Asianet News MalayalamAsianet News Malayalam

പ്രളയാനന്തര ദുരിതകാലത്ത്, കേരളം നാഥനില്ലാ കളരിയാക്കുന്നത് തെറ്റാണ് സര്‍ക്കാരേ

അങ്ങ് അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സ തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സുഖമായിരിക്കുന്നുവെന്ന് നാട്ടിലെ മന്ത്രിമാർ പറഞ്ഞ് അറിയുന്നുണ്ട്. മുഖ്യമന്ത്രിയുടെ അസുഖത്തെപ്പറ്റിയോ, ചികിത്സയെപ്പറ്റിയോ, മടങ്ങിവരവിനെപ്പറ്റിയോ ആർക്കും ഒരു ചുക്കും അറിയില്ലെങ്കിലും എല്ലാം അറിയാം എന്ന മട്ടിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുന്ന മന്ത്രിമാരുടെ അഭിനയശേഷി സമ്മതിച്ചുകൊടുക്കണം. 

cover story
Author
Thiruvananthapuram, First Published Sep 17, 2018, 1:01 PM IST

ദിവസേന വാർത്താക്കുറിപ്പിറക്കി മുഖ്യമന്ത്രിയുടെ ആരോഗ്യനില ആളുകളെ അറിയിക്കണം എന്നില്ല. പക്ഷെ, അദ്ദേഹത്തിന്‍റെ അഭാവത്തിൽ എന്തുകൊണ്ട് മന്ത്രിസഭ ചേരുന്നില്ല എന്നെങ്കിലും വിശദീകരിക്കണമായിരുന്നു. മന്ത്രിസഭ അങ്ങനെയൊന്നും എപ്പോഴും ചേരേണ്ട കാര്യമില്ല എന്നാണെങ്കിൽ പിന്നെ, എന്തിനാണ് പാർട്ടി സമ്മേളനങ്ങളും മുഖ്യമന്ത്രിയുടെ വിദേശചികിത്സയും ഇല്ലാത്ത കാലത്ത് ഇതിങ്ങനെ ആഴ്ചതോറും ചേരുന്നത് എന്നുകൂടി ചോദിക്കേണ്ടിവരും.

cover story

കേരളത്തിൽ ഭരണസ്തംഭനമാണെന്ന് കോൺഗ്രസും ബിജെപിയും പറയുന്നു. എന്തിനാണ് ഇവരിങ്ങനെ നുണ പറയുന്നത് എന്നറിയില്ല. കേരളത്തിൽ ഭരണമേ ഇല്ല. പിന്നെങ്ങനെയാണ് സ്തംഭിക്കുക? മുഖ്യമന്ത്രി പിണറായി വിജയന്‍റെ അസുഖം എന്താണെന്നറിയാൻ കവർ സ്റ്റോറിക്ക് ഒരു താൽപ്പര്യവും ഇല്ല. അസുഖം എന്തുതന്നെ ആയാലും അത് വേഗത്തിൽ ചികിത്സിച്ച് മാറ്റി അദ്ദേഹം സുഖം പ്രാപിച്ച് എത്രയും പെട്ടെന്ന് തിരിച്ചുവരണമെന്ന് എല്ലാവരേയും പോലെ ആഗ്രഹിക്കുന്നുമുണ്ട്.

പക്ഷെ, മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തേക്ക് പോയപ്പോൾ തന്‍റെ ചുമതല ആരേയും ഏൽപ്പിച്ചിട്ടില്ല. മന്ത്രിസഭായോഗം വിളിച്ചുചേർക്കാനുള്ള അധികാരം ഇ.പി ജയരാജന് കൈമാറിയിട്ടുണ്ട് എങ്കിലും ആ അധികാരം ഇ.പി ജയരാജൻ ഇതുവരെ വിനിയോഗിച്ചിട്ടുമില്ല. ലോകം മുഴുവനും ശ്രദ്ധിച്ച ഒരു വലിയ പ്രകൃതിദുരന്തം നടന്നതിന് ശേഷം സംസ്ഥാനത്ത് സ്വീകരിക്കേണ്ട ഒരുപാടു കാര്യങ്ങൾ മുടങ്ങിക്കിടക്കുകയാണ്. തീരുമാനമെടുക്കാൻ മന്ത്രിസഭായോഗം പോലും ചേരാനാകാത്ത അവസ്ഥ. പകരം ചുമതല മറ്റാർക്കും നൽകാൻ പിണറായി വിജയൻ തയ്യാറായതുകൊണ്ട് മാത്രമാണ് ഈ സ്ഥിതിയുണ്ടായത്.

