Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രീ, കാണ്‍പൂരിന്റെ കണ്ണീരിന് എന്തു മറുപടിയുണ്ട് പറയാന്‍?

demonetisation and Kanpur by Nisha Manjesh
Author
Kanpur, First Published Dec 10, 2016, 9:48 AM IST

demonetisation and Kanpur by Nisha Manjesh

മാതൃരാജ്യത്തെ ഡിജിറ്റല്‍ ആക്കാനും കള്ളപ്പണം ഇല്ലാതാക്കാനും എന്ന വ്യാജേന ഒരു ഭരണാധികാരി ജീവിതത്തെ അരക്ഷിതാവസ്ഥയിലേയ്ക്കും അരാജകത്വത്തിലേയ്ക്കും തള്ളിയിട്ട് അധികാരത്തെ അമ്മാനമാടാന്‍ തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു.

ചാനല്‍ ചര്‍ച്ചകള്‍ക്കും, ദിനപത്രങ്ങളിലെ അക്കാദമിക് വിജ്ഞാനം ഛര്‍ദ്ദിച്ചു വെക്കാനുള്ള കോളം തികക്കല്‍ വാര്‍ത്തകള്‍ക്കും അപ്പുറം ഡെമോണിടൈസെഷന്‍ ജീവിതത്തില്‍ എന്തൊക്കെ പുതിയ അനുഭങ്ങള്‍ക്കു കാരണമായി എന്ന് ഇനിയെങ്കിലും പറഞ്ഞില്ല എങ്കില്‍ കാലഘട്ടത്തോട്, അനുഭവങ്ങള്‍ ചെയ്യുന്ന നീതികേടായി പോകും എന്ന് തോന്നുന്നു.

നരേന്ദ്ര മോദി തന്റെ വിശ്വവിഖ്യാത തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ ഞങ്ങള്‍ കൈയിലെ നാല് അഞ്ഞൂറ് രൂപ താളുകളുമായി ചിക്കുന്‍ ഗുനിയ പിടിച്ച മകള്‍ക്ക് മരുന്ന് വാങ്ങാന്‍ ഡോക്ടറുടെ മുന്നില്‍ ഇരിക്കുകയായിരുന്നു. മരുന്നും അല്ലറ ചില്ലറ സാധനങ്ങളും വാങ്ങി വീട്ടില്‍ എത്തിയ ഉടന്‍ ടി വി വാര്‍ത്ത കണ്ടു കൊണ്ട്, കൈയിലുണ്ടായിരുന്ന എഴുന്നൂറ് രൂപയുമായി ഞങ്ങള്‍ രാത്രി കൃത്യം എട്ടരയോടെ രാജ്യത്തെ കള്ളപ്പണ വിമുക്തമാക്കുക എന്ന ഉദ്യമത്തില്‍ മനഃപൂര്‍വ്വമല്ലാതെ തന്നെ പങ്കാളികള്‍ ആയി. ഇക്കാലത്തിനുള്ളില്‍ ഒരു കള്ളപ്പണക്കാരനെ ദൂരെ നിന്ന് പോലും കാണാന്‍ ഭാഗ്യം കിട്ടാത്ത വിധം സാധാരണക്കാരായ ഞങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ ജോലി ചെയ്തു കിട്ടുന്നതെന്ന് ഒരു സംശയവും ഇല്ലാത്ത വിധം ആര്‍ക്കും ഉറപ്പിക്കാന്‍ ആവുന്ന ഒരു തുക അപ്പോള്‍ ഉണ്ടായിരുന്നു.

demonetisation and Kanpur by Nisha Manjesh

എപ്പോഴും തിരക്കില്‍ ഒഴുകുന്ന ലാല്‍ ബംഗ്ലായും നവീന്‍ മാര്‍ക്കറ്റും ബഡാചൗരഹയും എല്ലാം പെട്ടെന്നൊരു സന്ധ്യയ്ക്ക് നിശ്ചലമായി. അടുത്ത രണ്ടു ദിവസം, ഇതൊരു സത്യമാണെന്ന് ഉള്‍ക്കൊള്ളാനുള്ള ചര്‍ച്ചകള്‍ ആയിരുന്നു എവിടെയും

ആശുപത്രിയും അനിശ്ചിതത്വങ്ങളും ഒരു തരത്തിലും ചേര്‍ത്ത് വെക്കാന്‍ പറ്റാത്ത ഭീകരതയായി ജീവിതത്തിനു പിന്നാലെ കൂടിയ ദിവസങ്ങള്‍ ആയിരുന്നു പിന്നീടങ്ങോട്ട്.

