മഴ നനഞ്ഞു നനഞ്ഞൊരു ദിവസമായിരുന്നു ലോഹഗഡ് യാത്ര.  മണ്‍സൂണില്‍ ലോണാവാല  കുളിച്ചു, തളിര്‍ത്തു നില്‍ക്കുന്ന ദിനങ്ങളില്‍ ഒന്ന്.  

മുംബൈയിലെ മണ്‍സൂണ്‍ രസമായിരുന്നു.  കുടയൊക്കെ പറത്തി കളയുന്ന കാറ്റ്. നനഞ്ഞ കുട, കാറ്റ് അടിച്ചൊടിക്കുന്ന കമ്പികള്‍, കുടയുണ്ടെങ്കിലും മുഴുവന്‍ നനയല്‍, ലോക്കല്‍ ട്രെയിനില്‍ കുടയും കൊണ്ട് കേറിയിറങ്ങലിലെ ബുദ്ധിമുട്ട്... അങ്ങനെ കുറച്ചു ദിവസങ്ങള്‍ എടുത്തു, മലയാളി കുടയില്‍ നിന്ന് മുംബൈയുടെ ഹാന്‍ഡ്‌സ് ഫ്രീ വിന്‍ഡ്ഷീറ്ററിലേക്കു മാറാന്‍.  അങ്ങനെ  മുംബൈ മണ്‍സൂണ്‍ ആസ്വദിച്ച് തുടങ്ങിയപ്പോള്‍ ആണ് ഓഫീസില്‍ നിന്ന് വീക്കെന്‍ഡ് യാത്രികരായ ഞങ്ങള്‍ മൂന്ന് പെണ്ണുങ്ങള്‍ ലോഹഗഡ് ട്രെക്കിങ്ങിന് ഇറങ്ങിയത്. ഒറ്റ ദിവസത്തെ യാത്രകളില്‍ ഭ്രമിച്ചു പോയ മൂന്നു പേര്‍.  

ചെറിയൊരു ബാക്ക്പാക്ക്, മുംബൈ തെരുവോര കടയില്‍ നിന്ന് വാങ്ങിയ ഷൂസ്, വിന്‍ഡ്ഷീറ്റര്‍, മുംബൈ ഛത്രപതി ശിവാജി ടെര്‍മിനസില്‍ (പഴയ വിക്ടോറിയ ടെര്‍മിനസ് ) നിന്ന് ലോണാവാലയിലേക്ക് ട്രെയിന്‍ ടിക്കറ്റ്.  കൂട്ടിനു മണ്‍സൂണും.  ശിവാജിയില്‍ നിന്ന്, ശിവാജിയുടെ ഖജനാവായിരുന്ന കോട്ട കാണാന്‍.

ലോഹഗഡ് ട്രെക്കിങ്ങിന്റെ വേറിട്ടൊരു വഴിയാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്.

ലോണാവാലയിലേക്കുള്ള ട്രെയിന്‍ യാത്ര കണ്ണിനു വിരുന്നാണ്.  ഒരു പച്ചക്കാടിനുള്ളിലൂടെ റെയില്‍ പാത.  ഇടയ്ക്കു വെളുത്തു തുടുത്തു നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങള്‍.  മലകള്‍.  ലോണാവാലയിലേക്ക്. അവിടുത്തെ അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, റിസോര്‍ട്ടുകള്‍, അവിടങ്ങളിലേക്കു യാത്രക്കാര്‍ ഒഴുകുന്ന സമയം.  ആ തിരക്കിനിടയില്‍ നിന്നാണ് മൂന്നു പെണ്ണുങ്ങള്‍ ലോഹഗഡ് എന്ന് പറഞ്ഞു ഓട്ടോയില്‍ കയറിയത്. ഒന്ന് കൂടി ഉറപ്പിക്കാന്‍ അയാള്‍ ചോദിക്കുകയും ചെയ്തു.  

