ചിരി അപൂര്‍വ്വമായ അച്ഛച്ചന്‍ ഉള്ളു തുറന്ന് ചിരിച്ചത് ഏഷ്യാനെറ്റിലെ 'മുന്‍ഷി' കാണുമ്പോഴാണ്.
ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.

മുകള്‍നിലയിലെ കിടപ്പുമുറിയുടെ ജാലകത്തിലൂടെ നോക്കിയാല്‍ 'മെറ്റഡോര്‍' മിനി ട്രക്കുകളിലേക്ക് കയറ്റാന്‍ ഊഴം കാത്തു കിടക്കുന്ന രാമച്ചവേരുകളുടെ വലിയ വലിയ കെട്ടുകള്‍ കാണാം. മണ്‍ നിറത്തിലുള്ള അവയ്ക്കിടയില്‍ വെയിലേറ്റ് വെട്ടി തിളങ്ങുന്ന തൂവെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച്, കൈ പിറകില്‍ പിണച്ചു വെച്ച് ഒട്ടൊരു കാര്‍ക്കശ്യം ഘനീഭവിച്ച മുഖവുമായി അച്ഛച്ചന്‍ നില്‍പ്പുണ്ടാവും. അവസാനത്തെ കെട്ടും കയറ്റി അയക്കും വരെ അച്ഛച്ചന്‍ ഉച്ചവെയില്‍ കൊള്ളും. സൂര്യനേക്കാള്‍ ജ്വലിക്കുമപ്പോള്‍ ആ കഷണ്ടി. അതിലൊരു താറാമുട്ട പൊട്ടിച്ചൊഴിച്ചാല്‍ ബുള്‍സൈ ആയിക്കിട്ടുമായിരിക്കുമെന്ന് വെറുതേ കളി പറയും ഞാനും ചേച്ചിയും.
അച്ഛച്ചന്‍ കേള്‍ക്കേ കളിവാക്ക് പറയാന്‍ എനിക്കോ ചേച്ചിക്കോ എന്നല്ല, തറവാട്ടില്‍ ആര്‍ക്കുമില്ല ധൈര്യം. അളന്നു മുറിച്ച വാക്കുകള്‍, ആത്മാവില്‍ കൊള്ളുന്ന നോട്ടം, ചിലപ്പോഴൊക്കെ ചുണ്ടില്‍ വിടരുന്ന നേര്‍ത്ത പുഞ്ചിരി. ആക്രോശങ്ങളില്ല.. അമിത വികാരപ്രകടനങ്ങളില്ല, ആഴക്കടലിന്റെ ശാന്തത. അച്ഛച്ചന്‍ ഉള്ളു തുറന്ന് ചിരിച്ചു കണ്ടത് ഏഷ്യാനെറ്റില്‍ വൈകുന്നേരത്തെ വാര്‍ത്തയ്ക്ക് മുമ്പു വരുന്ന മുന്‍ഷി പ്രോഗ്രാം കാണുമ്പോഴായിരുന്നു. അന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഇല്ല. പ്രൈം ടൈം ചര്‍ച്ചകളില്ല. വാര്‍ത്താ ബുള്ളറ്റിന്‍ മാത്രം. ബുള്ളറ്റിന്‍ തുടങ്ങും മുന്‍പ് മുന്‍ഷി.
'ഈ ടെലിവിഷന്റെ ആവശ്യമെന്താണ്, അനാവശ്യമായി കറന്റ് ബില്ല് കൂട്ടണോ' എന്നിങ്ങനെ പണ്ട് എത്തിര്‍ത്ത അതേ ആള്‍ തന്നെ മുന്‍ഷിയുടെ സമയമാകുമ്പോഴേക്കും ടി വിയ്ക്ക് മുന്നില്‍ ഹാജരാകും. മുന്‍ഷിയപ്പൂപ്പന്റെ അവസാനത്തെ പഴഞ്ചൊല്ല് കേട്ട് അച്ഛച്ചന്‍ നിറഞ്ഞു ചിരിക്കുന്നത്് ഞാനും ചേച്ചിയും വാതിലിന്റെ വിടവിലൂടെ ഒളിഞ്ഞു നോക്കും. നല്ല ഭംഗിയുള്ള ചിരി.
