ഞാന്‍ കരഞ്ഞപ്പോള്‍ എന്റെ കൂടെ അവളും കരഞ്ഞു. ഞാന്‍ ചിരിച്ചപ്പോള്‍ അവളും ചിരിച്ചു. 

മെല്ലെ മെല്ലെ നടക്കാന്‍ തുടങ്ങിയ ഞാന്‍ നടക്കുമ്പോഴുള്ള പേടികൊണ്ടു പിന്‍വലിയുമ്പോള്‍ പിറകില്‍ നിന്നും ആത്മവിശ്വാസം തന്ന് അവള്‍ കൂടെ നിന്നു. അഞ്ച് മാസമോ ഒരു കൊല്ലമോ നടക്കാന്‍ എടുക്കും എന്നു പറഞ്ഞ ഡോക്ടറെയും മറ്റുള്ളവരെയും ഞെട്ടിച്ചു കൊണ്ട് ഞാന്‍ മൂന്നാം മാസം നടക്കാന്‍ ആരംഭിച്ചു. 

എന്റെ ജീവിതത്തിലെ സ്ത്രീ. ഈ മനോഹരമായ തലക്കെട്ട് കാണുമ്പോള്‍ എനിക്കോര്‍മ്മ വന്നത് എന്റെ സഹോദരിയെ ആണ്. അതെ ഞാന്‍ ഞാനായും എന്നിലെ ആത്മാവായും കണ്ണിലുണ്ണിയായും കാണുന്ന എന്റെ ആത്മാവിലെ സ്ത്രീ. ഒരേയൊരു സ്ത്രീ. ഞങ്ങള്‍ ഇരട്ടകള്‍ ആണ്. ഒരേ സമയം പിറന്നവര്‍. പക്ഷെ കാണാന്‍ ഒരുപോലെ അല്ല. 

അവളുമായുള്ള അനുഭവങ്ങള്‍ പങ്കു വെക്കുവാനാണെങ്കില്‍ അതൊന്നും എനിക്കു വാക്കുകളില്‍ നിര്‍ത്താനാകില്ല. എങ്കിലും മറക്കാനാവാത്ത കടുപ്പമേറിയ ഒരു അനുഭവo ഞാന്‍ പങ്കുവെക്കാം.

ഒക്ടോബര്‍ മാസം 15 -ന് വീടിനടുത്തു വെച്ച് എനിക്കൊരു ആക്സിഡന്റ് പറ്റി. കൂടെ അവളും ഉണ്ട്. നമ്മള്‍ ബൈക്കില്‍ ചുമ്മാ ഒന്ന് കറങ്ങാന്‍ ഇറങ്ങിയതായിരുന്നു. ചെറിയ അപകടം ആണെങ്കിലും ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ വലുതായി. കണങ്കാലില്‍ ആയിരുന്നു പരിക്ക്. പരിശോധിച്ച ഡോക്‌ടേഴ്‌സ് പറഞ്ഞത് ഞരമ്പ് പൊട്ടിയെന്നും പ്ലാസ്റ്റിക് സര്‍ജറി വേണ്ടി വരുമെന്നുമാണ്. 

അന്ന് എന്തോ അത്ര വലിയ പേടിയൊന്നും ഉണ്ടായിട്ടില്ല. അപ്പോഴും അവളെന്റെ കൂടെ ഉണ്ട്. അവള്‍ക്കാകട്ടെ കാര്യമായ പരിക്കുകള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. പിന്നീട് സര്‍ജറി കഴിഞ്ഞു. ഞരമ്പിന്റെ സര്‍ജറിക്കു വേണ്ടി കോഴിക്കോട് ബേബി ആശുപത്രിയില്‍ പോകേണ്ടി വന്നു. അവിടെ 20 ദിവസം കിടന്നു. അന്നും അവളെന്റെ കൂടെ ഉണ്ട്. 

ചുരുക്കിപ്പറഞ്ഞാല്‍, ഇതാണ് സംഭവം പക്ഷെ, ഇതിലെനിക്ക് എടുത്തു പറയാന്‍ ഒരു കാര്യമുണ്ട്, ഞാന്‍ അവളോട് എന്നും ചോദിക്കുമായിരുന്നു, എനിക്ക് എന്തെങ്കിലും പറ്റിയാല്‍ എന്നെയൊക്കെ ആരാണ് നോക്കുക എന്ന്. അന്നൊക്കെ അവള്‍ ഉത്തരമില്ലാതെ മൂളുമായിരുന്നു. 

എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരമായിരുന്നു എന്റെ ആക്സിഡന്റ്. അനങ്ങുവാന്‍ പോലും പറ്റാത്ത അവസ്ഥ. കാല്‍ മുഴുവന്‍ കെട്ടി ചുറ്റി കിടപ്പുരോഗിയെ പോലെ രണ്ട് മാസം മുഴുവന്‍ കിടത്തം.

ഞാന്‍ കരഞ്ഞപ്പോള്‍ എന്റെ കൂടെ അവളും കരഞ്ഞു. ഞാന്‍ ചിരിച്ചപ്പോള്‍ അവളും ചിരിച്ചു. സര്‍ജറിക്കു ശേഷമുള്ള എന്റെ ഓരോ മാറ്റത്തിലും എന്നേക്കാള്‍ തിളക്കവും സന്തോഷവും അവള്‍ക്കാണെന്നു തോന്നി. എന്റെ എല്ലാ കാര്യങ്ങളും ഒരു മടിയും കൂടാതെ അവള്‍ ചെയ്തു. ചിലപ്പോള്‍ ഞാന്‍ കാണാതെ കണ്ണുനീര്‍തുള്ളി തുടച്ചുകൊണ്ട് എന്നെ പരിചരിച്ചു. 

മെല്ലെ മെല്ലെ നടക്കാന്‍ തുടങ്ങിയ ഞാന്‍ നടക്കുമ്പോഴുള്ള പേടികൊണ്ടു പിന്‍വലിയുമ്പോള്‍ പിറകില്‍ നിന്നും ആത്മവിശ്വാസം തന്ന് അവള്‍ കൂടെ നിന്നു. അഞ്ച് മാസമോ ഒരു കൊല്ലമോ നടക്കാന്‍ എടുക്കും എന്നു പറഞ്ഞ ഡോക്ടറെയും മറ്റുള്ളവരെയും ഞെട്ടിച്ചു കൊണ്ട് ഞാന്‍ മൂന്നാം മാസം നടക്കാന്‍ ആരംഭിച്ചു. 

എന്റെ പിറകില്‍ നിന്ന് ചരട് വലിച്ചത് അവളാണ്. ഞാന്‍ നടന്നു കണ്ടപ്പോള്‍ ആനന്ദക്കണ്ണീര്‍ കണ്ടതും ആ കണ്ണിലാണ്. അവളൊരു വേദനയും അനുഭവിച്ചിട്ടില്ല. പക്ഷെ, എന്റെ വേദനകള്‍ ഒക്കെ അവളും കൂടി അനുഭവിക്കുകയായിരുന്നു അന്ന്. 

മുറിപ്പാടുകള്‍ ശരീരത്തില്‍ ഇപ്പോഴും തെളിഞ്ഞു കാണുമെങ്കിലും മനസ്സിലെ മുറിവുകള്‍ ഞങ്ങള്‍ രണ്ടുപേരും ഉണക്കി കഴിഞ്ഞു.