു പത്ത് മണി കഴിയുമ്പോള്‍ നീ ഇറങ്ങിക്കോ.'

'ആഹ് ഓക്കേ'

'നിനക്ക് എന്താ എവിടേക്കാ എന്നൊന്നും അറിയണ്ടേ? എന്നെ അത്ര വിശ്വാസാ?'

സ്‌നേഹത്തോടെ ജിത്തുമണി ചോദിച്ചപ്പോള്‍ അവനെ തകര്‍ത്ത് കൊണ്ട് ഞാന്‍ തിരിച്ച് പറഞ്ഞു.

'ഓ! ഞാന്‍ പ്രേമിക്കണത് ഒരു പുണ്യാളച്ചനെ ആണെന്നെനിക്കറിയാം. അതന്നെ വിശ്വാസം.'

'ശരി ശരി. അപ്പോള്‍ അടുത്ത ഞായറാഴ്ച പത്ത് മണി കഴിഞ്ഞിട്ട് ഒല്ലൂര് ബസ് സ്റ്റോപ്പില്‍ കാണാം.'

ഞാന്‍ ബൂത്തില്‍ നിന്നുമിറങ്ങിയത് ചിരിച്ച് കൊണ്ടാണ്. കാര്യം ഒട്ടും പ്രേമിക്കാന്‍ അറിയാത്തവന്‍ ആണെങ്കിലും, എന്നോട് സ്‌നേഹമൊക്കെയുണ്ട്.

എനിക്കോര്‍ത്തപ്പോള്‍ ചെറുതായി കുളിര് വരാന്‍ തുടങ്ങി.

കുളിരധികം കൂടിയാലും പ്രശ്‌നമാണ്, അമ്മ പിടിക്കും!

അതങ്ങനെയൊരു പ്രത്യേക ജീവിയാണ്. നല്ലത് ചെയ്താലൊട്ട് അറിയുകയുമില്ല, കള്ളത്തരം മനസ്സിലോര്‍ക്കുമ്പോഴേക്കും പിടിക്കുകയും ചെയ്യും. ഒരുമാതിരി സ്വഭാവം, അഹ്! എനിക്കിഷ്ടമേയല്ല.

വന്ന കുളിരൊക്കെ ആരുമറിയാതെ, രാത്രി മാത്രം പുറത്തെടുത്ത് ഓരോന്നിങ്ങനെ ഞാന്‍ ആലോചിക്കാന്‍ തുടങ്ങി.

ഔ ഞങ്ങള്‍ മാത്രം! സീനറി..ഗ്രൂപ്പ്ഡാന്‍സ്..ഐസ്‌ക്രീം...മഴ..ലാലല...

ബൈക്കില്‍ വയറില്‍കൂടെ കൈ ചുറ്റിയിരിക്കണം, കുറേ കുറേ സംസാരിക്കണം..

സംസാരിച്ചില്ലെങ്കിലും വേണ്ടില്ല, ഒരുമ്മ സംഘടിപ്പിക്കണം. അതാണ് മെയിന്‍.

ആണ്ടിനും സംക്രാന്തിക്കും ഒരു വിരലില്‍ എങ്ങാനും തൊടാന്‍ പറ്റിയാല്‍ അത് ഭാഗ്യം എന്ന് വിചാരിച്ചിരുന്ന സമയം ആണ്.

അപ്പോഴാണ് ചെറിയ സംശയങ്ങള്‍ എന്നില്‍ തല പൊക്കാന്‍ തുടങ്ങിയത്.

പത്ത് മണിക്ക് ഒല്ലൂര്‍ ബസ് സ്റ്റോപ്പ് എന്നല്ലാതെ യാതൊരു വിവരവും പിന്നെ കിട്ടിയിട്ടില്ല.

എനിക്ക് നല്ല പേടിയുണ്ടെന്ന് നെഞ്ചിടിപ്പ് കൂടിയപ്പോള്‍ മനസ്സിലായി.

