കൗമാരക്കാരിയായ സ്വീഡിഷ് കാലാവസ്ഥ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗിനെ' ഈ പുതിയ യുവജന നിരയുടെ ഉണര്‍വിന്റെ പ്രതീകമായി വേണം കാണാന്‍. ഇന്ത്യക്കാരിയായ ലിസിപ്രിയ കുങ്കുജം  എന്ന എട്ടു വയസ്സുകാരി ലോക കാലാവസ്ഥാ ഉച്ചകോടിയില്‍ (COP 25) ശബ്ദമുയര്‍ത്തി. യുവതലമുറയുടെ  ഹൃദയത്തില്‍ ആശങ്കയുണ്ടായത് വലിയൊരു മാറ്റത്തിലേക്കുള്ള തുടക്കമാണ്. കാലാവസ്ഥാ പ്രസ്ഥാനത്തിന്റെ പുതിയ തരംഗത്തിന് നേതൃത്വം നല്‍കാന്‍ ഭരണാധികാരികളേക്കാള്‍ ഈ ഉറച്ച ശബ്ദത്തിനും പോരാട്ടങ്ങള്‍ക്കും സാധിക്കും.

 

 

കാലാവസ്ഥ വ്യതിയാനം വിതയ്ക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുഅവബോധം സൃഷ്ടിക്കാന്‍ കുട്ടികളും യുവജനങ്ങളും ഏറ്റവുമധികം മുന്നിട്ടിറങ്ങിയ വര്‍ഷമായിരുന്നു 2019. രാഷ്ട്രീയ വിഷയങ്ങളിലെന്ന പോലെ ഭൂമിയുടെ, മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനും നല്ല ഭാവിക്കും വേണ്ട  സമരം ചെയ്യുന്ന യുവതയായിരുന്നു പോയ വര്‍ഷത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ഭാഗ്യവും.

ഭൂമിയുടെ ആസന്നമരണത്തെക്കുറിച്ചുള്ള ചിന്തകളും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പൊതു അവബോധവും കുത്തനെ ഉയര്‍ന്നുവെന്ന് വേണം ഈ വര്‍ഷം നടന്ന നിരവധി ഇടപെടലുകള്‍ വെച്ച് വിലയിരുത്താന്‍. സ്‌കൂളുകളുടെ പണിമുടക്ക്, വംശനാശ കലാപം,  ഐപിസിസി റിപ്പോര്‍ട്ടുകള്‍, മെച്ചപ്പെട്ട  പഠനങ്ങള്‍, ബിബിസി വണ്ണിന്റെ കാലാവസ്ഥാ വ്യതിയാന ഡോക്യുമെന്ററി, കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന വിദേശ സര്‍ക്കാരുകള്‍, ലോക കാലാവസ്ഥ ഓര്‍ഗനൈസേഷന്‍ ഇടപെടലുകള്‍, കാലാവസ്ഥ ആരോഗ്യത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന ലാന്‍സെറ്റ് റിപ്പോര്‍ട്ടുകള്‍ അങ്ങനെ പല തരം പ്രവര്‍ത്തനങ്ങള്‍, ഇടപെടലുകള്‍.

 

 

അടുത്തിടെ നടന്ന രണ്ട് വോട്ടെടുപ്പുകളില്‍ 75 ശതമാനം അമേരിക്കക്കാരും സമ്മതിച്ചത് ഒരേ ഒരു കാര്യമാണ്- 'മനുഷ്യര്‍ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാണ്'. കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ ഉതകും വിധം സര്‍ക്കാര്‍ തല ഇടപെടലുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഈ വര്‍ഷം ലോകമെമ്പാടും, യുവാക്കള്‍ തെരുവിലിറങ്ങി, കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരം കാണാന്‍ അവര്‍ ലോകത്തെ വിവിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. കൗമാരക്കാരിയായ സ്വീഡിഷ് കാലാവസ്ഥ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗിനെ' ഈ പുതിയ യുവജന നിരയുടെ ഉണര്‍വിന്റെ പ്രതീകമായി വേണം കാണാന്‍. ഇന്ത്യക്കാരിയായ ലിസിപ്രിയ കുങ്കുജം  എന്ന എട്ടു വയസ്സുകാരി ലോക കാലാവസ്ഥാ ഉച്ചകോടിയില്‍ (COP 25) ശബ്ദമുയര്‍ത്തി. യുവതലമുറയുടെ  ഹൃദയത്തില്‍ ആശങ്കയുണ്ടായത് വലിയൊരു മാറ്റത്തിലേക്കുള്ള തുടക്കമാണ്. കാലാവസ്ഥാ പ്രസ്ഥാനത്തിന്റെ പുതിയ തരംഗത്തിന് നേതൃത്വം നല്‍കാന്‍ ഭരണാധികാരികളേക്കാള്‍ ഈ ഉറച്ച ശബ്ദത്തിനും പോരാട്ടങ്ങള്‍ക്കും സാധിക്കും.

 

 

കൂടുതല്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍, ആരോഗ്യരംഗത്തെ അപകടസാധ്യതകള്‍, കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ എന്നിവയാണ് വരും വര്‍ഷം നാം അഭിമുഖീകരിക്കാനിരിക്കുന്ന മുഖ്യപ്രശ്‌നങ്ങള്‍. ഇക്കാര്യത്തില്‍ അടിയന്തിര നടപടി എടുക്കാനും ഭൂമിയുടെ നിലനില്‍പ്പിന് അനുയോജ്യമായ വിധത്തില്‍ ആസൂത്രണ നയങ്ങളില്‍ പാരിസ്ഥിതിക കാഴ്ചപ്പാടുകള്‍ എടുക്കാനും ഭരണകൂടങ്ങള്‍ നിര്‍ബന്ധിതമാവുന്ന കാലം കൂടിയാവും വരാന്‍ പോവുന്നത്.

 

 

കാലാവസ്ഥാ വ്യതിയാന പോരാട്ടത്തില്‍ 2019 ഒരു നിര്‍ണായക വഴിത്തിരിവായിരുന്നെങ്കില്‍ 2020 അതിന്റെ തുടര്‍ച്ചയും വികാസവും ആയിരിക്കും. ഇത്ര കാലവും ഇല്ലാത്ത വിധം പുതിയ ലക്ഷ്യങ്ങളിലേക്ക് കടന്നു ചെല്ലാന്‍ സര്‍ക്കാറുകള്‍ നിര്‍ബന്ധിതമാവും. അതിനുള്ള ഉറച്ച അടിത്തറ പണിയാന്‍ വളര്‍ന്നുവരുന്ന യുവ തലമുറ മുന്‍കൈയെടുക്കുക തന്നെ ചെയ്യും. അതിനുള്ള അവബോധമാണ് പുതു തലമുറയ്ക്കിടയില്‍ ഉണ്ടാവേണ്ടത്.  

ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ കുറച്ച് 2050 ആകുമ്പോളേക്കും പുറംതള്ളല്‍ ഇല്ലാത്ത അവസ്ഥയിലേക്ക് എത്തിപ്പെടേണ്ടതുണ്ട്. അല്ലെങ്കില്‍ മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിമറിയും.