ആദ്യ ഭാഗം: കേരള സൈബര്‍ വാരിയേഴ്‌സ് പറയുന്നു ആങ്ങളമാരാവാന്‍ ഞങ്ങളില്ല!

എത്ര പേരടങ്ങിയതാണ് സൈബര്‍ വാരിയേഴ്‌സ്, എന്താണ് ഗ്രൂപ്പിന്റെ ലക്ഷ്യം ?

കോര്‍ഗ്രൂപ്പും, ബ്ലൂ ആര്‍മി അംഗങ്ങളുമടക്കം 33 പേരാണ് സജീവ പ്രവര്‍ത്തനം നടത്തുന്നത്. ഇന്ത്യന്‍ സൈബര്‍ സ്‌പേസ് ആക്രമിക്കുന്ന പാകിസ്താന്‍ ഹാക്കേഴ്‌സിനേയും ബംഗ്ലാദേശ് ഹാക്കേഴ്‌സിനെയും തടയുക, സമകാലിക വിഷയങ്ങളില്‍ ഇടപെടുക, ഇന്ത്യന്‍ സൈറ്റുകളില്‍ ഉള്ള ലൂപ്പ് ഹോള്‍ പറഞ്ഞു കൊടുത്ത് സുരക്ഷിതരാക്കുക, സ്ത്രീകള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങളെ തടയുക എന്നതൊക്കെയാണ് പ്രധാന ലക്ഷ്യം. തികച്ചും വൈറ്റ് ഹാക്കിങ് ആണ് സൈബര്‍ വാരിയേഴ്‌സ് നടത്തുന്നത്. 

ആരാണ് ഇത്തരത്തിലൊരു ഗ്രൂപ്പിന് പ്രചോദനം, എത്രകാലമായി ഹാക്കിംഗ് ആരംഭിച്ചിട്ട് ?

നാടിനെ ആക്രമിക്കുന്ന ആര്‍ക്കെതിരെയും മതവും ജാതിയും രാഷ്ട്രീയവും നോക്കാതെ പല പല രാജ്യത്തു നിന്ന് ഒന്നിച്ചു കൂടിയവര്‍ ആണ് ഞങ്ങള്‍. പ്രചോദനം ആയി അങ്ങനെ ഒരാള്‍ ഇല്ല. ഈ നാടിനു വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യണം. അത് തന്നെ ആണ് ഞങ്ങളുടെ പ്രചോദനം. അതില്‍ നിന്നും കിട്ടുന്ന ഒരു സന്തോഷം മാത്രം ആണ് ഞങ്ങളുടെ ശമ്പളം. 

ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പിടിക്കപ്പെടുന്ന ഞരമ്പുരോഗികള്‍ക്ക് ഞങ്ങള്‍ ഒരു ശിക്ഷ രീതിയില്‍ കൊടുക്കുന്നത് ചാരിറ്റി ചെയ്യാന്‍ ആണ്. ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ അവരുടെ യഥാര്‍ത്ഥ മുഖം പുറത്തു കൊണ്ട് വരും.

കൃത്യമായ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹാക്ക് ചെയ്യുന്നത്.

നിങ്ങള്‍ ഹാക്കിംഗ് അല്ല ഫിഷിംഗ്‌ ആണ് നടത്തുന്നതെന്നാണ് പ്രധാന ആരോപണം ?

ഫിഷിംങ്ങിലുടെ ആണോ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുന്നത് എങ്കില്‍ ഞങ്ങളത് ചെയ്യും. അങ്ങനെ ഒരു വിഡ്ഢിയുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടു. ഫിഷിങ്ങില്‍ കിട്ടുന്ന സൈറ്റ് ഏതാണ് ? ഫേസ്ബുക് ഹാക്ക് ചെയ്യാന്‍ പല മാര്‍ഗം ഉണ്ട്. ചിലര്‍ ഫിഷിങ്, ചിലര്‍ റാറ്റ്, അങ്ങനെ പലതും. സൈബര്‍ വാരിയേഴ്‌സ് ഒരിക്കലും ആരുടെയും ചാറ്റ് ബോക്‌സ് ഒരു കാരണവുമില്ലാതെ കുത്തിതുറന്നിട്ടില്ല. കൃത്യമായ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹാക്ക് ചെയ്യുന്നത്.

സംഘപരിവാര്‍ അനുകൂലമാണ് നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്നും ആരോപണമുണ്ട്. സൈബര്‍ വാരിയേഴ്‌സിന് ഏതെങ്കിലും രാഷ്ട്രീയത്തോട് ചായ്‌വുണ്ടോ ?

ഇല്ല. ഒരിക്കലും അത്തരമൊരു പ്രത്യേക രാഷ്ട്രീയ ചായ്‌വില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും കേരള സൈബര്‍ വാരിയേഴ്‌സിലുണ്ട്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഒരാള്‍ക്കും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക അനുകമ്പ ഇല്ല. എന്റെ രാജ്യം ആര് ഭരിച്ചാലും നല്ലതാവണം. ഞങ്ങളുടെ ചിന്തയും ലക്ഷ്യവും അതാണ്.

