
ബ്ലൂ വെയില്‍ ഗെയിമിനെക്കുറിച്ച് മുമ്പ് വായിച്ചപ്പോഴൊന്നും അതിനെക്കുറിച്ച് ഒന്നും എഴുതാന്‍ തോന്നിയില്ല. ഇതൊരു മീഡിയ ഹൈപ്പ് ആണെന്ന തോന്നലായിരുന്നു കാരണം. ഇതിനെ പറ്റി എഴുതുന്നത് കൗമാരക്കാരില്‍ ജിജ്ഞാസ ജനിപ്പിച്ചേക്കാം എന്നും തോന്നി. പക്ഷെ, ഇന്നിപ്പോള്‍ ഒരമ്മ പറയുന്നത് കേള്‍ക്കുമ്പോള്‍ പേടിയും വിഷമവും അനുഭവപ്പെടുന്നു. ഗെയിമിന്റെ വിശദാംശങ്ങളെക്കാള്‍ ആ അമ്മയുടെ വാക്കുകള്‍ ആണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. 'ഈ പ്രായത്തില്‍ ഉള്ള ഒരു കുട്ടിക്ക് എന്തു സംഭവിച്ചാലും ആദ്യം കേള്‍ക്കുന്നത്' അമ്മ വളര്‍ത്തി നശിപ്പിച്ചു, അവനെ തടയാന്‍, നിയന്ത്രിക്കാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല' എന്നിങ്ങനെയാണ്.
പതിനാറു വയസുള്ള ഒരു ആണ്‍ കുട്ടിയോടൊ പെണ്‍ കുട്ടിയോടോ റൂം അടച്ചിടരുതെന്നോ, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നോ പറയാന്‍ കഴിയില്ല . അവര്‍ വിപ്ലവകാരികളും നിഷേധികളും ആകുന്ന ഒരു പ്രായമാണിത്. അമിത നിയന്ത്രണം എന്ന് അവര്‍ക്ക് തോന്നിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകാനും സാധ്യതയുണ്ട്.
ഒട്ടും പ്രകോപിപ്പിക്കാതെ, അവരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിച്ചുകൊണ്ടുള്ള ഒരു സമീപനം ആണ് വേണ്ടത്. മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുക്കുമ്പോള്‍ തന്നെ ചില കാര്യങ്ങള്‍ കര്‍ശനമായി പറയുക.
ഇക്കാലത്ത് ഗാഡ്ജറ്റുകള്‍ കാണിക്കാതെയും, ചുറ്റും നടക്കുന്ന വാര്‍ത്തകള്‍ അറിയിക്കാതെയും, വയലന്‍സ് ഉള്ള സിനിമ കാണിക്കാതെയും കുട്ടികളെ വളര്‍ത്തുക സാധ്യമല്ല. അവയിലെ നന്മയും തിന്മയും കൃത്യ സമയത്തു ചൂണ്ടി കാണിക്കുക എന്നതാണ് നമുക്ക് ചെയ്യാന്‍ ആകുന്നത്.
1. സമൂഹത്തില്‍ പുതുതായി വന്ന ഒരു വിപത്തിനെ കുറിച്ച് മറ്റാരെങ്കിലും പറഞ്ഞോ മാധ്യമങ്ങളിലൂടെയോ തെറ്റായ ഏതെങ്കിലും സ്രോതസ്സിലൂടെയോ കുട്ടി അറിയുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് മാതാപിതാക്കള്‍ വഴി അറിയുന്നതാണ്. അവരുടെ കുട്ടിത്തത്തെയും നിഷ്‌കളങ്കതയെയും മുതലെടുക്കുന്ന പുതിയ ഗെയിം, അല്ലെങ്കില്‍ ഒരു ഗ്രൂപ്പ് ഉണ്ടെന്നു നമ്മള്‍ അറിഞ്ഞാല്‍ അത് ആദ്യം കുട്ടികളെ അറിയിക്കുകയും ,അതിലേക്ക് ചെന്നു വീഴതിരിക്കാനുള്ള മുന്‍കരുതലുകള്‍ പറഞ്ഞു കൊടുക്കുകയും ചെയ്യാം. അങ്ങനെ ചെയ്താല്‍ അവരില്‍ അതെന്ത് എന്നറിയാനുള്ള ജിജ്ഞാസ കൂടും എന്നു പറയുന്നത് മിഥ്യാധാരണയാണ്. കൂട്ടുകാര്‍ വഴിയോ സോഷ്യല്‍ മീഡിയ വഴിയോ മറ്റോ ഇതിനെപറ്റി പിന്നീട് കേള്‍ക്കുന്ന കുട്ടി 'ഇതെന്റെ അമ്മ നേരത്തെ പറഞ്ഞു തന്ന തന്ന കാര്യമാണല്ലോ, കുഴപ്പം പിടിച്ച ഒന്നാണല്ലോ' എന്നു ചിന്തിക്കാന്‍ ഇതുപകരിക്കും.
