അന്നെന്‍റെ കുടുംബമോ ഭര്‍ത്താവോ കൂടെ ഉണ്ടായിരുന്നില്ല. അപ്രതീക്ഷിത ഗര്‍ഭം ആയതിനാല്‍  ഞാന്‍ കടുത്ത വിഷാദത്തിലായി. അത് എന്‍റെ ആരോഗ്യത്തെയും പഠനത്തെയും ബാധിച്ചു. 'എന്‍റെ ജീവിതത്തിലെ സ്ത്രീ' പ്രിയ ലക്ഷ്മണന്‍ എഴുതുന്നു

ഇന്ന് എന്‍റെ മകള്‍ക്ക് ഒരു പ്രത്യേക ആത്മബന്ധം ഉണ്ട് അവളോട്, അവള്‍ക്ക് തിരിച്ചും. അകലെയാണെങ്കിലും അവള്‍ ഇപ്പോഴും എന്നോടൊപ്പമുണ്ട്, ഒരു സന്ദേശമോ വിളിപ്പുറത്തോ അകലെ.

ന്‍റെ ജീവിതം മിക്കപ്പോഴും ഹോസ്റ്റലുകളെ ചുറ്റിപ്പറ്റിയായിരുന്നു. അതിനാല്‍, അനേകം മനുഷ്യര്‍ ജീവിതത്തിലേക്ക് കടന്നു വന്നിട്ടുണ്ട്. എങ്കിലും, മറ്റ് പെണ്‍കുട്ടികളെപ്പോലെ, എന്‍റെ അമ്മ തന്നെയാണ് എന്‍റെ ശക്തിയും മാതൃകയും. അതുപോലെ വേറെയുമുണ്ട് സ്ത്രീകള്‍ - സഹോദരിമാര്‍, ബന്ധുമിത്രാദികള്‍, ചെറുപ്പം മുതല്‍ ഉള്ള കൂട്ടുകാരികള്‍ എന്നിങ്ങനെ പലരും. എന്നാല്‍, ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്ന സ്ത്രീ മുകളില്‍ പറഞ്ഞവരില്‍ ആരുമല്ല.

അവള്‍ എന്‍റെ ഉറ്റ സുഹൃത്ത്. 14 വര്‍ഷമായി അവള്‍ എന്‍റെ ജീവിതത്തിലുണ്ട്. ഞങ്ങളുടെ ആദ്യ ജോലിസ്ഥലത്ത് നിന്നാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. ഒരേ സ്ഥാപനത്തില്‍ ഒരേ തസ്തികയില്‍ എന്നാല്‍ തൊട്ടടുത്ത കെട്ടിടങ്ങളില്‍ ജോലി ചെയ്തു. ഒരേ ഹോസ്റ്റലില്‍ താമസിച്ചു. ദിവസവും രാവിലെയും വൈകുന്നേരവും ഒരുമിച്ച് ജോലി സ്ഥലത്തേക്ക് നടന്നു. പിന്നീട് പഠനത്തിലേക്ക് തിരിഞ്ഞപ്പോള്‍ ഞങ്ങള്‍ മറ്റൊരു ഹോസ്റ്റലില്‍ ഒരേ നിലയില്‍ വ്യത്യസ്ത മുറികളില്‍ താമസിച്ചു, ഒരു വിളിപ്പുറം അകലെ. 