ചിരിക്കുക മാത്രമല്ല, അച്ഛച്ചന്‍ കരയുകയും ചെയ്യുമെന്നും ചോര നീരോട്ടങ്ങളുള്ള ഒരു പാവം ഹൃദയമാണ് ആ വൃദ്ധന്റെ ഉള്ളില്‍ മിടിക്കുന്നതെന്നും അച്ഛനെ ചിതയിലേക്കെടുക്കുമ്പോള്‍ ഞാന്‍ കണ്ടുപിടിച്ചിരുന്നു. ശരീരം വിറച്ച്, കൈകാലുകള്‍ വിറച്ച് തെക്കേമുറിയുടെ പാതി ചാരിയ ജാലകത്തിലൂടെ മകന്റെ ചിതയെരിയുന്നത് നോക്കി നിന്ന ആ മനുഷ്യന്റെ കണ്ണില്‍ ചുടുചോര പൊടിയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സ്വതസിദ്ധമായ കാര്‍ക്കശ്യത്തോടെ എന്നോടോ ചേച്ചിയോടോ അച്ഛച്ചന്‍ ഒരിക്കലും പെരുമാറിയതായി ഓര്‍മ്മയിലില്ല. അച്ഛനില്ലാതായപ്പോള്‍ കുറേക്കൂടി അലിവും അന്‍പും അച്ഛച്ചന്റെ വാക്കിലും നോക്കിലും ഉണ്ടായിരുന്നതായി തോന്നിയിട്ടുമുണ്ട്. ചില സ്‌നേഹങ്ങള്‍ അങ്ങനെയാണ്. അത് പ്രകടിപ്പിക്കണമെന്നില്ല. എന്നാല്‍ സ്‌നേഹിക്കുന്നുണ്ടെന്നും സ്‌നേഹിക്കപ്പെടുന്നുണ്ടെന്നും പരസ്പരം തിരിച്ചറിയാനാവും.
അച്ഛച്ചന്റെ പ്രീതി പിടിച്ചു പറ്റേണ്ടത് എങ്ങനെ എന്നൊക്കെ ഞങ്ങള്‍ക്ക് വ്യക്തമായ ധാരണയുമുണ്ടായിരുന്നു. അതിനേറ്റവും അനുയോജ്യം അവധിക്കാലമായിരുന്നു. വേനലവധി. ഞങ്ങള്‍ക്കത് നനക്കാലം, കുളംവെട്ടു കാലം, രാമച്ചക്കാലം ഒക്കെയായിരുന്നു.
അള്‍ട്രാവയലറ്റ് ഇന്‍ഡക്‌സ് ആവലാതികളില്ല, സൂര്യാഘാതമില്ല, സ്‌കിന്‍ ടാനിങ്ങിനെ കുറിച്ച് ലവലേശം ധാരണയില്ല. വെയിലുദിക്കുമ്പോള്‍ മുതല്‍ സന്ധ്യയാവും വരെ പറമ്പിലും പാടത്തും കുളക്കരയിലുമായി ഭ്രമണം ചെയ്യും. രാമച്ച വേരിന്റെയും ഒളോര്‍ മാങ്ങയുടെയും ഗന്ധമായിരുന്നു ആ നാളുകള്‍ക്ക്. വേനല്‍ പകുതിയാകുമ്പോഴേക്കും കുളം വറ്റി തുടങ്ങിയിരിക്കും. ചെളി കോരി, ആഴം കൂട്ടി, കോരിയെടുത്ത ചെളി കുളത്തിന്റെ വശങ്ങളില്‍ മാടി പിടിപ്പിച്ച്, പിന്നെ ഉറവ പൊട്ടിക്കുമ്പോള്‍ തെളിനീര് നിറയുന്ന ആ കാഴ്ച ഇപ്പോഴും ഉള്ളില്‍ നനവ് പടര്‍ത്തുന്നുണ്ട്. കുളം വറ്റിക്കുമ്പോള്‍ പിടിച്ച വരാലും പിലോപ്പിയും കരിപ്പിടിയുമെല്ലാം വടക്കേപ്പുറത്ത് നിരനിരയായിരിക്കുന്ന ബക്കറ്റുകളിലെ ഇത്തിരി വെള്ളത്തില്‍ നീന്തി തുടിക്കും.