കാരണം, അപ്പച്ചന്‍ ഒല്ലൂരങ്ങാടിയിലെ തൂണിലും തുരുമ്പിലുമുണ്ട്. വിളിക്കാതെ വന്നെത്തുന്ന മരണം ആണ് അപ്പച്ചന്‍.

കാത്തിരുന്ന് ദേ ഞായറാഴ്ച എത്തി.

രാവിലെ തന്നെ പകുതി കുര്‍ബ്ബാനയൊക്കെ കണ്ട് വന്ന ഞാന്‍ തട്ടിയും മുട്ടിയും അടുക്കളയിലേക്ക് ചെന്നു.

'ഉം എന്താ, വെശക്ക്ണുണ്ടോ?'- അമ്മ മുഖം പോലും തിരിക്കാതെ ചോദിച്ചു.

ബിസിയാ ബിസിയാ. ഈ തക്കത്തിന് വേണം കാര്യം നടത്താന്‍.

'ഉം. എന്താള്ളേ തിന്നാന്‍?'- ഞാന്‍ പാത്രമൊക്കെ പൊക്കി നോക്കി.

'ഇത്തിരി വെയ്റ്റ് ചെയ്താല്‍ ബീഫും ചോറും തരാം.'- ഇപ്പോള്‍ എന്നെ നോക്കി അമ്മ പറഞ്ഞു.

'എന്നാലെനിക്ക് വേണ്ട, ഞാന്‍ രശ്മീടെ വീട്ടീന്ന് തിന്നോളാം.'- പറഞ്ഞതും ഞാന്‍ തിരിഞ്ഞു.

പെട്ടെന്ന്...

എനിക്കെന്തോ പന്തികേട് പോലെ തോന്നി. നിന്ന നില്‍പില്‍ ഞാന്‍ തല മാത്രം ഒന്ന് തിരിച്ച് നോക്കി.

അമ്മ പണിയൊക്കെ നിര്‍ത്തി കത്തിയും ചൂണ്ടി നില്‍ക്കുന്നു. ഒരു സെക്കന്റ് വൈകിയിരുന്നുവെങ്കില്‍ ഹോ!

'എന്താന്ന്, രശ്മീടെ വീട്ടില് പോണ കാര്യം നീ മാത്രം തീരുമാനിച്ചാ മത്യാ?'- കലിപ്പ് മോഡ് ഈസ് ഓണ്‍.

ഓ തുടങ്ങി. വെറുതെ പ്രശ്‌നം ഉണ്ടാക്കുകയും ചെയ്യും, അവസാനം പൊക്കോന്നും പറയുകയും ചെയ്യും.

ഞാന്‍ എനര്‍ജി സേവിങ്ങ് മോഡില്‍ ആയത് കൊണ്ട് തിരിച്ച് വഴക്കിനൊന്നും നിന്നില്ല. പകരം, കാല് പിടിച്ചു.

എന്നേക്കൊണ്ട് പറ്റാവുന്നത്രയും നുണകള്‍ പറഞ്ഞ് കണ്ണ് നിറച്ചപ്പോള്‍ അമ്മ വീണു, പതിവ് പോലെ ഒറ്റ കണ്ടീഷനില്‍-'കൃത്യം മൂന്ന് മണിക്ക് വീട്ടില്‍ തിരിച്ചെത്തണം.'

അമ്മ ഈസ് വെരി വെരി സ്ട്രിക്ട്!

'എന്തിനാ മൂന്ന്, ചെല്ലുക-കാണുക-തിന്നുക- പോരുക പോരേ?'- ഞാന്‍ വീണ്ടും ആണയിട്ടു.

റൂട്ട് ക്ലിയര്‍ ആയി.

ഞാന്‍ എനിക്കുള്ളതില്‍ ഏറ്റവും നല്ല ഉടുപ്പൊക്കെയിട്ട് റെഡിയായി. ഒരു ബാഗും ഒരു കുടയും പിടിച്ച് ഞാനിറങ്ങി.