ഇതൊക്കെ പറയുമ്പോള്‍ എന്റെ നാടിനെ കുറിച്ച് കൂടി പറയണം. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ സോള്‍, ആത്മാവ്, അറിയണം എങ്കില്‍ കാണ്‍പൂരിനെ അറിഞ്ഞാല്‍ മതി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അഴുകി നാറുന്ന ഗലികളിലെ മൂക്കള ഒലിപ്പിച്ചു നടക്കുന്ന, ഉടുക്കാന്‍ തുണി പോലും ഇല്ലാത്ത കുഞ്ഞുങ്ങളുടെ മുതല്‍ അംബരചുംബികളായ ഫ്‌ലാറ്റുകള്‍ മാത്രമുള്ള സ്ട്രീറ്റുകളിലെ ചില്‍ഡ്രന്‍സ് പാര്‍ക്കുകളില്‍ ബോഡി ഫാറ്റ് കുറയ്ക്കാന്‍ മുടങ്ങാതെ ക്രിക്കറ്റ് കളിയ്ക്കാന്‍ എത്തുന്ന കുട്ടികളുടെ വരെ നാട്. അമ്പതു രൂപയ്ക്ക് കിട്ടുന്ന തിളങ്ങുന്ന ഉടുപ്പുകള്‍ ഉള്ള വഴിയോരത്തെ കടകള്‍ മുതല്‍ ആയിരങ്ങളും പതിനായിരങ്ങളും വില വരുന്ന ഉടുപ്പുകള്‍ കിട്ടുന്ന ഷോപ്പുകള്‍ വരെ ഉള്ള മാര്‍ക്കറ്റുകള്‍... ഒരു നദീ തീരത്തെ ചെറു പട്ടണത്തിനു താങ്ങാവുന്നതിന്റെ എത്രയോ ഇരട്ടി ജനസംഖ്യ ഇവിടെ ഉണ്ട്. ഇന്ത്യയുടെ ഒട്ടു മിക്ക സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആളുകള്‍ ഇവിടെ ഉണ്ട് . ഇവിടുത്തെ ജീവിതത്തിന്, അത് കൊണ്ട് തന്നെ, ഒരു സമ്മിശ്രഗന്ധം ഉണ്ട് .

ആ നീണ്ട നിരയില്‍ മുഷിഞ്ഞു കൂടി നിന്ന ഒരാളും കള്ളപ്പണക്കാരന്‍ ആണെന്ന് തോന്നിയില്ല. ആ ഉദ്യമം നടക്കാതെ ബാങ്കില്‍ നേരിട്ട് പോയി പൈസ എടുക്കാനും ശ്രമിച്ചു. അവിടെ നിക്ഷേപിക്കാനും പിന്‍വലിക്കാനും കൂടിയിരുന്നവരിലും കണ്ടില്ല അത്തരക്കാരെ.

എപ്പോഴും തിരക്കില്‍ ഒഴുകുന്ന ലാല്‍ ബംഗ്ലായും നവീന്‍ മാര്‍ക്കറ്റും ബഡാചൗരഹയും എല്ലാം പെട്ടെന്നൊരു സന്ധ്യയ്ക്ക് നിശ്ചലമായി. അടുത്ത രണ്ടു ദിവസം, ഇതൊരു സത്യമാണെന്ന് ഉള്‍ക്കൊള്ളാനുള്ള ചര്‍ച്ചകള്‍ ആയിരുന്നു എവിടെയും . പിന്നെ ജീവിതം ഇവിടെ ആര്‍ക്കും ശീലമില്ലാത്ത വിധം സാവധാനം ആയി. മാര്‍ക്കറ്റുകള്‍ തിരക്കില്ലാതെ ആയി. ആളുകള്‍, ടേബിള്‍ മാനേഴ്‌സ് കുട്ടികളെ പഠിപ്പിക്കും പോലെ, വരി നില്‍ക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ പരസ്പരം പഠിപ്പിച്ചു, കലഹിച്ചു. ഞങ്ങള്‍ അടുക്കളയിലെ ഒഴിഞ്ഞ പച്ചക്കറി പാത്രങ്ങളും എ ടി എം കാര്‍ഡും നോക്കി ചിരിക്കാന്‍ പഠിച്ചു.

