Asianet News MalayalamAsianet News Malayalam

മരുഭൂമിയിലിരുന്ന് രണ്ടുപേര്‍, ഒരു മേഖലാസമ്മേളന കാലം ഓര്‍മ്മിക്കുമ്പോള്‍

ഇപ്പോൾ എന്‍റെ നാടായ തളിയിൽ നിന്നും മറ്റെവിടേക്കോ കുടിയേറിയ അദ്ദേഹം നാടിനെ കുറിച്ചും വീടിനെ കുറിച്ചും കുറെ സംസാരിച്ചു. അഷ്‌റഫ് ഇക്കയെ ഇരുപത് വർഷങ്ങൾക്ക് മുൻപായിരിക്കണം  അവസാനമായി കണ്ടത്. 

desantharam anver shah
Author
Thiruvananthapuram, First Published Nov 14, 2018, 1:07 PM IST

പൊറോട്ടയും മുട്ട  റോസ്റ്റും ചായയും വന്നു.  കല്ലിൽ നിന്നും എടുത്തിട്ടുള്ള ചൂടുള്ള പൊറോട്ട, കിടിലൻ മുട്ട റോസ്റ്റ്... ആദ്യമായിട്ടാണ് ഇത്രേം രുചിയുള്ള പൊറോട്ടയും മുട്ട റോസ്റ്റും കഴിക്കുന്നത്. അഷ്‌റഫ് ഇക്ക ഞങ്ങൾ രണ്ടുപേരുടെയും പൈസ കൊടുത്തു. ചേലക്കരയിലെ കാഴ്ചകൾ കണ്ട് ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു. പിന്നീട് രണ്ടോ മൂന്നോ തവണ സുഹൃത്തിന്‍റെ കൂടെ അവിടെ വന്ന് പൊറോട്ടയും മുട്ടറോസ്റ്റും കഴിച്ചിട്ടുണ്ട്. ജീവിക്കാനുള്ള സമരങ്ങൾക്കിടയിൽ അഷ്‌റഫ് ഇക്കാ ഞങ്ങളുടെ നാട്ടിൽ നിന്നും എവിടേക്കോ പോയി.

desantharam anver shah
വെള്ളിയാഴ്ച്ച  ഏറെ വൈകിയേ എഴുന്നേൽക്കുകയുള്ളൂയെന്ന് തീരുമാനിച്ചതായിരുന്നു. വ്യാഴം രാത്രിയിലെ മസാഫി മലനിരകളിലൂടെയുള്ള യാത്ര അവസാനിപ്പിച്ച് വരുമ്പോൾ ഏകദേശം മൂന്ന് മണികഴിഞ്ഞു. പതിവ്  സംഗീതം ഇല്ലാതെ തന്നെയുറങ്ങി. അലാറങ്ങളുടെ ബഹളങ്ങൾ ഇല്ല, മൊബൈലിനെ  നിശബ്ദമാക്കി വെച്ച്, തോന്നുമ്പോൾ എഴുന്നേൽക്കാവുന്ന താന്തോന്നിയുറക്കം.

എന്നിട്ടും വെള്ളിയാഴ്ചയിലെ പുലർക്കാലം എന്നെ ഉറങ്ങാൻ അനുവദിച്ചില്ല എന്നതാണ് സത്യം. മരുഭൂമി ഉരുകുന്ന പകൽച്ചൂടുകൾക്ക് അയവ്‌ വരുത്തിയിട്ട് ഏറെ ദിവസമായി, രാത്രിയിലെ ദിബ്ബ യാത്രകൾ ഇപ്പോൾ പ്രിയ സുഹൃത്ത് വാങ്ങിത്തന്ന സ്വെറ്റർ ധരിച്ചാണ്. റൂമിൽ AC-ക്ക് അവധി കൊടുത്തിട്ട് ഏറെ ദിവസമായി, ഒറ്റക്കുള്ള ജീവിതത്തിന്‍റെ സകല സ്വാതന്ത്ര്യങ്ങളും തണുപ്പ് കാലം തുടങ്ങുന്നതോടെ മെല്ലെ മെല്ലെ അവസാനിപ്പിക്കണം.

