
1995ലാണ് ഞാന്‍ ജീവിതത്തിലാദ്യമായി വിമാനം കയറുന്നത്. ദുബായ് സത് വയിലെത്തിയിട്ടു അമ്പത്തിനാലു ദിവസം പിന്നിട്ടു കഴിഞ്ഞിരുന്നു. വന്നതു വിസിറ്റ് വിസയിലായിരുന്നതിനാല്‍ ജോലിയൊന്നും ശരിയായിട്ടുമില്ല.
നാട്ടില്‍ കല്യാണക്കുറിയുമായി നടന്നു വീടുവീടാന്തരം കയറിയിറങ്ങുന്ന ഒരു ഗ്രാമീണ കാരണവരെപ്പോലെ 'ജീവ ചരിത്ര'ത്തിന്റെ പതിപ്പുകളുമായി ദിവസവും സ്ഥാപനങ്ങളിലും കടകളിലും സന്ദര്‍ശിച്ചു 'കുറിപ്പു' കൊടുത്തുവെന്നല്ലാതെ ഇന്നുവരെ ജോലിയുണ്ടെന്നറിയിച്ചു ഒരാള്‍ പോലും വിളിച്ചിട്ടില്ല.
ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളെ ബാക്കിയുള്ളൂ. സങ്കടവും കടബാധ്യതകളും ബാക്കിയാക്കി തിരിച്ചു നാട്ടിലേക്കു തന്നെ പോകേണ്ട കാര്യമോര്‍ത്തു നിരാശയോടെയിരിക്കുമ്പോഴായിരുന്നു വില്ലയുടെ പുറത്തെ വാതിലില്‍ ആരോ തുരുതുരാ മുട്ടുന്നതു കേട്ടത്.
വന്നിറങ്ങിയ അന്നു മുതല്‍ ദിനം പ്രതി ചുരുങ്ങിയതു ഒരു പ്രാവശ്യമെങ്കിലും കാണാറുള്ള 'മണിച്ചിത്രത്താഴ്' സിനിമയുടെ വീഡിയോ കാസറ്റു 'പോസ്' ചെയ്തു ഞാന്‍ മുറിയുടെ വാതില്‍ ചാരി സിമന്റുമുറ്റവും കടന്നു പ്രധാന വാതില്‍ തുറന്നു.
അടുത്തുള്ള ഗ്രോസറിയിലെ ഡെലിവറി ബോയ് ആയ നാല്‍പതുകാരന്‍ ബാരിക്കയായിരുന്നു അത്.
പ്രതീക്ഷയുടെ ഒരു പുല്‍ നാമ്പുമായിട്ടായിരുന്നു അയാള്‍ വന്നത്.
അടുത്തുള്ള ഗ്രോസറിയിലെ ഡെലിവറി ബോയ് ആയ നാല്‍പതുകാരന്‍ ബാരിക്കയായിരുന്നു അത്.
ദുബായ് ദേരയില്‍ മുറക്കാബാദ് ഏരിയയിലെ ചെറിയൊരു 'ബോട്ടിക്' കടയില്‍ ജോലിയൊഴിവുള്ള വിവരം സൈക്കിളില്‍ത്തന്നെയിരുന്നു പറഞ്ഞ ബാ രി ക്ക കുപ്പായത്തിന്റെ കീശയില്‍ നിന്നും വിളിക്കേണ്ട നമ്പറിന്റെ തുണ്ടു കടലാസെടുത്തു തന്ന്, വില്ലകള്‍ക്കുള്ളിലേക്കു സൈക്കിള്‍ ചവിട്ടിപ്പോയി.
സ്ത്രീകളുടെ വിവാഹ വസ്ത്രങ്ങളുടെ കമനീയമായ ശേഖരങ്ങളടങ്ങിയ മനോഹരങ്ങളായ ഒരു പാടു സ്ഥാപനങ്ങളുടെ നീണ്ട നിരയുള്ള വെടിപ്പേറിയ റിഗ്ഗ തെരുവില്‍ നിന്നും ഒഴിഞ്ഞ ഒരിടത്തു അവയില്‍ നിന്നും തീരെ ചെറിയ ഒരു കടയായിരുന്നു അത്.
വിദ്യാഭ്യാസ സാക്ഷ്യ പത്രങ്ങളൊന്നും ആവശ്യപ്പെടാതെ തീര്‍ത്തും ശുഷ്‌കമായ ഇന്റര്‍വ്യൂ നടത്തിയ കടയുടമയായ ഇറാനി ജോലിയില്‍ പ്രവേശിക്കാന്‍ പറഞ്ഞപ്പോള്‍ അവിശ്വസനീയമായാണ് തോന്നിയത്. നിലവിലുള്ള വിസയുടെ കാലാവധി കഴിഞ്ഞപ്പോള്‍ ഇറാനിലെ ദ്വീപായ കിഷിലേക്കു പോയി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ കടയുടെ വിസയില്‍ സുരക്ഷിതമായി വരികയും, സന്തോഷത്തോടെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.
