ട്രംപിന്‍റെ താരിഫുകൾ മറ്റ് ലോകരാജ്യങ്ങളെ പുതിയൊരു  ലോകക്രമത്തിനായുള്ള അന്വേഷണങ്ങൾക്ക് പ്രേരിപ്പിച്ച് തുടങ്ങിയിരിക്കുന്നു. ഈ സാധ്യതകളെ മുന്നില്‍ കണ്ടാണ് ഷിയുടെ കരുനീക്കങ്ങൾ. ലോക നേതാവാകാനുള്ള ഷിയുടെ ചരട് വലികൾ വായിക്കാം ലോകജാലകം. 

ചൈന, റഷ്യ, വടക്കൻ കൊറിയ. ഒരേ അതിർത്തി പങ്കിടുന്ന മൂന്ന് രാജ്യങ്ങൾ. മൂന്ന് കൂട്ടരുടെയും പ്രതിഛായ മൂന്ന് തരത്തിലാണ്. പക്ഷേ, കണ്ണിലെ കരടായും ചിലപ്പോൾ ഭീഷണിയായും പടിഞ്ഞാറ് ഇവരെ കാണുന്നു. പടിഞ്ഞാറൻ വിരുദ്ധത മറുപക്ഷത്തുമുണ്ട്. അതാണ് ഇവർ തമ്മിലെ സഖ്യത്തിന്‍റെ അടിസ്ഥാനം തന്നെ. ഇവർ പരസ്പര സഹായ സഹകരണ സംഘവുമാണ്. ചില സഹായങ്ങളിൽ ചൈനക്ക് അത്ര താൽപര്യമില്ലെങ്കിലും. നിലവിൽ ലോകക്രമം മാറുകയാണെന്ന സൂചന ശക്തമാവുന്ന സാഹചര്യമാണ്. സഖ്യത്തിന്‍റെ ശക്തിപ്രകടനത്തിന് പറ്റിയ സമയമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷീയും തീരുമാനിച്ച് കാണണം. അതാവണം റഷ്യൻ, വടക്കൻ കൊറിയൻ നേതാക്കളെ സൈനിക പരേഡിലെ അതിഥികളായി ക്ഷണിച്ചതും. കല്ലുകടികൾ തൽക്കാലത്തേക്ക് മാറ്റിവച്ചുവെന്നേ വിചാരിക്കാൻ പറ്റൂ.

ക്ഷണിക്കപ്പെട്ട അതിഥികൾ

സെപ്തംബർ മൂന്നിനാണ് സൈനിക പരേഡ്. ലോക മഹായുദ്ധത്തിൽ ജപ്പാൻ കീഴടങ്ങി, ചൈനീസ് മേഖലയിൽ നിന്ന് പിൻമാറിയതിന്‍റെ എൺപതാം വാർഷികം. ഇടയിൽ ചില ഇഷ്ടക്കേടുകളുണ്ടെങ്കിലും ക്ഷണിക്കപ്പെട്ട അതിഥികൾ വ്ലദീമീർ പുടിനും കിം ജോങ് ഉന്നും. പക്ഷേ, അതൊക്കെ മാറ്റിവച്ച് പുടിനെയും കിമ്മിനെയും ഷീ ക്ഷണിച്ചത് അമേരിക്കയ്ക്ക് നേരെയുള്ള ഒരു വെല്ലുവിളിയാണ്, പ്രഖ്യാപനവും. യുക്രൈയ്ൻ യുദ്ധത്തിൽ റഷ്യയുമായി അമേരിക്കൻ പ്രസിഡന്‍റ് നടത്തിയ ചർച്ചകൾ ഇതുവരെ ഫലം കണ്ടില്ല. റഷ്യ - ചൈന സൗഹൃദം തള്ളിക്കളഞ്ഞ് ഷീയെ ഒഴിവാക്കിയായിരുന്നു ചർച്ചകൾ. ലോകക്രമത്തിൽ സ്വന്തം സ്ഥാനം ഉറപ്പിക്കാൻ, അതും നേതൃസ്ഥാനം ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ് ഷീ.