ഓട്ടോ കിട്ടുന്ന സ്ഥലമൊന്നുമല്ല. നടക്കണം, അതും റെയില്‍വേ പാളത്തിലൂടെ. കല്ലും മുള്ളും അപ്പിയും താണ്ടി നടക്കണം. കുടയും നിവര്‍ത്തി നിലത്തേക്ക് നോക്കി ഞാന്‍ നടന്നു.

ഒരൊറ്റ മനുഷ്യര്‍ എന്നെ കാണരുത്. ഒരൊറ്റ തെളിവ് പോലും കൊടുക്കരുത്.

നടന്ന് നടന്ന് ഞാന്‍ ഒല്ലൂര് ജങ്ങ്ഷനിലെത്തി. സമയം ഒരു പത്തര ആയിക്കാണും.

കുടയൊന്ന് ചെരിച്ച് നോക്കിയപ്പോള്‍ പരിചയമുള്ളവരെയൊന്നും കണ്ടില്ല.

അല്ല! ഞാനെന്തിനാ പേടിക്കണത്!

ബസ്സ് കാത്ത് നില്‍ക്കണത് അത്ര വലിയ തെറ്റാണോ? ഹേയ്!

പെട്ടെന്ന് വന്ന ധൈര്യം മുഖത്തൊട്ടിച്ച് ഞാന്‍ നിന്നു.

പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഞാന്‍ വിയര്‍ത്തൊലിക്കാന്‍ തുടങ്ങി. എന്റെ മൂഡും പോയി തുടങ്ങി.

തിരിച്ച് വീട്ടില്‍ പോയാലോ..!

പെട്ടെന്ന് ഹെല്‍മെറ്റ് വെച്ച ഒരാള്‍ മുന്നില്‍ കൂടി പിറുപിറുത്ത് കൊണ്ട് നടന്ന് പോയി.

ങ്‌ഹേ! ആരാത്? എന്താ അയാള് പറഞ്ഞേ?

ഞാനന്തം വിട്ട് നിന്നപ്പോള്‍ അയാള്‍ വീണ്ടും വരുന്നു, എന്റെ മുന്നില്‍ നില്‍ക്കുന്നു.

'ടീ പൊട്ടത്തീ ഇത് ഞാനാ. നീ നേരെ കുരിയച്ചിറ ബസ്സില്‍ കയറീട്ട് പള്ളീടവിടെ ഇറങ്ങിക്കോ.' - ഹെല്‍മറ്റിന്റെ കിടുതാപ്പ് പൊക്കി ജിത്തുമണി പറഞ്ഞു.

'ഹായ് ഏഹ് അതേയ് അപ്പഴേയ്' - എന്റെ ഈ വക ശബ്ദശകലങ്ങള്‍ കേള്‍ക്കാതെ ജിത്തുമണി ഒരൊറ്റ പോക്ക്.

അപ്പോള്‍ ബൈക്ക്, വയറ്, കെട്ടിപ്പിടുത്തം...!

ഓക്കേയ്! പ്ലാന്‍ A പോയാല്‍ പ്ലാന്‍ B.

കെടക്കല്ലേ ഒരു ദിവസം മുഴുവനും!

കുരിയച്ചിറ ബസ്സിറങ്ങിയതും ദേ മുന്നില്‍ ഹെല്‍മറ്റ് മാന്‍!

'ഓട്ടോയില് കേറീട്ട് ഫോളോ മീ'

'ഹ! അയ്! അതേയ്! ശ്ശൂ!' - പിന്നേയും ആള്‍ അപ്രത്യക്ഷനായി. ശ്ശെടാ!

കുരിയിച്ചിറയില്‍ നിന്നും ഞാന്‍ കയറിയ ഓട്ടോ ആടിയാടി ജിത്തുമണിയുടെ ബൈക്കിനെ ഫോളോ ചെയ്തു. ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ സ്ഥലം എത്തി.

ഓട്ടോയില്‍ നിന്നുമിറങ്ങിയ എന്നോട് യാതൊരു ദയാദാക്ഷിണ്യവും കൂടാതെ ജിത്തുമണി പറഞ്ഞു.

