Asianet News MalayalamAsianet News Malayalam

കണ്ണീർ പടർത്തിയ ആ കാഴ്ച്ചയുടെ ഓർമ്മയാണിത്; പ്രാര്‍ത്ഥനകളോടെ...

കടലിന്‍റെ ഉള്ളിൽ സകലതും നശിപ്പിക്കാനുള്ള ഇരമ്പൽ ഉണ്ടെങ്കിലും പുറമെ  ശാന്തമായി ഒഴുകുന്ന ജലമായിട്ടാണ് തോന്നുന്നത്. ആരെയോ കൂട്ടിക്കൊണ്ടുപോകാൻ  തക്കം  പാർത്തിരിക്കുന്ന കടലിനെ  ആർക്കും പെട്ടെന്ന്  മനസ്സിലാക്കാൻ  ആവില്ല.  കടലിന്‍റെ ഓരത്ത്‌ നമ്മൾ  തിമർത്താടുകയാണ്. അപ്പോൾ  അങ്ങകലെ  കടൽ  കലിതുള്ളി പാഞ്ഞുവരുന്നത്  നമ്മളാരും അറിഞ്ഞില്ല. 
 

deshantharam fazil moosa
Author
Thiruvananthapuram, First Published Jan 3, 2019, 1:05 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

deshantharam fazil moosa

ഞാൻ കുടുംബവുമായി ഒരു യാത്രപോകുകയാണ്  അതിന്‍റെ ആവേശമൊന്നും എനിക്കും  എന്‍റെ  കുടുംബത്തിനും ഇല്ല. പാലക്കാട്‌ ജില്ലയിലെ കോതക്കുറിശ്ശി എന്ന കൊച്ചു ഗ്രാമത്തിലേക്കാണ് പോകുന്നത്. വിസ്‌മൃതിയിൽ നിന്നെടുത്ത പറഞ്ഞറിവ് വെച്ച ഗ്രാമവും, ആ വീടും കണ്ടുപിടിക്കണം. പഴയ സുഹൃത്തിന്‍റെ വേർപാട് തന്ന വേദനയുടെ ഭാണ്ഡവും പേറിയാണ്  യാത്ര തിരിച്ചത്. തിരമാലയ്ക്കുള്ളിൽനിന്ന് അവന്‍റെ നിലവിളി ഇപ്പോഴും  കേൾക്കുന്നു.

ഒമാനിലെ  കസബിൽ ഉറ്റ സുഹൃത്തുക്കൾ നോക്കി നിൽക്കെ തിരമാലയിൽ നീന്താൻ  അശക്തനായിപ്പോയ  നമ്മുടെ പ്രിയ സുഹൃത്ത്‌  സിറാജിന്‍റെ  കൂടെപ്പിറപ്പുകളെ കാണാനുള്ള യാത്രയിലാണ്. പാലക്കാടൻ കാറ്റിന്‍റെ  ചൂളംവിളിയിലും എനിക്ക് മുന്നിൽ  പുഞ്ചിരിക്കുന്ന  സിറാജിന്‍റെ മുഖമാണ്. കസബിന്‍റെ മനോഹരമായ കടൽക്കരയിൽ ജീവനറ്റുപോയ സുഹൃത്തിന്‍റെ വേദനിപ്പിക്കുന്ന ഓർമ്മകളാണ്. 

ഒമാനിലെ ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള ഓർമ്മകൾ, അന്ന് പ്രവാസത്തിന്‍റെ ‌ ഭാഗമായി ലഭിച്ച ഒരു പറ്റം സുഹൃത്തുക്കളാണ്. വെള്ളിയാഴ്ചകളിൽ നമ്മൾ  കുടുംബവുമൊത്ത് പാർക്കിലോ  ബീച്ചിലോ പോകുക പതിവാണ്. 2004 മെയ്‌  21... അന്നായിരുന്നു ജീവിതത്തിൽ ഒരിക്കലും  ഓർക്കാൻ ആഗ്രഹിക്കാത്ത ആ ദിവസം... 