(വ്ലാദിമിര്‍ പുടിനും ഷി ജിന്‍ പിങും)

യൂറോപ്പുമായി ചില ധാരണകൾ, ഗാസ യുദ്ധം അവസാനിപ്പിക്കാൻ നിർദ്ദേശങ്ങൾ ഒക്കെയുണ്ടായി. പക്ഷേ, അതൊന്നും ആരും ഏറ്റെടുത്തില്ല. യൂറോപ്പ് ഒരു പരിധി വിട്ട് ചൈനയെ അടുപ്പിക്കില്ല. ഗാസ, യുക്രൈയ്ൻ ചർച്ചകളിൽ പങ്കാളിയുമാക്കില്ല. അമേരിക്കൻ പ്രസിഡന്‍റ് സ്വന്തം പ്രതിഛായയും നൊബേൽ സമ്മാനവും ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. അതിൽ മറ്റാരുടെയും ഇടപെടലിൽ താൽപര്യവുമില്ല. യുക്രൈയ്ൻ പ്രസിഡന്‍റ് സെലൻസ്കിയും യൂറോപ്പും ട്രംപുമായാണ് ചർച്ചകൾ നടത്തുന്നത്. ഗാസയിലും മുറവിളി ഉയരുന്നത് ട്രംപിൽ പ്രതീക്ഷയർപ്പിച്ചാണ്. ചൈനയുടെ സ്ഥാനം പിന്നോട്ട് പിന്നോട്ടാകുന്നത് കണ്ടുനിൽക്കുകയായിരുന്നു ഷീ. അപ്പോഴാണ് ഈ അവസരം വീണുകിട്ടിയത്.

യൂറോപ്പിനോട് ശത്രുത ട്രംപിനോട്, മമത വാക്കുകളിൽ മാത്രവും. അതാണ് പുടിൻ. പുടിൻ അതിഥിയായെത്തിയാൽ അത് ഷീയുടെ നയതന്ത്ര വിജയമാകും. കിമ്മിനെ കാണണമെന്ന ആഗ്രഹം ട്രംപ് പ്രകടിപ്പിച്ച സ്ഥിതിക്ക് കിമ്മിന്‍റെ സാന്നിധ്യവും ഷീയ്ക്ക് പ്രധാനമാണ്. കിമ്മിന് അതിലേറെയാണ്. ഒരു വടക്കൻ കൊറിയൻ നേതാവ് ചൈനീസ് പരേഡിന് സാക്ഷിയായത് 1959-ലാണ്. 2019-ലാണ് ചൈനീസ് കൊറിയൻ ബന്ധത്തിന്‍റെ 70-ാം വാർഷികാഘോഷത്തിന് കിമ്മും ഷിയും തമ്മിൽ കണ്ടത്. അതിന് ശേഷം റഷ്യയോട് അടുക്കുന്ന കിമ്മിനെയാണ് ഷീ കണ്ടത്. മോസ്കോയും പ്യോങ്യാങും തമ്മിലെ സൗഹൃദവും സഹകരണവും പുതിയ തലങ്ങളിലെത്തുന്നതിനും ഷീ സാക്ഷിയായി. അതിലെ ചില അടിയൊഴുക്കുകളോട് ഷീക്ക് താൽപര്യമില്ലെന്നത് വേറെ കഥ.

നരകത്തിൽ നിന്നെത്തിയ സഖാവ്

(കും ജോങ് ഉനും ഷി ജിന്‍ പിങും)

പുടിന്‍റെ യുക്രൈയ്ൻ യുദ്ധത്തിൽ നിന്ന് ഷീ ഇത്രനാളും അകലം പാലിച്ചു. സമാധാനം വേണം എന്നുമാത്രം പറഞ്ഞൊഴിഞ്ഞു. അതേസമയം ചൈന, പുടിനെ സഹായിക്കുന്നു. ചില ഉപകരണഭാഗങ്ങൾ നൽകിയെന്നുമാണ് യൂറോപ്യൻ രാജ്യങ്ങൾ പറയുന്നത്. കിമ്മുമായുള്ള സൗഹൃദത്തിന് ആഴം കൂടിയത്, ഷീയെ അകറ്റിയെന്ന് പറയുന്നവരുമുണ്ട്. അതിന് കാരണവുമുണ്ട്. 'നരകത്തിൽ നിന്നെത്തിയ സഖാവ്' എന്നാണ് കിമ്മിന് ബീജിംഗ് നൽകിയിരിക്കുന്ന പേര്. അതിന് കാരണം പുടിനുമായുള്ള അതിര് വിട്ട സഹകരണം.

