ജബല്‍ ജൈസിന്റെ കാഴ്ചകളിലേക്ക് തുറക്കുന്ന ബാല്‍ക്കണിയിലേക്ക് കടന്നുനിന്നപ്പോള്‍ നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു, മഴയ്ക്കു മുമ്പേയുള്ള കാറ്റ്. ജൂണ്‍ മാസം റാസല്‍ഖൈമയില്‍ ചൂടു പൂക്കുന്ന കാലമാണ്. എന്നിട്ടും ഈ തണുത്ത കാറ്റ്?

നാട്ടിലിപ്പോള്‍ കാലവര്‍ഷം തിമിര്‍ത്ത് പെയ്യുകയാണ്. ഞാനും ഓര്‍മ്മകള്‍ക്കൊപ്പം നാട്ടിലേക്കോടിയെത്തുകയാണോ?

ഗൂഗിളില്‍ മഴ ഗാനങ്ങള്‍ തപ്പി. അതാ അതിശയിപ്പിക്കുന്ന മഴ സംഗീതം...! നല്ല ഹൈ ഡെഫനിഷന്‍ വ്യക്തതയുള്ള പ്രൊഫഷണല്‍ റെക്കോര്‍ഡിംഗ്. മഴയുടെ എല്ലാ ഭാവങ്ങളും പകര്‍ന്ന് എല്ലാ കാലങ്ങളിലൂടെയും കൊട്ടി കയറുന്ന ദൈവത്തിന്റെ സ്വന്തം സിംഫണി. ലോകത്തിന്റെ ഏതു കോണിലായാലും ഒരു നിമിഷത്തിന്റെ നൂറിലൊരു നേരം കൊണ്ട് പിറന്ന മണ്ണിലെത്താന്‍ കണ്ണുകള്‍ ഇറുകെയടച്ച് ഹെഡ് സെറ്റ് വച്ച് ഇതൊന്നു കേട്ടാല്‍ മാത്രം മതി.

കേട്ടു. കണ്ണുകള്‍ ഇറുകെയടച്ചുതന്നെ. കാതില്‍, മഴയുടെ ജുഗല്‍ബന്ദി...

കണ്ടോ, ഈയൊരൊറ്റ മഴ സംഗീതം കൊണ്ട് ഞാന്‍ പിന്നോട്ടോടിയ ദൂരം?

കാലടികള്‍ക്ക് താഴെ ഇപ്പോള്‍ പരിചിതമായ മണ്ണാണ്. പെരിങ്ങാവിന്റെ നാട്ടുവഴികള്‍. പഴയ വീട്. പത്മാവതി ടീച്ചറിന്റെ ഇംഗ്ലീഷ് ഇമ്പോസിഷനില്‍ നിന്ന് രക്ഷപ്പെടാന്‍ മഴ പെയ്യാന്‍ പ്രാര്‍ത്ഥിച്ച കാലങ്ങള്‍. നിര്‍ത്താതെ പെയ്താല്‍ മണ്ണുംകുഴിയും ഏശന്‍കുഴിയും നിറഞ്ഞ് പെരിങ്ങാവിന്റെ റോഡുകളില്‍ വെള്ളപ്പൊക്കം ഉണ്ടാകും. പീച്ചി ഡാം കൂടി തുറന്നാല്‍ പിന്നെ പറയണ്ട.

ഓട്ടിന്‍ പുറത്തും തൊഴുത്തിന്റെ ഷീറ്റിലും മഴയുടെ മേളം കാതോര്‍ത്ത് അങ്ങനെയിരിക്കും.പിറകിലെ തിണ്ണയിലിരുന്ന് മഴവെള്ളത്തിലേക്ക് കാലും നീട്ടി പിടിച്ച് ,മഴ തീര്‍ത്ത ചാലുകള്‍ പുഴകളായ് സങ്കല്‍പ്പിച്ച് പുഴകള്‍ കടലായി മാറുന്നതും നോക്കിയങ്ങനെയിരിക്കും. കടലിലെ വെള്ളം പിന്നെയെങ്ങോട്ടാണാവോ ഒഴുകുന്നത്. സിജു പറഞ്ഞത് കടലിന്റെയപ്പുറം പേര്‍ഷ്യയാണന്നാണ്. അവന്റെ കൂട്ടുകാരന്‍ ദീപുവിന്റെ അച്ഛന്‍ ശിവേട്ടന്‍ പേര്‍ഷ്യയിലാണത്രെ. ഈന്തപഴം കിട്ടുന്ന അറബികളുടെ നാട്! 

മഴക്കാലത്ത് അമ്മമ്മയുടെ മുണ്ടു പെട്ടിയിലെ കര്‍പ്പൂര മണമുള്ള പുതപ്പില്‍ മൂടിയിരിക്കുമ്പോള്‍, അടുക്കളയില്‍ അത്താഴം ഒരുക്കുന്ന അമ്മയോട് കുട്ടിത്തം വിടാതെ ചിണുങ്ങും

'അമ്മേ അമ്മേ... ഒരു ചുക്കുകാപ്പി!'

ഓട്ടിന്‍ പുറത്തും തൊഴുത്തിന്റെ ഷീറ്റിലും മഴയുടെ മേളം കാതോര്‍ത്ത് അങ്ങനെയിരിക്കും.