നീണ്ട ഉറക്കം ആഗ്രഹിച്ചെങ്കിലും കുട്ടികളുടെ ശബ്ദം കേട്ടാണ് ഉണർന്നത്, മരണം ഭയക്കുന്ന ഇരുണ്ട മുറികളിൽ ഉറങ്ങാൻ അല്പം ഭയമുള്ളത് കൊണ്ട് അല്പം വെളിച്ചം അവശേഷിപ്പിച്ചാണ് ഉറക്കത്തിലേക്കിറങ്ങുക. കുട്ടികളുടെ ശബ്ദം വീണ്ടും കൂടി വന്നപ്പോൾ ശരിക്കും ഉറക്കം നഷ്ടമായി, സമയം പുലർച്ചെ അഞ്ചു മണി ആകുന്നേയുള്ളൂ. പതിവിലും കൂടുതൽ വെളിച്ചം റൂമിലേക്ക് കടന്നു വരുന്നത് കണ്ടപ്പോഴാണ് വിരി വകഞ്ഞു മാറ്റിയിട്ട ജാലകത്തിലേക്ക് നോക്കിയത്.

യാത്രകൾ കുട്ടികൾക്ക് വലിയ ഇഷ്ടമായിരിക്കും

എപ്പോഴോ തുറന്നിട്ട ജാലകത്തിലൂടെ ഇളംകാറ്റിനൊപ്പം പുലർകാല വെളിച്ചവും  കുട്ടികളുടെ സന്തോഷ ശബ്ദങ്ങളും  വന്നു കൊണ്ടേയിരുന്നു. തെരുവ് വിളക്കിന്‍റെ മഞ്ഞ വെളിച്ചം ഇനിയും അണഞ്ഞിട്ടില്ല. ഫ്‌ളാറ്റിന്ന് താഴെയുള്ള ചെറിയ വഴികളിലൂടെ വാഹനങ്ങൾ നീങ്ങി തുടങ്ങിയിട്ടില്ല. കാറിന്‍റെ തുറന്നിട്ട ഡിക്കിയിലേക്ക് സാധനങ്ങൾ എടുത്തുവെക്കുന്ന അച്ചൻ അമ്മ കുട്ടികൾ, മൂന്നോ നാലോ കുട്ടികളുണ്ട്, എല്ലാവരും വളരെ ഉഷാറാണ്. ഉറക്കം തൂങ്ങി നിൽക്കുന്ന കൊച്ചനിയനെ തൂക്കിയെടുത്ത് കാറിന്‍റെ സീറ്റിലേക്ക് ഇരുത്തുന്ന ചേച്ചി.

യാത്രകൾ കുട്ടികൾക്ക് വലിയ ഇഷ്ടമായിരിക്കും. കുട്ടിക്കാലത്തെ യാത്രകളുടെ ചിത്രങ്ങൾ ഇപ്പോഴും മനസ്സിലുണ്ട്. അവർ യാത്ര തുടങ്ങി. മഞ്ഞനിറമുള്ള റോഡിലൂടെ അകന്നകന്ന്. കുട്ടികളുടെ ശബ്ദം ഇപ്പോഴില്ല. ജാലകമടച്ച് തിരികെ വന്ന് കട്ടിലിൽ കിടന്നെങ്കിലും ഉറക്കം വന്നില്ല, കണ്ണടച്ചു കിടക്കും തോറും തലവേദന വന്ന് തുടങ്ങി.
എഴുന്നേറ്റ് കിച്ചണിൽ വന്ന് കിടിലൻ സമാവർ ചായ ഉണ്ടാക്കി കുടിച്ചു. ചുമ്മാ പുറത്തിറങ്ങി നടന്നാലോ എന്ന് ചിന്തിച്ചു.

