എച്ച്.എം.എസ്. ബീഗിൾ. പ്രകൃതിശാസ്ത്രജ്ഞനായ ചാൾസ് ഡാർവിൻ 1831 ഡിസംബർ 26 മുതൽ 1832 ഫെബ്രുവരി 27 വരെ ലോകം ചുറ്റി സഞ്ചരിച്ച കപ്പൽ. അത് വെറുമൊരു യാത്രയായിരുന്നില്ല. ബീഗിളിലെ യാത്രയിലാണ് ഡാർവിൻ അനവധി ജന്തു-സസ്യ ഇനങ്ങളെ കാണുന്നതും അതിലൂടെ പ്രസിദ്ധമായ പരിണാമ സിദ്ധാന്തം വികസിപ്പിച്ചെടുത്തതും. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായിരുന്നു ബീഗിളിലെ യാത്ര. ചാൾസ് ഡാർവിന്റെ കപ്പലായ എച്ച്എംഎസ് ബീഗിൾ കിടന്നിരുന്ന ഇടത്തിന് നൂറ്റാണ്ടുകൾക്കു ശേഷം ഇപ്പോൾ സംരക്ഷിത പദവി ലഭിച്ചിരിക്കയാണ്.  

തെക്കൻ എസെക്സിലെ റിവർ റോച്ചിലെ പഗ്ലെഷാമിന് സമീപമുള്ള വെള്ളത്തിലാണ് കപ്പൽ നങ്കൂരമിട്ടിരുന്നതെന്ന് കണ്ടെത്തി. ഇത് ഇനി മുതൽ അനധികൃത മാറ്റത്തിൽ നിന്ന് സംരക്ഷിക്കപ്പെടും. സൈറ്റിനെ ഒരു സ്മാരകമാക്കി മാറ്റാൻ മന്ത്രിമാരെ ഉപദേശിച്ച ഹിസ്റ്റോറിക് ഇംഗ്ലണ്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡങ്കൻ വിൽസൺ പറഞ്ഞു: “എസെക്സിന്റെ ഒരു കോണിൽ ഇരിക്കുന്ന ഈ ശാന്തമായ ഇടത്തിന് ദേശീയ സംരക്ഷണ പദവി നൽകിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്." അപൂർവ സമുദ്ര ചരിത്രത്തിന്റെ ആകർഷകമായ ഒരു ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

പഗ്ലെഷാം മഡ്‌ഫ്ലാറ്റുകൾ ബീഗിളിന്റെ അവസാന വിശ്രമ സ്ഥലമാണെന്ന് കരുതുകയും സൈറ്റിനെക്കുറിച്ചുള്ള അന്വേഷണം കഴിഞ്ഞ വർഷം ആരംഭിക്കുകയും ചെയ്തിരുന്നു. ഒരു സ്പെഷ്യലിസ്റ്റ് ക്യാമറ ഘടിപ്പിച്ച ഡ്രോൺ ഉപയോഗിച്ച് ഡോക്കിന്റെ രൂപരേഖ വെളിപ്പെടുത്താൻ വെസെക്സ് ആർക്കിയോളജിയിൽ നിന്നുള്ള ടീമിന് കഴിഞ്ഞു. 2020 ബീഗിളിന്റെ വാർഷികം ആഘോഷിക്കുന്നതിനാൽ, ഈ പ്രഖ്യാപനം ഉചിതമായ തീരുമാനമായി തീർന്നു. 1820 -ൽ വൂൾവിച്ച് ഡോക്യാർഡിൽ നിന്നാണ് ഈ കപ്പൽ ആദ്യമായി പുറപ്പെട്ടത്. കപ്പൽ പൊളിച്ചത് റോച്ച് നദിയിലെ ഒരു ഡോക്കിലുമാണ്.  

ഹിസ്റ്റോറിക് ഇംഗ്ലണ്ടിന്റെ ഉപദേശപ്രകാരം ഡിജിറ്റൽ, കൾച്ചർ, മീഡിയ, സ്പോർട്ട് വകുപ്പുകൾ സൈറ്റിനെ ഒരു സ്മാരകമായി നിശ്ചയിച്ചു. ഡോക്കിനും കപ്പലിനും അരികിലൂടെ ഇഷ്ടിക പാകി, ആളുകൾ‌ക്ക് ഫോർ‌ഷോറിൽ‌ നിന്നും താഴേക്ക് പ്രവേശിക്കാൻ‌ സൗകര്യമൊരുക്കിയിരിക്കുന്നു. സന്ദർശകർക്ക് സൈറ്റ് കാണാനായി ഒരു നിരീക്ഷണ പ്ലാറ്റ്ഫോം നിർമ്മിക്കാനും റോച്ച്ഫോർഡ് ഡിസ്ട്രിക്റ്റ് കൗൺസിൽ പദ്ധതിയിടുന്നു.