പാതി രാത്രിയിലും വെളുപ്പാന്‍ കാലത്തും പൈസ ഉള്ള എ.ടി.എം തിരഞ്ഞു പരാജയപ്പെട്ട ഭര്‍ത്താവിനെ സഹായിക്കാന്‍ ഞാനും ഇതിനിടയില്‍ ഒരു ദിവസം ജോലിയില്‍ നിന്ന് അവധി എടുത്ത് എ.ടി.എം ക്യൂവില്‍ പങ്കാളിയായി. ആ നീണ്ട നിരയില്‍ മുഷിഞ്ഞു കൂടി നിന്ന ഒരാളും കള്ളപ്പണക്കാരന്‍ ആണെന്ന് തോന്നിയില്ല. ആ ഉദ്യമം നടക്കാതെ ബാങ്കില്‍ നേരിട്ട് പോയി പൈസ എടുക്കാനും ശ്രമിച്ചു. അവിടെ നിക്ഷേപിക്കാനും പിന്‍വലിക്കാനും കൂടിയിരുന്നവരിലും കണ്ടില്ല അത്തരക്കാരെ. എന്നാല്‍ എല്ലാവരും ഇടമുറിയാതെ സര്‍ക്കാരിനെ പഴിക്കുന്നുണ്ടായിരുന്നു താനും.

demonetisation and Kanpur by Nisha Manjesh

ഡിജിറ്റല്‍ ആവാന്‍ ക്ഷണിക്കുന്ന ജനങ്ങളില്‍ കാണ്‍പൂര്‍ വാസികളും ഉള്‍പ്പെടുമെങ്കില്‍, അവരില്‍ ഒരു നല്ല ശതമാനം താമസിക്കുന്നത് കീറതുണികള്‍ മറച്ചു കെട്ടിയ വഴിയരികിലെ കുടിലുകളില്‍ ആണ്.

അമിത രാജ്യസ്‌നേഹത്തോടും ജനങ്ങളെ അന്യരാക്കി വേര്‍തിരിക്കുന്ന അതിര്‍ത്തികളോടും പണ്ടേ ഉള്ള അവജ്ഞ, പതിയെ ഈ രാജ്യത്തെ പ്രജ ആകേണ്ടി വന്നതില്‍ അപമാനവും സങ്കടവും ആയി മാറി എന്നതാണ് സത്യം. ഇതിനിടയില്‍ പിന്നെയും പിന്നെയും സര്‍ക്കാര്‍ നിബന്ധനകള്‍ മാറി മറിഞ്ഞു കൊണ്ടിരുന്നു. ശമ്പളം കിട്ടിയ അഞ്ഞൂറും ആയിരവും തിരക്ക് കുറഞ്ഞതിനു ശേഷം മാറ്റി എടുക്കാം എന്ന് കരുതിയിരുന്ന ചങ്ങാതിമാര്‍, ഇനി മാറ്റി വാങ്ങാന്‍ പറ്റില്ല, നിക്ഷേപിക്കാനേ പറ്റൂ എന്നറിഞ്ഞു തലയില്‍ കൈവച്ചു നില്‍ക്കുന്നതും പതിനായിരം രൂപ പിന്‍വലിക്കാന്‍ ചെന്നപ്പോള്‍ ഒരു പ്ലാസ്റ്റിക് കവര്‍ നിറയെ പത്തു രൂപയുടെ നാണയവും കുറച്ചു ഇരുപതു രൂപയുടെ കറന്‍സിയുമായി മാത്രമേ കിട്ടൂ എന്നറിഞ്ഞു എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുന്ന ഭര്‍ത്താവിനെയും കണ്ടു. സ്‌കൂളില്‍ ഫീസ് അടയ്ക്കാത്തതിനു വരാന്തയില്‍ ഇറക്കി നിര്‍ത്തിയ കുട്ടിയുടെ കണ്ണിലെ കണ്ണീരിനൊപ്പം 'സര്‍ക്കാര്‍ പോളിസി കൊണ്ടാണ് മാം' എന്ന ഗദ്ഗദം കേട്ടു.