സൂഫി ഫ്‌ളാറ്റിൽ നിന്നും പുറത്തിറങ്ങുമ്പോൾ വഴിയരികിലെ മഞ്ഞ വെളിച്ചങ്ങൾ കെട്ടു തുടങ്ങിയിരുന്നു. അങ്ങിങ്ങായി ആളുകൾ നിശബ്ദമായി ജീവിച്ചു തുടങ്ങിയിരിക്കുന്നു. വെള്ളിയാഴ്ചകളിലും അവധിയില്ലാതെ ജോലിക്ക് പോകുന്ന തൊഴിലാളികൾ.

ആദ്യം തന്നെ കാഴ്ചയിൽ തടഞ്ഞത് കണ്ണിമാങ്ങകൾ ആണ്

ദിൽഷാദ് ഭായിയുടെ മസ്ര ( കൃഷിത്തോട്ടം ) ത്തിലേക്ക് നടക്കാം എന്ന് തീരുമാനിച്ചു. മഞ്ഞു പെയ്തു നനഞ്ഞ തോട്ടത്തിലെ മണ്ണിലേക്ക് എത്തുമ്പോൾ തന്നെ എന്തെന്നില്ലാത്ത ആനന്ദമാണ്. മഞ്ഞുതുള്ളി തിളങ്ങുന്ന ഇലകൾ. ആദ്യം തന്നെ കാഴ്ചയിൽ തടഞ്ഞത് കണ്ണിമാങ്ങകൾ ആണ്. പൊട്ടിക്കാൻ അനുവാദം ഇല്ല എങ്കിലും ഒരെണ്ണം എടുത്ത് കടിച്ചു. സമാവർ ചായ ഇറങ്ങി പോയ ഇടങ്ങളിൽ കണ്ണിമാങ്ങയുടെ ചുണയുടെ പുളിപ്പും ചവർപ്പും.

തോട്ടത്തിലൂടെ നടന്നു. അവിടെ ഒഴിഞ്ഞു കിടക്കുന്ന കസേരയിൽ ഇരുന്നു. ആരോ തട്ടി വിളിച്ചപ്പോഴാണ് അരമണിക്കൂറായി തോട്ടത്തിലെ കസേരയിൽ ഇരുന്ന് ഉറങ്ങുകയാണെന്ന് മനസ്സിലായത്. പുറത്തേക്ക് ഇറങ്ങി സൂഫി ഫ്‌ളാറ്റിലേക്ക് തന്നെ തിരികെ നടക്കാം എന്ന് തീരുമാനിച്ച് റോഡിലേക്ക് ഇറങ്ങുമ്പോൾ " അൻവറേ " എന്ന പിറകിൽ നിന്നുള്ള വിളികേട്ടത്. തിരിഞ്ഞു നോക്കുമ്പോൾ അത്ര പരിചിതമല്ലാത്ത മുഖം.

മുടിയൊക്ക നരച്ച് മെലിഞ്ഞ്... ഇല്ല ഓര്‍മ വരുന്നില്ല. " ഡാ, നീ ദിബ്ബയിൽ ആണോ? " വീണ്ടും അയാൾ ഒരുപാട് നാളത്തെ പരിചയമുള്ളത് പോലെ ചോദിച്ചു .
" അതെ "
" അനക്ക് എന്നെ മനസ്സിലായില്ലേ, ഞാൻ അഷ്റഫാടാ, പണ്ട് തളീൽ ഉണ്ടായിരുന്ന..." 
"' ഇവിടെ എന്താ പരിപാടി "
" ഞാൻ റാസ്‌ അൽ ഖൈമയിൽ അറബിയുടെ വീട്ടിലെ ഡ്രൈവറാണ്, അർബാബിന്‍റെ വീട്ടിലേക്ക് പന ( ഈന്തപ്പന ) യുടെ തൈകൾ വാങ്ങാൻ വന്നതാണ്." ഞാനും അഷ്റഫിക്കയും കുറെ സംസാരിച്ചു.