മുഖ്യമന്ത്രിയെന്ന നിലയിൽ സംസ്ഥാനത്തിന്‍റെ ചെലവിലാണ് അദ്ദേഹത്തിന്‍റെ ചികിത്സ

അങ്ങ് അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സ തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സുഖമായിരിക്കുന്നുവെന്ന് നാട്ടിലെ മന്ത്രിമാർ പറഞ്ഞ് അറിയുന്നുണ്ട്. മുഖ്യമന്ത്രിയുടെ അസുഖത്തെപ്പറ്റിയോ, ചികിത്സയെപ്പറ്റിയോ, മടങ്ങിവരവിനെപ്പറ്റിയോ ആർക്കും ഒരു ചുക്കും അറിയില്ലെങ്കിലും എല്ലാം അറിയാം എന്ന മട്ടിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുന്ന മന്ത്രിമാരുടെ അഭിനയശേഷി സമ്മതിച്ചുകൊടുക്കണം. ഇവരിലെ സർഗപ്രതിഭയെ സിപിഎം അനുഭാവിയായ ആഷിക് അബുവെങ്കിലും തിരിച്ചറിഞ്ഞ് അവസരം കൊടുക്കണം എന്നാണ് കവർ സ്റ്റോറിയുടെ അപേക്ഷ. ‘മുഖ്യമന്ത്രിക്ക് കുഴപ്പമില്ല, നന്നായിരിക്കുന്നു, എപ്പോൾ വരുമെന്ന് കൃത്യമായി അറിയില്ല’, ‘അദ്ദേഹം നല്ല ആരോഗ്യവാനാണ്, കേരളത്തിന്‍റെ എല്ലാ കാര്യങ്ങളെപ്പറ്റിയും നിരീക്ഷിച്ചും ഞങ്ങളുമായി സംസാരിച്ചുമൊക്കെ ചികിത്സയിൽ ഇരിക്കുകയാണ്’എന്നെല്ലാം മന്ത്രി കടകംപള്ളി സുരേന്ദ്രനും, ഇ.പി ജയരാജനുമൊക്കെ ആധികാരികമായി പറയുന്നത് കണ്ടു. എത്ര മികച്ച അഭിനയമാണിതൊക്കെ!

ഒരു വ്യക്തി എന്ന നിലക്ക് തന്‍റെ അസുഖവും ചികിത്സയുമൊക്കെ സ്വകാര്യമായി സൂക്ഷിക്കാൻ പിണറായി വിജയന് അവകാശമുണ്ട്. പക്ഷെ, മുഖ്യമന്ത്രിയെന്ന നിലയിൽ സംസ്ഥാനത്തിന്‍റെ ചെലവിലാണ് അദ്ദേഹത്തിന്‍റെ ചികിത്സ. വിദേശ ചികിത്സക്കുള്ള കാരണവും ചെലവായ തുകയുമൊക്കെ പിന്നീടാർക്കും വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കേണ്ടിവരും. വിഷയം അതല്ല, മുഖ്യമന്ത്രി ആരോഗ്യവാനായിരിക്കണം എന്ന് നാട്ടുകാർ ആഗ്രഹിക്കുന്നുണ്ട്. എത്ര കാലം വേണമെങ്കിലും അദ്ദേഹം ചികിത്സിക്കട്ടെ. പക്ഷെ, അപ്പോൾ നാട്ടിൽ പകരമൊരു സംവിധാനം വേണം. ആളുകൾ ഭൂരിപക്ഷം നൽകിയത് ഇടതുപക്ഷത്തിനാണ്. പിണറായി വിജയൻ മുഖ്യമന്ത്രിയാകണം എന്ന് തീരുമാനിച്ചത് അതിലെ പ്രമുഖ പാർട്ടി സിപിഎം ആണ്. വോട്ടർമാർക്കിടയിൽ റഫറണ്ടം നടത്തി തീരുമാനിച്ചതല്ല. എന്നുവച്ചാൽ ജനം വോട്ട് ചെയ്തത് മുഖ്യമന്ത്രി നേതൃത്വം നൽകുന്ന സർക്കാർ പ്രവർത്തിക്കാനാണ് എന്നർത്ഥം. ഒന്നോ രണ്ടോ ദിവസം പനിപിടിച്ച് കിടക്കുന്നതും രണ്ടോ മൂന്നോ ആഴ്ചയിലധികം രാജ്യം വിട്ടുപോകുന്നതും ഒരുപോലെയല്ല എന്ന് പിണറായി വിജയൻ അംഗീകരിച്ചില്ലെങ്കിലും സിപിഎം തിരിച്ചറിയേണ്ടതായിരുന്നു.

