പൊലീസിലെ അടിമപ്പണി വിരോധം എത്രനാള്‍? സിന്ധു സൂര്യകുമാര്‍ എഴുതുന്നു
സത്യത്തില് കേരളത്തില് എത്രപേര്ക്ക് സുരക്ഷാ ഭീഷണിയുണ്ട്? സുരക്ഷാ ഭീഷണിയെന്ന പേരില് പൊലീസ് അകമ്പടി വാങ്ങി ഗണ്മാനുമായി നടക്കുന്നത് അലങ്കാരമായി കരുതുന്ന ഒരുകൂട്ടം നേതാക്കളുമുണ്ട്. അദര് ഡ്യൂട്ടി, വര്ക്ക് അറേഞ്ച്മെന്റ് എന്നൊക്കെ പേരിട്ട് സ്വന്തം കാര്യത്തിന് കൊണ്ടുനടക്കുന്നത് വേറെ. ദാസ്യവൃത്തിയുടെ മറുവശം പൊലീസ് ക്യാമ്പിലെ സഹായികളായ ക്യാമ്പ് ഫോളോവര്മാരെ ഏമാന്മാരുടെ വീട്ടുജോലിക്ക് വയ്ക്കലാണ്.

ഭരണ പ്രതിപക്ഷ ഭേദമില്ലാതെ നേതാക്കളെല്ലാം അടിമപ്പണിക്കെതിരായി ഇറങ്ങിയിട്ടുണ്ട്. കേട്ടാല് തോന്നുക ഇത് ഇന്നലെ തുടങ്ങിയ കാര്യമെന്നാണ്. റോഡില് വീണുകിടന്നാല് പോലും ആര്ക്കും തിരിഞ്ഞുനോക്കാന് തോന്നാത്ത അളുകള് പോലും സുരക്ഷാ ഭീഷണി അവകാശപ്പെടുന്നുണ്ട്. സര്ക്കാര് ചെലവില് ജീവിക്കുന്ന ഇത്തരം ഐഎഎസ്,ഐപിഎസ് ഉദ്യോഗസ്ഥരെയും രാഷ്ര്ട്രീയക്കാരെയുമൊക്കെ പരാദജീവികള് എന്നാണ് വിളിക്കേണ്ടത്. സ്വന്തമായി ഉണ്ടാക്കുന്നതൊക്കെ സമ്പാദ്യമാക്കിവച്ച് നിത്യനിദാന ചെലവൊക്കെ സര്ക്കാരില് നിന്ന് ഈടാക്കിയെടുക്കുന്നവര്. എന്നിട്ട് ഇവരൊക്കെ കൂടിയിരുന്ന് മറ്റു പരാദജീവികളെ കുറ്റം പറയും. ഐപിഎസുകാരുടെ വീട്ടുകാര്യം നോക്കാന് സര്ക്കാരിന് ബാധ്യതയുണ്ടോ? ഐപിഎസുകാര്ക്ക് വീട്ടുജോലിക്കാരെ സര്ക്കാര് വിട്ടുകൊടുക്കണോ? സത്യത്തില് കേരളത്തില് എത്രപേര്ക്ക് സുരക്ഷാ ഭീഷണിയുണ്ട്? സുരക്ഷാ ഭീഷണിയെന്ന പേരില് പൊലീസ് അകമ്പടി വാങ്ങി ഗണ്മാനുമായി നടക്കുന്നത് അലങ്കാരമായി കരുതുന്ന ഒരുകൂട്ടം നേതാക്കളുമുണ്ട്. അദര് ഡ്യൂട്ടി, വര്ക്ക് അറേഞ്ച്മെന്റ് എന്നൊക്കെ പേരിട്ട് സ്വന്തം കാര്യത്തിന് കൊണ്ടുനടക്കുന്നത് വേറെ. ദാസ്യവൃത്തിയുടെ മറുവശം പൊലീസ് ക്യാമ്പിലെ സഹായികളായ ക്യാമ്പ് ഫോളോവര്മാരെ ഏമാന്മാരുടെ വീട്ടുജോലിക്ക് വയ്ക്കലാണ്.
