അപരിചിതമായൊരു നഗരത്തെ പരിചയപ്പെടുത്തിയവൾ. ഉള്ളകം കലങ്ങിമറിയുമ്പോൾ അവൾ പറയും 'എങ്കില്‍ ഞാനിനി കുറച്ചു നേരം എന്‍റെ കൂടെ ഇരിക്കട്ടെ' എന്ന്. ഒരിക്കലും എല്ലാം ഇതുപോലെ നിൽക്കില്ലെന്നും ഒരു തിരിവില്‍ മറ്റൊരിടത്തേക്ക് മാറിപ്പോകേണ്ടവരാണ് നമ്മളോരോരുത്തരും എന്നത് തന്നെ കാരണം. അതെ അവളവള്‍ക്കൊപ്പമിരിക്കാന്‍ നമുക്കോരോരുത്തർക്കും കഴിയേണ്ടതുണ്ട്. 'എന്‍റെ ജീവിതത്തിലെ സ്ത്രീ' റ്റിസി മറിയം തോമസ് എഴുതുന്നു.
ജീവിതത്തെ ഇത്രയുമധികം ആവേശത്തോടെ സമീപിക്കുന്ന അധികം സ്ത്രീകളെ ഞാന്‍ കണ്ടിട്ടില്ല. അവളെ ഒരിക്കല്‍ പരിചയപ്പെട്ടവര്‍ അത്ര വേഗം മറന്നു പോകാന്‍ സാധ്യതയുമില്ല. അസാധാരണമെന്ന് കരുതിയ പല അനുഭവങ്ങളിലൂടെയും ഞങ്ങള്‍ ഒന്നിച്ചു കടന്നു പോയി.

ആതുരമായൊരു ലോകത്തെ തണുപ്പിക്കാന്‍ സ്ത്രീകള്‍ക്കേ കഴിയൂ. അതുകൊണ്ട് പുതിയ ലോകത്തെ സാന്ത്വനത്തിലേക്കെത്തിക്കാനുള്ള ധ്യാനത്തിന്‍റെ കലശം ഞാനിതാ ലോകത്തിലെ സ്ത്രീകളുടെ ശിരസ്സില്‍ വെക്കുകയാണ്.
ധ്യാനഗുരു ദാദാലേഖരാജ്
'അമ്മേ എനിക്ക് കൂട്ടുകാരാരുമില്ല. സ്‌കൂളിലെ കുട്ടികളെ ഞാന്‍ ഓണ്‍ലൈനില്‍ അല്ലേ കാണുന്നുള്ളൂ. എനിക്ക് ഫ്രണ്ട്സ് വേണം.'
കോവിഡ് കാലത്തു ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന മകന് രണ്ടു വര്‍ഷമായിട്ടും പുതിയ കൂട്ടുകാരില്ല. എന്താ ചെയ്യാന്‍ കഴിയുക? വിചിത്രമായ മെസേജാണെങ്കില്‍ കൂടി പേരെന്‍റ്സിന്‍റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചോദിച്ചു നോക്കാമെന്നു കരുതി. പ്രതീക്ഷിച്ചതിലും കൂടുതല്‍ മറുപടികള്‍ വന്നു. ആ മറുപടികളൊക്കെ പിന്നീടൊരു വാട്‌സ്ആപ്പ് ഗ്രൂപ്പുമായി. ഈ ഗ്രൂപ്പില്‍ പെടാതെ വളരെ യാദൃശ്ചികമായി കണ്ടെത്തിയ പാപ്പുവെന്നു വിളിപ്പേരുള്ള ഒരു കുഞ്ഞിപ്പെണ്ണിന്റെ അമ്മയാണ് അച്ചുച്ചി എന്ന് അവള്‍ വിളിക്കുന്ന അച്ചു. പോകപ്പോകെ അച്ചു എന്റെ ഏറ്റവും അടുത്ത ചങ്കായി മാറി. അവളിലൂടെയാണ് തിരുവനന്തപുരം എനിക്ക് തിരോന്തോരമായത്.