അതുവരെ ഓഫീസ് കാര്യങ്ങൾ കാര്യപ്രാപ്തിയുള്ള ഒരാളെ എൽപ്പിക്കുന്നതാണ് നാട്ടുനടപ്പ്

ദിവസേന വാർത്താക്കുറിപ്പിറക്കി മുഖ്യമന്ത്രിയുടെ ആരോഗ്യനില ആളുകളെ അറിയിക്കണം എന്നില്ല. പക്ഷെ, അദ്ദേഹത്തിന്‍റെ അഭാവത്തിൽ എന്തുകൊണ്ട് മന്ത്രിസഭ ചേരുന്നില്ല എന്നെങ്കിലും വിശദീകരിക്കണമായിരുന്നു. മന്ത്രിസഭ അങ്ങനെയൊന്നും എപ്പോഴും ചേരേണ്ട കാര്യമില്ല എന്നാണെങ്കിൽ പിന്നെ, എന്തിനാണ് പാർട്ടി സമ്മേളനങ്ങളും മുഖ്യമന്ത്രിയുടെ വിദേശചികിത്സയും ഇല്ലാത്ത കാലത്ത് ഇതിങ്ങനെ ആഴ്ചതോറും ചേരുന്നത് എന്നുകൂടി ചോദിക്കേണ്ടിവരും. മന്ത്രി ഇ.പി ജയരാജനും മറ്റുമന്ത്രിമാർക്കും മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭാവത്തിൽ യോഗം ചേരാൻ ചിലപ്പോൾ ധൈര്യമില്ലായിരിക്കും. പക്ഷെ, ആ മനോവികാരം എന്തിനാണ് നാട്ടുകാരുടെ പുറത്ത് ഒരു ബാധ്യതയായി അടിച്ചേൽപ്പിക്കുന്നത്? പ്രത്യേകിച്ചും പ്രളയാനന്തരകാലത്ത് നിർണായകമായ ഒരുപാട് തീരുമാനങ്ങൾ എടുക്കാൻ ബാക്കിയുള്ളപ്പോൾ.

യുഡിഎഫ് ഭരിക്കുന്ന കാലത്ത് കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്നു ഇപ്പണി ചെയ്തിരുന്നതെങ്കിൽ സിപിഎം കേരളം തിരിച്ചുവച്ചേനെ. വാർത്താസമ്മേളനങ്ങളും വാർത്താക്കുറിപ്പുമാണ് പ്രതിപക്ഷപ്രവർത്തനം എന്നുകരുതുന്ന രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവായി ഇരിക്കുന്നതുകൊണ്ട് കൊള്ളാം. പിണറായി വിജയന്‍റെ കസേരയിൽ ഇ.പി ജയരാജനെ കയറ്റിയിരുത്തണ്ട. പക്ഷെ, ആ ചുമതലകൾ നിറവേറ്റാനുള്ള ഉത്തരവാദിത്തം ആരെയെങ്കിലും  പിണറായി വിജയന്‍ ഏല്‍പ്പിക്കേണ്ടതുണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെ ഒപ്പ് സെക്രട്ടേറിയറ്റിൽ കൃത്രിമമായി ഉപയോഗിക്കുന്നു എന്ന് ഒരു ആരോപണം ഉയർന്നുവന്നിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസി‍ഡന്‍റ് പിഎസ് ശ്രീധരൻ പിള്ള ആരോപിക്കുന്നു. സെപ്തംബർ ഒമ്പതിന് മുഖ്യമന്ത്രിയുടെ ഡിജിറ്റൽ സിഗ്നേച്ചർ ഉള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതായി അദ്ദേഹം മാധ്യമങ്ങളോട് പറയുന്നു. ചികിത്സയിലിരിക്കെ ആശുപത്രിക്കിടക്കയിൽ കഷ്ടപ്പെട്ട് ഫയൽ നോക്കിത്തീർക്കേണ്ട ഗതികേടൊന്നും മുഖ്യമന്ത്രിക്കില്ല. ചികിത്സക്ക് പോയാൽ ആവശ്യത്തിന് സമയവും വിശ്രമവും എടുത്ത് ചികിത്സ പൂർത്തിയാക്കണം. കാരണം, മുഖ്യമന്ത്രി സമ്പൂർണ ആരോഗ്യവാനായിരിക്കണം എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതുവരെ ഓഫീസ് കാര്യങ്ങൾ കാര്യപ്രാപ്തിയുള്ള ഒരാളെ എൽപ്പിക്കുന്നതാണ് നാട്ടുനടപ്പ്. പ്രളയാനന്തര ദുരിതകാലത്ത് നാട് നാഥനില്ലാ കളരിയാക്കിയത് തെറ്റാണ്. ഞാനില്ലെങ്കിൽ ആരുമില്ല എന്ന നിലപാട് ജനാധിപത്യത്തിന് ചേർന്നതല്ല. സാങ്കേതികവിദ്യ പുരോഗമിച്ച കാലമാണിത് എന്നത് മറക്കുന്നില്ല. ആർക്കും, എവിടിരുന്നും, എങ്ങോട്ടും എത്താവുന്ന കാലം. ഒരു മൊബൈലോ, ലാപ്ടോപ്പോ, ഉണ്ടെങ്കിൽ വീഡിയോ കോൺഫറൻസിംഗ് നടത്താവുന്നതേ ഉള്ളൂ. എന്നാണെങ്കിൽ, മുഖ്യമന്ത്രി ആ സാങ്കേതികവിദ്യ ഉപയോഗിച്ച് മന്ത്രിസഭായോഗം മാറ്റണം.

Follow Us:
Download App:
  • android
  • ios