ഇപ്പോൾ എന്‍റെ നാടായ തളിയിൽ നിന്നും മറ്റെവിടേക്കോ കുടിയേറിയ അദ്ദേഹം നാടിനെ കുറിച്ചും വീടിനെ കുറിച്ചും കുറെ സംസാരിച്ചു. അഷ്‌റഫ് ഇക്കയെ ഇരുപത് വർഷങ്ങൾക്ക് മുൻപായിരിക്കണം  അവസാനമായി കണ്ടത്. കൃത്യമായി പറഞ്ഞാൽ DYFI യുടെ പ്രവർത്തകനായി തുടങ്ങിയ കാലത്ത് ഗ്രാമത്തിലെ പാർട്ടി ജാഥകളിൽ പാർട്ടി കൊടിയേന്തി, പോസ്റ്റർ ഒട്ടിച്ചും പാർട്ടി പരിപാടികളിൽ പ്രവർത്തകനായും...

ഞങ്ങൾ സുഹൃത്തുക്കളൊന്നും ആയിരുന്നില്ല, രണ്ടു രീതിയിൽ ഉള്ള രണ്ട് പ്രവർത്തകർ എന്ന നിലയിലും SFI ക്യാമ്പസ് രാഷ്ട്രീയത്തിൽ നിന്നും ഗ്രാമത്തിലെ ജനകീയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിവരുമ്പോൾ സംഭവിക്കുന്ന പുതിയ അനുഭവങ്ങളും... ഞങ്ങൾ രണ്ടുപേരും രണ്ടു വഴിക്ക് തന്നെയായിരുന്നു. DYFI യുടെ മേഖലാ സമ്മേളനം ചേലക്കരയിൽ നടക്കുന്ന സമയം, നാട്ടിൽ നിന്നും വലിയ ബസ്സിൽ പ്രവർത്തകാരെല്ലാം ആവേശത്തോടെ ചേലക്കരയിലേക്ക് പോകുന്നു.

ചായയും മുട്ട ബജിയും ഓർഡർചെയ്തു. അതിനുള്ള കാശ് മാത്രമേ കയ്യിലുള്ളൂ

നാട്ടിലെ DYFI പ്രവർത്തകർക്കിടയിൽ അത്ര പരിചിത മുഖം ആയിട്ടില്ല, ഞാനും എന്‍റെ സഹപാഠിയും കൂടി ബസ്സിലെ ഏറ്റവും പിറകിലിരുന്ന് ചേലക്കരയിലേക്കുള്ള യാത്ര ആസ്വദിക്കുകയാണ്. ചേലക്കരയിൽ എത്തി ജാഥയും സമ്മേളനവും നടക്കുന്നു. അല്‍പം കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേരും ചായ കുടിക്കാം എന്ന് തീരുമാനിച്ചു. സമ്മേളന നഗരിക്ക് പുറത്തുള്ള വഴികളിലൂടെ നടന്നു. കുറച്ചകലെ ചേലക്കര ബസ്സ് സ്റ്റേഷൻ അടുത്തായി ഒരു തട്ടുകട കണ്ടു, അവിടെ നിന്ന് ചായയും എണ്ണക്കടിയും കഴിക്കാം എന്ന് കൊതി തോന്നിപ്പിക്കുമാറ് പലഹാരങ്ങളുടെ മണം ഒഴുകിവരുന്നുണ്ട്. ചായയും മുട്ട ബജിയും ഓർഡർചെയ്തു. അതിനുള്ള കാശ് മാത്രമേ കയ്യിലുള്ളൂ. ഓലകൊണ്ട് മറച്ച തട്ടുകടയുടെ ബെഞ്ചിൽ ഓർഡർ ചെയ്ത ചായക്കും കടിക്കും വേണ്ടി കാത്തിരിക്കുമ്പോൾ അതാ നാട്ടുകാരനായ ഒരാൾ കടന്നു വരുന്നു.

