ഹൈസ്കൂള്‍ ക്ലാസില്‍ വച്ചാണ് രണ്ടുപേരും പ്രണയത്തിലാകുന്നത് അന്പത് വയസ് കഴിഞ്ഞ അവര്‍ വിവാഹിതരായി
അന്പതാമത്തെ വയസിലും സിംഗിളായിട്ടിരിക്കുകയാണെങ്കില് നമുക്ക് കല്ല്യാണം കഴിക്കാമെന്ന് വാക്ക് പറഞ്ഞവരാണ് മിനസോട്ടയിലെ സെയ്ന്റ് പോളിലുള്ള കിന്പര്ലീ ഡീനും റോണും. ഹൈസ്കൂള് ക്ലാസില് വച്ചാണ് രണ്ടുപേരും പ്രണയത്തിലാകുന്നത്. എന്നാല്, പിന്നീട് ബ്രേക്കപ്പായി. എന്നിട്ടും 37 വര്ഷത്തെ സൗഹൃദത്തിനു ശേഷം, അന്പത് വയസ് കഴിഞ്ഞ അവര് വിവാഹിതരായി.
ഹൈസ്കൂളില് തുടങ്ങിയ പ്രണയം ബ്രേക്കപ്പായെങ്കിലും ഇരുവരുടെയും സൗഹൃദം ശക്തമായിത്തന്നെ തുടര്ന്നു. ഇരുവരും പിന്നെയും പലരേയും പ്രണയിച്ചു. ഏതെങ്കിലും ബ്രേക്ക് അപ്പുണ്ടായാല് കിന്പര്ലി ഡീനും റോണും പരസ്പരം വിളിക്കും ആശ്വസിപ്പിക്കും. പിന്നീട് കിന്പര്ലിയുടെ വിവാഹം കഴിഞ്ഞു. രണ്ട് മക്കളുമുണ്ടായി. കുറച്ചുകാലത്തിനു ശേഷം ഡിവോഴ്സുമായി. അതിനിടയിലെപ്പോഴോ പഴയ സൗഹൃദം വീണ്ടും തുടങ്ങി. എന്താവശ്യത്തിനും പരസ്പരം വിളിക്കും, സഹായത്തിനെത്തും. അങ്ങനെ 2016 മുതല് രണ്ടുപേരും വീണ്ടും ഡേറ്റ് ചെയ്യാന് തുടങ്ങി. റോണ് കിന്പര്ലീയോട് വിവാഹാഭ്യാര്ത്ഥന നടത്തി. കിന്പര്ലീയുടെ മക്കള്ക്കും ഇരുവരും വിവാഹം കഴിക്കുന്നതില് വളരെ സന്തോഷം. നാട്ടുകാരും വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം ചേര്ന്ന് വിവാഹം ആഘോഷവുമാക്കി.
'ആദ്യം സുഹൃത്തുക്കളായിരുന്നു, പിന്നീട് പ്രണയത്തിലായി, പിരിഞ്ഞ് വീണ്ടും സുഹൃത്തുക്കളായി, ഇപ്പോള് ഒന്നിച്ചു. നമ്മളത്രയും അടുത്ത സുഹൃത്തുക്കളായിരുന്നു അതുകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിച്ചതെ'ന്നാണ് റോണ് പറയുന്നത്. 'എല്ലാവരും കളിയാക്കുന്നുണ്ട്. പക്ഷെ, എത്രയോ കാലത്തെ യാത്രയ്ക്ക് ശേഷമാണ് നമ്മളിവിടെ എത്തിച്ചേര്ന്നതെന്നോ' എന്നാണ് കിന്പര്ലീക്ക് വിവാഹത്തെ കുറിച്ച് പറയാനുള്ളത്.
അമ്മയുടെയും റോണിന്റെയും ബന്ധം വളരെ മനോഹരമാണെന്നും ഒന്നുചേരാനുള്ളവര് എന്നായാലും ഒന്നുചേരുമെന്നുമാണ് കിന്പര്ലിയുടെ മകള് കൈല യുടെ സന്തോഷം.