2. അര്‍ദ്ധരാത്രിയ്ക്ക് ശേഷം കുട്ടികള്‍ മയക്കത്തിന്റെയും ഉണര്‍വിന്റെയും ഇടയില്‍ ഉള്ള ഒരു നൂല്‍പ്പാലത്തിലായിരിക്കുന്ന സമയത്താണ് ഗെയിം അഡ്മിനിസ്‌ട്രേറ്റര്‍ കുട്ടികളുമായി ചാറ്റ് ചെയ്യുന്നതും അവര്‍ക്ക് ടാസ്‌ക്കുകളും ചാര്‍ജുകളും കൊടുക്കുന്നതും. ഈ സമയത്ത് അവരുടെ ചെയ്തികളെയും ചിന്തകളെയും സ്വാധീനിക്കാന്‍ എളുപ്പമാണ്. ഈ സമയത്തു കൃത്യമായ ഉറക്കം അവര്‍ക്ക് ലഭിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തുക മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്.
ഇതിനായി ചില ചെറിയ നിയന്ത്രണങ്ങള്‍ ആകാവുന്നതാണ്:
a) രാത്രി 10 മണിക്ക് അമ്മയെ മൊബൈല്‍ ഏല്‍പിച്ചിട്ട കിടക്കുക. ഒരു കാരണവശാലും മൊബൈല്‍ ഫോണ്‍ ലോക്ക് ചെയ്യാന്‍ പാടില്ല. അങ്ങനെ കണ്ടാല്‍ പിന്നീട് ഫോണ്‍ തരില്ല എന്നും പറയാം.
b) ഇങ്ങനെയുള്ള പല ഗെയിമുകളും കുട്ടികളെ കുടുക്കുന്നത് ഭീഷണിയിലൂടെ ആണ്. ഹാക്ക് ചെയ്യപ്പെടുന്ന അവരുടെ സ്വകാര്യതകള്‍ പരസ്യമാക്കും എന്ന ഭീഷണി അവരെ തകര്‍ക്കുന്നു. രാത്രി കുട്ടിയുമായി ചാറ്റ് ചെയ്യുന്ന ഗെയിം അഡ്മിന്‍ കുട്ടിയുടെ സ്വകാര്യതാല്‍പര്യങ്ങളും , അവന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളും ചോദിച്ചു മനസിലാക്കിയേക്കാം. ഉദാഹരണത്തിന് കുട്ടി അവന്റെ ചില ലൈംഗിക താല്‍പര്യങ്ങളെ പറ്റി അയാളോട് സംസാരിച്ചിരിക്കാം. അവന്‍ കണ്ട പോണ്‍ സൈറ്റുകളെക്കുറിച്ച് അഡ്മിന്‍ മനസിലാക്കിയിട്ടുണ്ടാകാം. അതു വച്ചാകും അവര്‍ കുട്ടിയെ ഭീഷണിപ്പെടുത്തുന്നത്. കുട്ടിയുടെ ഈ പ്രായത്തില്‍ അവനു തോന്നാവുന്ന പല വികാരങ്ങളും അവന്റെ പ്രായത്തിന്റെയും അതിലുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങളുടെയും പ്രതിഫലനമാണെന്നും, അവ നിയന്ത്രിക്കേണ്ടത് എങ്ങനെയെന്നും വളര്‍ച്ചയുടെ ഓരോ പടിയിലും അവനു മനസിലാക്കി കൊടുക്കുക. ഇനി ഒരു കൈപ്പിഴവ് പറ്റിയാല്‍ മറ്റാരിലും ഉപരി അത് സഹിക്കാനും പൊറുക്കാനും ആവുന്ന മാതാപിതാക്കള്‍ കൂടെ ഉണ്ട് എപ്പോഴും എന്ന ധൈര്യവും ഉറപ്പും അവനില്‍ വളര്‍ത്തിയെടുക്കുക. ഭീഷണികള്‍ക്ക് വഴങ്ങാതെ തെറ്റുകള്‍ തുറന്നു പറഞ്ഞാല്‍ സഹായിക്കാന്‍ അമ്മയുണ്ടാകും എന്ന ഒറ്റ വാചകം മതി ആത്മവിശ്വാസമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍.