കുളത്തില്‍ വെള്ളം നിറയുന്നതിനനുസരിച്ച് പിന്നെയും പിന്നെയും വെള്ളം വറ്റിക്കണം. എങ്കിലേ വീണ്ടും ചെളി കോരിയെടുക്കാനാവൂ. അടിത്തട്ടില്‍ പഞ്ചാര തരിമണല്‍ തെളിയും വരെ ചെളി കോരണമെന്ന് അച്ഛച്ചന് നിര്‍ബന്ധമാണ്. വില്ലീസിന്റെ എഞ്ചിന്‍ കുട്ടിപ്പാപ്പനാണ് വലിച്ചു സ്റ്റാര്‍ട്ട് ചെയ്യുക. സ്റ്റാര്‍ട്ടര്‍ വയര്‍ ചുറ്റി ഷാഫ്റ്റ് വലിക്കാന്‍ നേരം കാര്‍ബറേറ്ററിലേക്ക് പെട്രോള്‍ ചീറ്റിച്ചു കൊടുക്കണം. അതെന്റെ ജോലിയാണ്. സൈലന്‍സറില്‍ നിന്ന് വരുന്ന പടപട ശബ്ദം എനിക്ക് പേടിയായിരുന്നു. പേടിച്ചു പേടിച്ചു വലിഞ്ഞു നിന്ന് ഒരു കൈകൊണ്ട് ചെവി പൊത്തി മറുകൈയിലെ കുപ്പിയില്‍ നിന്ന് പെട്രോള്‍ ചീറ്റിച്ച്, കുട്ടിപ്പാപ്പന്‍ സ്റ്റാര്‍ട്ടര്‍ വലിക്കുന്ന നിമിഷം തിരിഞ്ഞോടുന്ന എന്നെ കാണുമ്പോള്‍ അച്ഛച്ചന്റെ മുഖത്ത് വളരെ നേര്‍ത്ത ഒരു പുഞ്ചിരി വിടരും.
ഹോസ് പൈപ്പിലൂടെ വെള്ളം ചാടുന്നതും കാത്ത് അറ്റത്ത് ചേച്ചി നില്‍പ്പുണ്ടാവും. മൂന്നര ഹോര്‍സ് പവറില്‍ വെള്ളം തുപ്പുമ്പോള്‍ പൈപ്പിന്റെ അറ്റം പിടിച്ചു നില്‍ക്കുന്ന ചേച്ചിയൊന്ന് കുലുങ്ങും. തെങ്ങു നന തീരുംവരെ അച്ഛച്ചന്‍ അവിടെ നില്‍ക്കും. രാജ അണ്ണന്‍ എടുത്ത തടം ഉടയാതെ വേണം നനയ്ക്കാന്‍. തേങ്ങാപ്പിണ്ണാക്ക് വളം ചെയ്തിട്ടുണ്ടെങ്കില്‍ പ്രത്യേകം സൂക്ഷിച്ചു വേണം നനയ്ക്കാന്‍. വെള്ളം കുത്തിയൊഴുക്കരുത്. പൈപ്പ് മണ്ണിലൂടെ വലിച്ചു കൊണ്ട് പോകരുത്. ചെറിയ ചെറിയ വട്ടങ്ങള്‍ ഉണ്ടാക്കി ടയര്‍ ഉരുട്ടും പോലെയാണ് ചേച്ചി പൈപ്പ് നീക്കിയിടുക. എല്ലാ നിര്‍ദ്ദേശങ്ങളും അണുവിട തെറ്റാതെ പാലിക്കുമ്പോള്‍ അച്ഛച്ചന്‍ ആത്മ സംതൃപ്തിയോടെ നില്‍ക്കും.