എഡിജിപി സുധേഷ്കുമാറിന്റെ മകളുടെ തല്ലുകൊള്ളേണ്ട ഉത്തരവാദിത്തം കേരളപൊലീസിനില്ല. എമാന്മാരുടെ മക്കളുടെയും ഭാര്യയുടെയും ചീത്ത കേള്ക്കുകയും തോട്ടം നനയ്ക്കുകയും പട്ടിയെ കുളിപ്പിക്കുകയും അഭിമാനത്തോടെ ചെയ്യുന്നവരെ പൊലീസുകാരെന്ന് വിളിക്കുകയുമരുത്. ഐപിഎസ് ഉദ്യോഗസ്ഥയുടെ പട്ടിയുടെ ഔദ്യോഗിക വാഹനത്തിലെ യാത്രയും പട്ടിക്ക് കിട്ടിയ സല്യൂട്ടുമൊക്കെ വാര്ത്തയായതല്ലെ?
ഡിജിപി ലോക്നാഥ് ബെഹ്റയുടെ സേവനത്തിന് എത്ര പേരുണ്ടായിരുന്നു ഇതുവരെ?
കെ.എം. മുനീറിനും കെ മുരളീധരനും തല്ക്കാലം ഇതിനെതിരെ പറയാം. കാരണം രണ്ടാള്ക്കും പൊലീസ് അകമ്പടിയില്ല. എംപിമാര്ക്കും മുന് കേന്ദ്രമന്ത്രിമാര്ക്കുമൊക്കെയുണ്ട് ഗണ്മാന്. എന്തിനാണോ എന്തോ? അവരെ തിരിച്ചയച്ചേക്കാന് മുനീറും മുരളീധരനും ആവശ്യപ്പെടുമോ?
ആരോടാണ് ഇതൊക്കെ പറയുക. ഡിജിപി ലോക്നാഥ് ബെഹ്റയുടെ സേവനത്തിന് എത്ര പേരുണ്ടായിരുന്നു ഇതുവരെ? ജനപ്രതിനിധികള്ക്ക് ചികിത്സാ ചെലവെന്ന പേരില് ലക്ഷങ്ങള് വിഴുങ്ങാന് അവസരം നല്കുന്നതാണ് നമ്മുടെ കീഴ് വഴക്കം. ആരോഗ്യ ഇന്ഷുറന്സ് ഏര്പ്പെടുത്തിയാല് തീരുന്ന പാഴ്ചെലവ്. ഇച്ഛാശക്തിയുണ്ടെങ്കില് മുഖ്യമന്ത്രി പിണറായിക്ക് നിയന്ത്രിക്കാവുന്നതേയുള്ളൂ ഇതെല്ലാം.
ഇപ്പോള് നടക്കുന്നത്, ഇതുവരെ നടന്നത് എല്ലാം കണ്ണില് പൊടിയിടലാണ്. ഡിജിപി ബെഹ്റയ്ക്കടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്ക്കെല്ലാം അറിയാവുന്ന , അവരനുഭവിച്ചുവരുന്ന ഒരു സുഖസൗകര്യത്തിനെതിരെ തത്ക്കാലം ഒരു നീക്കം. ഇപ്പോഴത്തെ ബഹളം തീര്ന്നാല് വീണ്ടും തുടരും. ബഹളം കേട്ടാല് കവാത്തുമറക്കുന്നവരല്ല നമ്മുടെ ഏമാന്മാര്.
എല്ലാവര്ക്കും അരിശം മാധ്യമങ്ങളോടാണ്. ഡിജിപി ബെഹ്റയും മാധ്യമങ്ങളെ കുറ്റം പറഞ്ഞു. കാലമിത്രയായിട്ടും തുടരുന്ന അടിമപ്പണി നിര്ത്താന് പറ്റാത്തതില് അദ്ദേഹത്തിന് ദുഃഖമൊന്നുമില്ല. അടിമപ്പണി അഥവാ ദാസ്യവൃത്തി അവകാശമാണെന്ന് കരുതുന്ന വര്ഗ്ഗത്തിന്റെ മേധാവി അങ്ങനെ ആയില്ലെങ്കിലേ അദ്ഭുതമുള്ളൂ. എതായാലും ഗവാസ്കര് എന്ന നട്ടെല്ലുള്ള മനുഷ്യനെ, പൊലീസുകാരനെ അഭിനന്ദിച്ചേ പറ്റൂ. ആത്മാഭിമാനം ചോദ്യം ചെയ്താല് ഏത് എഡിജിപി ആയാലും പരാതി നല്കും, ഉറച്ചുനില്ക്കും എന്ന് തീരുമാനമെടുക്കാന് കേരള പൊലീസിലെ ഭൂരിഭാഗവും തയ്യാറായേക്കില്ല. മേലധികാരികളെ സുഖിപ്പിച്ചുനിര്ത്തി കാര്യം നേടുന്നവരാണ് വലിയൊരു വിഭാഗം.
