മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ, യുഎസ് ദൗത്യസംഘം വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മദൂറോയെ പിടികൂടി. ട്രംപിന്‍റെ ഉപദേഷ്ടാവ് സ്റ്റീഫൻ മില്ലറുടെ 'ട്രംപിയൻ നയം' പ്രകാരം നടന്ന ഈ സൈനിക നടപടി, യുഎസ് അധിനിവേശങ്ങൾ തുടരുകയാണന്ന ആശങ്ക ഉയർത്തുന്നു. 

മാസങ്ങൾ നീണ്ട നിരീക്ഷണം, സിഐഎ നേരത്തെ തന്നെ വെനിസ്വേലയിൽ താവളമുറപ്പിച്ചിരുന്നു. പ്രസി‍ഡന്‍റ് അതിലൊരു സൂചനയും നൽകിയിരുന്നു. മദൂറോയെ 24 മണിക്കൂറും നിരീക്ഷിച്ച് കാര്യങ്ങൾ അറിയിക്കാൻ സർക്കാരിനുള്ളിലെ ചാരനുമുണ്ടായിരുന്നു. മദൂറോയുടെ വീടിന്‍റെ അതേ അളവിലൊരു മാതൃക വരെ തയ്യാറാക്കിയായിരുന്നു പരിശീലനം.

150 വിമാനങ്ങൾ, ബോംബറുകളും യുദ്ധ വിമാനങ്ങളും ഉൾപ്പടെ. അർദ്ധരാത്രി കഴിഞ്ഞപ്പോൾ ഓപ്പറേഷൻ തുടങ്ങി. ഒരേസമയം പലയിടത്ത് ആക്രമണം. താഴ്ന്ന് പറക്കുന്ന വിമാനങ്ങൾ ജനങ്ങൾ കണ്ടു. മദൂറോയുടെ വസതിയിൽ അമേരിക്കൻ ദൗത്യസംഘത്തെ എതിരേറ്റത് വെടിയുണ്ടകളാണ്. കതകുകൾ തകർത്തു, സ്റ്റീൽ വാതിലുകൾ ഉൾപ്പടെ. അതീവസുരക്ഷാ മുറിയിലേക്ക് മദൂറോ കയറും മുമ്പ് സംഘം പിടികൂടി. 2 മണിക്ക് തുടങ്ങിയ ദൗത്യം വളരെ പെട്ടെന്ന് അവസാനിച്ചു. 4 മണിയായപ്പോഴേക്ക് അമേരിക്കൻ വിമാനങ്ങൾ മദൂറോയെയും ഭാര്യയെയും കൊണ്ട് പറന്നുയർന്നു കഴിഞ്ഞിരുന്നു. പ്രസിഡന്‍റ് വൈറ്റ് ഹൗസിലിരുന്നല്ല ലൈവ് കണ്ടത്. മാരാലാഗോയിലാണ്. പലരും അനുകരിക്കാൻ ശ്രമിച്ചേക്കാവുന്ന ഒരു കീഴ്വഴക്കത്തിന് തുടക്കമിട്ടിരിക്കുന്നുവെന്ന ആശങ്ക ശക്തമാണ്. അമേരിക്ക ഒരു ഏകാധിപത്യ മാതൃകയാവുന്നുവെന്നും.

സ്റ്റീഫൻ മില്ലർ

സ്റ്റീഫൻ മില്ലർ, മാധ്യമ ശ്രദ്ധയിലേക്കോ ലോക ശ്രദ്ധയിലേക്കോ അധികം വരാത്ത ഒരാൾ. അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാക്കളിൽ ഒരാളാണ്. പക്ഷേ, ഏറ്റവും ശക്തരിൽ ഒരാളും. തീവ്രവലതുപക്ഷ വാദി. അനധികൃത കുടിയേറ്റക്കാരെ വേട്ടയാടാൻ ICE ഉദ്യോഗസ്ഥരെ വിട്ടതും പിടികൂടിയവരെ ചങ്ങലയിട്ട് പൂട്ടി, കൊടുംകുറ്റവാളികളെ പോലെ നാടുകടത്തിയതും സ്റ്റീഫൻ മില്ലറിന്‍റെ നയമാണ്. വെനിസ്വേലൻ നടപടിയോടെ സ്റ്റീഫൻ മില്ലർ ഒരിക്കൽ കൂടി ശ്രദ്ധിക്കപ്പെടുകയാണ്.

