ലണ്ടന്‍: ലണ്ടനിലെ ട്രാസി ബ്രൂക്ക്സും (45) റേ കെര്‍ഷായും(63) അടുത്ത വര്‍ഷം വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാല്‍ റേയ്ക്ക് ഗുരുതര രോഗമാണെന്ന് കണ്ടെത്തുകയും ഉടന്‍ മരിക്കുമെന്നും അറിഞ്ഞതിനെ തുടര്‍ന്ന് ആശുപത്രി ബെഡില്‍ ഇവരുടെ വിവാഹം നടത്തുകയായിരുന്നു. മാര്‍ച്ചിലായിരുന്നു റേയ്ക്ക് ഗുരുതരമായ കുടല്‍ കാന്‍സര്‍ ബാധയുണ്ടെന്ന് തിരിച്ചറിഞ്ഞത്. 

ഇവരുടെ വിവാഹത്തിന് സഹായസഹകരണങ്ങള്‍ വാഗ്ദാനം ചെയ്ത് വിവാഹ സംഘാടകര്‍ മുന്നോട്ട് വന്നതിനെ തുടര്‍ന്ന് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പേരാണിതിന് സന്നദ്ധരായെത്തിയിരുന്നത്. വെഡിങ് കാറുകള്‍, പൂക്കള്‍, വെന്യൂ ഡ്രസുകള്‍, കേക്ക്, തുടങ്ങി വിവാഹത്തിന് ആവശ്യമായതെല്ലാം സ്പോണ്‍സര്‍ ചെയ്ത് നിരവധി പേരെത്തിയിരുന്നു. 

തുടര്‍ന്ന് വളരെയടുത്ത ബന്ധുക്കള്‍, സുഹൃത്തുക്കള്‍, നഴ്സിങ് സ്റ്റാഫ്, തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ വച്ച് ഇവരുടെ വിവാഹം നടത്തുകയായിരുന്നു. 24 മണിക്കൂറുകള്‍ക്കിടെയായിരുന്നു ഈ വിവാഹം സംഘടിപ്പിച്ചത്. വിവാഹം ജൂണ്‍ രണ്ടിന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും റേയുടെ നില ദിവസം തോറും ഗുരുതരമായതിനെ തുടര്‍ന്ന് വിവാഹം കഴിയുന്നതും വേഗത്തില്‍ നടത്തുകയായിരുന്നു.