നമ്മുടെ നാട്ടില്‍ ഒരുപാടൊരുപാട് ആളുകള്‍ തെരുവില്‍ കഴിയുന്നുണ്ട് അല്ലേ? എല്ലാ രാജ്യത്തും കാണും രാത്രി തല ചായ്‍ക്കാന്‍ സ്വന്തമായി ഒരിടം പോലുമില്ലാത്തവര്‍. പല രാജ്യങ്ങളും അവര്‍ക്ക് സുരക്ഷിതമായി ഉറങ്ങാനുള്ള അവസരങ്ങളൊരുക്കാന്‍ പല പദ്ധതികളും നടപ്പിലാക്കാറുണ്ട്. എങ്കിലും, നമ്മുടെ വീട്ടിലേക്ക് അവരിലൊരാളെ ഒരു രാത്രിയെങ്കിലും കഴിയാന്‍ ക്ഷണിക്കാന്‍ നമുക്ക് കഴിയുമോ? അങ്ങനെ ക്ഷണിക്കുന്ന ആളുകളുണ്ട് യുകെയില്‍. 

അടുത്തകാലത്തായി നടന്ന ഒരു പഠനപ്രകാരം, യുകെയിൽ 320,000 ആളുകളാണ് ഭവനരഹിതരായി കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ വർഷത്തെക്കാളും നാല് ശതമാനം വർദ്ധനവാണ് ഈ വർഷം ഉണ്ടായിട്ടുള്ളത്. പല സാമൂഹ്യ സേവന സ്ഥാപനങ്ങളും ഇവരുടെ സംരക്ഷണം ഏറ്റെടുക്കാൻ മുന്നോട്ടു വരുന്നുണ്ട്. അവർ പല പദ്ധതികളും ഭവനരഹിതർക്കായി കൊണ്ടുവരുന്നുമുണ്ട്. ഏതെങ്കിലും വീട്ടുകാർക്ക് താല്പര്യമെങ്കിൽ താൽക്കാലികമായി ഈ തെരുവിലെ മനുഷ്യരെ താമസിപ്പിക്കാനുള്ള സൗകര്യം ഒരുക്കുക എന്നത് അതിലൊന്നാണ്. ദമ്പതികളായ നവോമിയും, ലീ എബ്രഹാമും സ്വന്തം വീടിൻ്റെ വാതിൽ ഇതുപോലെ തെരുവിൽ രാത്രി ഉറങ്ങുന്ന ആളുകൾക്കായി തുറന്നു കൊടുക്കുന്നു. അവരുടെ അനുഭവമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. 

"നമ്മുടെ രാജ്യത്ത് വീടുകളിലാത്ത, ഒരുനേരം ആഹാരം കഴിക്കാൻ വകയില്ലാത്ത ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അവർക്കായി എന്തെങ്കിലും സഹായം ചെയ്യാൻ ഞങ്ങൾ എപ്പോഴും ആഗ്രഹിച്ചിരുന്നു. അങ്ങനെ എന്ത് ചെയ്യുമെന്ന് ആലോചിച്ചു കൊണ്ടിരിക്കേയാണ്, വീടില്ലാത്ത ആളുകള്‍ക്ക് സ്ഥലത്തെ വീടുകളിൽ താമസിക്കാൻ അവസരമൊരുക്കുന്ന ധർമ്മ സ്ഥാപനമായ നൈറ്റ്സ്റ്റോപ്പിനെ കുറിച്ച് ഞങ്ങൾ കേൾക്കുന്നത്" ദമ്പതികൾ പറയുന്നു.  

"സ്വാഭാവികമായും, ഒരു അപരിചിതനെ ഞങ്ങളുടെ വീട്ടിൽ താമസിപ്പിക്കാൻ ആദ്യം ഞങ്ങൾക്ക് മടിതോന്നിയിരുന്നു. പക്ഷേ, നൈറ്റ്സ്റ്റോപ്പിലെ പരിശീലനവും പിന്തുണയും ഞങ്ങൾക്ക് ധൈര്യം പകർന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ആദ്യമായി ഞങ്ങൾ തെരുവിൽ കഴിയുന്ന ഒരാൾക്ക് ഞങ്ങളുടെ വീട് തുറന്നു കൊടുത്തത്. ഹമെസ് എന്നായിരുന്നു ആയാളുടെ പേര്. ആദ്യം അടുക്കാൻ അല്‍പം മടിയായിരുന്നെങ്കിലും, അധികം താമസിയാതെത്തന്നെ വളരെ സൗഹാർദ്ദപരവും പോസിറ്റീവായുമായി ഞങ്ങൾ ഇടപഴകാൻ തുടങ്ങി. ഹമെസിൻ്റെ അവസ്ഥയിൽ ഞങ്ങളുമായുള്ള അടുപ്പം അദ്ദേഹത്തിന് കൂടുതൽ ഊർജ്ജം പകർന്നു" അവർ പറഞ്ഞു. 