വധുവിനാവശ്യമായ കല്യാണയുടുപ്പു വാങ്ങാന്‍ വരുന്ന ഉപഭോക്താവിന് ,അതു തയ്ക്കാന്‍ മൂന്നുതരം തുണി വാങ്ങണമായിരുന്നു. ഒരു ഫ്രോക്കിനു ഇന്നറും അതിനു മുകളില്‍ കിന്നരി പിടിപ്പിച്ച മേലാടയും കൂടി വാങ്ങി വേണമായിരുന്നു തയ്യല്‍ക്കാരനു കൊടുക്കാന്‍.
എനിയ്ക്കു കിട്ടിയ ജോലി, സെയില്‍സുമാന്‍ വാരി വലിച്ചിടുന്ന തുണിത്തരങ്ങള്‍ ചുരുട്ടിയും മടക്കിയും തിരിച്ചു യഥാസ്ഥാനത്തു വെയ്ക്കുകയും കട തുറക്കുന്ന സമയത്തു ചില്ലുകള്‍ തുടച്ചു വൃത്തിയാക്കലുമായിരുന്നു. തങ്ങളുടെ ഉടമസ്ഥതയിലുള്ള തയ്യല്‍ക്കാരുടെ യൂണിറ്റ് കടയില്‍ നിന്നും മാറി ദൂരെയായതിനാല്‍ ഞാനും മുതലാളിയും കൂടാതെ അനസ് എന്ന ഒരു സിറിയക്കാരനായ സെയില്‍സുമാനും മാത്രമെ ഉണ്ടായിരുന്നുള്ളൂ.
കച്ചവടം കൂടിയപ്പോള്‍ സെയില്‍സ്മാനായി ഒരു ഈജിപ്തുകാരന്‍ കൂടി വന്നു.
മൂന്നു വര്‍ഷം കഴിഞ്ഞു വിസ പുതുക്കുമ്പോഴേക്കും കച്ചവടത്തില്‍ അഭിവൃദ്ധി പ്രാപിക്കുകയും തത്സമയം അര്‍ബാബിന്റെ മനസ്സിനു വിശാലത ലഭിക്കുകയും ചെയ്തിരുന്നു.
രാവിലെ പത്തു മണി കഴിഞ്ഞാല്‍ പ്രാതല്‍ കഴിയ്ക്കാനായി പുറത്തേക്കിറങ്ങുമ്പോള്‍ പതിവായി എനിയ്ക്കു അഞ്ചു ദിര്‍ഹവും സിറിയക്കാരനു പത്തു ദിര്‍ഹവും മേശപ്പുറത്തിട്ടു തരുമായിരുന്നു . എന്നേക്കാള്‍ മുമ്പു പണിക്കു കയറിയ സെയില്‍സുമാന് അവന്റെ മൂപ്പു മുറയനുസരിച്ചു അര്‍ഹതപ്പെട്ടതിനാല്‍, മുതലാളിയുടെ പ്രവൃത്തിയില്‍ എനിയ്ക്കു അസ്വഭാവികമായി ഒന്നും തോന്നിയിരുന്നുമില്ല.
കച്ചവടം കൂടിയപ്പോള്‍ സെയില്‍സ്മാനായി ഒരു ഈജിപ്തുകാരന്‍ കൂടി വന്നു. മഹമൂദ്. അറബി ഭാഷ പഠിയ്ക്കാന്‍ എന്നെക്കൊണ്ടു കഴിയാതെയായപ്പോഴാണ് എനിയ്ക്കു ലഭിക്കുമായിരുന്ന ആ തസ്തിക മറ്റൊരാള്‍ക്കു കൊടുക്കാന്‍ ഇറാനി നിര്‍ബന്ധിനായത് .
എന്റെ മുറിയന്‍ ആംഗലേയ പ്രാവീണ്യവും അറബി ഭാഷാ നൈപുണ്യവും വസ്ത്രം വാങ്ങാന്‍ വരുന്ന ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഉപകാരപ്രദവുമായിരുന്നില്ല. അതു കൊണ്ടാകാം മനസ്സില്‍ ചെറിയ തരത്തില്‍ വ്യസനമുണ്ടായിരുന്നുവെങ്കിലും മിസ്‌രിയോട് കടുത്ത ദേഷ്യമൊന്നുമുണ്ടായില്ല.
ഒരു ദിവസം ക്യാഷ് കൗണ്ടറിനു പിന്‍ഭാഗത്തു ചില്ലു തുടച്ചു നില്‍ക്കവെയാണ് പതിവായി നടന്നു കൊണ്ടിരിക്കുന്ന ഒരു അനീതി എന്റെ ശ്രദ്ധയില്‍ പെടുന്നത്. അനുവാദം വാങ്ങി പുറത്തെ കഫ്തീരിയയിലേക്കു ചായകുടിക്കാനിറങ്ങുന്ന മഹമൂദിനു പത്തുദിര്‍ഹം അലസമായി മേശപ്പുറത്തേക്കിട്ടു കൊടുക്കുന്ന മുതലാളി.