c) ഫോണ്‍ പരിശോധിച്ചത് കൊണ്ടു ഇങ്ങനെ ഉള്ള ഗെയിമുകള്‍ കണ്ടെത്താന്‍ ആവണം എന്നില്ല. ഇവയൊക്കെ പലപ്പോളും ലിങ്കുകള്‍ ആയാണ് പ്രചരിക്കുന്നത്. ലിങ്കില്‍ പോയി കളിക്കുകയാണ് ചെയ്യുന്നത്. അതു കൊണ്ട് തന്നെ ഇവ കണ്ടു പിടിക്കുക എളുപ്പമല്ല.വീട്ടില്‍ എല്ലാവര്‍ക്കും കാണത്തക്കവിധം വെച്ചിരിക്കുന്ന ഡെസക് ടോപ്പ് കംപ്യൂട്ടറില്‍ ഗെയിം കളിക്കുവാന്‍ പറയാം. മൊബൈല്‍ ഫോണില്‍ ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഫോണ്‍ വാങ്ങി കൊടുക്കുമ്പോള്‍ വിലക്കാവുന്നതാണ്.
3.മുതിര്‍ന്ന കുട്ടികളോട് മുറി അടച്ചിടേണ്ട എന്നു പറയാന്‍ കഴിയില്ല. അവരുടെ മുറിയുടെ കതകില്‍ ഘടിപ്പിക്കുന്ന ലോക്ക് 'knob Lock' (അകത്തു knob പ്രസ് ചെയ്തു അടയ്ക്കുന്നവ) ആക്കാം. അകത്തേക്ക് വലിച്ചിടുന്ന കുറ്റിയുള്ള കതകുകള്‍ ഒഴിവാക്കുക. പ്രസ് ചെയ്ത് അകത്തു നിന്നടയ്ക്കുന്ന knob lock ഉള്ള കതകുകള്‍ നമുക്ക് താക്കോല്‍ ഉപയോഗിച്ചു പുറത്ത് നിന്നു തുറക്കാന്‍ കഴിയും. അവരുടെ സ്വകാര്യതയെ മാനിക്കുകയും, അതേ സമയം അതു നമ്മുടെ നിയന്ത്രണത്തില്‍ ആണ് എന്നവരെ ബോധിപ്പിക്കുകയും ചെയ്യുന്നത് ഉത്തമം.
4. കുട്ടിക്കാലം മുതലേ ഒരു ടൈം ടേബിള്‍ നിര്‍ബന്ധമാക്കുക. പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ 'നീ ഇത്ര നേരം കളിയ്ക്കണം, ഇത്ര മണിക്ക് കിടക്കണം' എന്നു പറഞ്ഞാല്‍ കൗമാരക്കാര്‍ അനുസരിക്കണമെന്നില്ല. ഫോണും മറ്റുള്ള ഗാഡ്‌ജെറ്റുകളും ഉപയോഗിക്കുന്നതിനു ചെറിയ പ്രായം മുതല്‍ സമയനിയന്ത്രണം വയ്ക്കാം.