ഞങ്ങള്‍ ഒരേ സ്ഥലത്താണ് വര്‍ഷങ്ങളോളം ജോലി ചെയ്തതെന്ന് പരിചയപ്പെട്ടതിനു ശേഷമാണ് മനസ്സിലാക്കിയത്. സമാന താല്പര്യങ്ങളുള്ളവര്‍, മിക്കതും ഒരേ ആഗ്രഹങ്ങള്‍, സങ്കടങ്ങള്‍, മൗനങ്ങള്‍, അലമ്പുകള്‍, സ്വാതന്ത്ര്യങ്ങള്‍, കൊതികള്‍. രണ്ടു വീടുകളിലാണെങ്കില്‍ കൂടെ ദിനചര്യകള്‍ പോലും അങ്ങനെ ഒന്നുചേര്‍ന്നു. രാവിലെ എണീക്കുന്ന സമയം മുതല്‍ ആ ദിവസത്തെ പ്ലാനുകള്‍ക്കു തുടക്കമായി. പരസ്പരം പങ്കു വെച്ച പല തരം സൗഹൃദക്കൂട്ടങ്ങളുണ്ടായിരുന്നു ഞങ്ങള്‍ക്ക്. ഇരുപത്തിയഞ്ചു വര്‍ഷം മുന്നേ കടന്നു പോയ കോളേജു കാലം ഒരിക്കല്‍ കൂടെ കണ്‍മുന്നില്‍ വന്നു നില്‍ക്കുന്ന പോലെയായിരുന്നു അവളും ഞാനും. ഒരുപാട് സൗഹൃദ വലയങ്ങളില്‍ അവള്‍ സ്വന്തം സുരക്ഷിതത്വം കണ്ടെത്തിക്കൊണ്ടിരുന്നു. ഒരു കുഴി കുഴിച്ചു അതിനുള്ളില്‍ കഴിഞ്ഞു കൊണ്ടിരുന്ന എനിക്ക് ഇവള്‍ ഒരു കൗതുകമായിരുന്നു. അവളെ കുത്തഴിഞ്ഞു സ്‌നേഹിക്കുന്ന ഞാനും എനിക്കതിശയമായിരുന്നു. എന്റെ ജീവിതത്തിലെ ആദ്യത്തെ പെണ്‍സുഹൃത്തായിരുന്നു അച്ചു. പല പി എം എസ് രാത്രികളും ഞങ്ങള്‍ വീഡിയോ കോളിലൂടെ മൂക്കു പിഴിഞ്ഞാശ്വസിച്ചു. അവളുടെയും എന്റെയും വീടുകളിലേക്ക് പര്‌സപരമോടിക്കയറി വന്ന് ഉപചാരങ്ങളൊന്നുമില്ലാതെ എങ്ങനെയേലും എന്തേലുമൊക്കെയായിരിക്കാന്‍ ഞങ്ങള്‍ക്കെന്നും കഴിഞ്ഞിരുന്നു.
'അമ്മക്കിങ്ങനെയൊരു കൂട്ടുകാരിയുണ്ടായതിന് എന്നോടാണ് താങ്ക്‌സ് പറയേണ്ടത് കേട്ടോ' എന്ന് എന്റെ കുഞ്ഞിച്ചെക്കന്‍ ഇടയ്ക്കിടെ ഓര്‍മിപ്പിക്കാറുമുണ്ടായിരുന്നു. പാപ്പുവിനെ പോലെ അവന് അച്ചു, അച്ചുച്ചിയായിരുന്നു. അച്ചുച്ചി വരുമ്പോഴൊക്കെ അവനും പാപ്പുവിനും ഒന്നിച്ചു കളിക്കാനും കഴിഞ്ഞിരുന്നു.
അഗാധ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഞാന്‍ അവളെ തേടി. ഒരു സ്ത്രീ എന്ന നിലയില്‍ എല്ലാ തിരക്കുകള്‍ക്കിടയിലും അവള്‍ അവളുടെ സന്തോഷങ്ങള്‍ കണ്ടെത്തിക്കൊണ്ടിരുന്നു. ഒരു ചെറിയ കാറ്റോ, ഇളവെയിലോ, പൂത്തു നില്‍ക്കുന്ന മരങ്ങളോ, ചില പുസ്തകത്താളുകളോ അവളെ വളരെ വേഗത്തില്‍ പ്രചോദിപ്പിച്ചിരുന്നു. ഒരു ദിവസത്തിലെ തിരക്കിനിടയില്‍, പലപ്പോഴും അപ്രതീക്ഷിതമായി വന്നു ഭവിക്കുന്ന അത്തരം കാഴ്ചകള്‍ അവളുടെ ഫോണ്‍ ഗാലറി സ്ഥിരമായി നിറച്ചിരുന്നു.