പടിഞ്ഞാറെ അതിരിലെ നെല്ലിമരം വരെ കണ്ണെത്താദൂരം രാമച്ച പാടമാണ്. വേനല്‍ മൂര്‍ച്ഛിക്കുമ്പോഴേക്കും തകയെല്ലാം (രാമച്ച തുമ്പ്) കരിഞ്ഞ് രാമച്ചം പാതി ജീവന്‍ പൊലിഞ്ഞു നില്‍പ്പാവും. നിരന്നു നിന്ന് പണിക്കാരി പെണ്ണുങ്ങള്‍ തകയരിയും. പിന്നെ കടയ്ക്കലെ മണ്ണുമാറ്റി വേര് പറിക്കും. പറിച്ചെടുത്ത വേരുകള്‍ വെട്ടി മാറ്റി ബാക്കി വന്ന രാമച്ച കടകള്‍ ഒരു നിശ്ചിത വലിപ്പത്തില്‍ വെട്ടിയെടുത്ത് കെട്ടുകളാക്കി (രാമച്ചം ചായ്ക്കുക എന്ന് പറയും) ചാക്കില്‍ നിറയ്ക്കുകയും ഓരോ ചാക്കും കുളത്തില്‍ മുക്കിയിടുകയും ചെയ്യുന്നതോടെ 'രാമച്ചം പറിക്കല്‍' പൂര്‍ത്തിയാകും.
ഇനി കാത്തിരിപ്പാണ്. വെള്ളത്തില്‍ മുക്കിയിട്ട ചാക്കുകളില്‍ നിന്ന് രാമച്ച ചെനപ്പുകള്‍ പുറത്തേക്ക് ഇളം പച്ച തളിരുകള്‍ നീട്ടി തുടങ്ങുന്നതോടെ അടുത്ത സംഘം എത്തുകയായി. ഓരോ ചെനപ്പും തുല്യ അകലത്തില്‍ നട്ടു കഴിഞ്ഞാല്‍ പച്ച പുതപ്പ് വിരിച്ചത് പോലെ പടിഞ്ഞാറേ കുന്ന് വരെ രാമച്ചപാടം തയ്യാറായി കഴിഞ്ഞു. പിന്നെയാണ് നനയ്ക്കല്‍. ഹോസ് പൈപ്പ് ചെനപ്പുകള്‍ക്കിടയിലൂടെ വലിച്ചു പുതുതായി നട്ടവയുടെ വേരിളക്കരുത്. പൈപ്പിന്റെ അറ്റത്ത് കൈ വിരലുകള്‍ വിടര്‍ത്തി വെച്ച് ഒരു പൂവാളിയില്‍ നിന്നെന്ന പോലെ വേണം വെള്ളം വീഴ്ത്താന്‍. മൂന്ന് നാല് മണിക്കൂര്‍ വേണം അത്രയും പാടം നനച്ചു തീര്‍ക്കാന്‍. ആ സമയമത്രയും അച്ഛച്ചനും ഞങ്ങള്‍ക്കൊപ്പം നില്‍ക്കാറുണ്ടായിരുന്നു.
ഒരു തോണിയപകടത്തില്‍ പെട്ട് പണ്ട് അച്ഛച്ചന്റെ കാലിനു ചെറിയൊരു പരിക്ക് പറ്റിയിരുന്നു. അതുകൊണ്ട് അച്ഛച്ചന്റെ നടത്തത്തിന് ഒരു താളമുണ്ടായിരുന്നു. 'താ താ തെയ്... താ താ തെയ്' എന്ന് ഞാന്‍ ആ നടത്തം അനുകരിക്കുമ്പോള്‍ ചേച്ചി 'വേണ്ടടാ. അങ്ങനെ ചെയ്യണ്ട മോനെ' എന്ന് സ്‌നേഹത്തോടെ ശാസിക്കും.