സമുദ്രനിരപ്പില്‍ നിന്ന് 1033 മീറ്റര്‍ ഉയരം. അവിടെയാണ് ഇരുമ്പുകോട്ട.  മഹാരാഷ്ട്രയിലെ നിരവധി പര്‍വ്വതക്കോട്ടകളില്‍ ഒന്ന്.  നാല് കവാടങ്ങള്‍,  ഇപ്പോഴും നല്ല ശക്തമായി നില്‍ക്കുന്നവ.  ഓട്ടോ ചെന്ന് നിന്നത് കോട്ടയിലേക്കുള്ള പടികള്‍ തുടങ്ങുന്നിടത്ത്.  തിങ്ങി തിങ്ങി,  മഴത്തുള്ളികള്‍ ഇറ്റിച്ച്,  വള്ളികളും പൂക്കളും കൊണ്ട് സുന്ദരികളായി നില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ ഒരു കുഞ്ഞു വഴി.  കറുത്ത മണ്ണില്‍,  ഇലത്തഴപ്പില്‍ ചവിട്ടി എത്തുന്നത് വലിയ പടവുകള്‍ക്കു മുന്നില്‍.  ആകാശത്തേക്കെന്ന വണ്ണം, കുന്നിനെ ചുറ്റി  കയറി പോകുന്ന കരിങ്കല്‍ പടികള്‍.  മുകളിലേക്ക് നോക്കിയാല്‍ പെയ്തുപെയ്തിറങ്ങുന്ന കുഞ്ഞുമഴയും കോടമഞ്ഞും. പടികളെയും പടികള്‍ക്കു രക്ഷയായുള്ള മതില്‍ക്കെട്ടിനെയും മറയ്ക്കുന്ന കോട. മഴയില്‍,  കോടമഞ്ഞിന്റെ ഇത്തിരി വെളുപ്പില്‍ കറുത്ത മതില്‍ക്കെട്ടും പടികളും പച്ചച്ച പായലും ഇലകളും മൂടി നില്‍ക്കുന്നു.  മണ്‍സൂണ്‍,  മഴ മാജിക് വാന്‍ഡ് വീശിയ പോലെ.  

ലോഹഗഡ് ട്രെക്കിങ്ങിന്റെ വേറിട്ടൊരു വഴിയാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്.  പാവന റിസര്‍വോയറില്‍ നിന്ന് ഫോര്‍ട്ട് കണ്ട് കണ്ട് തുറസ്സായ വഴിയിലൂടെ മലമുകളിലേക്ക് കയറി വരുന്ന വഴിയുണ്ട്.  തിരികെ പടികള്‍ ഇറങ്ങി പോകാം.  ഞങ്ങള്‍ ആദ്യം പടികള്‍ കയറി വൈറ്റല്‍ കപ്പാസിറ്റി പരീക്ഷിച്ചു നോക്കി.

 

 മണ്‍സൂണ്‍,  മഴ മാജിക് വാന്‍ഡ് വീശിയ പോലെ.  

പടികള്‍ കഠിനമായിരുന്നെങ്കിലും സുഖകരമായ തണുപ്പും മുഖം നനയ്ക്കുന്ന മഴയും മുന്നിലുള്ള ആളെപോലും ഒരു നിമിഷത്തേക്ക് മറയ്ക്കുന്ന കോടയും മതില്‍ക്കെട്ടില്‍ വിഹരിക്കുന്ന കുരങ്ങന്മാരും കയറ്റം രസകരമാക്കി.  പകുതി എത്തുമ്പോഴേക്ക് ശ്വാസം കിട്ടാതെ,  ഒന്ന് നിന്ന്,  പിന്നെ ആയാസപ്പെട്ട് ശ്വാസമെടുത്ത് ഒരു വിധത്തില്‍ ഗണേഷ് ദര്‍വാസായില്‍ എത്തി.  അത് ഒരു കവാടമാണ്.  കോട്ടയിലേക്ക് പിന്നെയും പടികള്‍.  കോടമഞ്ഞിനും കാറ്റിനും ശക്തി കൂടി വന്നു.  മുകളില്‍ എത്തിയപ്പോള്‍ ചെറുതായൊന്നു കോടമഞ്ഞു തെളിഞ്ഞു തന്നു.  ശിവാജിയുടെ ശക്തമായ കോട്ടമുകളില്‍ നിന്ന് താഴെ ഭൂവിഭാഗം പച്ച പുതച്ചു കിടക്കുന്നതു കണ്ടു.  രാജകീയമായ കാഴ്ച. അവിടെ ഇരുന്നു കയ്യില്‍ കരുതിയ മുംബൈക്കാരുടെ ദേശീയ ഭക്ഷണമായ വട പാവ് കഴിച്ചു വിശപ്പടക്കി. 

പിന്നെ കോട്ടയുടെ ഒരറ്റത്തേക്കാണ് പോയത്.  സ്‌കോര്‍പിയോണ്‍ ടെയില്‍ എന്ന് വിളിക്കപ്പെടുന്ന,  കുന്നിന്റെ നേര്‍ത്തു നേര്‍ത്തു പോകുന്ന ഒരറ്റം.  ഇടയ്ക്കിടെ പെയ്യുന്ന മഴയും, ഇടയ്ക്കു തല നീട്ടുന്ന സൂര്യനും ഇളംവെയിലും...  മഴ തീര്‍ത്ത ചെറു തടാകങ്ങള്‍..  ചുറ്റും പച്ച, പച്ച മാത്രം.  കോടമഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന പച്ചയ്ക്ക് എന്തൊരു ഭംഗിയാണ് !  

