Asianet News MalayalamAsianet News Malayalam

പ്രളയത്തെക്കുറിച്ചന്വേഷിക്കാനായി മാത്രം, അയാളെന്നെ തിരക്കി വന്നുകൊണ്ടിരുന്നു

അയാൾക്ക് എന്ത് മറുപടി കൊടുക്കുമെന്നറിയാതെ വിഷമിച്ചു നിന്ന എന്‍റെ കൈകളിലേക്ക് അയാൾ കുറെ ദിനാർ വെച്ച് തന്നു . ''ഇത് എന്‍റെ വകയായി നാട്ടിലെത്തിക്കണം. ഒരാളുടെയെങ്കിലും കണ്ണുനീരൊപ്പാൻ കഴിയുമെങ്കിൽ സന്തോഷമേയുള്ളൂ.'' എന്തുകൊണ്ടോ ഞാനത് വാങ്ങിയില്ല. 

desantharam
Author
Thiruvananthapuram, First Published Aug 28, 2018, 5:26 PM IST

ഒരു ദിവസം എന്നെ കണ്ടില്ലെങ്കിൽ, ഫ്ലാറ്റിലേക്ക് വന്ന് അയാൾ കാര്യങ്ങൾ തിരക്കിയിരുന്നു. സ്വന്തം ശരീരം ചവിട്ടുപടിയാക്കിയ മത്സ്യത്തൊഴിലാളിയുടെയും, പിഞ്ചുകുഞ്ഞിനെയും നെഞ്ചോട് ചേർത്ത് ഓടുന്ന പോലീസുകാരെന്‍റെയും ചിത്രങ്ങൾ മൊബൈലിൽ  എന്നെ കാണിച്ചു. അയാൾ ആ മൊബൈൽ ചിത്രങ്ങൾ നെഞ്ചോട് ചേർത്ത് വിതുമ്പുന്നത് കണ്ടപ്പോൾ; അയാളെ ഒന്നു ചേർത്ത് പിടിക്കാൻ , ഒന്നു ചുംബിക്കാൻ തോന്നിപ്പോയി.

കേരളം മുങ്ങിത്താണ നാളുകളിൽ നാട്ടിലുള്ളവരെപോലെ വേദന അനുഭവിച്ചവരാണ് പ്രവാസി സമൂഹവും. ഉറ്റവരുടെ വിവരങ്ങളറിയാതെ, അവർക്കെന്തു പറ്റിയെന്ന് അറിയാതെ, രാപ്പകലുകൾ ഉറക്കമൊഴിച്ച് ടി.വി ചാനലിന്‍റെ മുന്നിൽ കാത്തിരുന്നവർ, ഓരോ മരണവാർത്തയും ഞെട്ടലോടെ കേട്ടവർ, അക്കൂട്ടത്തിൽ അവരുടെ ബന്ധുക്കളോ മിത്രങ്ങളോ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഭയപ്പെട്ടവർ. ആകുലതകളുടെ ദിനരാത്രങ്ങൾ. കണ്മുന്നിൽ ഉറ്റവർ മുങ്ങിത്താഴുന്ന ചിത്രങ്ങൾ കാണുമ്പോൾ, കൈകാലുകൾ ബന്ധിക്കപ്പെട്ടവരെ പോലെ ഒന്നും ചെയ്യാൻ കഴിയാതെ  നിസ്സഹായരായി നിൽക്കേണ്ടിവന്നവരാണ് പ്രവാസികളായ മലയാളികളൊക്കെയും.

ഓരോ ദിവസവും ജോലിക്കു പോകാനിറങ്ങുമ്പോൾ അയാൾ എന്നെയും കാത്ത് ഫ്ലാറ്റിന്‍റെ താഴെയുണ്ടാവും; ഈജിപ്റ്റുകാരനായ അൻവർ അലി. എന്‍റെ ഫ്‌ളാറ്റിലെ ഹാരിസ് ( നോക്കി നടത്തിപ്പുകാരൻ ) ആണ് അദ്ദേഹം. അയാളുടെ റൂമിൽ നിന്നും മലയാളം ചാനലുകളിലെ ന്യൂസ് ഉച്ചത്തിൽ കേൾക്കാം.