വേനലവധിക്കാലത്താണ് മീന ഭരണി. അച്ഛന്‍ മരിച്ചതിനു ശേഷമുള്ള ആദ്യത്തെ വേനല്‍ക്കാലം. ജീവിതം അകത്തും പുറത്തും പൊള്ളി നില്‍ക്കുന്നു. ആ അവധിക്കാലത്ത് ഉത്സവപറമ്പില്‍ നിന്ന് ഒരു പൊതി തേന്‍ കുഴലുമായി അച്ഛച്ചന്‍ പടികടന്ന് ആ താളത്തില്‍ നടന്നു വന്നു. ജീവിതത്തില്‍ ആദ്യമായും അവസാനമായും എനിക്കു വേണ്ടി അച്ഛച്ചന്‍ വാങ്ങിച്ചു തന്ന മധുരമായിരുന്നു വെളുപ്പും തവിട്ടും നിറമുള്ള ആ തേന്‍ കുഴല്‍ മിഠായികള്‍. അതില്‍ നിന്നൊടിച്ചെടുത്ത് നുണഞ്ഞിറക്കിയ ഒരു തുണ്ട് മിഠായിയുടെ രുചിയാണ് അച്ഛച്ചനോര്‍മ്മകള്‍ക്കിപ്പോള്‍.
തൊട്ടടുത്ത ദിവസം നിനച്ചിരിക്കാതെ അച്ഛച്ചന്‍ ചവിട്ടു പടിയില്‍ തെന്നിവീണു. പരസഹായമില്ലാതെ അച്ഛച്ചന് എഴുന്നേല്‍ക്കാന്‍ കഴിയാതെയായി. വീട്ടിലും പറമ്പിലും മുക്കിലും മൂലയിലും നിറഞ്ഞുനിന്ന ഒരാള്‍ പൊടുന്നനെ നാല് ചുവരുകള്‍ക്കുള്ളിലാതുങ്ങി ഉണങ്ങിയ പയര്‍ വിത്തു പോലെ കട്ടിലില്‍ ചുരുണ്ടു കിടന്നു. അവധിക്കാലമായത് കൊണ്ട് എനിക്കായിരുന്നു പലപ്പോഴും അച്ഛച്ചന്റെ കാവല്‍ ജോലി. അച്ഛച്ചന്‍ ഉണരുമ്പോള്‍ പറയണം, വെള്ളം ചോദിക്കുന്നുണ്ടോ എന്ന് നോക്കണം, മരുന്നിനു സമയമായാല്‍ പറയണം. ചിലപ്പോള്‍ കിടക്കയില്‍ മുള്ളുകയോ അപ്പിയിടുകയോ ചെയ്യും, അത് ശ്രദ്ധിക്കണം. ഇങ്ങനെ പറഞ്ഞേല്‍പ്പിച്ച് അമ്മയും വല്യമ്മയും മറ്റു ജോലിക്ക് പോകുമ്പോഴേല്ലാം ഞാന്‍ അച്ഛച്ചന് കാവലിരുന്നു. ചിലപ്പോള്‍ ചേച്ചിയും. ഇടയ്ക്ക് കണ്ണു തുറന്ന് അച്ഛച്ചന്‍ എന്നെ നോക്കി കിടക്കും. ഒന്നും പറയില്ല, വെറുതേ അങ്ങനെ കിടക്കും. പക്ഷേ നര വീണ പീലികളുള്ള കണ്ണുകള്‍ ചിമ്മി അച്ഛച്ചന്‍ ഇടയ്ക്കിടെ എന്നെ നോക്കി ചിരിച്ചു.