കരയിൽ  നിന്ന്  കടലിന്‍റെ  രൂപമാറ്റം  ശ്രദ്ധയിൽ പെട്ടവർ വിളിച്ചുകൂവി

ഞാനും സുഹൃത്തുക്കളായ സലീമും ഹാഷിമും നൂറുവും മുഹമ്മദലിയും സാദിക്കും അശ്രഫ്ക്കയും അനുജൻ റയീസും ഒക്കെ കുടുംബമായി കടൽക്കരയിൽ ഒത്തുകൂടി. നേതൃത്വം പഴയതുപോലെ  സിറാജിനു  തന്നെ. അവന്‍റെ  ഭാര്യയും കുട്ടികളും സജീവമായി കൂടെയുണ്ട്. കുട്ടികൾ കരയിൽനിന്നു കളി ആരംഭിച്ചു. സ്ത്രീകൾ  മണലിൽ  ഇരുന്ന്, കൊണ്ടുവന്ന  ഭക്ഷണം  വീതം  വെച്ചു. ഒപ്പം,  നാട്ടുവർത്തമാനവുമായി അവരുടെ ലോകത്ത്  മുഴുകി. ഞങ്ങൾ  കുളിക്കാൻ  കടലിൽ  ഇറങ്ങി. 

കടലിന്‍റെ ഉള്ളിൽ സകലതും നശിപ്പിക്കാനുള്ള ഇരമ്പൽ ഉണ്ടെങ്കിലും പുറമെ  ശാന്തമായി ഒഴുകുന്ന ജലമായിട്ടാണ് തോന്നുന്നത്. ആരെയോ കൂട്ടിക്കൊണ്ടുപോകാൻ  തക്കം  പാർത്തിരിക്കുന്ന കടലിനെ  ആർക്കും പെട്ടെന്ന്  മനസ്സിലാക്കാൻ  ആവില്ല.  കടലിന്‍റെ ഓരത്ത്‌ നമ്മൾ  തിമർത്താടുകയാണ്. അപ്പോൾ  അങ്ങകലെ  കടൽ  കലിതുള്ളി പാഞ്ഞുവരുന്നത്  നമ്മളാരും അറിഞ്ഞില്ല. 

കരയിൽ  നിന്ന്  കടലിന്‍റെ  രൂപമാറ്റം  ശ്രദ്ധയിൽ പെട്ടവർ വിളിച്ചുകൂവി... "വരൂ, കയറിവരൂ" എന്ന്. പലരും  കയറിവന്നു. കാണാത്തവരെ തേടി കടലിലേക്ക് നോക്കി അലറി വിളിച്ചു. തിരമാലകൾ  ഉയർന്നു. സിറാജിന്‍റെ ഭാര്യ നജീബയുടെ  നിലവിളി കേട്ടാണ് തിരിഞ്ഞു  നോക്കിയത്. എല്ലാവരും  തിരിച്ചുവന്നു. സിറാജ്  മാത്രം  വന്നില്ല. 

ലൈഫ് ജാക്കറ്റും  മറ്റുമായി  ഇറങ്ങിയവർ നിസ്സഹരായി...  ബഹളവും  കൂട്ടനിലവിളിയുമായി. എവിടുന്നോ ഓടിയെത്തിയ  സ്വദേശി ചെറുപ്പക്കാർ  കടലിലേക്ക്  ഇറങ്ങി. പ്രക്ഷുബ്ധമായ കടലിന്‍റെ,  തിരമാലകളുടെ ശക്തിയിൽ, നീന്താൻ ആവാതെ തളർന്നു പോയ സിറാജിനെയും  താങ്ങി  അവരെത്തി. കടൽ മണലിൽ  ചലനമറ്റുകിടക്കുന്ന സിറാജിനെ  നോക്കാൻ ആവാതെ ഞങ്ങള്‍  വിങ്ങിപ്പോയി. ചെറിയ  ശ്വാസമുണ്ടെന്ന്  തോന്നിയതിനാൽ  സിറാജിനെ  ഹോസ്പിറ്റലിൽ  കൊണ്ടുപോയി. 

കളിയും  ചിരിയും കൊണ്ട്  വെള്ളിയാഴ്ചയുടെ സന്ധ്യക്ക്‌  പുത്തൻ  ഉണർവ്  തന്ന  സിറാജ്. ഭാര്യയോടൊപ്പം  വന്നു  നല്ല  ഒരു  വൈകുന്നേരം കുടുംബവും കുട്ടികളുമായി തമാശ പറഞ്ഞു  പൊട്ടിച്ചിരിച്ച  സിറാജ് പ്രവാസ ജീവിതത്തിൽ ഒരുപാട്  സ്വപ്‌നവും പ്രതീക്ഷകളും കൊണ്ടുനടന്ന  സിറാജ് ആശുപത്രിയിലെ തണുത്ത  ഇരുമ്പു കട്ടിലിൽ  വെള്ള  പുതപ്പിച്ചു  കിടത്തിയിരിക്കുന്നു. 