5. ഒരു ദിവസം ഒരു മണിക്കൂര്‍ നേരം വീട്ടില്‍ ഉള്ള എല്ലാവരുമായി സംസാരിക്കാന്‍ കുട്ടിയെ പരിശീലിപ്പിക്കാം. കുടുംബ പ്രാര്‍ത്ഥനകള്‍ പോലെ പണ്ടുണ്ടായിരുന്ന പല സമ്പ്രദായങ്ങളും ഇന്നു നിലച്ചിരിക്കുന്നു. പരസ്പരം കാണാതെ, രണ്ടു ധ്രുവങ്ങളില്‍ ജീവിക്കുന്ന മക്കളും മാതാപിതാക്കളുമാണ് ഇന്ന് പല കുടുംബങ്ങളുടെയും ശാപം.
6. അസ്വാഭാവികമായി എന്തെങ്കിലും പെരുമാറ്റം കണ്ടാല്‍ രാത്രിയും പകലും കുട്ടിയുടെ മേല്‍ കണ്ണു വെയ്ക്കുക. ആത്മഹത്യയെ പറ്റി സംസാരിക്കുന്ന കുട്ടി അതു ഏതു നിമിഷവും ചെയ്‌തേക്കാം എന്ന ചിന്ത ഉണ്ടാവണം അമ്മമാര്‍ക്ക്.
7. മക്കളുടെ അടുത്ത കൂട്ടുകാരില്‍ നമുക്ക് ഏറ്റവും വിശ്വാസമുള്ളവരോട് കുട്ടിയുടെ ചെയ്തികള്‍ നമ്മെ അറിയിക്കാന്‍ പറയുന്നതില്‍ ഒരു തെറ്റും വിചാരിക്കേണ്ടതില്ല. പിടി തരാത്ത കൗമാര മനസ്സിനെ അറിയാന്‍ അവരുടെ കൂട്ടുകാരാണ് ഏറ്റവും നല്ല വഴി എന്നു മനസിലാക്കുക. മക്കളുടെ കൂട്ടുകാരുമായി നല്ല ബന്ധം പുലര്‍ത്തുക.
8. ഇനി നമ്മുടെ നിയന്ത്രങ്ങളെയെല്ലാം കാറ്റില്‍ പറത്തി ,നിയമത്തിനെതിരായി അവനവനും സമൂഹത്തിനും ഹാനികരമായ ഏതെങ്കിലും പ്രവര്‍ത്തനങ്ങളില്‍ അവര്‍ പെട്ടു പോയി എന്നു നിങ്ങള്‍ക്ക് ബോധ്യം വന്നാല്‍, നിങ്ങളുടെ ഉപദേശം വകവെയ്ക്കാതെ അവര്‍ അതില്‍ ഉറച്ചു നിന്നാല്‍, ദയവായി സോഷ്യല്‍ സര്‍വീസ് സംഘടനകളുടെയോ പോലീസിന്റെയോ സഹായം തേടുക. ദുരഭിമാനം മൂലം തെറ്റുകള്‍ മറച്ചുപിടിക്കുന്നത് നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും വളര്‍ന്നു വളര്‍ന്നു വരുന്ന ഓരോ കുഞ്ഞു മക്കള്‍ക്കും ഒരുപോലെ ദോഷമാണ് എന്ന വലിയ സത്യം മനസിലാക്കി പ്രവര്‍ത്തിക്കുക.
ബ്ലൂ വെയില്‍ പോലെയുള്ള പലതും എത്തിയേക്കാം നമ്മുടെ കുരുന്നുകളിലേക്ക് . ചില്ലറ പൊടികൈകളും സ്‌നേഹവും കൊണ്ടു മാത്രമേ ഇവരെ കൈയ്യിലെടുക്കാന്‍ ആകൂ എന്നു അമ്മമാര്‍ മനസ്സിലാക്കട്ടെ.