അധ്യാപകര്‍ വിദ്യാര്‍ത്ഥികളോട് ഒരിക്കലും സ്വന്തം രാഷ്ട്രീയം പറയരുത് എന്ന ഇതുവരെ ഉണ്ടായിരുന്ന ധാരണ മാറ്റി വെച്ച് ആദ്യമായി കുട്ടികളോട് രാഷ്ട്രീയം പറഞ്ഞു. ഒരു ഭരണകൂടം എന്ത് ആവണം എന്നും എന്ത് ആവരുത് എന്നും പന്ത്രണ്ടും പതിമൂന്നു വയസ്സുള്ള കുട്ടികള്‍ വ്യക്തതയോടെ പറയുന്നത് നടുക്കത്തിനിടയിലും ആശ്വാസത്തോടെ കേട്ടു.

നിരോധിച്ച കറന്‍സിയുടെ ഏറിയ പങ്കും തിരികെ എത്തുകയും കള്ള പണം മടങ്ങി വന്നോ ഇല്ലയോ എന്ന് വ്യക്തമാക്കാന്‍ കഴിയാതെ സര്‍ക്കാര്‍ സുപ്രീം കോടതിയുടെ വരെ വിമര്‍ശനം നേരിടുകയും ചെയ്യുന്ന ഈ ദിവസങ്ങളില്‍ ഞങ്ങള്‍ ഈ അരാജകത്വത്തിനൊപ്പംഅതിശൈത്യത്തെയും നേരിടുകയാണ്. ഡിജിറ്റല്‍ ആവാന്‍ ക്ഷണിക്കുന്ന ജനങ്ങളില്‍ കാണ്‍പൂര്‍ വാസികളും ഉള്‍പ്പെടുമെങ്കില്‍, അവരില്‍ ഒരു നല്ല ശതമാനം താമസിക്കുന്നത് കീറതുണികള്‍ മറച്ചു കെട്ടിയ വഴിയരികിലെ കുടിലുകളില്‍ ആണ്.

നോര്‍ത്ത് ഇന്ത്യ എന്ന വാക്കിനൊപ്പം ബോംബെയും ഡല്‍ഹിയും മാത്രം ടി വി യില്‍ കണ്ടു ശീലിച്ച കേരളത്തിലെ മലയാളികള്‍ക്ക് ഊഹിക്കാന്‍ പോലും കഴിയാത്ത ജീവിതങ്ങള്‍ ആണ് അവ . (ഇവിടെ ഇപ്പോള്‍ കേരളത്തിലുള്ളവരെ ഓര്‍ക്കാന്‍ കാരണം, ഇവിടെ ഒരു പ്രശ്‌നവും ഇല്ല, വെറുതെ പാനിക് ആക്കുകയാണ്, നല്ലൊരു തീരുമാനം, എന്നൊക്കെ പറയുന്ന ചങ്ങാതിമാരെയും ബന്ധുക്കളെയും ഓര്‍ത്തത് കൊണ്ടാണ്). ഓരോ തണുപ്പ് കാലവും നൂറു കണക്കിന് തെരുവ് ജന്മങ്ങളുടെ ജീവിതവും കൊണ്ടാണ് മടങ്ങാറുള്ളത്. ഇത്തവണ നേരത്തെ എത്തിയ ശൈത്യം മരണത്തെയും നേരത്തെ ആനയിച്ചു കഴിഞ്ഞിരിക്കുന്നു. മൂടല്‍ മഞ്ഞു മൂലം ഉണ്ടാകുന്ന അപകടങ്ങള്‍, ശൈത്യകാല രോഗങ്ങള്‍, ഇതിനെല്ലാം മുകളില്‍ പൈസ എന്ന ചിന്ത തന്നെ ഒരു മഹാമാരി ആയി തോന്നുന്ന അവസ്ഥയിലേക്ക് എത്തിച്ച സര്‍ക്കാരിന്റെ ദ്രോഹങ്ങള്‍... തീര്‍ച്ചയായും, ഇന്ത്യയില്‍, ജീവിതം എന്നത് ജീവിക്കാന്‍ തീരെ കൊള്ളാത്ത ഒന്നായി മാറിയിരിക്കുന്നു എന്നതില്‍ ഇവിടെ ഇപ്പോള്‍ ആര്‍ക്കും സംശയം തീരെ ഇല്ല.