പഴയ സൗഹൃദങ്ങളെയും ഓര്‍മ്മകളെയും അതീവ സൂക്ഷ്മതയോടെ താലോലിച്ചിരുന്നു അവള്‍. അവളിലൂടെ എന്നിലേക്കു വന്ന അവളുടെ സുഹൃത്തുക്കള്‍ക്ക് സവിശേഷതകളേറെയുണ്ടായിരുന്നു. അവര്‍ തുറന്ന പ്രകൃതവും വിശ്വാസ്യതയും പരസ്പര ധാരണയും വെച്ച് പുലര്‍ത്തുന്നവരായിരുന്നു. പുതിയതായി പരിചയപ്പെടുന്നവരെയൊക്കെ ഞങ്ങള്‍ ഒന്നിച്ചു ആ അരിക്കല്‍ പ്രക്രിയയിലൂടെ കടത്തി വിടുമായിരുന്നു.
ജീവിതത്തെ ഇത്രയുമധികം ആവേശത്തോടെ സമീപിക്കുന്ന അധികം സ്ത്രീകളെ ഞാന്‍ കണ്ടിട്ടില്ല. അവളെ ഒരിക്കല്‍ പരിചയപ്പെട്ടവര്‍ അത്ര വേഗം മറന്നു പോകാന്‍ സാധ്യതയുമില്ല. അസാധാരണമെന്ന് കരുതിയ പല അനുഭവങ്ങളിലൂടെയും ഞങ്ങള്‍ ഒന്നിച്ചു കടന്നു പോയി. വിരസമായ ദിനചര്യകള്‍ ഞങ്ങളുടെ അട്ടഹാസങ്ങളില്‍ പൂത്തുലഞ്ഞു. ആരാദ്യം വായ പൂട്ടുമെന്നറിയാതെ ഒരേ സമയം ഞങ്ങള്‍ കലപിലയായി. അസഹനീയമായ ജീവിത സാഹചര്യങ്ങളൊക്കെ നിസ്സാരമായി ഒന്നിച്ചു പുതുക്കപ്പെട്ടു. അപാരമായി ഹാസ്യം പറയുമായിരുന്നു അവള്‍. ശ്വാസകോശം പൊട്ടിത്തകരുമാറ് ഞങ്ങള്‍ പരിസരം മറന്നു അലറിചിരിച്ചിരുന്നു. തട്ടുതടവില്ലാത്ത ഭാഷയില്‍ അവള്‍ എല്ലാത്തിനെയും സുന്ദരമാക്കിയിരുന്നു. ശാസ്ത്ര വിഷയങ്ങളെ അതി മനോഹരമായി അവതരിപ്പിക്കാനും എഴുതാനും അവള്‍ക്കൊരു പ്രത്യേക കഴിവുണ്ടായിരുന്നു. തികച്ചും വ്യത്യസ്ത പഠന വകുപ്പുകളില്‍ ജോലി ചെയ്തിരുന്ന ഞങ്ങള്‍ വളരെ കൗതുകത്തോടെയാണ് അവ പങ്കിട്ടിരുന്നത്.
തിരോന്തോരത്തു ജനിച്ചു വളര്‍ന്നത് കൊണ്ട് തന്നെ, ഇവിടമവള്‍ക്കു അത്ര പരിചിതമായിരുന്നു. 'ജലാശുപത്രി'യെന്നല്ലാതെ ജനറല്‍ ഹോസ്പിറ്റലിനെ വിളിക്കാന്‍ പാടില്ലാത്രേ!
തിരോന്തോരത്തെ അമ്പലങ്ങളിലെ വൈബും പല തരം ചന്ദനക്കുറികളുടെ അലങ്കാരവും , അതിനു ശേഷം ഒന്നിച്ചുള്ള മസാല ദോശയും വടയും കാപ്പിയും എന്നെ നിരന്തരം കൊതിപ്പിച്ചു. മുടുക്ക്, ചെറകി വീഴല്‍, തന്നെ, വോ തുടങ്ങിയ വാക്കുകള്‍ എന്റെ നിഘണ്ടുവിലേക്ക് ഇടിച്ചു കയറി. വന്ന്, പഠിച്ച്, ചോദിച്ച്, പേടിച്ച്, ചെയ്ത് എന്നിങ്ങനെ സംസാര ഭാഷയിലെ മിക്ക വാചകങ്ങളും ഞാന്‍ ചന്ദ്രക്കലയിട്ട് അവസാനിപ്പിക്കാന്‍ തുടങ്ങി. അച്ചു തുടങ്ങി വെച്ച ഒരു തിരോന്തോരം പരിണാമ പ്രക്രിയ എന്നിലേക്ക് ബോധപൂര്‍വ്വമല്ലാതെ കയറിക്കൂടി.