ഞാന്‍ ഗര്‍ഭിണി ആയതിന് ശേഷമാണ് ഞങ്ങള്‍ കൂടുതല്‍ അടുപ്പത്തിലായത്. അന്നെന്‍റെ കുടുംബമോ ഭര്‍ത്താവോ കൂടെ ഉണ്ടായിരുന്നില്ല. അപ്രതീക്ഷിത ഗര്‍ഭം ആയതിനാല്‍ ഞാന്‍ കടുത്ത വിഷാദത്തിലായി. അത് എന്‍റെ ആരോഗ്യത്തെയും പഠനത്തെയും ബാധിച്ചു. എന്‍റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും 8 മാസം എന്നെ പരിചരിക്കുകയും ചെയ്തത് അവളായിരുന്നു. വിഷാദത്തില്‍ നിന്ന് എന്നെ കൈപിടിച്ച് കയറ്റിയതും അവളായിരുന്നു. ഞാന്‍ ഹോസ്റ്റലില്‍ നിന്ന് പ്രസവത്തിന് വീട്ടില്‍ പോകുന്നത് വരെ അവള്‍ എന്നോടൊപ്പം ഉണ്ടാകുമെന്ന് എനിക്ക് വാക്ക് തന്നിരുന്നു, ആ വാക്ക് അവള്‍ പാലിക്കുകയും ചെയ്തു. എനിക്ക് ഗര്‍ഭഛിദ്രം സംഭവിക്കാന്‍ സാധ്യത ഉണ്ടായിരുന്നു. ഒന്നര മാസത്തേക്ക് പൂര്‍ണ്ണ ബെഡ് റെസ്റ്റ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. അപ്പോഴൊക്കെ അവള്‍ എനിക്ക് ഭക്ഷണം കൊണ്ടുവന്നു തന്നു, മരുന്ന് വാങ്ങിത്തന്നു. എന്നെ ആശുപത്രിയില്‍ കൊണ്ടുപോയി, ഇന്‍ജക്ഷന്‍ എടുപ്പിച്ചു. എന്‍റെ വസ്ത്രങ്ങള്‍ കഴുകി ഉണക്കി മടക്കി കൊണ്ടു തന്നു, സാധനങ്ങള്‍ വാങ്ങി തന്നു. അങ്ങനെ പലതും.

രാവിലെ ഉണര്‍ന്ന ഉടനെ, ഞാന്‍ ഉണര്‍ന്നോ എന്ന് നോക്കാന്‍ അവള്‍ വിളിക്കും. ഞങ്ങള്‍ പഠനത്തിന് ചേര്‍ന്നതിനാല്‍, ധാരാളം പഠിക്കാന്‍ ഉണ്ടായിരുന്നു. അവള്‍ എന്‍റെ പുസ്തകങ്ങള്‍ കൊണ്ടുവന്നു തന്നു. മനസ്സിന് സ്വസ്ഥത നല്‍കാന്‍ അവള്‍ സിനിമകളും പാട്ടുകളും ലാപ്‌ടോപ്പില്‍ ആക്കിത്തന്നു. രാത്രി ഞാന്‍ അവള്‍ക്ക് ഗുഡ്‌നൈറ്റ് പറഞ്ഞു കഴിയുമ്പോള്‍ അവള്‍ ഉറങ്ങും. അതൊരു നിത്യസംഭവമായി മാറി. 

ഞാന്‍ വിശ്രമത്തിന് വിരാമം ഇട്ടു എഴുന്നേറ്റ് നടന്നു തുടങ്ങിയപ്പോള്‍ തൊട്ട്, രാവിലെ അവള്‍ മുറിയിലേക്ക് വരും. ഞങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ട് ഡിപ്പാര്‍ട്‌മെന്‍റിലേക്ക് നടക്കും. ഒരുമിച്ച് ഉച്ചഭക്ഷണത്തിന് ഹോസ്റ്റലില്‍ വന്നു തിരിച്ചു പോകും. വൈകിട്ട് ഞങ്ങള്‍ ഒരുമിച്ച് ഹോസ്റ്റലിലേക്ക് നടന്നു വരും. ബസില്‍ കയറി മറ്റുള്ളവര്‍ എന്നെ തള്ളുന്നത് കണ്ടതില്‍ പിന്നെയായിരുന്നു അവള്‍ എന്‍റെ കൂടെ നടക്കാന്‍ തുടങ്ങിയത്, അവള്‍ക്ക് സൈക്കിള്‍ ഉണ്ടായിരുന്നെങ്കിലും. അത്താഴത്തിന് ശേഷം, ഞങ്ങള്‍ ഞങ്ങളുടെ മുറികളിലേക്ക് മടങ്ങും, അതോടെ ഞങ്ങളുടെ ഒരു ദിവസം അവസാനിക്കും.