നോര്‍ത്ത് ഇന്ത്യ എന്ന വാക്കിനൊപ്പം ബോംബെയും ഡല്‍ഹിയും മാത്രം ടി വി യില്‍ കണ്ടു ശീലിച്ച കേരളത്തിലെ മലയാളികള്‍ക്ക് ഊഹിക്കാന്‍ പോലും കഴിയാത്ത ജീവിതങ്ങള്‍ ആണ് അവ .

ഇതൊക്കെ മാറി മാറിയും എന്നും ഡിജിറ്റലൈസ്ഡ്, കാഷ് ലെസ്, സമത്വ സുന്ദരമായ രാജ്യമായി ഇന്ത്യ മാറും എന്നും സ്വപ്നം കാണാന്‍ മണ്ണില്‍ ചവിട്ടി നടക്കുന്ന ഒരു കാണ്‍പൂര്‍ വാസിക്കും കഴിയില്ല. കാരണം ഇന്ത്യ എന്നാല്‍ എന്താണ് എന്നും, എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും വിദ്യാഭ്യാസം, എല്ലാവര്‍ക്കും ചികിത്സ തുടങ്ങിയ സ്വപ്‌നങ്ങള്‍ എത്ര അകലെയാണ് എന്നും ഞങ്ങള്‍ ആരും അറിയുന്നത് എവിടെ എങ്കിലും വായിച്ചോ ആരെങ്കിലും പറയുന്നത് കേട്ടോ കിട്ടുന്ന അറിവുകളില്‍ നിന്നല്ല. മറിച്ച്, ജീവന്‍ മാത്രമുള്ള,ജീവിതം ഒട്ടുമേ ഇല്ലാത്ത അനേകം നനഞ്ഞ കണ്ണുകളില്‍ നിന്നാണ്.
അതൊക്കെ കൊണ്ട് തന്നെ ഏതൊരു തീരുമാനമെടുക്കും മുന്‍പും ഈ രാജ്യത്തെ, ഏറ്റവും താഴെക്കിടയില്‍ ഉള്ളവന്റെ കണ്ണുകളില്‍ നോക്കാന്‍ ധൈര്യം കാണിക്കുന്ന ഒരു ഭരണകൂടത്തെ മാത്രം ഞങ്ങള്‍ ഇപ്പോള്‍ സ്വപ്നം കാണുന്നു, നടക്കും എന്ന് തീരെ പ്രതീക്ഷ ഇല്ലാത്ത ഒരു സ്വപ്നം...

NB : ഇതോടൊപ്പം ഉള്ള ചിത്രം നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തതല്ല . ഇന്ന് രാവിലെ, ജോലി സ്ഥലത്തേയ്ക്ക് പോകും വഴി, പതിനഞ്ചു ഡിഗ്രി തണുപ്പിലും ബാങ്കിന് (എസ്.ബി.ടി ജാജ്‌മൌ ബ്രാഞ്ച്) മുന്നില്‍ കൂടി നിന്ന ചിലരെ കണ്ടപ്പോള്‍ എടുത്തതാണ്. അവരില്‍ ആരെങ്കിലും കള്ളപ്പണം നിക്ഷേപിക്കാന്‍ നില്‍ക്കുന്നവര്‍ ആണ് എന്ന് ഒരു സംശയം എങ്കിലും തോന്നിയാല്‍ തൂക്കി കൊന്നു കളഞ്ഞേക്കണം സര്‍, അപേക്ഷയാണ്.

 

 


കടപ്പാട്: പെണ്ണിടം 

Follow Us:
Download App:
  • android
  • ios