ട്രംപിന്‍റെ വിശ്വസ്തനാണ് സ്റ്റീഫൻ മില്ലർ. വിവിധ വകുപ്പുകൾ തമ്മിലെ നയ ഏകോപന ചുമതല മില്ലറിനാണ്. വെനിസ്വേല, ട്രംപ് മില്ലറിനെയോ റൂബിയെയോ ഏൽപ്പിക്കാൻ പോകുന്നുവെന്നാണ് നിഗമനം. വെനിസ്വേല ഇനി അമേരിക്ക നിയന്ത്രിക്കുമെന്ന് ട്രംപും മില്ലറും പറഞ്ഞു കഴിഞ്ഞു. എണ്ണസമ്പത്ത് തന്നെയാണ് അതിന്‍റെ കാതൽ.

ട്രംപിയൻ നയം

മില്ലറാണ് അമേരിക്കയുടെ പുതിയ നയം, 'ട്രംപിയൻ നയം' (Trumpian policy) പ്രഖ്യാപിച്ചിരിക്കുന്നത്, ശക്തി, ബലം, അധികാരം (Strength, Force and Power). ഇന്നത്തെ ലോകത്തെ നിയമങ്ങൾ അതാണ്. അതാണ് അമേരിക്കയുടെ നയം. ശക്തിയാണിന്ന് ഭരിക്കുന്നത്. അതിനെ ഭരിക്കുന്നത് ബലം. അതിനെ ഭരിക്കുന്നത് അധികാരം എന്ന് ചുരുക്കം. അമേരിക്ക സൂപ്പർ പവറാണ്. ട്രംപിന്‍റെ ഭരണ കാലത്ത്, സൂപ്പർ പവറായി തന്നെ നമ്മൾ പെരുമാറുമെന്നും മില്ലർ മുമ്പ് പറഞ്ഞ‌ിട്ടുണ്ട്.

ട്രംപ് സംഘത്തിലെ തീവ്രവലത് തീപ്പൊരിയായിരുന്ന സ്റ്റീവ് ബാനണിന്‍റെ സംഘത്തിനൊപ്പം തുടക്കമിട്ട മില്ലർ. പിന്നീട് ട്രംപ് സംഘത്തിലെത്തി. യാത്രാനിരോധനം, ജന്മാവകാശ പൌരത്വം നിഷേധിക്കൽ, ബിഗ് ബ്യൂട്ടിഫുൾ ബിൽ, എല്ലാം മില്ലറിന്‍റെ സംഭാവനയാണ്. 

ട്രംപിന്‍റെ തന്നെ പഴയ ചില വാചകങ്ങൾ മാധ്യമങ്ങൾ ഓർമ്മിച്ചെടുക്കുന്നു. ക്യൂബയെ ബോംബിട്ട് തകർത്തിരുന്നെങ്കിൽ കാസ്ട്രോ എന്നൊരാൾ ഉണ്ടാവില്ലായിരുന്നുവെന്ന് പറഞ്ഞത് 1999 -ൽ പ്രസിഡന്‍റ് സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചപ്പോഴാണ്. മാനുവൽ നൊറിയേഗയെ കടത്തിയതിനെയും ട്രംപ് പിന്തുണച്ചു. അന്നേ ചിന്താഗതി ഇതായിരുന്നുവെന്ന് വ്യക്തം.