അവളെന്നും കേരളത്തിനു പുറത്തു ജോലി ചെയ്യാന്‍ തീവ്രമായി ആഗ്രഹിച്ചിരുന്നു. പല സ്ഥലങ്ങളിലും ജോലിക്കായി അപേക്ഷിക്കുമ്പോഴും എന്നിലെ സ്വാര്‍ത്ഥമതി അവള്‍ക്കവിടെ ജോലി കിട്ടരുതേയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. പലതും ശരിയാകാതെ വന്നപ്പോള്‍ അവള്‍ നിരാശയാകുന്നത് നാളുകളോളം നേരില്‍ കണ്ടപ്പോള്‍, ഞാന്‍ അവളെ ഇനി മനസ്സാ 'ലെറ്റ് ഗോ' ചെയ്തു.
ഒടുവില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിനാണ് അച്ചു ചെന്നൈയിലേക്ക് ജോലിയുടെ ആവശ്യത്തിനായി ചേക്കേറിയത്.
പിന്നീടുള്ള കാലങ്ങളെല്ലാം ഞാന്‍ പ്രതിസന്ധി തരണം ചെയ്യല്‍ മോഡിലേക്കു തിരിഞ്ഞു. വിരഹമെന്നത് പ്രണയത്തിലോ പ്രണയ നഷ്ടത്തിലോ മാത്രമേയുണ്ടാവുള്ളുവെന്ന എന്റെ പൊതുധാരണ അടിമുടി അഴിഞ്ഞു വീണു. സൗഹൃദത്തിലും കടുത്ത വിരഹമുണ്ടാവാമെന്നുള്ള തിരിച്ചറിയല്‍ അങ്ങനെ ആദ്യമായി അനുഭവിക്കപ്പെട്ടു. എന്റെ പ്രഭാതങ്ങളും വൈകുന്നേരങ്ങളും ശൂന്യമായി. ഞങ്ങള്‍ ഇടയ്ക്കിടെ മണിക്കൂറുകളോളം കുത്തിയിരിക്കുന്ന ഇടത്താവളങ്ങളായ ചായക്കടകള്‍ എനിക്കന്യമായി. ഒന്നിച്ചു നനഞ്ഞ മഴക്കാലങ്ങളും തീ പോലത്തെ ഉഷ്ണക്കാറ്റും ഒരില പോലും അനങ്ങാത്ത ചില അന്തം വിട്ട നിമിഷങ്ങളും മരവിച്ചു നിന്നു. അവളിനി തിരുവനന്തോരത്തേക്കില്ലെന്നും ഒന്നിച്ചുള്ള ഓരോ ദിവസങ്ങളും ഓര്‍മ്മകള്‍ മാത്രമായെന്നും എന്നെത്തന്നെ വിശ്വസിപ്പിക്കാന്‍ ഞാന്‍ വല്ലാതെ പണിപ്പെട്ടു. അവളെന്നും കാത്തു നില്‍ക്കാറുണ്ടായിരുന്ന പട്ടം ബസ് സ്റ്റോപ്പ് എന്നെ കരയിച്ചു. ഉള്ളൂര്‍ -ശ്രീകാര്യം ട്രാഫിക് സിഗ്‌നലുകള്‍ പൊട്ടിച്ചിരികളില്ലാതെ, സ്‌പോട്ടിഫൈ ഗാനങ്ങളിലോ പോഡ് കാസ്റ്റുകളിലോ ബൗദ്ധികമൗനത്തിലായി. ഓരോ ദിവസത്തിലും എനിക്കൊരുപാടൊരുപാടു സമയം പൊടുന്നനെയുണ്ടായി വന്നു. അതൊരു സാധ്യതയായിരുന്നു. ഒറ്റയ്ക്കുള്ള ജീവിതം ഒന്നൂടെ പുതുക്കി ഡിസൈന്‍ ചെയ്യാനുള്ള അപാര സാധ്യത!