''എന്തായി ഭായി? ഇപ്പൊ മഴ കുറഞ്ഞോ, വെള്ളം വറ്റിയോ, എത്ര പേര് മരിച്ചു, നിങ്ങളുടെ വീട്ടുകാർ  സുരക്ഷിതരല്ല ?'' വളരെ അങ്കലാപ്പോടെ, പ്രളയത്തിൽ അകപ്പെട്ട സഹോദരങ്ങളെ കുറിച്ചെന്നപോലെ അയാൾ എന്നോട് കാര്യങ്ങൾ തിരക്കിക്കൊണ്ടിരുന്നു. ഒരു ദിവസം എന്നെ കണ്ടില്ലെങ്കിൽ, ഫ്ലാറ്റിലേക്ക് വന്ന് അയാൾ കാര്യങ്ങൾ തിരക്കിയിരുന്നു. സ്വന്തം ശരീരം ചവിട്ടുപടിയാക്കിയ മത്സ്യത്തൊഴിലാളിയുടെയും, പിഞ്ചുകുഞ്ഞിനെയും നെഞ്ചോട് ചേർത്ത് ഓടുന്ന പോലീസുകാരെന്‍റെയും ചിത്രങ്ങൾ മൊബൈലിൽ  എന്നെ കാണിച്ചു. അയാൾ ആ മൊബൈൽ ചിത്രങ്ങൾ നെഞ്ചോട് ചേർത്ത് വിതുമ്പുന്നത് കണ്ടപ്പോൾ; അയാളെ ഒന്നു ചേർത്ത് പിടിക്കാൻ , ഒന്നു ചുംബിക്കാൻ തോന്നിപ്പോയി. അടർന്നു വീണ കണ്ണുനീർ ഒപ്പിക്കൊണ്ട് അയാൾ പറഞ്ഞു: ''നിങ്ങളെയോർത്ത് അഭിമാനിക്കുന്നു. ലോകത്ത് വേറൊരിടത്തും ഇത്രയേറെ സഹാനുഭൂതിയുള്ള മനുഷ്യരെ കാണാൻ കഴിയില്ല.'' അത് കേട്ടപ്പോൾ എന്‍റെ കണ്ണും അറിയാതെ നിറഞ്ഞു പോയി. എന്തിനാണ് ഇവർ ഇന്ത്യക്കാരെ, അല്ലെങ്കിൽ മലയാളികളെ ഇത്രയുമധികം സ്നേഹിക്കുന്നത്. എനിക്ക് അത്ഭുതം തോന്നി.

അയാൾ വീണ്ടും എന്നെ കാണാൻ വന്നു. മനസ് അസ്വസ്ഥമാണെന്ന് തോന്നി. '' പ്രശ്നങ്ങളൊക്കെ തീർന്നു. വെള്ളമൊക്കെ ഇറങ്ങി. ഇപ്പൊ കുഴപ്പമൊന്നും ഇല്ല.''  ഞാൻ അയാളെ ആശ്വസിപ്പിച്ചു . ''നിങ്ങളുടെ നാട്ടിൽ പൈസയും ഭക്ഷണവുമില്ലാതെ ബുദ്ധിമുട്ടാണല്ലേ. നിങ്ങൾ ഇന്ത്യയുടെ ഭാഗമല്ലേ ഭായി?'' അയാളുടെ ചോദ്യം എന്നെ അത്ഭുതപ്പെടുത്തി.

'' അതെ , ഞങ്ങൾ ഇന്ത്യക്കാരാണ്. അവിടെ ഒന്നിനും ഒരു കുറവുമില്ല. എല്ലാം ഉണ്ട്.'' ഞാൻ പറഞ്ഞു. '' വാർത്തകളിൽ പറയുന്നത്, നിങ്ങളെ ഗവർമെന്‍റ് സഹായിക്കുന്നില്ലെന്നും ജനങ്ങൾ പണത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടുകയാണെന്നും ഒക്കെയാണ്. എന്ത് പറ്റി?'' അയാളുടെ ചോദ്യം എന്‍റെ ഉള്ളിൽ വീണു പൊള്ളി.

അയാൾക്ക് എന്ത് മറുപടി കൊടുക്കുമെന്നറിയാതെ വിഷമിച്ചു നിന്ന എന്‍റെ കൈകളിലേക്ക് അയാൾ കുറെ ദിനാർ വെച്ച് തന്നു . ''ഇത് എന്‍റെ വകയായി നാട്ടിലെത്തിക്കണം. ഒരാളുടെയെങ്കിലും കണ്ണുനീരൊപ്പാൻ കഴിയുമെങ്കിൽ സന്തോഷമേയുള്ളൂ.'' എന്തുകൊണ്ടോ ഞാനത് വാങ്ങിയില്ല. പകരം നാട്ടിൽ അയക്കാനുള്ള അഡ്രസ് എഴുതിക്കൊടുത്തു. അതും വാങ്ങി അയാൾ അവിടെ നിന്നും പോയി. ലോകത്തെല്ലായിടത്തും  ദയയെന്ന വികാരം  ഉറവ വറ്റാതെയുണ്ടെന്ന് അലിയിലൂടെയും ഞാൻ തിരിച്ചറിഞ്ഞു .

ഒപ്പം ദുരന്തത്തിൽ പോലും നമ്മൾ ഇനിയും പലതും പഠിക്കാനുണ്ട് എന്ന സത്യവും.

Follow Us:
Download App:
  • android
  • ios