പണ്ടൊക്കെ വേനലവധിക്കാലത്ത് ചെയ്തു തീര്‍ക്കാന്‍ സ്‌കൂളില്‍ നിന്ന് എന്തെങ്കിലും 'വെക്കേഷന്‍ ആക്ടിവിറ്റീസ്' തന്നു വിടും. വിദ്യാലയ ചരിത്രം എഴുതുക എന്നതായിരുന്നു അത്തവണ എനിക്ക് കിട്ടിയ അവധിക്കാല പ്രവര്‍ത്തനം. 'അച്ഛച്ചാ എനിക്ക് സ്‌കൂളിന്റെ ചരിത്രം പറഞ്ഞ് തര്വോ' എന്ന് കിടപ്പിലാവുന്നതിനും മുന്‍പേ അച്ഛച്ചനോട് ഞാന്‍ ചോദിച്ചിരുന്നു. ഞാന്‍ പിന്നെയതു മറന്നെങ്കിലും രോഗശയ്യയില്‍ ഇടയ്‌ക്കൊരു ഉണര്‍ച്ചയില്‍ കിതച്ചും ഞെരങ്ങിയും അച്ഛച്ചന്‍ പറഞ്ഞു തന്ന ചരിത്രം ഞാനൊരു പുസ്തകത്തിലേക്ക് പകര്‍ത്തി. സ്‌കൂളിന്റെ ചരിത്രം മാത്രമല്ല, ആ ഉണര്‍ച്ചയിലെ പാതി ബോധത്തിലും അബോധത്തിലുമായി അച്ഛച്ചന്‍ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു. ഒരു കാലമാണ് അച്ഛച്ചന്‍ പറഞ്ഞു തീര്‍ത്തത്. പിന്നീട് സംസാരിച്ചില്ല. ചുണ്ടനക്കിയില്ല. കണ്ണുകള്‍ ചിമ്മിയില്ല.
പിറ്റേന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. കാത്ത് കാത്തിരുന്നു കൈയില്‍ കിട്ടിയ ബാലരമ തിണ്ണയില്‍ കിടന്നും ഇരുന്നും തിരിഞ്ഞും മറിഞ്ഞുമൊക്കെ വായിക്കുന്നതിനിടെ അച്ഛച്ചന്റെ മുറിയില്‍ നിന്ന് ഒരു ദുര്‍ഗന്ധം പുറത്തേക്ക് വമിച്ചു. ഞാന്‍ ഓടിച്ചെന്നു നോക്കി. അച്ഛച്ചന്റെ വയറ്റില്‍ നിന്ന് പോയിരിക്കുന്നു. തൂവെള്ള ബോംബെ ഡൈയിങ് വിരിപ്പില്‍ മഞ്ഞപ്പൂക്കളമൊരുക്കി അച്ഛച്ചന്‍ അതിനു നടുവില്‍ ചുരുണ്ടു കിടക്കുകയാണ്. ഞാന്‍ വല്യമ്മയെ വിളിച്ചു. അച്ഛച്ചന്റെ ഉടുപ്പ് മാറ്റിക്കാന്‍ തുടങ്ങിയ വല്യമ്മ ഒരു നിമിഷം സ്തബ്ധയായി.എന്തുപറ്റിയെന്ന് ശങ്കയോടെ നിന്ന എന്നെ നോക്കി വല്യമ്മ ചുണ്ടനക്കി, 'അച്ഛച്ചന്‍ പോയി!'
അച്ഛച്ചന്റെ മുറിയില്‍ നിന്ന് പുറത്തേക്ക് വമിച്ച ദുര്‍ഗന്ധം പടികളിറങ്ങി, മുല്ല പന്തല്‍ കടന്ന്, വെള്ളില കാട് കടന്ന് നാട്ടുവഴിയില്‍ ഒഴുകി പരന്നു. ഒരാത്മാവ് കടന്ന് പോവുകയാണ്.