ഗവാസ്കര് എന്ന നട്ടെല്ലുള്ള മനുഷ്യനെ, പൊലീസുകാരനെ അഭിനന്ദിച്ചേ പറ്റൂ.
എഡിജിപി സുധേഷ് കുമാറിന്റെ മകളുടെ മൊഴികളില് കള്ളത്തരമുണ്ടെന്ന് രേഖകളില് വ്യക്തമാണ്. രാവിലെ ഓട്ടോയിടിച്ചു എന്ന് പറഞ്ഞ് വൈകുന്നേരം ചികിത്സ തേടിയ യുവതിക്ക് പരിക്കൊന്നുമുണ്ടായിരുന്നില്ല. ഈ യുവതിയാണ് ഇല്ലാത്ത പരിക്കിന്റെ പേരില് ഗവാസ്കര്ക്കെതിരെ അതിക്രമമാരോപിച്ച് പരാതി നല്കിയത് . ഏമാന്റെ മകള് നല്കിയ കൗണ്ടര് പരാതി ആദ്യം രേഖയാക്കിയ പൊലീസാണ് യഥാര്ത്ഥ കേരള പൊലീസ്. അധികാരത്തിനും സ്വാധീനത്തിനും മുന്നില് മുട്ടുമടക്കി ഓച്ഛാനിച്ച് നില്ക്കുന്ന തനികേരള പൊലീസ്. ഗവാസ്കറെ പോലുള്ളവര് അതിനൊരപവാദം.
കെ.ബി. ഗണേഷ്കുമാര് എംഎല്എക്കെതിരായ പരാതിയും സമാന സ്വഭാവമുള്ളതാണ്. എംഎല്എയ്ക്കൊപ്പമാണ് സ്ഥലം സിഐ നിന്നതെന്നും , നിയമപരമായ രീതികള് സിഐ പാലിച്ചില്ലെന്നുമാണ് പരാതിക്കാര് പറയുന്നത്. പത്തനാപുരത്തിനടുത്ത് എംഎല്എയുടെ കാര് ഓവര്ടേക്ക് ചെയ്യുന്നതിനിടെ യുവാവിനെ എംഎല്എ മര്ദ്ദിച്ചെന്നും യുവാവിന്റെ അമ്മയെ അസഭ്യം പറഞ്ഞുവെന്നുമാണ് പരാതി. സംഭവത്തില് സ്വന്തം ഭാഗം ഗണേഷും പറയുന്നുണ്ട്. നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം നിയമസഭയില് പറഞ്ഞു. സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷണത്തിലാണ് തെളിയേണ്ടത്. പതിവുപോലെ രണ്ടുഭാഗത്ത് നിന്നും പരാതിയുണ്ട്. ഇവിടേയും നിര്ണായകം പൊലീസ് നിലപാടാണ്. അഞ്ചല് സിഐ മോഹന്ദാസ് എംഎല്എയെ സഹായിച്ചുവെന്ന്, ആ ഭാഗത്തു നിന്നുവെന്ന് ആരോപണം ഉള്ളപ്പോള് അന്വേഷണം ആദ്യമേല്പ്പിച്ചത് അതേ മോഹന്ദാസിനെ. അത് വിവാദമായപ്പോള് സ്ഥലംമാറ്റി, സ്വന്തം നാട്ടിലേക്ക്. കടുത്ത ശിക്ഷ തന്നെ. കേരള പൊലീസിന്റെ, അതിനെ നയിക്കുന്നവരുടെ യഥാര്ത്ഥ മുഖം അവരുടേതല്ല. അവരെ നയിക്കുന്ന അധികാരികളുടേതാണ്. പൊലീസ് ഭരണം ശരിയല്ല എന്ന് പറയുന്നത് അതുകൊണ്ടാണ്. മുകള്ത്തട്ട് നന്നാക്കാതെ താഴേത്തട്ടുകാരെ ഉപദേശിച്ചിട്ട് എന്ത് കാര്യം?