വെനിസ്വേല ഒരു തുടക്കം മാത്രം

വെനിസ്വേലയിൽ തീരില്ല നടപടികളെന്നാണ് ഇപ്പോഴത്തെ ഭീഷണി. ഗ്രീൻലൻഡ്, മെക്സിക്കോ, കൊളംബിയ, ക്യൂബ, ഇറാൻ ഇവക്കെല്ലാമെതിരെ ട്രംപും സംഘവും ഭീഷണി മുഴക്കിക്കഴിഞ്ഞു. പടിഞ്ഞാറൻ ഗോളാർദ്ധത്തിൽ അമേരിക്കയുടെ സർവാധിപത്യമെന്ന് വിദേശകാര്യ വകുപ്പിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ട് പ്രഖ്യാപിക്കുന്നു. കാനഡയും പാനമ കനാലും നേരത്തെ തന്നെ റഡാറിലുണ്ട്.

നിരീക്ഷകർ അമേരിക്കയുടെ ചരിത്രം ഓ‌ർമ്മിപ്പിക്കുന്നു. അധിനിവേശത്തിന്‍റെയും ഭരണ അട്ടിമറികളുടെയും ചരിത്രം. അതിലേക്കുള്ള പ്രകടമായ തിരിച്ചു പോക്കായി ട്രംപിന്‍റെ വെനിസ്വേല അധിനിവേശത്തെ പലരും കാണുന്നു. ഇത്തരമൊരു നടപടിക്ക് സാധാരണഗതിയിൽ കോൺഗ്രസിന്‍റെ അനുമതി വേണം. അതുണ്ടായില്ല. 'അമേരിക്ക ഫസ്റ്റ്' എന്ന നയത്തിൽ നിന്നുള്ള മാറ്റം നേരത്തെ കണ്ടുതുടങ്ങിയിരുന്നുവെന്ന് ഒരു പക്ഷമുണ്ട്. ഇറാനിലും ഇറാഖിലും സിറിയയിലും സൊമാലിയയും നൈജീരിയയിലും യെമനിലും നടത്തിയ ആക്രമണങ്ങൾ ഉദാഹരണമായി ഉന്നയിക്കുന്നു ഈ പക്ഷം.

പടിഞ്ഞാറിന്‍റെ അധികാരി

പക്ഷേ, അങ്ങനെയല്ല. അമേരിക്ക മാത്രമാണ് ട്രംപിന്‍റെ മുന്നിലെന്ന് മറ്റൊരു പക്ഷം വാദിക്കുന്നു. അതിന്‍റെ നിർവചനം മാത്രമാണ് മാറിയതെന്നും. പടിഞ്ഞാറൻ ഗോളാർദ്ധത്തിലെ തന്നെ വൻശക്തിയാകുക. അമേരിക്കയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമെങ്കിൽ സർക്കാരുകളെ അട്ടിമറിക്കാം. നേതാക്കളെ പുറത്താക്കാം. പഴയ അമേരിക്കൻ തന്ത്രങ്ങളിലേക്കുള്ള തിരിച്ചുപോക്ക്. അത് വിജയിച്ചാൽ പ്രസിഡന്‍റിന് അഭിമാനിക്കാം. പക്ഷേ, ഇറാഖ്, അഫ്ഗാനിസ്ഥാൻ, ലിബിയ യുദ്ധങ്ങൾ അമേരിക്കൻ ജനതയുടെ ഓർമ്മയിൽ നിന്ന് മാ‌ഞ്ഞിട്ടില്ല. അതിന്‍റെയൊക്കെ പ്രത്യാഘാതങ്ങളും. തലയൂരാൻ പറ്റാത്ത നീർച്ചുഴിയായിരുന്നു അതെല്ലാം. വെനിസ്വേലയിൽ അതാവർത്തിക്കാൻ എളുപ്പമാണ്.