അച്ഛച്ചനില്‍ നിന്നൊരിക്കലും സ്‌നേഹ വാത്സല്യങ്ങള്‍ വഴിഞ്ഞൊഴുകിയിട്ടില്ല. ഞങ്ങള്‍ പേരക്കുട്ടികളില്‍ നിന്ന് എപ്പോഴും സുരക്ഷിതമായ ഒരകലത്തിലായിരുന്നു അച്ഛച്ചന്‍. എന്നിട്ടും അച്ഛച്ചന്‍ ഇല്ലാതായപ്പോള്‍, അച്ഛച്ചനിരുന്നിരുന്ന കസേര കാണുമ്പോള്‍, വര്‍ഷങ്ങളുടെ സ്പര്‍ശനമേറ്റ് തേയ്മാനം സംഭവിച്ച തൂണുകള്‍ കാണുമ്പോള്‍ ഞങ്ങള്‍ വലിയൊരു ശൂന്യത അനുഭവിച്ചു. പടിഞ്ഞാറെ പാടത്ത് പിന്നെ രാമച്ചം കൃഷി ചെയ്തില്ല. അക്കൊല്ലം നട്ട പകുതിയിലധികം രാമച്ചചെനപ്പുകളും നനക്കാതെയും പരിപാലിക്കാതെയും കരിഞ്ഞുപോയി. പിടിച്ചു നിന്ന ചിലത്, ശേഷം വന്ന ഇടവപ്പാതി കാലത്ത് തോന്നിയത് പോലെ വളര്‍ന്നു. അവയുടെ വേരുകള്‍ ആര്‍ക്കും ഉപകരിച്ചില്ല. ശേഷിച്ച രാമച്ച ചെടികള്‍ തീയിട്ടു കളഞ്ഞു. ചാരം മൂടി. അവിടെ ഓരോ മഴക്കാലം കഴിയുമ്പോഴും കാട്ടുവള്ളി ചെടികള്‍ പടര്‍ന്നു.
കുളം വെട്ട് പിന്നെയൊരുത്സവമായിരുന്നില്ല. പണ്ടത്തേതുപോലെ ഒരിക്കലും ഞങ്ങളുടെ കുളം പഞ്ചാര തരിമണല്‍ വെളിച്ചപ്പെടുത്തിയില്ല. അവയ്ക്കുമേല്‍ കറുത്ത ചെളിയുടെ അടരുകള്‍ കനം വെച്ചു കിടന്നു. ഒളോര്‍ മാവിപ്പോഴില്ല. രാമച്ച പാടം മണ്ണിട്ടു നികത്തി. ഞങ്ങള്‍ പുതിയ വീടുകളിലേക്ക് താമസം മാറി. തറവാടും പോയകാലത്തിന്റെ മൂക സാക്ഷിയായി ആ കുളവും ബാക്കിയായി.
അച്ഛച്ചന്‍ പറഞ്ഞുതന്ന് ഞാന്‍ പകര്‍ത്തിയെഴുതിയ ആ ചരിത്രരേഖ സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചില്ല. അതാരെയും ഞാന്‍ പിന്നെ കാണിച്ചതുമില്ല. ഇപ്പോഴും ഭദ്രമായി ഞാനതു സൂക്ഷിച്ചു വെച്ചിട്ടുണ്ട്. കാലം കടന്ന് പോയി ഞാനും ചേച്ചിയും വളര്‍ന്നു. അവധിക്കാലങ്ങള്‍ പിന്നെയും വന്നു പോകുന്നു.
പടിഞ്ഞാറേ അതിരില്‍ സൂര്യന്‍ ഒരു ചെങ്കല്‍ക്കനലുപോലെ രാമച്ചപ്പാടത്തിനുമപ്പുറം താഴ്ന്നു പോകുന്നതും നോക്കി, രാമച്ചപ്പച്ചയിലേക്ക് കാലുകള്‍ നീട്ടി വിരിച്ചു പിടിച്ച് അച്ഛച്ചന്‍ ആദ്യമായും അവസാനമായും വാങ്ങിച്ചു തന്ന തേന്‍ കുഴല്‍ മിഠായി നുണയുന്ന ചേച്ചിയെയും എന്നെയും ഓര്‍മ്മയില്‍ നിന്ന് കണ്ടെടുക്കുമ്പോഴൊക്ക ഞാന്‍ അറിയുന്നു -കൊഴിഞ്ഞു വീണ കാലമാണ് ഞാന്‍; ഓര്‍മകളുടെ ആകെത്തുക. ഓര്‍മ നഷ്ടമാകുന്ന ദിവസം; അതെന്റെ മരണമാണ്!
മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം


