Asianet News MalayalamAsianet News Malayalam

ഇത് പട്ടിണിയുടെയും ദുരിതങ്ങളുടെയും കാലം; വീട്ടുജോലിക്കാര്‍ കഷ്‍ടതയിലെന്ന് ഈ സര്‍വേ റിപ്പോര്‍ട്ട്

സർവ്വേയിൽ നാൽപത്തിയഞ്ച് ശതമാനം പേർക്കും കുടുംബത്തെ പോറ്റാൻ പര്യാപ്‍തമായ പണം ലഭിക്കുന്നില്ലെന്നാണ് കണ്ടത്തിയത്. ദുരിതത്തിലായവരിൽ 10% പേർക്ക് മാത്രമാണ് മറ്റുള്ളവരിൽ നിന്ന് സഹായം ലഭിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

Corona virus badly affect women domestic workers
Author
India, First Published Jun 5, 2020, 2:37 PM IST

ലോക്ക് ഡൗൺ കാലത്ത് കഷ്ടപ്പെടുന്ന തൊഴിലാളികളെ കുറിച്ച് നമ്മൾ ഒരുപാട് വായിക്കാറുണ്ട്. മൈലുകളോളം നടന്ന് തളർന്ന അവരുടെ ദുരിതകഥകൾ വളരെ വേദനിപ്പിക്കുന്നതാണ്. എന്നാൽ, അക്കൂട്ടത്തിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന വേറെ ഒരു വിഭാഗം കൂടിയുണ്ട്. സ്ത്രീകളായ വീട്ടുജോലിക്കാർ. ഭർത്താക്കന്മാർ മദ്യപിച്ചും മറ്റും കുടുംബം നോക്കാതെ നടക്കുമ്പോൾ, സ്വന്തം കുഞ്ഞുങ്ങളുടെ പട്ടിണി മാറ്റാൻ രാപ്പകലില്ലാതെ വീട്ടുവേല ചെയ്യുന്നവരാണ് അവരിൽ കൂടുതലും. ഈ ലോക്ക് ഡൗൺ കാലം അവരെയും വളരെ ഗുരുതരമായി ബാധിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പലർക്കും ജോലി ഇല്ല, ശമ്പളം ഇല്ല, റേഷൻ കാർഡു പോലുമില്ല.   

അഹമ്മദാബാദ്, ബാംഗ്ലൂർ, ദില്ലി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിൽ പലർക്കും മാർച്ച് മാസത്തിന് ശേഷം ശമ്പളം ലഭിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. പലരും അവശ്യസാധങ്ങൾ വാങ്ങാൻ പോലും പാടുപെടുകയാണ്. മൊത്തത്തിൽ, സർവ്വേയിൽ പങ്കെടുത്തവരിൽ 44% പേർക്കും സാധാരണ ലഭിക്കാറുള്ളതിനേക്കാൾ കുറവ് ശമ്പളമാണ് മാർച്ചിൽ ലഭിച്ചത്. പലർക്കും കിട്ടാനുള്ള ശമ്പളം ചോദിക്കാൻ പേടിയാണ്. ചോദിച്ചാൽ, ജോലിയിൽ നിന്ന് പിരിച്ചുവിടുമോ എന്നവർ ഭയപ്പെടുന്നു. നിരവധിപേരുടെ ഭർത്താക്കന്മാർ കൂലിത്തൊഴിലാളികളാണ്. അവർക്കും ഇപ്പോൾ വരുമാനമില്ലാത്ത അവസ്ഥയാണ്. ചുരുക്കം പറഞ്ഞാൽ, കുടുംബത്തിലെ ചിലവുകൾ നടത്താൻ ഒരുവഴിയും കാണാതെ ഉഴറുകയാണ് അവർ. 

സ്ക്രോൾ നടത്തിയ സർവ്വേയിൽ നാൽപത്തിയഞ്ച് ശതമാനം പേർക്കും കുടുംബത്തെ പോറ്റാൻ പര്യാപ്‍തമായ പണം ലഭിക്കുന്നില്ലെന്നാണ് കണ്ടത്തിയത്. ദുരിതത്തിലായവരിൽ 10% പേർക്ക് മാത്രമാണ് മറ്റുള്ളവരിൽ നിന്ന് സഹായം ലഭിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പകുതിയിൽ താഴെ ആളുകൾക്ക് മാത്രമാണ് പൊതുവിതരണ സംവിധാനത്തിൽ നിന്നോ മറ്റ് സർക്കാർ സ്രോതസ്സുകളിൽ നിന്നോ സൗജന്യ റേഷൻ ലഭിക്കുന്നത്.  

"ഗ്രാമത്തലവനുമായുള്ള ബന്ധം കാണിച്ചാൽ മാത്രമേ റേഷൻ ലഭിക്കുകയുള്ളൂ. ഇതിനെതിരെ അധികാരികൾക്ക് പലപ്രാവശ്യം പരാതി നൽകിയിട്ടും ഫലമുണ്ടായില്ല" അവരിലൊരാൾ പറഞ്ഞു. ഇനി കുടിയേറ്റ തൊഴിലാളികളുടെ കാര്യം എടുക്കുകയാണെങ്കിൽ, പലർക്കും സ്വന്തമായി റേഷൻ കാർഡു പോലും ഇല്ല. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ, അഞ്ചിൽ കൂടുതൽ അംഗങ്ങളുള്ള കുടുംബങ്ങൾക്ക് കിട്ടുന്ന റേഷന്റെ അളവ് പലപ്പോഴും അപര്യാപ്‍തമായിരുന്നു. മഹാരാഷ്ട്ര, കേരളം പോലുള്ള ചില സംസ്ഥാനങ്ങളിൽ മാത്രം, റേഷൻ വിതരണം കൂടുതൽ കാര്യക്ഷമമായി നടക്കുന്നു. എന്നാൽ, കൊൽക്കത്തയിൽ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കാർഡ് ഉടമകൾക്ക് അരിയും ഗോതമ്പും സൗജന്യമായി ലഭിക്കുമ്പോൾ, ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള കാർഡ് ഉടമകൾക്ക് സബ്‍സിഡി നിരക്കിൽ അരി മാത്രമാണ് ലഭിക്കുന്നത്. അഹമ്മദാബാദിൽ ബിപിഎൽ കാർഡ് ഉടമകൾക്ക് റേഷൻ ലഭിക്കുന്നുണ്ടെങ്കിലും എപിഎൽ കാർഡ് ഉടമകൾക്ക് ഒന്നും തന്നെ ലഭിക്കുന്നില്ല. റേഷൻ കാർഡുകളെക്കുറിച്ച് ആശങ്കപ്പെടാതെ സർക്കാർ ആവശ്യക്കാർക്ക് ധാന്യങ്ങൾ സൗജന്യമായി നൽകണമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞയായ റീതിക ഖേര നിർദ്ദേശിക്കുന്നു.

സർക്കാരിന്റെ ദുരിതാശ്വാസ പണക്കൈമാറ്റവും കാര്യക്ഷമമായി നടക്കുന്നില്ല. 18% പേർക്ക് മാത്രമാണ് സർക്കാരിൽ നിന്ന് പണക്കൈമാറ്റം ലഭിക്കുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 15% പേർക്കും ജൻ ധൻ അക്കൗണ്ട് ഉണ്ടായിരുന്നിട്ടും, 58.3% -ത്തോളം പേർക്ക് സർക്കാരിൽ നിന്ന് പണമൊന്നും ലഭിക്കുന്നില്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. പാവപ്പെട്ടവർക്ക് വേണ്ടിയുള്ള സഹായ പദ്ധതിയായ ജൻ ധൻ യോജന വഴി വാഗ്ദാനം ചെയ്തത്ര സഹായങ്ങൾ സത്യത്തിൽ പാവങ്ങളിലേയ്ക്ക് എത്തുന്നില്ല.  

