''നമ്മളാണ് അവയെ കൊന്നത്'' ഹികനി എന്ന ആറ് വയസ്സുകാരി തന്‍റെ അച്ഛനോട് പറഞ്ഞതാണിത്.  പത്ത് ദിവസത്തെ കൊല്‍ക്കത്ത യാത്ര കഴിഞ്ഞ് മാധവും കുടുംബവും വീട്ടില്‍ തിരിച്ചെത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പോകുന്നതിന് മുമ്പ് ചെടികള്‍ക്ക് വെള്ളം കിട്ടാന്‍ ചിലതെല്ലാം ചെയ്തിരുന്നുവെങ്കിലും തിരികെ വരുമ്പോഴേക്കും അവ ഉണങ്ങിപ്പോയിരുന്നു. 

ഇത് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതാണ്. നമ്മളാരെങ്കിലുമായിരുന്നുവെങ്കില്‍ കുഞ്ഞുങ്ങളല്ലേ, അവരുടെ വൈകാരിക പ്രകടനങ്ങളല്ലേ എന്ന് കരുതി മാറിപ്പോയെനെ. പക്ഷെ, മാധവ് പാട്ടീലിനെ അത് സ്വാധീനിച്ചു. വെറുമൊരു കുഞ്ഞിന്‍റെ വൈകാരികപ്രകടനം എന്ന് കരുതി പൂനെയിലുള്ള മാധവ് അത് തള്ളിക്കളഞ്ഞില്ല. 

അദ്ദേഹം ചുറ്റുമുള്ള മരങ്ങളെ നോക്കാന്‍ തുടങ്ങി. അവയില്‍ പലതും ഒന്നുകില്‍ വെട്ടിമാറ്റപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍, അതിലെല്ലാം പരസ്യം പതിച്ചിട്ടുണ്ട് എന്ന് മാധവിന് മനസ്സിലായി. ഓരോ തവണയും കൂര്‍ത്ത ആണികള്‍ കൊണ്ട് പരസ്യ ബോര്‍ഡുകളും ഫ്ലെക്സുകളും മരത്തിലുറപ്പിച്ചത് കാണുമ്പോള്‍ അയാള്‍ക്ക് മകള്‍ പറഞ്ഞത് ഓര്‍മ്മ വരും. അവളെപ്പോലൊരു കുഞ്ഞ് ചുറ്റുമുള്ളവയെ ഇത്ര കരുതലോടെ നോക്കുന്നു. അതുകൊണ്ട് ഇതിനായി നമ്മളെന്തെങ്കിലും ചെയ്തേ തീരൂവെന്ന് തോന്നി. മാധവ് പറയുന്നു. 

അങ്ങനെ, നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ചുറ്റില്‍ എല്ലാവരും ഹോളി ആഘോഷിക്കുമ്പോള്‍ അയാള്‍ പുറത്തിറങ്ങി. ബാനറുകളും ഫ്ലെക്സുകളും ഉറപ്പിച്ച് മരത്തില്‍ ശേഷിച്ച ആണികള്‍ ഊരിക്കളഞ്ഞു. 

അന്ന് തുടങ്ങിയ ഈ സേവനം വൈകാതെ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിച്ചു. ഇന്ന്, 'നെയില്‍ ഫ്രീ ട്രീസ്' കാമ്പയിന് മഹാരാഷ്ട്ര, ബീഹാര്‍, തമിഴ് നാട്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലായി 500 വളണ്ടിയര്‍മാരുണ്ട്. 6000 മരങ്ങളില്‍ നിന്നായി 50,000 ത്തിലധികം ആണികളാണ് അവര്‍ ഊരിമാറ്റിയത്. 

ആദ്യമൊക്കെ കാണുന്നവരെല്ലാം ഇയാളെന്താണ് ഈ കാണിക്കുന്നത് എന്ന മട്ടില്‍ സംശയത്തോടെ നോക്കുമായിരുന്നു. പിന്നീടത് ഞാനും കാര്യമാക്കാതെയായി എന്ന് മാധവ് പറയുന്നു. മറ്റ് ചില സന്നദ്ധസംഘടനകളുടെ കൂടി സഹായത്തോടെ അവര്‍ ആഴ്ചയിലൊരിക്കല്‍ കൂടാനും മരങ്ങളിലെ ആണികള്‍ പിഴുതുകളയാനും തുടങ്ങി. 

ലോക്കല്‍ പത്രങ്ങളില്‍ ഇത് വാര്‍ത്തയായതോടെ അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നുള്ളവരും മാധവിന്‍റെ കൂടെച്ചേര്‍ന്നു. നമ്മുടെ ഗ്രാമത്തിലെ മരങ്ങളെയും ആണികളില്‍ നിന്ന് സ്വതന്ത്രമാക്കണം എന്നായിരുന്നു ആവശ്യം. അങ്ങനെ അടുത്തുള്ള ഗ്രാമങ്ങളിലേക്ക് കൂടി ഇത് വ്യാപിച്ചു. പിന്നീട്, മരത്തില്‍ പരസ്യം പതിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് കൂടി അറിവായതോടെ, അത്തരക്കാര്‍ ശിക്ഷിക്കപ്പെടാവുന്നതാണെന്ന് മനസ്സിലായതോടെ അത്തരത്തിലുള്ള ബോധവല്‍ക്കരണം കൂടി തുടങ്ങി.

ഓരോ മരത്തില്‍ നിന്നും ഊരിയെടുക്കുന്ന ആണികളും സൂക്ഷിച്ചു വെച്ചിട്ടുണ്ട്. എല്ലാം കൂടി പ്രകൃതിക്ക് നേരെയുള്ള മനുഷ്യരുടെ കൈകടത്തലിനെതിരെ ബോധവല്‍ക്കരിക്കാനുതകുന്ന ഒരു ആര്‍ട്ട് ഇന്‍സ്റ്റാളേഷന്‍ ചെയ്യണമെന്നാണ് മാധവ് പറയുന്നത്. 

ഏതായാലും ഒരു നാല് വയസ്സുകാരിയിലൂടെ മാധവ് പഠിച്ചത് ഒരു വലിയ പാഠമാണ്. നാല് വര്‍ഷം മുമ്പ് അവളുടെ അച്ഛനോട് വേദനയോടെ 'ചെടികളെ നമ്മളാണ് കൊന്നത്' എന്ന് പറഞ്ഞ കുട്ടി ഇന്ന് അയാളെ ഓര്‍ത്ത് അഭിമാനിക്കുകയാണ്.

 

(കടപ്പാട്: ബെറ്റര്‍ ഇന്ത്യ)