ജീവിതത്തിൽ  സിറാജിന്‍റെ  നിഴലായി, ആശ്രയമായ്, പാതിയായി ജീവിച്ച  നജീബ എന്ന  പെൺകുട്ടി അന്യനാട്ടിൽ  അരമണിക്കൂർ  സമയത്തിൽ ഒറ്റപ്പെട്ടു പോയപ്പോൾ  കരയാൻ  കണ്ണുനീര്  വറ്റിപ്പോയി. പൊലീസ്  അന്വേഷണവും ഇൻക്വസ്റ്റും കഴിഞ്ഞു  ബോഡി  നാട്ടിലെത്തിക്കാനുള്ള ഓട്ടപ്പാച്ചിലിലായിരുന്നു പിന്നീടുള്ള രണ്ടു ദിവസങ്ങൾ. അവസാനമായി എയർപോർട്ടിലെ  ബെഞ്ചിലായിരുന്നു നജീബയെ കണ്ടത്. വിടപറയാൻ അന്ന് വാക്കുകൾ ഇല്ലായിരുന്നു. കുട്ടികളുടെ കയ്യിൽ പിടിച്ച്‌ വിമാനത്താവളത്തിന്‍റെ അകത്തേക്ക്‌ നടന്നകന്ന കണ്ണീർ പടർത്തിയ  ആ കാഴ്ച്ചയുടെ ഓർമ്മ... കസബിലേക്ക് വരുമ്പോൾ വിമാനത്തിൽ  കളി  തമാശകൾ  പറഞ്ഞ് അടുത്തിരുന്നു  വന്നവർ  തിരിച്ചുപോകുന്നത്  ഒരേ ഫ്ലൈറ്റിലാണെങ്കിലും തനിച്ചാണ്.

യാത്ര പറഞ്ഞിറങ്ങുമ്പോൾ വാക്കുകൊടുത്തു

കോതക്കുറിശ്ശിയിലെ  സിറാജിന്‍റെ  വീട്ടിലെത്തി എപ്പോഴും നിറഞ്ഞ പുഞ്ചിരിയോടെ മാത്രം കണ്ടിരുന്ന നജീബയുടെ മുഖം ഞങ്ങളെ കണ്ടപ്പോൾ വേദനയിലും ഒന്നു  പ്രകാശിച്ചപോലെ. കൈവിട്ടു പോയ ഉടപ്പിറപ്പുകളെ വീണ്ടും കണ്ടതിനാലാവാം. അന്ന് കടൽക്കരയിൽ നിസ്സഹരായി നിന്നു വിതുമ്പിയ കൊച്ചു കുട്ടിയായ നവാബ്‌ ഇന്ന് യുവാവായി  മാറിയിരിക്കുന്നു. കൂടെ മറ്റു രണ്ടുപേരും. പറഞ്ഞറിവ്‌ മാത്രമുള്ള ഉപ്പയുടെ സുഹൃത്തിനേയും കുടുംബത്തേയും സൽക്കരിക്കാൻ കുട്ടികൾ മൽസരിക്കുകയാണ്. എല്ലാത്തിനും സാക്ഷിയായി ഞങ്ങളെ നോക്കി സ്വീകരണമുറിയിലെ സിറാജിന്‍റെ പുഞ്ചിരിക്കുന്ന ചിത്രം.

യാത്ര പറഞ്ഞിറങ്ങുമ്പോൾ വാക്കുകൊടുത്തു, ഇനിയും വരും. വരാതെ പറ്റില്ല. കാരണം അവർ തന്ന സ്നേഹവായ്പ്‌ അത്രയേറെയാണ്. ജീവന്‍റെ തുടിപ്പ്‌ ഉള്ളകാലത്തോളം ഓർമ്മയിൽ സൂക്ഷിക്കും, അകാലത്തിൽ വിടപറഞ്ഞ ആ സുഹൃത്തിനെ.

Follow Us:
Download App:
  • android
  • ios