'ഉം, നടക്കങ്ങട്.'

പിന്നേയും ഫോളോയിങ്ങ് ദാറ്റ് അണ്‍റൊമാന്റിക് മ്യാന്‍!

ഒരിട വഴി കഴിഞ്ഞപ്പോള്‍ അവന്റെ കൂട്ടുകാരന്റെ വീടെത്തി.

'ദേ, വളവളാന്ന് സംസാരിക്കരുത് നീ. ആദ്യായിട്ട് കാണുന്നോരാണ് എന്നൊരോര്‍മ്മ വേണം.' - വലത് കാലെടുത്ത് വെച്ചകത്തേക്ക് കയറാന്‍ തുടങ്ങിയ ഞാനത് കേട്ട് വളിച്ച് നിന്ന് പോയി.

വല്ലവരുടേം വീടായിപ്പോയി, അല്ലേലിപ്പോ ഞാന്‍..!

ഞാന്‍ പല്ലിറുമ്മി.

ഞങ്ങളെ രണ്ട് പേരേയും കണ്ട സന്തോഷത്തില്‍ കൂട്ടുകാരനും ഭാര്യയും കൂടെ ജ്യൂസും ജിലേബിയും ലഡ്ഡുവും ഒക്കെ നിരത്തി വെച്ചു.

ഞാന്‍ വളരെ മാന്യതയോടെ ജ്യൂസ് മുത്തി മുത്തിയിരുന്നു.

'ആഹ! എടാ ഈ കുട്ടി ഭയങ്കര ക്വയറ്റ് ആണല്ലോ. നീയല്ലേ പറഞ്ഞേ വര്‍ത്താനച്ചക്കിയാ, അതോണ്ടാ നീ വീണേന്നൊക്കെ.'

ഞാന്‍ ചുണ്ടില്‍ നിന്നും ഗ്ലാസ്സെടുക്കാതെ ജിത്തുമണിയെ ഒന്ന് നോക്കി.

അപ്പോ എന്നെ ഇഷ്ടാലേ!

എന്റെ കണ്ണില്‍ പ്രേമം നിറഞ്ഞു.

ജിത്തുമണി കണ്ണ് കൊണ്ട് 'ശ്ശ് മിണ്ടരുത്' എന്ന് ആക്ഷന്‍ കാണിച്ചു.

എന്തിനാണോ ആവോ..

സല്‍ക്കാരം കഴിഞ്ഞപ്പോള്‍ കൂട്ടുകാരന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു.

'എടാ നിങ്ങള് രണ്ട് പേരും മുകളിലേക്ക് പൊക്കോ.'

അത് കേട്ട പാടെ ഞാന്‍ എഴുന്നേറ്റു.

'വാ പോകാം.'

ജിത്തുമണി എന്റെ കൈ പിടിച്ച് വലിച്ച്, വേദനിപ്പിച്ച് എന്നെ സോഫയില്‍ ഇരുത്തി. എന്നെ നോക്കി കണ്ണുരുട്ടി, വീണ്ടും കൂട്ടുകാരനോട് സംസാരിക്കാന്‍ തുടങ്ങി.

എന്റെ ക്ഷമ നശിച്ച് ഞാന്‍ തല ചൊറിയാനും വിരലൊടിക്കാനും ലഡ്ഡു പൊടിക്കാനും തുടങ്ങി.

അത് കണ്ടിട്ടാണോ എന്തോ കൂട്ടുകാരന്‍ വീണ്ടും ഉദാരമനസ്‌കനായി.

മുകളിലേക്ക് കയറുന്നതിനിടയില്‍ കൂട്ടുകാരന്‍ വിളിച്ച് പറഞ്ഞു.

'സൂക്ഷിക്കണേ.'

എനിക്കത് കേട്ട് നാണം വന്നു.

ഇന്നുമ്മ വെച്ച് മരിക്കും ഞാന്‍.