ഞങ്ങളോടൊപ്പം താമസിച്ച ആരിൽനിന്നും ഞങ്ങൾക്ക് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. "വ്യത്യസ്തമായ  ആളുകളെ കണ്ടുമുട്ടാനും, അവരിൽനിന്ന് പലതും പഠിക്കാനും ഞങ്ങൾക്ക് ഇതുവഴി സാധിച്ചു. ഒരു രാത്രി മാത്രമാണെങ്കിലും, ഒരു വലിയ മാറ്റംതന്നെ ഞങ്ങളുടെ ജീവിത്തിൽ ഇത് ഉണ്ടാക്കി'' എന്നും അവർ പറഞ്ഞുനിർത്തി.  

ഹമെസിനും ആ താമസത്തെ കുറിച്ച് ഒത്തിരി പറയാനുണ്ട്. "എനിക്ക് വീട് നഷ്ടപ്പെട്ടിട്ട് മൂന്ന് വർഷമായി. ഞാൻ രാത്രി തെരുവുകളിലാണ് ഉറങ്ങാറുള്ളത്. എന്നാൽ, ഈ വർഷം ആദ്യമായപ്പോഴേക്കും കാര്യങ്ങൾ കൈവിട്ട് പോകാൻ തുടങ്ങി. ആരിൽനിന്നും പിന്തുണ ലഭിക്കാതെ ഞാൻ ആകെ ഒറ്റപ്പെട്ടു പോയി. അവസാനം ഞാൻ നൈറ്റ്സ്റ്റോപ്പിൽ സഹായത്തിനായി എത്തിച്ചേർന്നു. അപരിചിതരുടെ കൂട്ടത്തിലാണ് കഴിയേണ്ടിവരിക എന്നത് എന്നെ ഒട്ടും അലട്ടിയില്ല. കാരണം എനിക്ക് തോന്നുന്ന ബുദ്ധിമുട്ടിനേക്കാളും ഞാൻ അവരുടെ പ്രയാസമാണ് ഓർത്തത്. ഒരുപരിചയവും ഇല്ലാത്ത ഒരാളെ എന്ത് ധൈര്യത്തിലാണ് അവർ താമസിപ്പിക്കുക? അവർക്ക് തീർച്ചയായും ഒരാശങ്ക കാണുമെന്ന് എനിക്കറിയാമായിരുന്നു" ഹമെസ് പറഞ്ഞു. 

"എന്നാൽ, അവരോടൊപ്പമുള്ള എൻ്റെ രാത്രികൾ ഞാൻ ശരിക്കും ആസ്വദിച്ചു. അവർ എന്നോട് വളരെ അലിവ്  കാണിക്കുകയും, എന്നെ അവരുടെ ഇടയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ഞങ്ങൾ ഒരുമിച്ചിരുന്ന നിമിഷങ്ങളെല്ലാം ഞാൻ നന്നായി ആസ്വദിച്ചു. നൈറ്റ്സ്റ്റോപ്പിൻ്റെ സഹായം ഇല്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോഴും തെരുവിൽ കഴിഞ്ഞേന്നെ. ഇന്ന് എനിക്ക് തലചായ്ക്കാൻ സ്ഥിരമായ ഒരു ഇടമുണ്ട്. പക്ഷേ, നാളെ എന്തുസംഭവിക്കുമെന്ന് എനിക്കറിയില്ല. നല്ലതുമാത്രം സംഭവിക്കുമെന്ന പ്രതീക്ഷയിൽ ഞാൻ ഇന്നും കഴിയുന്നു" അദ്ദേഹം പറഞ്ഞു.  

നമ്മുടെ നാട്ടിലും ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കാവുന്നതാണ് അല്ലേ?