ഇത് വാര്‍ത്തകൊണ്ട് മുറിവേറ്റവരുടെ ആത്മകഥയാണ്. വായിക്കപ്പെടേണ്ടതും അങ്ങനെത്തന്നെ... വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിട്ട് ഒക്ടോബര്‍ പകുതിക്ക് ആണ്ടു തികയുന്നു. കഴിഞ്ഞ ഒരുവര്‍ഷം അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോയവര്‍ക്ക് മറക്കാനും പൊറുക്കാനും ആകാത്ത ഒരുവര്‍ഷം. അപമാനഭാരത്തിന്റെയും നഗ്‌നമായ അവകാശ ലംഘനത്തിന്റെയും ഒരു വര്‍ഷം. 

കറുത്ത കോട്ടുകാരും അനുചരവൃന്ദങ്ങളും കക്ഷികളും കാലാളുമെല്ലാം നോക്കി നില്‍ക്കുമ്പോഴായിരുന്നുവത്രെ അതിക്രമം! 

മൊബൈല്‍ ഫോണും പേനയും ഒരു തുണ്ട് കടലാസുമായിരുന്നു ആ രണ്ട് പെണ്ണുങ്ങളുടെ കൈയിലുണ്ടായിരുന്ന മാരകായുധങ്ങള്‍! ആറടിയോളം പൊക്കവും അതിനൊത്ത തടിയുമുള്ള അഞ്ചാറ് ആണുങ്ങളെ അവളുമാര്‍ കണ്ണുപൊട്ടുന്ന തെറി വിളിച്ചു. അമ്മയ്ക്കു വിളിച്ചിട്ടും പ്രതികരിക്കാതിരുന്ന പാവം ആണുങ്ങളെ ഇടിച്ചു റൊട്ടിയാക്കി! എന്നിട്ട് ആര്‍ത്തട്ടഹസിച്ച് മടങ്ങിപ്പോയി വഞ്ചിയൂര്‍ കോടതിയില്‍ കറുത്ത കോട്ടുകാരും അനുചരവൃന്ദങ്ങളും കക്ഷികളും കാലാളുമെല്ലാം നോക്കി നില്‍ക്കുമ്പോഴായിരുന്നുവത്രെ അതിക്രമം! 

ശരിക്കും പറഞ്ഞാല്‍ വാദി പ്രതിയായി മാറുന്നതിന് ഇതിലും നല്ലൊരുദാഹരണം പറയാനില്ല

വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലുള്ള ഒരു കേസിന്റെ വിശദാംശങ്ങളാണ് മുകളില്‍ പറഞ്ഞത്. മാധ്യമ 'വിലക്ക്' എന്ന സംഗതിയുടെ ഭാഗമായി കൃത്യം ഒരു വര്‍ഷം മുമ്പ് വഞ്ചിയൂര്‍ കോടതിയില്‍ ഉണ്ടായ സംഭവങ്ങളുടെ ഭാഗമായി വന്ന കേസ്. കേസിലെ പ്രതികളായ രണ്ട് പെണ്ണുങ്ങളില്‍ ഒരുവള്‍ ഞാന്‍, കൂട്ടിനുണ്ടായിരുന്നത് ജസ്റ്റീന. ഒപ്പമുണ്ടായിരുന്ന പ്രഭാത് നായരേയും രാമകൃഷ്ണനെയും കോളറിന് കുത്തിപ്പിടിച്ച് ഇറക്കിക്കൊണ്ട് പോയി. കോടതി വളപ്പിലെ ഏതൊക്കെയോ മൂലയില്‍ വച്ച് അവരും ആക്രമിക്കപ്പെട്ടു. ശരിക്കും പറഞ്ഞാല്‍ വാദി പ്രതിയായി മാറുന്നതിന് ഇതിലും നല്ലൊരുദാഹരണം പറയാനില്ല. ആദ്യം പറഞ്ഞ കഥ മറുഭാഗത്തു നിന്നു വായിച്ചുനോക്കൂ, അതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. ഇന്ന് ഒരു വര്‍ഷത്തിനിപ്പുറം സ്വയം വിശേഷിപ്പിക്കേണ്ടത് എങ്ങനെയെന്നറിയില്ല -പ്രതിയെന്നാണോ? അതോ ഇരയെന്നാണോ? 

നാടുനീളെ നാലാള്‍ കൂടുന്നിടത്തെല്ലാം ഫോട്ടോ പതിച്ച ഫ്ളക്സ് ബോര്‍ഡ് നിരത്തി. ഉള്ളതും ഇല്ലാത്തതും എല്ലാം പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ നാണം കെടുത്തി. അതെല്ലാം വേണമെങ്കില്‍ മറക്കാം പൊറുക്കാം. പോയ മാനത്തേക്കാള്‍ ഉള്ളിലെ അഭിമാനത്തിനും ആത്മബലത്തിനും വിലയിട്ടുതന്നെയാണ് ഇതുവരെ ജീവിച്ചതും ഇനി ജീവിക്കാനുദ്ദേശിക്കുന്നതും. പ്രശ്നം അതൊന്നുമല്ല.