വെനിസ്വേല എന്ന വെടിമരുന്ന്

എന്തിനും മടിക്കാത്ത സുരക്ഷാ സൈനികർ, ക്രിമിനൽ സംഘങ്ങൾ, പൗരൻമാരുടെ തന്നെ സായുധ സംഘങ്ങൾ, സർവസ്വാതന്ത്ര്യമുണ്ടായിരുന്ന ഉദ്യോഗസ്ഥ വിഭാഗം, മദൂറോയുടെ സ്വന്തം അനുയായികൾ, ഒരു ഇപ്ലോഷന് വേണ്ടുന്നതെല്ലാമുണ്ട് രാജ്യത്ത്. അപകടകരമായി പലരും എടുത്തു പറയുന്നത്, പ്രസിഡന്‍റ് ഇതൊന്നും തിരിച്ചറിയാത്തതാണ്. സർവശക്തനെന്ന് വിശേഷിപ്പിക്കാനും ആഘോഷിക്കാനും ചുറ്റും ഒരു പാടുപേർ. സത്യം പറയാനാരുമില്ല. അമേരിക്ക ഭരിക്കുമെന്ന് പറയുമ്പോൾ, അതെങ്ങനെയെന്ന് പ്രസിഡന്‍റ് പറയുന്നില്ല. എണ്ണക്കമ്പനികൾ പണം ചെലവാക്കും. അവർ നോക്കിക്കോളും എന്നൊക്കെയാണ് വിശദീകരണം.

ആശ്വാസമായുള്ളത്, ഒരു സർക്കാർ ഇപ്പോഴും നിലവിലുണ്ട് എന്നതാണ്. ഇറാഖിലേത് പോലെ സർക്കാരിനെ അമേരിക്ക താഴെയിറക്കിയില്ല. ഡമോക്രാറ്റുകൾ ഇതെല്ലാം എതിർക്കുന്നുണ്ട്. ഭരണഘടനയുടെ പരാജയം, കോൺഗ്രസിനെ അറിയിച്ചില്ല, അധികാര ദുർവിനിയോഗം എന്നൊക്കെ പറയുന്നുണ്ട്. പക്ഷേ, അതിനപ്പുറം 'ജനാധിപത്യത്തിന്‍റെ കാവലാളെ'ന്ന് അഭിമാനിക്കുന്ന രാജ്യത്ത് മറ്റൊന്നും സംഭവിച്ചിട്ടില്ല. 30 മുതൽ 50 മില്യൻ വരെ ബാരൽ എണ്ണ വെനിസ്വേല അമേരിക്കക്ക് നൽകാനാണ് ഇപ്പോൾ ധാരണയുണ്ടായിരിക്കുന്നത്. അതിൽ നിന്നുള്ള ലാഭം രണ്ട് രാജ്യത്തെയും ജനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുമെന്നും.

യുഎസിന്‍റെ ന്യായങ്ങൾ

നിക്കോളാസ് മദൂറോയെ കടത്തിക്കൊണ്ടുപോയതിന് നിയമസാധുതയുണ്ടാക്കാം അമേരിക്കൻ സർക്കാരിനെന്ന് വിദഗ്ധ പക്ഷം. 'പ്രതിലോമപരമായ സമ്മതം' (Retrospective consent) എന്നാണതിന് പേര്. പെട്ടെന്ന് തന്നെ ഇടക്കാല സർക്കാരിന് രൂപം നൽകുക, ഈ സർക്കാർ അമേരിക്കൻ നടപടി അംഗീകരിച്ചാൽ നിയമസാധുത കിട്ടും. അതുമാത്രമല്ല, വേറെയും ചില പഴുതുകൾ തയ്യാറാക്കി വച്ചിരുന്നു അമേരിക്ക. വാദിച്ചു ജയിക്കാൻ വേണമെങ്കിൽ ഉപയോഗിക്കാവുന്ന ചില പഴുതുകൾ. മദൂറോയുടെ തലയ്ക്ക് വിലയിട്ടിരുന്നു അമേരിക്ക. അതുകൊണ്ട് തട്ടിക്കൊണ്ട് പോകൽ യുദ്ധമുറയായി വ്യാഖ്യാനിക്കാം. മദൂറോയെ നാർകോ ഭീകര സംഘടനയുടെ നേതാക്കളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരുന്നത്. പ്രസിഡന്‍റുമാരുടെ പട്ടികയിലല്ല. അതോടെ അമേരിക്കയെ സംബന്ധിച്ച്, മദൂറോയ്ക്ക് നയതന്ത്ര പരിരക്ഷയില്ല.