മഹാമാരിയെ തുടർന്ന് കാലങ്ങളായി പിന്തുടർന്നുവന്ന പല കാര്യങ്ങളിലും മാറ്റങ്ങൾ വരുത്താൻ നാം നിർബന്ധിതരാവുന്നു. സാമൂഹിക അകലം പാലിക്കാനും, മാസ്‍ക് ധരിക്കാനും നമ്മൾ ഇപ്പോൾ ശീലിക്കുകയാണ്. ഈ മഹാമാരിയെ പേടിച്ച് സംസാരം പോലും നമ്മൾ നന്നേ ചുരുക്കി. പുറത്തുപോയാൽ അത്യാവശ്യത്തിന് മാത്രം സംസാരിക്കുക എന്ന പുതിയ ശീലം പ്രയാസപ്പെട്ടിട്ടായാലും പിന്തുടരാൻ നമ്മൾ ശ്രമിക്കുന്നു. കൊവിഡ് കാലഘട്ടത്തിൽ ടോക്കിയോയിൽ തുറന്ന് പ്രവർത്തിക്കുന്ന പല ബാറുകളും റെസ്റ്റോറന്റുകളും ഇതിന് സമാനമായ കരുതൽ നടപടികൾ സ്വീകരിക്കുകയുണ്ടായി. 

ആ കൂട്ടത്തിൽ, സംസാരം പൂർണമായും ഒഴിവാക്കി പകരം എഴുത്തിലൂടെ ആശയവിനിമയം നടത്താൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന ബാറുകളുമുണ്ട്. നമുക്ക് ഭക്ഷണമോ പാനീയമോ വേണമെങ്കിൽ നമ്മൾ കടലാസിൽ എഴുതി ജീവനക്കാർക്ക് കൈമാറണം. അവരും തിരിച്ച് എഴുത്ത് വഴി മറുപടി നൽകും. പ്രവേശന കവാടത്തിൽ നിൽക്കുന്ന സ്റ്റാഫ് പോലും എഴുത്തിലൂടെയാണ് അതിഥികളെ സ്വാഗതം ചെയ്യുന്നത്. ജാപ്പനീസ് ഭാഷയിൽ, ഇത്തരം ബാറുകളെ 'റൈറ്റിംഗ് ബാർ' എന്നർഥമുള്ള 'ഹിറ്റ്‌സുദാൻ ബാർ' എന്നാണ് വിളിക്കുന്നത്. കബുകിചോയി ജില്ലയിലെ ഇത്തരത്തിലുള്ള ഒരേയൊരു ബാറാണ് ഡെക്കാമെറോൺ.  

ജിയോവന്നി ബോക്കാസിയോ എഴുതിയ 'ദി ഡെക്കാമെറോൺ' എന്ന നോവലിൽ നിന്നാണ് ബാറിന് ഈ പേര് ലഭിച്ചത്. ജൂലൈ അവസാനത്തോടെ തുറന്ന ഇവിടെ,  ബിയർ, വൈൻ, കോക്ടെയിലുകൾ, മദ്യങ്ങൾ എന്നിവ ലഭ്യമാണ്. ബാറിൽ, ആളുകൾ മദ്യപിക്കുമ്പോൾ ഒഴികെ എല്ലായ്‌പ്പോഴും മാസ്‍ക് ധരിക്കേണ്ടതുണ്ട്. സാധാരണഗതിയിൽ അതിഥികൾക്ക് തങ്ങളുടെ ചങ്ങാതിമാരുമായി സംസാരിക്കാനുള്ള അവസരമുണ്ടെങ്കിലും, മിക്കവരും എഴുത്തിലൂടെയാണ് ഇവിടെ ആശയവിനിമയം നടത്തുന്നത്. ആ വ്യത്യസ്‍തമായ അന്തരീക്ഷം അവർ ആസ്വദിക്കുന്നു. കയറിച്ചെല്ലുമ്പോൾ തന്നെ ചെറിയ നോട്ട്ബുക്കുകളും പേനകളും നിറഞ്ഞ അലമാരകളാണ് അതിഥികളെ സ്വീകരിക്കുക. തീർത്തും നിശബ്‍ദമായ അവിടെ പേനയും, പേപ്പറും തമ്മിലുള്ള സംവാദം മാത്രമാണ് ഉയർന്നു കേൾക്കുന്നത്. ഒരുപാടുപേർ ആ നിശബ്‍ദതയെ സ്നേഹിക്കുന്നവരുണ്ടെന്ന് ഡെക്കാമെറോണിന്റെ ഉടമ ടെറ്റ്സുക മക്കി പറയുന്നു.  

ഇങ്ങനെയൊക്കെയാണെങ്കിലും, ഡെക്കാമെറോണിന് ബിസിനസ് കുറവാണ്. ഈ പ്രദേശം ഹോസ്റ്റസ് ക്ലബ്ബുകൾക്കും, ലവ് ഹോട്ടലുകൾക്കും പേരുകേട്ടതാണ്. "കൊറോണ വൈറസ് ഷിൻജുകുവിന്റെ കബുകിചോ പ്രദേശത്തെ സാരമായി ബാധിച്ചു. ജപ്പാൻ അടിയന്തരാവസ്ഥയിൽ പ്രവേശിച്ചപ്പോൾ, ലൈംഗിക തൊഴിൽ, ഹോസ്റ്റസ് ക്ലബ്ബുകൾ പോലുള്ള മേഖലകൾ വളരെയധികം ബാധിക്കപ്പെട്ടു” ടെറ്റ്സുക മക്കി പറഞ്ഞു.  

"വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ ഇവിടം സന്ദർശിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഉപഭോക്താക്കളും സ്റ്റാഫും സുരക്ഷിതരായിരിക്കുക എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ മുൻ‌ഗണന. ഡെക്കാമെറോണിൽ, ആളുകൾക്ക് അവരുടെ സുഹൃത്തുക്കളുമായി എഴുത്തിലൂടെ ആശയവിനിമയം നടത്താനുള്ള അവസരമുണ്ട്. ഈ പകർച്ചവ്യാധി സമയത്ത് ഉപയോക്താക്കൾക്ക് അവരുടെ മനസ്സിലെ ചിന്തകളെക്കുറിച്ച് എഴുതാൻ കഴിയുന്ന ഒരു ഇടം സൃഷ്ടിക്കുക എന്ന ഉദ്ദേശവും ഇതിന് പിന്നിലുണ്ട്‌" അദ്ദേഹം പറഞ്ഞു. കബുകിചോയിൽ ആയിരക്കണക്കിന് ബാറുകളുണ്ട്, എന്നാൽ അവയിൽ നിന്നെല്ലാം ഡെക്കാമെറോണിനെ വ്യത്യസ്‍തമാക്കുന്നത് ഈ എഴുത്തുസംസ്‍കാരം തന്നെയാണ്. ഇത്തരം സംരംഭങ്ങൾ നമ്മുടെ നിത്യേനയുള്ള ആശയവിനിമയ രീതികളെ കൂടുതൽ ആഴത്തിൽ വിലയിരുത്താൻ സഹായിക്കുന്നു.