മഹാമാരി മൂലം പലർക്കും ജോലി നഷ്ടമായായിരിക്കുന്ന ഈ അവസരത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാതെ തന്നെ ലക്ഷങ്ങൾ സമ്പാദിക്കാനുള്ള ഒരു മാർഗ്ഗവുമായിട്ടാണ് ഒരു ചെരുപ്പ് കമ്പനി മുന്നോട്ട് വന്നിരിക്കുന്നത്. സ്ലിപ്പർ ടെസ്റ്റേഴ്സിനെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ബെഡ്‌റൂം അത്‌ലറ്റിക്സ് എന്ന കമ്പനി അടുത്തകാലത്തായി ഒരു പരസ്യം നൽക്കുകയുണ്ടായി. എന്നാൽ, ഈ പരസ്യം പ്രത്യക്ഷപ്പെട്ടത് മുതൽ സാമൂഹികമാധ്യമങ്ങളിൽ വൻ ചർച്ചയായിരിക്കയാണ്. പേര് സൂചിപ്പിക്കും പോലെ കമ്പനിയുടെ ഏറ്റവും പുതിയ ഡിസൈനുകൾ പരിശോധിക്കലും അവലോകനം ചെയ്യലുമാണ് ജോലി. എന്നാൽ, അത് ചെയ്യുന്ന വ്യക്തിയ്ക്ക് കമ്പനി ഏകദേശം നാലു ലക്ഷം രൂപയാണ് ഒരു വർഷം ശമ്പളമായി വാ​ഗ്ദ്ധാനം ചെയ്തിരിക്കുന്നത്. അതിൽ ആകെയുള്ള ഒരു കാര്യം നിങ്ങൾ ഒരു ദിവസം കുറഞ്ഞത് 12 മണിക്കൂറെങ്കിലും ചെരുപ്പ് അല്ലെങ്കിൽ ബൂട്ട് ധരിക്കണമെന്നതാണ്.  

കമ്പനി പരസ്യത്തിൽ സ്വപ്നതുല്യമായ ഈ ജോലിയെ “തൊഴിൽ വിപണിയുടെ സിൻഡ്രെല്ല” എന്നാണ് വിശേഷിപ്പിച്ചത്. രണ്ടുപേർക്കുള്ള ഒഴിവാണ് ഉള്ളത്. തെരഞ്ഞെടുക്കപ്പെട്ടവർ കമ്പനിയുടെ ഏറ്റവും പുതിയ ശ്രേണിയിൽ നിന്നുള്ള സ്ലിപ്പറുകൾ, ബൂട്ടുകൾ, ലോഞ്ച് വെയർ തുടങ്ങിയ പുതിയ പാദരക്ഷകൾ ധരിക്കേണ്ടതും എല്ലാ ഉൽപ്പന്നങ്ങളെക്കുറിച്ചും വിപുലമായ ഫീഡ്‌ബാക്കും വിമർശനങ്ങളും നൽകേണ്ടതുമുണ്ട്. എന്നാൽ, അതിന്റെ ഏറ്റവും ആകർഷകമായ ഭാഗം എന്താണെന്നോ? ഒന്നാമത് നിങ്ങൾക്ക് സൗജന്യ ഉൽപ്പന്നങ്ങൾ ലഭിക്കും. രണ്ടാമതായി, മാസത്തിൽ രണ്ട് ദിവസം മാത്രം ജോലി ചെയ്താൽ മതിയാകും. കൂടാതെ നിങ്ങൾക്ക് പ്രതിമാസം ഏകദേശം 33,000 രൂപ ശമ്പളമായും ലഭിക്കും. 

ഈ ജോലിയുടെ കാലാവധി 12 മാസമാണ്. ഈ ജോലിയ്ക്കുള്ള അപേക്ഷകൾ ഫെബ്രുവരി അവസാനം വരെ സ്വീകരിക്കുന്നതായിരിക്കും. പരീക്ഷ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മാർച്ചിൽ ജോലി ലഭിക്കുകയും ചെയ്യും. അതേസമയം, അത്തരമൊരു അത്ഭുതകരമായ തൊഴിലവസരം വരുന്നത് ഇതാദ്യമായല്ല. മുമ്പ്, ഒരു ഇന്ത്യൻ കമ്പനി ഒരു ദിവസം ഒമ്പത് മണിക്കൂർ ഉറങ്ങാൻ ‘സ്ലീപ്പ് ഇന്റേൺസ്’ നെ നിയമിച്ചിരുന്നു. അവർക്ക് ഒരു ലക്ഷം ഡോളറായിരുന്നു ശമ്പളം.