മനുഷ്യസഹജമായ അസൂയ എന്റെ സ്വസ്ഥതയെ നശിപ്പിക്കാനുളള പ്രാരംഭമായിരുന്നു അത്. വരും ദിവസങ്ങളില്‍ വീക്ഷിച്ചപ്പോഴെല്ലാം മാറ്റമില്ലാത്ത തുടര്‍ക്കാഴ്ച തന്നെയായിരുന്നു അതെവെന്നു ബോധ്യപ്പെടുകയും ചെയ്തു.
ഔദാര്യം അവകാശമാക്കുന്ന ഒരു പ്രവണത എല്ലാവര്‍ക്കുമുളള പോലെ എന്നിലും വളരാന്‍ തുടങ്ങി യപ്പോള്‍ അതിനോടനുബന്ധമായ ന്യായീകരണങ്ങളും തേടിപ്പിടിക്കാന്‍ തുടങ്ങി. മൂന്നു വര്‍ഷത്തിലേറെയായി തൊഴില്‍ ചെയ്യുന്ന എനിയ്ക്കു അഞ്ചും ഇന്നലെ കയറി വന്ന മഹമൂദിനു പത്തു ദിര്‍ഹവും.
ചോദിക്കണം.
ചോദ്യം ചെയ്‌തേ പറ്റൂ.
കാരണം ഇത് അനീതിയാണ്. സഹിയ്ക്കാനും പൊറുക്കാനും കഴിയുന്നില്ല. ആരായേണ്ട ചോദ്യങ്ങളും, നേരിടേണ്ടി വരുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും കണ്ടെത്തുകയെന്നതായി ഇപ്പോഴത്തെ മനസ്സിന്റെ വ്യവഹാരാവസ്ഥ!
'രണ്ടു പൊറോട്ട, ഒരു കറി. രണ്ടേ അമ്പത്. ചായ അമ്പത്'.
കലുഷിതമായ മനസ്സുമായി അവസരവും കാത്തിരിക്കവെ, ഒത്തു കിട്ടിയ സാഹചര്യത്തില്‍ ഞാന്‍ അനീതിയെ ചോദ്യം ചെയ്തു.
പതിവുപോലെ അലസമായി അഞ്ചു ദിര്‍ഹം മേശപ്പുറത്തേക്കിട്ട അര്‍ബാബ് എന്റെ ഹിന്ദിയിലുള്ള ചോദ്യം കേട്ടതും ദിര്‍ഹം തിരിച്ചു മേശയ്ക്കകത്തേക്കിട്ടു എന്നെ സാകൂതം നോക്കി.
തികച്ചും ശാന്തമായ ആ മുഖത്തു നോക്കിയ ഞാന്‍ എന്റെ സംഭരിച്ചുവെച്ച ചോദ്യോത്തര പാഠാവലി മനസ്സില്‍ നിന്നും പാറിപ്പറന്നു പോകുന്നതു വ്യക്തമായി കാണുകയായിരുന്നു.
വിഷണ്ണനായി നില്‍ക്കുന്ന എന്നെ കൃത്യം ഒരു മിനിട്ടു നോക്കി നിന്നതിനു ശേഷം അദ്ദേഹം ഒരു ദിര്‍ഹത്തിന്റെ മുന്നു കോയിന്‍ ഓരോന്നായി മേശമേല്‍ പെറുക്കിയെറിഞ്ഞു കൊണ്ടു ഹിന്ദിയില്‍ തന്നെ പറഞ്ഞു:
'രണ്ടു പൊറോട്ട, ഒരു കറി. രണ്ടേ അമ്പത്. ചായ അമ്പത്'.
ഇളിഭ്യനായ എന്റെ വിഷമാവസ്ഥയിലേക്കു നോക്കി ദയ തോന്നിയതിനാലാവാം കോയിന്‍സ് തിരിച്ചെടുത്തു അഞ്ചു രൂപയിട്ടു തന്ന അദ്ദേഹം ഇത്ര കൂടി പറഞ്ഞു.
'മഹമുദിനും അനസിനും ഒരു ജ്യൂസും സാന്‍ഡ് വിച്ചും കിട്ടണമെങ്കില്‍ ചുരുങ്ങിയതു പന്ത്രണ്ട് ദിര്‍ഹം കൊടുക്കണം.
നിരാശയോടെ അഞ്ചു രൂപയുമെടുത്തു പുറത്തേക്കിറങ്ങുമ്പോള്‍ ആ ശബ്ദം പിറകില്‍ നിന്നും വ്യക്തമായി കേട്ടു.
'മിസ്‌കീന്‍ (പാവം)!'