യുക്രൈയ്ൻ യുദ്ധത്തിൽ പുടിന് സൈനികരെയും മിസൈലുകളും കിം ജോങ് ഉൻ നൽകി. അമേരിക്കയില്ലാത്ത പുതിയ ലോകക്രമം രൂപീകരിക്കാൻ താൽപര്യപ്പെടുന്ന ഷീക്ക്, വടക്കൻ കൊറിയ ചൈനയ്ക്ക് കീഴിലാവുന്നതാണ് താൽപര്യം. റഷ്യയുമായി ആയുധ സൈനിക കൈമാറ്റം അതിന് ചേരുന്നതല്ല. അതിലെ താൽപര്യക്കുറവ് കാരണം കുറച്ചൊന്നു വിട്ടുനിൽക്കുകയായിരുന്നു ഷീ. അതോടെ കാര്യങ്ങൾ വഷളായി. അമേരിക്ക പെട്ടെന്ന് മേൽക്കൈ നേടി. അമേരിക്ക ഫസ്റ്റ് നയവും തീരാത്ത താരിഫ് യുദ്ധവും തിരിച്ചടിക്കുമെന്ന് കരുതിയെങ്കിലും ആഗോള നയതന്ത്രത്തിൽ അമേരിക്കയുടെ നേതൃത്വം ആവശ്യമെന്ന അവസ്ഥയിലേക്ക് വന്നു കാര്യങ്ങൾ.

മോദി ചൈനയിലേക്ക്

(നരേന്ദ്ര മോദിയും ഷി ജിന്‍ പിങും)

യുക്രൈയ്ൻ യുദ്ധത്തിലെ ചർച്ചകൾ. ഗാസയിലെ ഇടപെടലുകൾ എല്ലാം ട്രംപിലേക്ക് ആഗോള ശ്രദ്ധ തിരിച്ചു. അതൊന്നും വിജയം കാണാഞ്ഞതാണ് ചൈനയ്ക്ക് വീണുകിട്ടിയ അവസരമായത്. ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കം ഷീ തുടങ്ങി. രാഷ്ട്രപതിക്ക് കത്തയച്ചു. നരേന്ദ്ര മോദി ചൈനയിലേക്ക് തിരിച്ചു. അതേസമയം തന്നെ റഷ്യൻ വടക്കൻ കൊറിയൻ നേതാക്കളെ ഷീ ബീജിംഗിലേക്ക് ക്ഷണിച്ചു. കിം - ഷീ ബന്ധം തകർന്നുവെന്ന സംശയം ഇതോടെ അവസാനിച്ചിരിക്കുന്നു. കിമ്മിന് ചൈനയെ ശത്രുപക്ഷത്താക്കാൻ പറ്റില്ല. 90 ശതമാനം ഭക്ഷ്യവസ്തുക്കളും വരുന്നത് ചൈനയിൽ നിന്നാണ്. വടക്കൻ കൊറിയയെ പലപ്പോഴും താങ്ങി നിർത്തിയിട്ടുള്ളതും ചൈനയാണ്.

ഈ കൂടിക്കാഴ്ചയിൽ ഷീയ്ക്ക് മറ്റൊരു ലാഭം കൂടിയുണ്ട്. ട്രംപ് ഷീയെ കാണണമെന്ന് താൽപര്യം അറിയിച്ചിരുന്നു, കഴിഞ്ഞ ഒക്ടോബറിൽ. അതിന് മുമ്പ് നടക്കുന്ന പുടിൻ - കിം - ഷീ കൂടിക്കാഴ്ച ഷീയ്ക്ക് ഒരു മേൽക്കൈ നൽകുമെന്ന് ഉറപ്പാണ്. പുടിനുമായുള്ള ചർച്ചകളിൽ ഷീയ്ക്ക് സ്വാധീനം ചെലുത്താൻ കഴിയുമെന്നാണ് ഒരു നിഗമനം. പക്ഷേ, പുടിൻ അങ്ങനെ സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്ന ആളല്ല. കിമിന്‍റെ കാര്യത്തിൽ മാത്രം ഒരു കൂടിക്കാഴ്ച ഒരുക്കാൻ ഷീയ്ക്ക് കഴിഞ്ഞേക്കും.