"എന്താടാ ഇവിടെ പരിപാടി, പ്രസംഗം കേക്കാതെ ഇവിടെ വന്നിരിക്ക്യാ?" അയാൾ ഞങ്ങളുടെ അടുത്ത് വന്നിരുന്നു. "ഞാനേ, എല്ലാവരേം പരിപാടിക്ക്  കൂട്ടിക്കൊണ്ട് വരാൻ നിന്നപ്പോൾ ഉച്ചയ്ക്ക് ചോറ് തിന്നാൻ മറന്ന്, ഇവിടെ എന്താ ഉള്ളത് എന്ന് നോക്കട്ടെ." സപ്ലയറോട് എന്താണ് കഴിക്കാനുള്ളത് എന്ന് ചോദിച്ചു. പൊറോട്ടയും മൊട്ട റോസ്റ്റും  ഉണ്ട് എന്ന് പറഞ്ഞു." എന്നാ മൂന്ന് സെറ്റ് പൊറോട്ടയും മുട്ട റോസ്റ്റും പോരട്ടെ ." " ഞങ്ങൾക്ക് വേണ്ട, ചായയും കടിയും പറഞ്ഞിട്ടുണ്ട്." ഞങ്ങൾ പറഞ്ഞു. "അത് ഞാൻ മുടക്കി, ഇത് തിന്നിട്ട് പോയാ മതി, പൊറാട്ട തിന്ന് അവിടീം ഇവിടീം കറങ്ങി നടക്കാതെ ബസ്സിൽ കയറി ഇരുന്നോ."

അഷ്‌റഫ് ഇക്കാ ഞങ്ങളുടെ നാട്ടിൽ നിന്നും എവിടേക്കോ പോയി

പൊറോട്ടയും മുട്ട  റോസ്റ്റും ചായയും വന്നു.  കല്ലിൽ നിന്നും എടുത്തിട്ടുള്ള ചൂടുള്ള പൊറോട്ട, കിടിലൻ മുട്ട റോസ്റ്റ്... ആദ്യമായിട്ടാണ് ഇത്രേം രുചിയുള്ള പൊറോട്ടയും മുട്ട റോസ്റ്റും കഴിക്കുന്നത്. അഷ്‌റഫ് ഇക്ക ഞങ്ങൾ രണ്ടുപേരുടെയും പൈസ കൊടുത്തു. ചേലക്കരയിലെ കാഴ്ചകൾ കണ്ട് ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു. പിന്നീട് രണ്ടോ മൂന്നോ തവണ സുഹൃത്തിന്‍റെ കൂടെ അവിടെ വന്ന് പൊറോട്ടയും മുട്ടറോസ്റ്റും കഴിച്ചിട്ടുണ്ട്. ജീവിക്കാനുള്ള സമരങ്ങൾക്കിടയിൽ അഷ്‌റഫ് ഇക്കാ ഞങ്ങളുടെ നാട്ടിൽ നിന്നും എവിടേക്കോ പോയി. ഞങ്ങൾ നാടിന്‍റെ നന്മകൾ ഉപേക്ഷിച്ചു കൊണ്ട് പ്രവാസലോകത്തേക്കും...

വീണ്ടും വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ പ്രായത്തേക്കാൾ കൂടുതൽ പ്രായം തോന്നുന്ന ഇക്കായുടെ മുഖം.  പ്രാദേശിക പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്നതും  പ്രവാസിയായതും  വരെയുള്ള കാര്യങ്ങൾ സംസാരിച്ചു. ചൂടുള്ള പൊറോട്ടയുടെയും മുട്ട റോസ്റ്റിന്‍റെയും കഥ പറഞ്ഞപ്പോൾ മനസ്സ്  തുറന്നു ഇക്ക ചിരിച്ചു. ദിബ്ബ സൂക്കിലെ റസ്റ്റോറന്‍റിൽ നിന്നും ദോശയും ചായയും കഴിച്ച് അഷ്‌റഫ് ഇക്ക റാസ്‌ അൽ ഖൈമയിലേക്ക്, ഞാൻ സൂഫി ഫ്‌ളാറ്റിലേക്ക്...

Follow Us:
Download App:
  • android
  • ios