അച്ചു പോയ ഏകാന്തതയെ മനസ്സിലാക്കിയ അവളുടെ അടുത്ത സുഹൃത്തുക്കള്‍ പതിയെ കൂടുതലായി എന്നോടും അടുത്തു തുടങ്ങി. പുതിയ എഴുത്തുകള്‍, യാത്രകള്‍, മനുഷ്യര്‍, അനുഭവങ്ങള്‍ ഓരോന്നായി കടന്നു വന്നു കൊണ്ടിരുന്നു. പങ്കുവെക്കാനവളില്ലെങ്കിലും എല്ലാറ്റിനേയും ഉള്‍ക്കൊള്ളാനുള്ളൊരു ഗമണ്ടന്‍ സാഗരമാണെന്റെ മനസ്സെന്നു തിരിച്ചറിഞ്ഞു. അവരവരെ മനസ്സിലാക്കലാണ് ജീവിതത്തിന്റെ പരമമായ കൗതുകമെന്ന് രസം പിടിച്ചു. തിരോന്തോരം എല്ലാരേയും എന്തിനെയും ഉള്‍ക്കൊള്ളുന്നൊരിടമാണെന്ന് കണ്ടെത്തിക്കൊണ്ടിരുന്നു. നഗരത്തിന്റെ മുക്കും മൂലയും വളരെയധികം സ്‌നേഹത്തോടെ ഞാന്‍ നോക്കി നിന്നു.
അതെ, എന്റെ ജീവിതത്തിലെ ഈ സ്ത്രീക്ക് പകരമാവില്ലയൊന്നും. പക്ഷെ, ഓരോ ബന്ധങ്ങളും വെളിവാക്കുന്നത് അവരവരെത്തന്നെയാണ്. അവള്‍ പോയപ്പോഴാണ്, അവളിലൂടെ ഞാന്‍ കണ്ടത് ഇത് വരെ കാണാത്ത അറിയാത്ത എന്നെയാണെന്ന് അറിഞ്ഞത്. ജീവിതം ആഘോഷിക്കാനാവുന്ന, ധീരയായ, അലിവുള്ള, വിശാല മനസ്സുള്ള, ഉള്ളിലൊതുക്കിവെച്ചു ശീലിക്കേണ്ടതില്ലാത്ത, സത്യം പറയാനാവുന്ന, ആത്മവിശ്വാസമുള്ള, സ്വാതന്ത്രയായ, എന്തിനെയും മാറിനിന്നു കാണാനാവുന്ന, ഉള്‍ക്കൊള്ളാനാവുന്ന, അത്ര മോശമല്ലാത്ത ഞാന്‍! അങ്ങനെയങ്ങനെ പെണ്‍കൂട്ടുകളില്‍ ഞാന്‍ അതിഭയങ്കരമായി വിശ്വസിക്കാനും ആശ്വസിക്കാനും തുടങ്ങി.
ഉപാധികളോ പരിധികളോ ഉപചാരങ്ങളോ ഇല്ലാത്ത സ്ത്രീ ഒരു പൂര്‍ണ്ണ വൃത്തമാണ്.
പലതരം സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്ന ദിവസങ്ങളില്‍ വൈകുന്നേരം കണ്ടു പിരിയുമ്പോള്‍ അച്ചു പറയും 'ശരി, എങ്കില്‍ ഞാനിനി കുറച്ചു നേരം എന്‍റെ കൂടെ ഇരിക്കട്ടെ.'
അവള്‍ പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ എന്നോട് പറഞ്ഞു കൊണ്ടിരിക്കുന്നു ഇന്നും!
ഇനി ഞാനെന്‍റെയൊപ്പമിരിക്കട്ടെ കൂടുതല്‍ കൂടുതല്‍!
.....
എന്‍റെ ജീവിതത്തിലെ സ്ത്രീ. അത് അമ്മയാവാം, സഹോദരിയാവാം, കൂട്ടുകാരിയാവാം, സഹപ്രവര്‍ത്തകയാവാം, അപരിചിതരുമാവാം...ആരുമാകാം. ആ അനുഭവം എഴുതി അയക്കൂ. ഒപ്പം, ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സബ്ജക്ട് ലൈനില്‍ Woman in My Life എന്നെഴുതാന്‍ മറക്കരുത്. വിലാസം: submissions@asianetnews.in