ആരെങ്കിലും എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയിട്ട് മാത്രമേ, അവള്‍ക്ക് വീട്ടിലേക്ക് പോകേണ്ടി വന്നാല്‍ പോകുകയുള്ളൂ. എന്നെ അറിയുന്ന എല്ലാവരോടും ദിവസവും എന്നെ വന്നു നോക്കാന്‍ അവള്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ മിക്കപ്പോഴും ഒരുമിച്ചായിരുന്നു. അവളെ പരിഭ്രാന്തിയിലാക്കിയ രണ്ട് സംഭവങ്ങള്‍ ആയിരുന്നു എനിക്ക് അതിസാരം വന്നതും, ഒരു കുരങ്ങന്‍ എന്നെ ഓടിച്ചതും. അതിന് ശേഷം അവള്‍ എന്നെ ഒറ്റയ്ക്ക് എവിടെയും പോകാന്‍ അനുവദിച്ചിരുന്നില്ല.

സംഗീത കച്ചേരികള്‍, ബീച്ചുകള്‍, ക്ഷേത്രങ്ങള്‍, ചാക്യാര്‍ കൂത്ത് എന്നിവയൊക്കെ എനിക്ക് വളരെ ഇഷ്ടമുള്ളവയായത് കൊണ്ട് ഇവിടെ ഒക്കെ അവള്‍ എനിക്കൊപ്പം വന്നിരുന്നു. അന്ന് ഭൂമിയില്‍ ഞാന്‍ ആരുടെ കൂടെ ആയിരുന്നെങ്കിലും ഇത്രയും സന്തോഷവതിയാകില്ലായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്. എല്ലാവരും പറയുന്നതുപോലെ, 'ഒരു ഗര്‍ഭിണി തന്‍റെ ഗര്‍ഭകാലത്ത് തന്നെ പരിപാലിച്ച ഒരാളെ എന്നും ഓര്‍ക്കും'

ദൈവം എന്‍റെ അടുക്കല്‍ അയച്ച മാലാഖയായിരുന്നു അവള്‍. എന്‍റെ പ്രസവത്തിന്‍റെ തലേദിവസം രാത്രി, എനിക്ക് ഉറക്കം വന്നില്ല. ഞാന്‍ വീട്ടിലും അവള്‍ ദൂരെ ഞങ്ങളുടെ ഹോസ്റ്റലിലും ആയിരുന്നു. രാത്രി 10 മണി മുതല്‍ ഞാന്‍ അവള്‍ക്ക് ഫോണില്‍ സന്ദേശം അയയ്ക്കാന്‍ തുടങ്ങി, ഭയമാകുന്നു എന്നും പറഞ്ഞിട്ട്. ഞാന്‍ ഉറങ്ങിയതിന് ശേഷം മാത്രമേ ഉറങ്ങൂ എന്ന് അവള്‍ എന്നോട് പറഞ്ഞു, ആ സംഭാഷണം പുലര്‍ച്ചെ ഒരു മണിക്ക് മാത്രമേ അവസാനിച്ചുള്ളൂ. മറ്റാരെക്കാളും നന്നായി എന്നെ മനസ്സിലാക്കിയ, എന്നോടൊപ്പം നിന്ന സ്ത്രീയാണ് അവള്‍. എന്‍റെ മകള്‍ക്ക് ഒരു പ്രത്യേക ആത്മബന്ധം ഉണ്ട് അവളോട്, അവള്‍ക്ക് തിരിച്ചും. അകലെയാണെങ്കിലും അവള്‍ ഇപ്പോഴും എന്നോടൊപ്പമുണ്ട്, ഒരു സന്ദേശമോ വിളിപ്പുറത്തോ അകലെ.

എന്‍റെ ജീവിതത്തിലെ സ്ത്രീ  കൂടുതല്‍ എഴുത്തുകൾ വായിക്കാം.