മകള്‍ക്ക് സ്റ്റേജില്‍ ഡാന്‍സ് ചെയ്യാന്‍ പേടി കൂടെച്ചെന്ന് ഡാന്‍സ് ചെയ്യുകയാണ് മാര്‍ക്ക് ഡാനിയേല്‍

മകള്‍ക്ക് സ്റ്റേജ് പേടിയാണ് എന്തു ചെയ്യും? കൂടെച്ചെല്ലും, ഡാന്‍സ് കളിക്കും. അങ്ങനെ താരമായിരിക്കുകയാണ് ഈ അച്ഛന്‍. ബല്ലറ്റ് ഡാന്‍സ് കളിക്കുന്നതിനായി സ്റ്റേജില്‍ കയറിയതാണ് ആളുടെ മൂത്തമകള്‍. സ്റ്റേജില്‍ ഡാന്‍സ് ചെയ്യാതെ മടിച്ചുനില്‍ക്കുകയാണ് ബെല്ല. ഉടനെ അച്ഛന്‍ കൂടെ ചെന്ന് കുഞ്ഞിന്‍റെ കൈപിടിച്ച് ഡാന്‍സ് ചെയ്യുകയാണ്. 

മാര്‍ക് ഡാനിയേല്‍ ആണ് സോഷ്യല്‍മീഡിയയില്‍ താരമായിരിക്കുന്ന ആ അച്ഛന്‍. ബര്‍മുഡയിലെ വക്കീലാണ് മാര്‍ക്ക് ഡാനിയേല്‍. ഡാനിയേലിനും ഭാര്യ കിമ്മിനും മൂന്നു പെണ്‍മക്കളാണ്. അതില്‍ മകള്‍ ബെല്ലക്കൊപ്പമാണ് ഡാനിയേല്‍ ചുവട് വയ്ക്കുന്നത്. ഡാന്‍സ് തുടങ്ങുമ്പോള്‍ ഞങ്ങള്‍ മുന്നിലെ വരിയില്‍ തന്നെ ഇരിക്കാമെന്നും അത് മകള്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്നുമാണ് കിം കരുതിയത്. എന്നാല്‍ ബെല്ല ഡാന്‍സ് കളിക്കാന്‍ മടിച്ചുനിന്നപ്പോള്‍ ഡാനിയേല്‍ കൂടെ ചെല്ലുകയായിരുന്നു. മറ്റൊരു കുട്ടിയുടെ രക്ഷിതാവാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. 

കൂടെ ചെല്ലണമെന്നോ, എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം താനായി മാറണമെന്നോ, വൈറലാകുമെന്നോ ഒന്നും കരുതിയില്ലെന്നാണ് ഡാനിയേല്‍ പറയുന്നത്. മകള്‍ക്ക് പ്രോത്സാഹനം നല്‍കാനാണ് സ്റ്റേജില്‍ കയറിയത്. ഇല്ലെങ്കില്‍ ഒരുപക്ഷെ, അവള്‍ സ്റ്റേജിനെ ഭയക്കാന്‍ തുടങ്ങിയെങ്കിലോയെന്നും. തന്‍റെ ഭര്‍ത്താവ് കാണിച്ചതില്‍ അദ്ഭുതമൊന്നും തന്നെയില്ലെന്നും പെണ്‍മക്കളെ അത്രയേറെ സ്നേഹിക്കുന്നയാളാണ് ഡാനിയേലെന്നുമെന്നാണ് ഭാര്യ കിമ്മിന്‍റെ പ്രതികരണം.