അന്നു മുതല്‍ ഇന്നോളം തലസ്ഥാനത്തെ ഒരു കോടതി മുറിയിലും മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തയെടുക്കാന്‍ കയറിയിട്ടില്ല

കോടതിയില്‍ പോയത് ജോലിയുടെ ഭാഗമായി വാര്‍ത്തെയെടുക്കാനാണ്. കേരള മന്ത്രിസഭയില്‍ നിന്ന് ഇ.പി.ജയരാജന്റെ രാജിക്കിടയാക്കിയ ബന്ധുനിയമന കേസ് പരിഗണിച്ച് കൊണ്ടിരിക്കുമ്പോഴാണ് അഭിഭാഷക കൂട്ടം അതിക്രമത്തിന് മുതിര്‍ന്നതും കൈയേറ്റം ചെയ്തതും അധിക്ഷേപിച്ച് ഇറക്കിവിട്ടതും. അന്നു മുതല്‍ ഇന്നോളം തലസ്ഥാനത്തെ ഒരു കോടതി മുറിയിലും മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തയെടുക്കാന്‍ കയറിയിട്ടില്ല. കയറാന്‍ അനുവദിച്ചിട്ടില്ല. ഗവര്‍ണറും മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും മനുഷ്യാവകാശ -വനിതാ കമ്മീഷനുകളുമൊക്കെയും കയറിയിറങ്ങി നിവേദനം നല്‍കിയിട്ടുണ്ട്. പക്ഷേ, നീതി കിട്ടിയോ എന്ന ചോദ്യത്തിന് മുന്നില്‍ നിശബ്ദയാകാനെ ഇന്ന് ഈ നിമിഷം വരെ നിര്‍വാഹമുള്ളൂ. 

നിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു ചുക്കുമറിയില്ല കൂട്ടരേ.. അതറിയണമെങ്കില്‍ കാരണമില്ലാതെ പൊതു സമൂഹത്തില്‍ അവഹേളിക്കപ്പെടുന്നതിന്റെ വേദനയറിയണം. കരണത്തടിയേറ്റിട്ടും കയ്യൊന്നുയര്‍ത്താന്‍ കഴിയാതെ പോയവന്റെ നിസ്സഹായതയറിയണം. കള്ളക്കേസില്‍ കുടുക്കി തേജോവധം ചെയ്യുമ്പോഴും കൂടെനില്‍ക്കാന്‍ ആരുമുണ്ടാകില്ലെന്ന തിരിച്ചറിവുണ്ടാകണം.

മാനംമര്യാദയ്ക്ക് ജോലി ചെയ്യാന്‍ സാഹചര്യമില്ലെങ്കില്‍ നമ്മള്‍ പ്രതികരിക്കേണ്ടത് എങ്ങനെയാണ്?

ധനേഷ് മാഞ്ഞൂരാന്‍ എന്ന ഗവണ്‍മെന്റ് പ്ലീഡര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം മറച്ചുവെയ്ക്കാന്‍ അഭിഭാഷക സമൂഹത്തിലെ ചെറിയൊരു വിഭാഗം തിരക്കഥയെഴുതിയ പൊറാട്ട് നാടകത്തിന് ഒടുക്കം കാര്യങ്ങള്‍ ചെന്ന് നില്‍ക്കുന്നത് എവിടെയൊക്കെയാണെന്ന് ഇനിയെങ്കിലും ചിന്തിക്കണം. നഷ്ടപ്പെട്ടത് ആര്‍ക്കാണ്? അവകാശങ്ങള്‍ കവര്‍ന്നത് ആരുടെയാണ്? മാനംമര്യാദയ്ക്ക് ജോലി ചെയ്യാന്‍ സാഹചര്യമില്ലെങ്കില്‍ നമ്മള്‍ പ്രതികരിക്കേണ്ടത് എങ്ങനെയാണ്? കേവലം ചില പ്രസ്താവനകള്‍ക്കും കാടിളക്കിയ തിരഞ്ഞെടുപ്പ് വാദ്ഗാനങ്ങള്‍ക്കുമപ്പുറം മാധ്യമപ്രവര്‍ത്തകരുടെ സംഘശക്തിക്ക് അവകാശപ്പോരാട്ടത്തില്‍ എന്ത് ചെയ്യാന്‍ കഴിഞ്ഞു?

അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും എക്കാലവും ശത്രുതയില്‍ തുടരണമെന്ന് ആരൊക്കെയോ നിശ്ചയിച്ചിരിക്കുന്നു

പലതിനും മറുപടി വട്ടപ്പൂജ്യമാണ്. ഒരു പ്രശ്നമുണ്ടായാല്‍ ഇരുവശത്തും ആരോപണപ്രത്യാരോപണങ്ങള്‍ ഉണ്ടാവും. ചിലരൊക്കെ നിയന്ത്രണം വിട്ട് പെരുമാറും, ബോധപൂര്‍വ്വവും അല്ലാതെയും. അങ്ങനെ ബോധപൂര്‍വ്വം നിയന്ത്രണമില്ലാതെ പെരുമാറിയത് വളരെ ചെറിയൊരു ശതമാനം മാത്രമാണ്. അവര്‍ തന്നെയാണ് ഞങ്ങളെ കടന്നാക്രമിച്ചത്. അവര്‍ തന്നെ എല്ലാം തീരുമാനിച്ചു നടപ്പാക്കുന്നു. സമാധാന കാംക്ഷികളായ മഹാഭൂരിപക്ഷത്തിനെ നോക്കുകുത്തികളാക്കി ആ ചെറിയ ന്യൂനപക്ഷം കാര്യങ്ങള്‍ തീരുമാനിക്കുന്നു എന്നത് എത്രമാത്രം അപകടകരമാണ് 

ഇതു പരിഹരിക്കാനാവാത്ത പ്രശ്നമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍, അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും എക്കാലവും ശത്രുതയില്‍ തുടരണമെന്ന് ആരൊക്കെയോ നിശ്ചയിച്ചിരിക്കുന്നു. ഈ പോരില്‍ നേട്ടം ആര്‍ക്കാണെന്നു നോക്കിയാല്‍ മാത്രം മതി, നെല്ലും പതിരും തിരിച്ചറിയാന്‍.