സൈബര്‍ ഡോമിന് കൈമാറേണ്ട കേസുകള്‍ ഞങ്ങള്‍ അവരെ അറിയിക്കാറുണ്ട്.

പൊലീസിന്റെ സൈബര്‍ഡോമിനോടും അതിന്റെ പ്രവര്‍ത്തനങ്ങളോടുമുള്ള സമീപനം എന്താണ്?

സൈബര്‍ ഡോമിന് കൈമാറേണ്ട കേസുകള്‍ ഞങ്ങള്‍ അവരെ അറിയിക്കാറുണ്ട്. കുറച്ചു ദിവസം മുന്ന് ഞങ്ങള്‍ പൊക്കിയ ഒരു പേജില്‍ 10 വയസ്സുള്ള പെണ്‍കുട്ടികളെ ആണ് സെക്‌സി ആക്കുന്നത്. അതൊക്കെ ഗ്രൂപ്പില്‍ വെച്ചു തന്നെ അവര്‍ക്കു കൊടുത്തിട്ടുണ്ട്. അവര്‍ ഉള്ളത് കൊണ്ടാവണം കുറച്ചൊക്കെ ഈ നാട്ടില്‍ സൈബര്‍ കുറ്റങ്ങള്‍ കുറയുന്നത്.

ഹാക്കിങ് ക്രൈം ആണ്. ഇത് പക്ഷേ നല്ല ഉദ്ദേശത്തിന് വേണ്ടി ചെയ്യുന്ന ക്രൈം ആണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

സത്യത്തില്‍, നിങ്ങള്‍ നടത്തുന്നത് നിയമലംഘനമല്ലോ? ഹാക്കിംഗ് കുറ്റകരമല്ലേ? 
സൈബര്‍ വാരിയേഴ്‌സ് നൂറ് ശതമാനം ഇന്ത്യന്‍ ഭരണ ഘടന അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ ഒരിക്കലും ഈ നാടിനെയോ നാട്ടുകാരെയോ വെറുതെ അക്രമിക്കില്ല. പിന്നെ സമകാലിക വിഷയത്തില്‍ ഇടപെടുന്നത് അത് നിയമത്തില്‍ ഉള്ള വിശ്വാസം പോയത് കൊണ്ടല്ല, മറിച്ച് നിയമം വളച്ചൊടിക്കുന്നവര്‍ക്കു എതിരായിട്ടാണ്. ഹാക്കിങ് ക്രൈം ആണ് എന്നറിയാം. ഇത് പക്ഷേ നല്ല ഉദ്ദേശത്തിന് വേണ്ടി ചെയ്യുന്ന ക്രൈം ആണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

പെണ്‍കുട്ടികളുടെ വസ്ത്രധാരണം, സാമൂഹ്യ ഇടപെടലുകള്‍, അഭിപ്രായ സ്വാതന്ത്ര്യം, സോഷ്യല്‍ മീഡിയ ഇടപെടല്‍...ഇവയെക്കുറിച്ചൊക്കെ സൈബര്‍വാരിയേഴ്‌സിന്റെ നിലപാട് എന്താണ്?

പെണ്‍കുട്ടികള്‍ക്ക്, അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ പെരുമാറാന്‍ ഈ ലോകത്ത് പുരുഷന്‍മാരെ പോലെ തന്നെ അവകാശം ഉണ്ട്. അതില്‍ ഒരു എതരഭിപ്രായവും ഇല്ല . പക്ഷെ ഞങ്ങള്‍ പോകുന്ന ഞരമ്പുകളുടെ ഇന്‍ബോക്‌സില്‍ നിന്നും ലഭിക്കുന്നത് ബസ് സ്റ്റാന്റില്‍ കുഞ്ഞിന് മുല ഊട്ടുന്ന അമ്മയുടെ ഫോട്ടോസ്, അല്ലെങ്കില്‍ സ്ത്രീകളുടെ ചുരിദാര്‍ കാറ്റത്ത് ഒന്ന് ഉലഞ്ഞാല്‍ അത് ഷൂട്ട് ചെയ്യുന്നത് എന്നിവയൊക്കെയാണ്. ഇതിനായി ആണ് ഈ ഞരമ്പുകള്‍ രാവിലെ ഇറങ്ങുന്നത്. ഈ കാര്യം പെണ്‍കുട്ടികളോട് പറയാറുണ്ട്. അതിനര്‍ത്ഥം നിങ്ങള്‍ ഇങ്ങനെ നടക്കരുത് എന്നല്ല. ഈ ലോകത്തു നിങ്ങള്‍ അറിയാതെ നിങ്ങളെ ആസ്വദിക്കുന്ന ഞരമ്പുകള്‍ ഉണ്ടെന്നു തിരിച്ചറിയുക എന്ന് മാത്രമാണ്.

ആദ്യ ഭാഗം: കേരള സൈബര്‍ വാരിയേഴ്‌സ് പറയുന്നു ആങ്ങളമാരാവാന്‍ ഞങ്ങളില്ല!