ദില്ലി: കോണ്‍ഗ്രസില്‍ ചേരാനുള്ള ക്ഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നല്‍കിയത് രസകരമായ മറുപടി. പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്നതിന് മുന്‍പ് ഗുജറാത്തിന്‍റെ മുഖ്യമന്ത്രി ആകുന്നതിനും മുന്‍പ് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ആയിരിക്കെ നല്‍കിയ ഒരു ടിവി ഇന്റര്‍വ്യുവിലാണ് മോഡിക്ക് കോണ്‍ഗ്രസില്‍ ചേരാന്‍ ക്ഷണം ലഭിച്ചത്. 

കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷും അഭിമുഖ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വീര്‍ സാംഘ്‌വിയാണ് ഇരു നേതാക്കളെയും അഭിമുഖം ചെയ്തത്. അഭിമുഖത്തില്‍ ഉയര്‍ന്ന ഒരു ചോദ്യത്തിന് മറുപടിയായി എന്‍.ഡി.എ സര്‍ക്കാരിനെ അട്ടിമറിക്കില്ലെന്ന കോണ്‍ഗ്രസ് നിലപാട് സത്യസന്ധമാണെന്ന് മോഡി പറഞ്ഞു. മൂന്നാം മുന്നണിയെ ഇല്ലാതാക്കി അധികാരത്തില്‍ തിരിച്ചു വരിക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും മോഡി പറഞ്ഞു. 

കോണ്‍ഗ്രസിനോടുള്ള മോഡിയുടെ മൃദുസമീപനത്തില്‍ സന്തോഷം തോന്നിയ ജയറാം രമേഷ് അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചു. എന്നാല്‍ താന്‍ സംഘപരിവാറില്‍ നിന്നുള്ള ആളാണെന്നും അത് നിങ്ങള്‍ക്ക് വലിയ പ്രശ്‌നമാകുമെന്നുമായിരുന്നു മോഡിയുടെ മറുപടി. സരസമായി ചിരിച്ചുകൊണ്ടാണ് അദ്ദേഹം ജയറാം രമേഷിന് മറുപടി നല്‍കിയത്.