അസുഖത്തിനെ കുറിച്ചുള്ള ഭയമാണെങ്കിൽ മറ്റൊരുവശത്ത്. ചേരികളിലും, ഇടുങ്ങിയ സ്ഥലങ്ങളിൽ തിങ്ങിപ്പാർക്കുന്ന അവർക്കിടയിൽ സാമൂഹിക അകലം ഒട്ടും പ്രാവർത്തികമായ ഒന്നല്ല. അതുപോലെ തന്നെ, അസുഖങ്ങൾ എളുപ്പത്തിൽ പിടിപെടുന്ന ഒരു സ്ഥലമാണ് കുളിമുറികൾ. ഒരു വീട്ടിൽ ശരാശരി ആറ് അംഗങ്ങൾ വരെയുള്ള അവിടങ്ങളിൽ സ്ത്രീകൾക്ക് സ്വകാര്യ കുളിമുറികൾ ഇല്ല. പബ്ലിക് ബാത്റൂമുകൾ ഉപയോഗിക്കുന്നവരാണ് അവർക്കിടയിൽ ഏറെയും. എളുപ്പത്തിൽ പകർച്ചവ്യാധികൾ പിടിപെടാവുന്ന ഒരന്തരീക്ഷത്തിലാണ് അതുകൊണ്ട് തന്നെ അവർ ജീവിക്കുന്നതും. കൂടാതെ, റെഡ് സോൺ പ്രദേശത്ത് താമസിക്കുന്നവർ വീട്ടിൽ തന്നെ തങ്ങാൻ നിർബന്ധിതരാവുകയും, അവർക്ക് വൈദ്യസഹായം ലഭ്യമാക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യവുമാണ് ഉള്ളത്. 

ലോക്ക് ഡൗൺ സമയത്ത് പല സ്ത്രീകളെയും അവരുടെ ഭർത്താക്കന്മാർ ഉപേക്ഷിച്ചു പോകുന്ന സന്ദർഭങ്ങളും കുറവല്ല. കഴിഞ്ഞ രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ഒരു വാടക വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു സ്ത്രീ പറഞ്ഞു. മറ്റൊരു സ്ത്രീ രണ്ട് കുട്ടികളോടൊപ്പം അമ്മാവന്റെ വീട്ടിൽ താമസിക്കുകയാണ്. അവരുടെ റേഷൻ കാർഡ്, ആധാർ കാർഡ്, മകന്റെ ജനന സർട്ടിഫിക്കറ്റ് എന്നിവ അവരുടെ ഭർതൃവീട്ടുകാർ കൈവശം വച്ചിക്കുകയാണ് എന്നവർ കരഞ്ഞു പറഞ്ഞു. എന്നാൽ, മറ്റ് ചിലർക്ക് ഇത് പ്രതീക്ഷയുടെ കാലമാണ്. മദ്യം കിട്ടാത്തതിന്റെ പേരിൽ ഇപ്പോൾ ഭർത്താവിന്റെ ഉപദ്രവം കുറഞ്ഞുവെന്ന് ഒരുകൂട്ടം സ്ത്രീകൾ പറഞ്ഞു. വിവാഹിതയായ ദിവസം മുതൽ ഗാർഹിക പീഡനത്തിന് ഇരയായിരുന്നു താൻ എന്ന് മറ്റൊരു സ്ത്രീ പറഞ്ഞു. ലോക്ക് ഡൗൺ സമയത്ത് മദ്യം ലഭ്യമല്ലാത്തതിനാൽ ഭർത്താവ് ഇപ്പോൾ തന്നെ അടിക്കുന്നില്ലെന്നും അവർ ചിരിച്ചു കൊണ്ട് പറഞ്ഞു.  

Follow Us:
Download App:
  • android
  • ios