കേരളത്തിന്റെ കാണാപ്പുറങ്ങള്‍ സമഗ്രമായി വിശകലനം ചെയ്യുന്ന പരമ്പരയാണ് എന്റെ കേരളം. മലയാളി കടന്നു വന്ന വഴികള്‍. മലയാളിയെ കാത്തിരിക്കുന്ന വഴികള്‍. മേല്‍ഗതിയും അധോഗതിയും ഊടും പാവുമിട്ട ആറു പതിറ്റാണ്ടിന്റെ സഞ്ചാരം. കേരളത്തിന്റെ അറുപത് വര്‍ഷങ്ങള്‍ സൂക്ഷ്മമായി പകര്‍ത്തുന്ന എപ്പിസോഡുകളില്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ, ഈ ദേശത്തിന്റെ ജീവിതം കടന്നുവരുന്നു.
'അവതാരകനായി തന്നെ കാണുന്നത് പലര്‍ക്കും കൗതുകമുണ്ടാക്കിയേക്കാമെന്ന് എം.എ ബേബി പറയുന്നു. വിവാദങ്ങളുണ്ടാവാം. വ്യത്യസ്ത അഭി്രപായങ്ങളുണ്ടാവാം. അതൊക്കെ ആരോഗ്യകരമായാല്‍ സമൂഹത്തിന്റെ പുരോഗതിക്ക് വഴിവെക്കുകയേ ഉള്ളൂ. ഈ ബോധ്യത്തിലാണ് ഒരല്‍പ്പം വിവാദമുണ്ടായേക്കാവുന്ന ഈ സംരംഭത്തില്‍ താന്‍ സഹകരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

'വളരെ പരസ്യമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകളുള്ള ഒരാള്‍ ഈ പരിപാടിയില്‍ വരുമ്പോള്‍ എന്റെ രാഷ്ട്രീയ നിലപാടുകളുടെ അതിപ്രസരമോ കടന്നുവരവോ ഉണ്ടാവുമോ എന്ന് ആശങ്കപ്പെടുന്നവരും മോഹിക്കുന്നവരും ഉണ്ടാവാം. ഈ രണ്ടു വിഭാഗക്കാരെയും നിരാശപ്പെടുത്തേണ്ടി വരും എന്നാണ് പറയാനുള്ളത്'-അവതാരകനാവുന്നതിനെ കുറിച്ച് എം.എ ബേബിയുടെ വാക്കുകള്‍.
ഏപ്രില്‍ മൂന്നിന് തിങ്കളാഴ്ച രാത്രി ഏഴരയ്ക്കാണ് 'എന്റെ കേരളം' ആരംഭിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് എന്റെ കേരളം പ്രേക്ഷകരിലെത്തുക. എം.ജി അനീഷാണ് പരിപാടിയുടെ പ്രൊഡ്യൂസര്‍.