 മുഖത്തിന് നേരെ തിരശ്ചീനമായി പെയ്യുന്ന സൂചിമഴ.  

മഴയത്തു നടക്കാന്‍ അതിലേറെ രസം.  കുന്നിന്റെ അറ്റത്തേക്ക്.  തേളിന്റെ വാല് പോലെയാണ് കുന്നു നേര്‍ത്തു നേര്‍ത്തു അവസാനിക്കുക.  ഇരുവശവും നല്ല താഴ്ച.  കോടമഞ്ഞുള്ളത് കൊണ്ട് ആഴമറിയുന്നില്ല.  മഴയത്തു പാറയും മണ്ണും നനഞ്ഞു തെറ്റിക്കിടക്കുന്നു.  ഇത്തിരി അപകടം പിടിച്ച ആ സ്‌കോര്പിയോണ്‍ ടെയില്‍ താണ്ടാതെ ഒരു ട്രെക്കിങ്ങും പൂര്‍ണമാകില്ല.  തേള്‍ വാലിന്റെ അറ്റത്തൊരു പാറയുണ്ട്. അവിടെ കുറച്ചു നേരം ഇരുന്നു.  വീണ്ടും തെളിയുന്ന ഇളംവെയില്‍.  മായുന്ന മഞ്ഞു.  മുഖത്തിന് നേരെ തിരശ്ചീനമായി പെയ്യുന്ന സൂചിമഴ.  

സ്‌കോര്‍പിയോണ്‍ ടെയില്‍ ഇറങ്ങി വന്നു ട്രെക്കിങ്ങ് റൂട്ടിലേക്കു കയറാം.  ഇറക്കമാണ് പിന്നെ.  മണ്‍സൂണ്‍ ആകുമ്പോള്‍ കുഴഞ്ഞ മണ്ണും ചെളിയും.  ചുറ്റുമുള്ള ഹരിത ഭാവങ്ങള്‍ ക്ഷീണം അറിയിച്ചില്ല.  ദൂരെ പാവന നദിയുടെ റിസെര്‍വോയര്‍,  അപ്പുറത്തെ കുന്നിന്റെ പള്ളക്ക് ഭജാ കേവ്‌സ്,  താഴേക്ക് താഴേക്കു ഒഴുകി പോകുന്ന ചെമ്മണ്‍പാത,  ഇടക്ക് യാത്രയുടെ ക്ഷീണം മാറ്റാന്‍ ചിരിക്കുന്ന വെള്ളിക്കൊലുസിട്ട വെള്ളച്ചാട്ടങ്ങള്‍.  നിര്‍മലമായ വെള്ളം ! 

ആകെ നനഞ്ഞും, വെള്ളച്ചാട്ടത്തില്‍ കുളിച്ചും നല്ല വിശപ്പുമായി ആണ് താഴെ എത്തിയത്.  ഒരു ചെറുകുടിലില്‍ നിന്ന് ഒരു പെണ്‍കുട്ടി ക്ഷണിച്ചു ഭക്ഷണത്തിനു.  ഹോംലി മീല്‍സ്.  അത്ര മേല്‍ രുചികരമായ ആഹാരം മുംബൈ ജീവിതത്തില്‍ അന്നു വരെയും പിന്നെയും ഞാന്‍ കഴിച്ചിട്ടില്ല.  എരിവും പുളിയും മധുരവും.  പിന്നെയും നടന്നു,  തിരിഞ്ഞു നോക്കുമ്പോള്‍ കോടമഞ്ഞിറങ്ങി വന്നു പുല്‍കുന്ന ലോഹഗഡ് ദൂരെ, ദൂരെ. 

എങ്ങനെ ലോഹഗഡിലെത്താം: 

ട്രെയിന്‍: മുംബൈ ലോണാവാല  98 കി.മി. മുംബൈ സിഎസ്ടിയില്‍നിന്ന് ട്രെയിന്‍ കിട്ടും. മിക്ക ദീര്‍ഘദൂര വണ്ടികളും ലോണാവാലയില്‍ നിര്‍ത്തും. 
ലോണാവാലയില്‍നിന്ന്  ലോഹഗഡിലേക്ക് 15കി.മി. ഇങ്ങോട്ട് ഓട്ടോ കിട്ടും. 

റോഡ്: മുംബൈ പൂനെ എക്‌സ്പ്രസ് വേ വഴി റോഡ് മാര്‍ഗവും ലോണാവാലയില്‍ എത്താം. മൂന്നു മണിക്കൂറോളം എടുക്കും മുംബൈയില്‍നിന്ന് ലോണാവാലയില്‍ റോഡ് മാര്‍ഗം എത്താന്‍.