'നിന്നു കൊഞ്ചാതെ പോയി പഠിക്കാന്‍ നോക്ക് ചെക്കാ' ചോറ്റു കയില്‍ കൊണ്ട് ഓങ്ങി അമ്മയുടെ ദേഷ്യം. അധികം കൊഞ്ചാന്‍ നിന്നാല്‍ ആ ഇടം കൈയ്യിന്റെ പട്ടവടി സ്വാദ് വീണ്ടും കിട്ടും. അതോടെ പിന്‍വലിയും. പക്ഷെ ഉണ്ണാനിരിക്കുമ്പോള്‍ അറിയും ആ ദേഷ്യത്തിന്റെ പിന്നിലെ സ്‌നേഹചരട്. മഴക്കാലത്തെ ഇഷ്ടപ്പെട്ട ഉണക്ക പയറ് കുത്തിക്കാച്ചിയതും കുരുമുളക് രസവും ചെമ്മീന്‍ ചമ്മന്തിയും.

മഴക്കാലത്തെ കറന്റ് കട്ട് കഥകളുടേതാണ്. ചിമ്മിനി വിളക്കിന്റെയും മെഴുകു തിരിയുടെയും മുനിഞ്ഞ് കത്തുന്ന വെളിച്ചത്തില്‍ പഠിക്കാന്‍ അമ്മ സമ്മതിക്കില്ല. അപ്പോ അമ്മമ്മയുടെ പഞ്ഞിക്കിടക്കയില്‍ വിരിച്ചിട്ട പട്ടാളകമ്പിളിയുടെ ചൂടേറ്റ്, അമ്മമ്മയുടെ ചുക്കിച്ചുളിഞ്ഞ പൊകലചൂരു മണക്കുന്ന വിരലുകള്‍ക്കൊണ്ട് മുടിയിലുള്ള തലോടലേറ്റ് ഞങ്ങള്‍ മൂവരും അങ്ങനെയിരിക്കും. കാളിന്ദി തീരത്തെ കണ്ണന്റെയും കൂട്ടരുടെയും കുസൃതികള്‍. പ്രഹ്ലാദന്റെ ഭക്തി. കഥ തുറക്കുന്ന അത്ഭുതങ്ങളില്‍ അന്തംവിട്ടങ്ങനെ ഇടിവെട്ടിനോടുള്ള പേടിയെയും ഞങ്ങള്‍ തരണം ചെയ്തിരിക്കും. 

മഴക്കാലത്തെ കറന്റ് കട്ട് കഥകളുടേതാണ്.

തണ്ടാശ്ശേരി വളപ്പും മണ്ണത്ത് പറമ്പും സ്വാമിയുടെ പാടവും അടങ്ങുന്ന ഞങ്ങളുടെ കളിസ്ഥലങ്ങള്‍ മഴക്കാലത്ത് ചളിക്കുളങ്ങളാകും.. എന്നാലും ചേട്ടന്‍മാരുടെ ഫുട്‌ബോള്‍ മത്സരങ്ങള്‍ മുടങ്ങാറില്ലായിരുന്നു. പെരിങ്ങാവിന്റെ സ്റ്റാര്‍ പ്ലെയര്‍ വിജുവേട്ടന്‍, സന്തുവേട്ടന്‍, സതിയേട്ടന്‍, വിനു ചേട്ടന്‍, സജീവ് പിന്നെ മറ്റ് ചേട്ടന്‍മാരും കൂടിയുള്ള ആ കളിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്ത് കോപ്പാ അമേരിക്ക. ഐ എം വിജയന്റെ കൂടെ കളിച്ച ചരിത്രമുള്ള നന്ദന മാമനും കൂട്ടാളികളും സ്പാനിഷ് ലീഗ് കാണുന്ന പിരിമുറുക്കത്തോടെ മതിലില്‍ ഇരുന്ന് നഖം കടിക്കുന്നുണ്ടാവും. പാവം നന്ദനമാമന്‍, ഫുട് ബോള്‍ കളിയ്ക്കിടെ കൈക്കുഴ പരിക്കുപറ്റി വിരമിച്ചതോണ്ടാ അല്ലെങ്കില്‍ ആളും ഇറങ്ങിയേനെ കളിയ്ക്കാന്‍. പെരിങ്ങാവിന് ഫുട്‌ബോളും ചീട്ടുകളിയും പുലികളിയും കഴിഞ്ഞേ ഉള്ളൂ വേറെയെന്തും.

കണ്ടോ, ഈയൊരൊറ്റ മഴ സംഗീതം കൊണ്ട് ഞാന്‍ പിന്നോട്ടോടിയ ദൂരം?

നാം പിന്നിട്ട ദൂരങ്ങളെല്ലാം ക്ലാവു പിടിക്കാത്ത ഓര്‍മ്മകള്‍ കൊണ്ട് ഇടയ്‌ക്കെപ്പോഴെങ്കിലും പിന്നോട്ടോടി നോക്കണം. ശരീരത്തിന്റെ പ്രായം മനസിനേല്‍ക്കാന്‍ സമ്മതിയ്ക്കാതെ കുതറിയോടണം, പിന്നിലേയ്ക്ക്. ഓര്‍മ്മയുടെ കര്‍പ്പൂര ഗന്ധം മണക്കണം വല്ലപ്പോഴും. മുന്നിലേയ്ക്ക് പ്രതീക്ഷയുടെ ചുവടുകള്‍ക്ക് ഒത്തിരി ധൈര്യം നല്‍കുന്ന ആ പഴയ മുണ്ടു പെട്ടിയുടെ കര്‍പ്പൂര ഗന്ധം!

ദേശാന്തരത്തില്‍ നേരത്തെ പ്രസിദ്ധീകരിച്ചത്

കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന് നാം പഠിക്കേണ്ട പാഠങ്ങള്‍

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍ അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക് സ്വന്തം നാടുതൊടാന്‍!