കോണി കയറി മുകളിലെത്തിയപ്പോള്‍ അവിടെ കണ്ടത് ആകെയൊരു വാതില്‍.

ജിത്തുമണി ഓടാമ്പലിന് വേദനിക്കാതെ വാതില്‍ തുറന്നു.

ആ കാഴ്ച കണ്ട് എന്റെ കണ്ണുകള്‍ വിടര്‍ന്നു. ഹായ്! മനോഹരം!

നാല് ചുറ്റും ഗ്രില്ലിട്ട് മറച്ച, മുകളില്‍ ഷീറ്റിട്ട ഒരു ടെറസ്.

അവിടെ കുറച്ച് ബെഞ്ചും ഡെസ്‌കും!

ചുറ്റിനും വീടുകള്‍! അപ്പുറത്ത് നിന്ന് ഇപ്പുറത്തേക്ക് എല്ലാം ക്രിസ്റ്റല്‍ ക്ലിയര്‍ ആയി കാണാം.

വാവ്..അമേയ്‌സിങ്ങ്!

എന്തൊക്കെ ആയിരുന്നു..

കെട്ടിപ്പിടുത്തം, ഉമ്മവെപ്പ്, ഗ്രൂപ്പ്ഡാന്‍സ്, കുന്തം, കൊടച്ചക്രം..!

എല്ലാം ഗോ-വി-ന്ദ!

എന്റെ താളം തെറ്റിയതറിയാതെ ജിത്തുമണി ഒരു ബെഞ്ചിലിരുന്നു.

'ബാടീ, ഇവിടിരിക്ക്.'

'ഓ! ട്യൂഷന്‍ ടീച്ചറുടെ ഓര്‍മ്മ വന്നല്ലേ' - ഞാന്‍ പിന്നെ പറഞ്ഞതൊക്കെ കേട്ട് വായ പൊളിച്ചിരുന്ന ജിത്തുമണിയുടെ കൈയും വലിച്ച് ഞാന്‍ വേഗം താഴേക്കിറങ്ങി.

ഞങ്ങളുടെ വരവ് കണ്ട കൂട്ടുകാരനും ഭാര്യയും കണ്ണില്‍ കണ്ണില്‍ നോക്കി.

'അല്ലാ, നിങ്ങളിതെങ്ങോട്ടാ?'

കാമുകന്‍ കട്ട സൈലന്‍സ്.

ഒരു വാക്ക് മിണ്ടിയിരുന്നെങ്കില്‍ അവന്റെ തലമണ്ട അടിച്ച് പൊട്ടിച്ചേനെ ഞാന്‍.

'ഞങ്ങളൊന്ന് പൂരപ്പറമ്പ് വരെ പോകുവാ മാഷേ. അവിടാകുമ്പോ നല്ല കാറ്റാ. അല്ലേ ജിത്തുമണീ?'

ഒന്നും മനസ്സിലാവാതെ നിന്നിരുന്ന കൂട്ടുകാരനോട് ഞാന്‍ പറഞ്ഞു.

'ശത്രുക്കളോട് പോലും ഇങ്ങനൊന്നും ചെയ്യല്ലേ മാഷേ. വെറുതേ ഉമ്മശാപം വാങ്ങി വെക്കണോ'

Note - ആ കല്യാണം മുടക്കാന്‍ ഞാന്‍ പെട്ട പാട് ആഹ്, ഞങ്ങടെ വിധി!

ഒരു കാര്യം കൂടി. പേഴ്‌സണല്‍ ആണ്.

നിങ്ങള്‍ ഒകെ ആണോ. ഡിപ്രസ്ഡ് ആയ ചിന്തകളാണല്ലോ കുറിപ്പുകളില്‍ നിറയെ. അത്തരം ഒരു മൂഡില്‍ പബ്ലിഷ് ചെയ്യണം എന്നു കരുതി അയച്ചതായിരുന്നോ?

ടുലുനാടന്‍ കഥകള്‍: വായിച്ചു ചിരിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം